നിഴലും വെളിച്ചവും മാറിമറിയുന്ന അഭ്രപാളിയില്‍ ഇപ്പോള്‍ നിഴല്‍ മാത്രം പെരുകി പരന്നതിന്റെ ഞെട്ടലിലാണ് ആസ്വാദകലോകം! ആണധികാരത്തിന്റെ അധോലോകമായി മലയാള സിനിമാലോകം അധഃപതിച്ചതിന്റെ അറിയാക്കഥകള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തിരശ്ശീല നീക്കി പുറത്തെത്തിയതോടെ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലാണ് കാര്യങ്ങള്‍ എന്ന് വെളിപ്പെടുന്നു.
2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' (W.C.C.) എന്ന സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ജസ്റ്റീസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ സമിതി 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഇപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് അത് സര്‍ക്കാര്‍ പുറത്തുവിട്ടത്. അഞ്ചു വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തിയത്, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതുപോലെ, സിനിമാലോകത്തെ നിയന്ത്രിക്കുന്ന 'പവര്‍ ഗ്രൂപ്പി'നെ സംരക്ഷിക്കാനായിരുന്നോ എന്ന സംശയം ബലപ്പെടുകയാണ്.
സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളും തുടങ്ങി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ചൂഷണം എന്ന ലക്ഷ്യത്തോടെ, അഭിനയ മോഹവുമായി എത്തുന്ന സ്ത്രീകളെ സമീപിക്കുന്നുവെന്ന വസ്തുത സാംസ്‌കാരിക കേരളത്തിന്റെ 'നായക സങ്കല്പ'ങ്ങളെ നാണിപ്പിക്കുകയാണ്. എതിര്‍ക്കുന്നവര്‍ നിര്‍ദയം നിശ്ശബ്ദരാക്കപ്പെടുകയോ അപ്രഖ്യാപിത വിലക്കിലൂടെ അവഗണിക്കപ്പെടുകയോ ചെയ്തു. ചിത്രീകരണ സമയത്ത്, സ്ത്രീകളുടെ സ്വകാര്യതയെ ബഹുമാനിക്കും വിധമുള്ള ശൗചാലയ സൗകര്യ നിഷേധമുള്‍പ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശ ലംഘന പരമ്പരയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നറിയുമ്പോള്‍, തൊഴിലിടത്തെ വനിതകളുടെ ചൂഷണ നിരോധന നിയമമൊക്കെ നവോത്ഥാന കേരളത്തെ നോക്കി പരിഹസിക്കുകയാണ്.
കോടതി സ്വരം കടുപ്പിക്കുമ്പോള്‍ മാത്രം 'ആക്ഷന്‍' പറയുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമാണോ?
'ആരും പരാതി പറഞ്ഞില്ല, അതുകൊണ്ട് നടപടിയെടുത്തില്ല' എന്ന് (അ)സാംസ്‌കാരിക മന്ത്രി റിപ്പോര്‍ട്ടിനെ നിസ്സാരവല്‍ക്കരിക്കുമ്പോള്‍ പരാതി പറയാത്തതിന്റെ കാരണം തിരക്കാനുള്ള ആര്‍ജ്ജവത്വം ഇടതുസര്‍ക്കാരിന് ഇല്ലാതെ പോയതില്‍, പിണറായി സര്‍ക്കാരിന്റെ 'രണ്ടാം ഭാവത്തില്‍' അതിശയമില്ല! അയിത്തത്തിന്റെ അനാചാരങ്ങളില്‍ നൂറ്റാണ്ടുകളോളം കുടുക്കിയിടപ്പെട്ട കീഴാളജനതയെ പരാതികളില്ലാത്തപ്പോഴും തിരഞ്ഞുപോയി തിരിച്ചുകൊണ്ടുവന്നവരെന്ന് അവകാശപ്പെടുന്നവരുടേതാണ് ഈ അപചയം എന്ന് മറക്കരുത്. ജീവഭയം പോലും വലിയ സമ്മര്‍ദമാകുമ്പോള്‍ പരാതി പറയാതെ പലരും പിന്മാറി എന്നതാണ് വാസ്തവം. വിവേചനം വേതനത്തില്‍ മാത്രമല്ല ജാതീയതയിലും പിന്നെ വര്‍ഗീയതയിലും വളര്‍ന്ന് വഷളാകുവോളം അതിശയിപ്പിക്കുന്ന ക്രൗര്യത്തിന്റെ കൂത്തരങ്ങായി മലയാള സിനിമാലോകം മാറിപ്പോയതിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
മലയാള നടീനടന്മാരുടെ സംഘടനയായ 'A.M.M.A.'യുടെ വൈകി വന്ന പ്രതികരണത്തില്‍ പോലും പുകമറ സൃഷ്ടിച്ച് എല്ലാവരെയും സംശയത്തില്‍ നിറുത്തിയതിനെക്കുറിച്ചായിരുന്നു പ്രതിഷേധം മുഴുവന്‍. 'A.M.M.A.'യ്ക്കകത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ പരാതിയില്‍ ഇതുവരെയും നടപടിയുണ്ടായില്ലെന്ന് ഒരു നടി ഇപ്പോഴും ആവര്‍ ത്തിക്കുമ്പോള്‍, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് ബന്ധപ്പെട്ടവരുടെ വെപ്രാളം എന്ന് വ്യക്തമാണ്.
പ്രശ്‌നപരിഹാരത്തിനായി സിനിമാലോകത്തെ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു 'കോണ്‍ക്ലേവ്' വിളിച്ചുകൂട്ടാനാണ് പ്രധാനശ്രമമെന്ന് സാംസ്‌കാരിക മന്ത്രി പറയുമ്പോള്‍, ഇരയെയും വേട്ടക്കാരനെയും ഒരുമിച്ചിരുത്തി നടത്തുന്നത് പരിഹാരമല്ല, പരാതി പറയുന്നവരെ പരിഹസിക്കാനാണെന്ന് വ്യക്തം. നടന്നത് ലൈംഗികാതിക്രമം തന്നെയാണെന്ന് വ്യക്തമായിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സ്വകാര്യതയുടെ തൊടുന്യായത്തിലൂന്നി ഒരു കേസുപോലുമെടുക്കാതെ ഒളിച്ചുകളിച്ച സര്‍ക്കാര്‍ ഇടതുപക്ഷത്തല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ എല്ലാം ശരിയായി എന്ന് കരുതുന്നവരുണ്ട്. ബാക്കിയെല്ലാം കോടതി തീരുമാനിക്കട്ടെ എന്ന് കൈകഴുകുന്നവരുണ്ട്. പണവും പ്രശസ്തിയും മോഹിച്ചെത്തുന്നവര്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകണമെന്ന് നിസ്സാരവല്‍ക്കരിക്കുന്നവരും, ഇത്തരം കാര്യങ്ങള്‍ എല്ലായിടത്തുമുണ്ടല്ലോ എന്ന് സാമാന്യവല്‍ക്കരിക്കുന്നവരുമുണ്ട്! എന്നാല്‍ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന നിലപാടില്‍ ഉറച്ചാണ് W.C.C.
സിനിമയിലെ ഉന്നതരെ രക്ഷിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അഞ്ച് പേജുകള്‍ (സ്വകാര്യതയെക്കരുതി ഒളിപ്പിച്ച 63 പേജുകള്‍ കൂടാതെ) കൂടി സര്‍ക്കാര്‍ മറച്ചുവച്ചുവെന്നാണ് ആക്ഷേപം; അല്ല അതാണ് വാസ്തവം. പോക്‌സോ കേസുകള്‍ ഉള്‍പ്പെടെയുള്ളവ പരാതിയിലുണ്ടായിട്ടും സര്‍ക്കാര്‍ കേസെടുക്കാതിരുന്നത് അനീതി തന്നെയാണ്.
ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. ട്രൈബ്യൂണല്‍ ഉള്‍പ്പെടെയുള്ള ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണം. കോടതി സ്വരം കടുപ്പിക്കുമ്പോള്‍ മാത്രം 'ആക്ഷന്‍' പറയുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമാണോ? ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്‍ മൊത്തം സീനിന് 'കട്ട്' പറയാനുള്ള അടവാകരുത്. നീതി, നിയമത്തിന്റെ സാങ്കേതിക സഹായത്താല്‍ മാത്രം സംഭവിക്കേണ്ടതാണോ? സാമൂഹ്യനീതി എന്നൊന്നുണ്ടല്ലോ? അത് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതല്ലേ?
'താരങ്ങള്‍ താരകങ്ങളായിരുന്നില്ലെന്നും മിന്നിയതെല്ലാം വെറും കാക്ക പൊന്നായിരുന്നുവെന്നും തിരിച്ചറിയുമ്പോള്‍, 'എ' സര്‍ട്ടിഫൈയ്ഡ് അശ്ലീലക്കാഴ്ചയായി മലയാള സിനിമാലോകം തരംതാണതില്‍ സാംസ്‌കാരിക കേരളം ലജ്ജിക്കണം. ഈ വിഷയത്തില്‍ മലയാളത്തിന്റെ 'മഹാനടനും' 'നടന വിസ്മയവും' ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കണം. (നടനവിസ്മയത്തിന്റെ രാജി കാണാതേ പോകുന്നില്ല.) മലയാള സിനിമാലോകം ഈ വിധം സ്ത്രീവിരുദ്ധമായിത്തീരുന്നതില്‍ ഈ മഹാമൗനവും നിര്‍ണ്ണായകമാകുന്നുണ്ട്!
ഇപ്പോഴെങ്കിലും മിണ്ടിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ്? സ്ത്രീവിരുദ്ധത മാനവവിരുദ്ധത തന്നെയാണ്; മറക്കരുത്.