അഭയവും കൊടുങ്കാറ്റുമായ ഒരമ്മ

A mother who is both shelter and storm
Published on

അരുന്ധതി റോയിയുടെ ആത്മകഥാംശമുള്ള മദർ മേരി കംസ് ടു മി (Mother Mary Comes to Me) എന്ന പുസ്തകം അമ്മയും മകളും തമ്മിലുള്ള ബന്ധങ്ങളുടെ ആഴം അന്വേഷിക്കുന്ന, ഒരു ഓർമ്മക്കുറിപ്പാണ്. അതിന്റെ ഹൃദയത്തിൽ നിൽക്കുന്ന ഒരു വാക്യം ഇങ്ങനെയാണ്: “എന്റെ അമ്മ എനിക്ക് ഒരു കൊടുങ്കാറ്റും വിശ്രമിക്കാനുള്ള ഇടവുമായിരുന്നു.” അമ്മ ഒരേസമയം കൊടുങ്കാറ്റും അഭയവുമാകുമോ? ഈ വൈരുധ്യത്തിലാണ് പുസ്തകത്തിന്റെ ആത്മാവ്.

അരുന്ധതി റോയുടെ അമ്മ മേരി റോയ് ഈ ഓർമ്മ ക്കുറിപ്പിൽ അപാരമായ കരിസ്മയുള്ളവളും ഇരുമ്പുമുഷ്ടി യോടെ ഭരിച്ച ദീർഘദർശിയുമായ ഒരു വ്യക്തിത്വമാണ്. സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ചരിത്രം സൃഷ്ടിച്ച നിയമ പോരാളി, സ്വന്തം ചിന്തകളിലൂടെ തലമുറകളെ വാർത്തെ ടുത്ത അധ്യാപിക, പള്ളിക്കൂടം എന്ന ബ്രാൻഡഡ് വിദ്യാലയത്തിന്റെ സ്ഥാപക - ഇങ്ങനെ സമൂഹത്തിന് അവർ ധീരതയുടെ പര്യായമായിരുന്നു. എന്നാൽ കുടുംബത്തിന്റെ നാലതിരുകൾക്കുള്ളിൽ, ആ വ്യക്തിത്വം പലപ്പോഴും പ്രവചനാതീതമായ രോഷവും അസ്വസ്ഥ തകളും ആവാഹിച്ച ഒരമ്മയായിരുന്നു. പൊതുസമൂഹ ത്തിൽ നീതിക്കുവേണ്ടി പോരാടിയ അതേ അമ്മ വീട്ടിനുള്ളിൽ മകൾക്കുമേൽ നിലയ്ക്കാതെ പെയ്യുന്ന രോഷമായി... ശിക്ഷണം പലപ്പോഴും അപമാനത്തിന്റെ അതിരുകളിലെത്തി. വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിക്കാൻ ആഗ്രഹിച്ച ഒരു അരുന്ധതി ഇതിലുണ്ട്. പള്ളിക്കൂടം എന്ന വിദ്യാലയത്തോടും അതിലെ കുട്ടികളോടും തന്റെ അമ്മ ഒഴുക്കുന്ന സ്നേഹത്തിന്റെ നൂറിൽ ഒന്ന് തനിക്ക് മേൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു മകളുണ്ട്. സഞ്ചരിച്ച കാറിൽ നിന്നും അഭയമായ വീട്ടിൽ നിന്നും അമ്മയുടെ രോഷത്താൽ പലവട്ടം പുറന്തള്ളപ്പെട്ട ഒരു കൗമാരക്കാരി ഉണ്ട്. 18 വയസിൽ അമ്മയിൽനിന്ന് അകലാൻ ഡൽഹിക്ക് പഠിക്കാൻ പോയ ഒരു വാശിക്കാരി ഉണ്ട്. അവളുടെ ബാല്യവും കൗമാരവും അമ്മയോടുള്ള സ്നേഹത്തിന്റെയും ഭയത്തിന്റെയും ഇടയിൽ വിണ്ടുകീറി.

കയ്ച്ചുപോയ ബാല്യകാല അനുഭവങ്ങളിലൂടെയും മാനസിക പീഡനങ്ങളിലൂടെയും കടന്നുപോയ മകൾക്ക് സ്വാഭാവികമായും വന്നു ഭവിക്കാവുന്ന വഴി വിദ്വേഷ ത്തിന്റേതോ ഇരയെന്ന അപകർഷതാബോധത്തിന്റേതോ ആണ്. എന്നാൽ അതല്ല സംഭവിക്കുന്നത്. അരുന്ധതി റോയി അമ്മയെ വെള്ളപൂശാൻ ശ്രമിക്കുന്നില്ല, ഒപ്പം പ്രതികാരബുദ്ധിയോടെ തള്ളിപ്പറയുന്നുമില്ല. അരുന്ധതി തിരഞ്ഞെടുക്കുന്നത് തീർത്തും വ്യത്യസ്തമായ ഒരു പാതയാണ്.

പോൾ റിക്കറിന്റെ narrative identity എന്ന ഒരു ആശയമുണ്ട്. വ്യക്തിത്വം കണ്ടെത്തപ്പെടുന്ന ഒന്നല്ല; അത് ആഖ്യാനത്തിലൂടെ രൂപപ്പെടുന്ന ഒന്നാണ് എന്ന്. ഈ കൃതിയിൽ അമ്മയെ പുനഃരാഖ്യാനിക്കുന്ന ഒരു മകളുണ്ട്. അമ്മ ഏൽപ്പിക്കുന്ന മുറിവുകളെ അരുന്ധതി വീണ്ടും ഓർമ്മിക്കുന്നത് പഴയ സംഭവങ്ങളെ വിചാരണ ചെയ്യാനല്ല; അവയെ സത്യസന്ധമായി സന്നിഹിത മാക്കി സ്വയം വീണ്ടെടുപ്പിന് തുറന്നുകൊടുക്കാനാണ്. മുറിവുകളെ ആഖ്യാനം വഴി തനിക്ക് തന്നെയും വായനക്കാർക്കും ബോധ്യപ്പെടാവുന്ന ഒന്നാക്കിത്തീർക്കുകയാണ് അവർ.

അത്തരത്തിൽ ഈ ഓർമ്മക്കുറിപ്പ് അമ്മയെക്കുറിച്ചുള്ള മകളുടെ എഴുത്തും പുനഃരാഖ്യാനവും അനുരഞ്ജനവും ആകുന്നു.

“അമ്മ എന്നെ ചിന്തിക്കാൻ പഠിപ്പിച്ചു, ഒപ്പം എന്റെ ചിന്തകളോട് കലഹിച്ചു; അവർ എന്നെ സ്വതന്ത്രയാകാൻ പഠിപ്പിച്ചു, ഒപ്പം എന്റെ സ്വാതന്ത്ര്യത്തെ എതിർത്തു” എന്ന തിരിച്ചറിവ് അരുന്ധതിയിലുണ്ടാക്കുന്നത് അന്ധമായ അമർഷമല്ല, മറിച്ച് മനുഷ്യസ്വഭാവത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള വിവേകമാണ്. മാതാപിതാക്കളുടെ അപൂർണ്ണതകളെ വ്യക്തിപരമായി എടുക്കാതെ, ആ പെരുമാറ്റങ്ങൾക്ക് പിന്നിലെ സാമൂഹികവും മാനസികവു മായ പശ്ചാത്തലത്തെ തിരിച്ചറിയുന്ന ഒരു മകളുടെ ഒരാഖ്യാനമാണ്. ഇവിടെ മേരി റോയ് എന്ന അമ്മ ഒരു വില്ലത്തിയോ വിശുദ്ധയോ അല്ല; മറിച്ച് പുരുഷാധിപത്യ വ്യവസ്ഥിതിയോടും സ്വന്തം ആന്തരികാരക്ഷിതാവസ്ഥകളോടും രോഗത്തോടും പൊരുതി മുറിവേറ്റ ഒരു സ്ത്രീയാണ് എന്ന മകളുടെ തിരിച്ചറിവാണ്.

ഈ കൃതിയിൽ മകളും അമ്മയും തമ്മിലുള്ള നീണ്ട വർഷങ്ങളുടെ അകൽച്ചയുണ്ട്, മകളുടെ സത്യസന്ധമായ ഓർമ്മയുടെ കഠിനമായ സ്വയം ശിക്ഷണമുണ്ട്, അവൾക്ക് ജീവിതത്തിൽ എളുപ്പമായി എടുക്കാമായിരുന്നു ചില പരിഹാരങ്ങളുടെ നിരസിക്കൽ ഉണ്ട്. അതിൽനിന്ന് ഉയർന്നുവരുന്നത് കയ്പ്പല്ല; തന്നെ നശിപ്പിച്ചുകളയാമായിരുന്ന അതേ തീച്ചൂളയിൽ സ്വയം രൂപപ്പെട്ട മകളുടെ ഒരെഴുത്തുവിളിയാണ്.

മദർ മേരി കംസ് ടു മി വെറുമൊരു കുടുംബകഥയല്ല, മറിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ മാനങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ഒന്നാണ്. ശക്തരായ അമ്മമാരുടെ നിഴലിൽ ജീവിക്കുന്ന പെൺമക്കൾ നേരിടുന്ന ആത്മസംഘർഷങ്ങളുടെ കഥയാണ്. മേരി റോയ് പകർന്നു നൽകിയ ധീരതയുടെ വിത്തുകൾ തന്നെയാണ് ഒടുവിൽ ഇന്ന് കാണുന്ന അരുന്ധതിയെ സൃഷ്ടിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി യുള്ള മേരി റോയിയുടെ പൊതുപോരാട്ടം ഈ പുസ്തകത്തിലെ ഒരു പശ്ചാത്തലകഥ മാത്രമല്ല ഈ ഓർമ്മക്കുറിപ്പിന്റെ ധാർമിക ഘടനയും കൂടിയാണ്. ഒരു സാധാരണ സ്ത്രീക്ക് അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും നിയമത്തെ തന്നെ മാറ്റിമറിക്കാനും കഴിയുമെന്ന് അമ്മയുടെ ജീവിതം മകളെ വിശ്വപൗരയാക്കുന്നു.

നമ്മെ ഏറ്റവും ആഴത്തിൽ രൂപപ്പെടുത്തുന്ന വ്യക്തി തന്നെയാകാം നമ്മെ ഏറ്റവും ആഴത്തിൽ മുറിവേൽപ്പിക്കുന്നതും. എന്നാൽ മുറിവ് നിർബന്ധമായും വെറുപ്പിലേക്കു നയിക്കണമെന്നില്ല. ചിലപ്പോൾ അതേ മുറിവ് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലായും സർഗാത്മകതയുടെ ഉറവിടമായും മാറാം.

ജീവിതത്തിലെ കഠിനമായ മുറിവുകളിൽ നിന്ന് പുറത്തേക്കുള്ള വഴി എല്ലാം മറക്കലല്ല. അതുപോലെ, പകയെ ഒരു പ്രത്യയശാസ്ത്രമാക്കി വളർത്തുന്നതുമല്ല.പകരം പുനരാഖ്യാനമാണ്. തന്റെ ജീവിതത്തിലെ അഭയ ത്തെയും കൊടുങ്കാറ്റിനെയും കുറിച്ചുള്ള സത്യം പറയലാ ണ്. സ്വന്തം ചരിത്രത്തെ കലയിൽ പരിവർത്തനം ചെയ്യുക; വ്യക്തിപരമായ മുറിവുകളിലൂടെ അധികാരം, ലിംഗം, പൈതൃകം, സ്വാതന്ത്ര്യം തുടങ്ങിയ സാർവത്രിക ചോദ്യങ്ങളിലേക്ക് എത്തുക. അതാണ് മദർ മേരി കംസ് ടു മി.

മുറിവിൽനിന്ന് വാക്കിലേക്കുള്ള യാത്ര - ഒടുവിൽ, വാക്കിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയായി മാറുന്നു.

logo
Sathyadeepam Online
www.sathyadeepam.org