മെസ്സി : കാര്യം മറക്കാത്ത കളികൾ

editorial - messi with baby yamal
Published on

ലയണൽ ആന്ദ്രെ മെസ്സി വിരമിച്ചു. കാൽപന്ത് മൈതാനങ്ങളുടെ സമുദ്ര സമാനമായ പാലാഴി കടഞ്ഞു ആരാധകരെ കളിയുടെ അമൃതൂട്ടിയ ഇതിഹാസ താരം. മഹാന്മാരെ വിലയിരുത്തുക അവരുടെ അനശ്വര സൃഷ്ടികളിലൂടെയാണ്. അവ നിരന്തരം ആസ്വദിക്കപ്പെടുകയും പുനഃവായിക്കപ്പെടുകയും ചെയ്യും.

എന്നാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർ മെസ്സിയെ വിലയിരുത്തുന്നത് തത്സമയ (LIVE) പ്രകടനത്തിന്റെ പരിസരത്താണ്. ലൈവ് സ്ക്രീനിന്റെ മുന്നിലുള്ള കോടിക്കണക്കിന് ആളുകൾ, അവരുടെ സ്വപ്നങ്ങളുടെ ഭാരം. അദ്ദേഹത്തിന്റെ പ്രതിഭ എഴുതിവയ്ക്കപ്പെട്ട ഒന്നല്ല; അത് കൺമുമ്പിൽ അരങ്ങേറുന്നതാണ്. പിന്നീട് ഒരിക്കലും തിരുത്താനോ മെച്ചപ്പെടുത്താനോ കഴിയാത്ത പ്രകടനങ്ങൾ. യുദ്ധസമാനം. തോൽവി അല്ലെങ്കിൽ ജയം. ഈ തത്സമയ രണഭൂമിയിൽ കാണികളുടെ ആഗ്രഹങ്ങൾക്കൊപ്പം പറന്നു കളിയുടെ കൊടുമുടികൾ കാട്ടാനുള്ള കഴിവാണ് അദ്ദേഹത്തെ അത്രമേൽ തീവ്രമായി സ്നേഹിക്കപ്പെടുന്നവനാക്കുന്നത്; ചില നിമിഷങ്ങളിൽ അതേ വേഗത്തിൽ വിധിക്കപ്പെടുന്നവൻ ആക്കുന്നതും. ഈ തത്സമയ തട്ടകത്തിൽ ഇടറി വീഴാതെ 21 വർഷം.

മികവ് എന്നത് കേവലം മെസ്സി കൈയത്തിപ്പിടിച്ച ഗോൾ എണ്ണങ്ങളോ കിരീടനേട്ടങ്ങളോ ആണോ ? അതോ അവയിലേക്ക് നയിച്ച വർഷങ്ങളുടെ വിശ്വസ്തതയിലും ശരീരത്തിന്റെ അച്ചടക്കത്തിലുമാണോ? ഒരുപക്ഷേ, കാൽപ്പന്ത് മൈതാനിയിൽ മെസ്സി വരച്ചിടുന്ന വലിയ പാഠം ഇതാകാം - രചിക്കുന്ന ചരിത്രമല്ല പ്രധാനം, മറിച്ച് “കളി” എന്ന കർമ്മത്തോട് ജീവിതകാലം മുഴുവൻ പുലർത്തുന്ന വിനീതമായ കൂറ്. അതെ മെസ്സിയുടെ കളി, “കളിയുടെ പൂർണ്ണതയ്ക്കു”വേണ്ടിയായിരുന്നു.

ഇന്ന് ഡിജിറ്റൽ യുഗത്തിൽ GOAT-കൾ സൃഷ്ടിക്കപ്പെടുന്നത് പ്രത്യേക വർണത്തിലാണ്. സൂക്ഷ്മമായ കണക്കുകൾ, സോഷ്യൽ മീഡിയ വിശകലനങ്ങൾ, രാഷ്ട്രീയ ചായ്.വുകൾ, ആരാധകസ്വപ്നങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ഐക്കൺ നിർമ്മാണം. ഓരോ ഡ്രിബ്ളിങ്ങും പാസും ലോകം മുഴുവൻ വീക്ഷിക്കുന്ന, വിലയിരുത്തുന്ന ഒരു അവസ്ഥ. ഈ നിരന്തരമായ നേട്ടത്തിനു കീഴിലും സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിയുക എന്നത് തന്നെ കളിയുടെ നൈതികതയാണ്. കളിക്കുമ്പോൾ ‘ഞാൻ മെസ്സി ആണെന്ന ധാരണയിൽ’ കളിക്കുന്ന മെസ്സിയെ കാണാറില്ല. നമ്മൾ അവിടെ കാണുന്നത് ഫുട്ബോളിന്റെ സൗന്ദര്യലഹരിയാണ്. അവിടെ ചാട്ടുളി വേഗം ഉണ്ടെങ്കിലും ബലപ്രയോഗങ്ങൾ ഇല്ല. ഗോൾ ദാഹം ഉണ്ടെങ്കിലും സ്വാർത്ഥതയില്ല. തന്റെ പ്രവൃത്തിയെ മറ്റുള്ളവരുടെ നിർവചനത്തിനു വിട്ടുകൊടുക്കാതെ, സ്വന്തം കളി മിടുക്കിന്റെ ആധികാരികതയോടെ നിലനിൽക്കുന്ന കളിക്കാരൻ. അതുകൊണ്ടുതന്നെ ഒരു ചാമ്പ്യൻ എന്നതിനെക്കാൾ നാം ഒരുമിച്ച് ആസ്വദിക്കുന്ന സാംസ്കാരിക ആഘോഷമായിരുന്നു അയാൾ.

കളിയിൽ മാത്രമായിരുന്നു അദ്ദേഹം ലൗഡ് ആയിരുന്നത്. സംഭാഷണങ്ങളിലും പെരുമാറ്റങ്ങളിലും ഗ്രൗണ്ടഡ് ആയിരുന്ന ഒരാൾ. പ്രസക്തനായി തുടരാൻ അദ്ദേഹത്തിന് വിവാദങ്ങൾ സൃഷ്ടിക്കേണ്ടതില്ലായിരുന്നു - അദ്ദേഹം തന്റെ കളിയിലൂടെ സംസാരിച്ചിരുന്നു. കൃത്യമായ ഒരു പാസ്, പെട്ടെന്നുള്ള ഒരു ഡ്രിബിൾ, സമ്മർദ്ദത്തിനിടയിലെ ശാന്തമായ ഒരു ഫിനിഷ്, സഹതാരത്തോടോ എതിരാളിയോടോ കാണിക്കുന്ന ആദരവ്, ഗോൾ നേടിയാലും തുടരുന്ന ശാന്തത - ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. അതുകൊണ്ട് ആ പത്താം നമ്പറുകാരൻ ഐക്കൺ ആയി തുടർന്നു.

ലോകം അദ്ദേഹത്തിന് ചുറ്റും ഭ്രമണം വച്ചപ്പോൾ അദ്ദേഹം ഭ്രമണം വച്ചത് റോസാരിയോയ്ക്കും (ജന്മദേശം) കുടുംബത്തിനും ചുറ്റുമാണ്.

ഫുട്ബോൾ തട്ടകം രൂപപ്പെടുത്തിയെടുത്ത മെസ്സിയെന്ന ഇതിഹാസ രൂപത്തെ ഒരിക്കലും അദ്ദേഹം അതേപടി വിഴുങ്ങിയില്ല. തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് നിരന്തരം അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തി. സമൂഹം അടിച്ചേൽപ്പിക്കുന്ന ഒരു കൃത്രിമ വ്യക്തിത്വത്തെ ‘അഭിനയിച്ചു വിജയിപ്പിക്കുന്നതിൽ നിന്നുള്ള’ മെസ്സിയുടെ അകലം ശ്രദ്ധേയമാണ്. ലോകം അദ്ദേഹത്തിന് ചുറ്റും ഭ്രമണം വച്ചപ്പോൾ അദ്ദേഹം ഭ്രമണം വച്ചത് റോസാരിയോയ്ക്കും (ജന്മദേശം) കുടുംബത്തിനും ചുറ്റുമാണ്. മെസ്സിയുടെ ഫുട്ബോൾ അസ്തിത്വത്തിന്റെ വേരുകൾ അവരിൽ ആയിരുന്നു. അപ്പൻ മരിച്ചതിന് പുറകെ വിരമിക്കുന്ന മെസ്സി ഓർമിപ്പിക്കുന്നത് മറ്റൊന്നല്ല.

കളിക്കളത്തിൽ എവിടെയോ മറഞ്ഞിരുന്നു ശൂന്യതയിൽ നിന്ന് ഗോൾ വർഷിക്കുന്ന, ഏത് ആംഗിളുകളിലും വെട്ടിയൊഴിഞ്ഞ് അത്ഭുത വഴക്കത്തോടെ ഗോളിലേക്ക് പാഞ്ഞടുക്കുന്ന ആ അത്ഭുത ശരീരം ഒരുകാലത്ത് പരിമിതികളുടെ ഒരു കൂടായിരുന്നു. വളർച്ചാഹോർമോണിന്റെ അപര്യാപ്തത ഉണ്ടായിരുന്ന തന്നിലെ ബാലനെ മെസ്സി ഒരിക്കലും മറന്നില്ല. അതിന്റെ ബാക്കിയായിരുന്നു കൗമാരക്കാരുടെ ആരോഗ്യ പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി രൂപപ്പെട്ട ലിയോ മെസ്സി ഫൗണ്ടേഷൻ. കായികരംഗത്തെ സാമൂഹ്യ ഉൾച്ചേരലിന്റെ ഉപാധിയാക്കിയ സ്ഥാപനം. കുട്ടികളുടെ പൊതു ആശുപത്രികളുടെ പുനരുദ്ധാരണം, കുട്ടികളുടെ ക്യാൻസർ രോഗപരിചരണ സഹായങ്ങൾ, ശിശുരോഗത്തിലും ബാല്യകാല കാൻസർ ചികിത്സയിലും വിദഗ്ദ്ധരാകുന്ന ഡോക്ടർമാർക്കുള്ള സ്കോളർഷിപ്പുകൾ, സ്കൂളുകളുടെയും കളിസ്ഥലങ്ങളുടെയും നിർമ്മാണം എന്ന് തുടങ്ങി ദുർബലരായ കുട്ടികൾക്കൊപ്പം നടക്കുന്ന പ്രസ്ഥാനം.

മെസ്സിയുടെ ഏറ്റവും വലിയ നേട്ടം ഒരുപക്ഷേ അദ്ദേഹം രാജ്യത്തിനുവേണ്ടി നേടിയ ഗോളുകളോ കിരീട നേട്ടങ്ങളോ ഫൈനലുകളോ എണ്ണം പറഞ്ഞ ബാലൻഡിയോറുകളോ ആകണമെന്നില്ല. തന്റെ ജീവിതം കൊണ്ട് അദ്ദേഹം പ്രചോദിപ്പിച്ച കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും എണ്ണമായിരിക്കാം. യൂണിസെഫിനൊപ്പം കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി മെസ്സിയെന്ന ‘ഫാമിലി മാൻ’ നീക്കിവച്ച മണിക്കൂറുകൾ ആയിരിക്കാം. ബേബി ബാത്ത് ടബ്ബിൽ ഇരിക്കുന്ന കുഞ്ഞു ലെമീന്‍ യമാലും മെസ്സിയും ചേർന്ന് നിൽക്കുന്ന 20 വർഷം മുൻപുള്ള ഫോട്ടോ ഒരു പ്രതീകമാണ്. മെസ്സി പ്രചോദിപ്പിച്ച അനേകം ഭാവി താരങ്ങളിൽ ഒന്നിന്റെ പ്രതീകം.

കണ്ണും കാലവും കാത്തുനിന്ന, ലയണൽ മെസ്സിയെന്ന മനുഷ്യന്റെയും കാൽപന്ത് കളിക്കാരന്റെയും മാന്ത്രിക കഥകൾ ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ചൊല്ലി കൊടുക്കപ്പെടും.

logo
Sathyadeepam Online
www.sathyadeepam.org