പാലാ രൂപതാദ്ധ്യക്ഷന്‍ 2021 ആഗസ്റ്റ് ഒന്നിന് പള്ളികളില്‍ വായിക്കാനായി നല്കിയ ഇടയലേഖനം പള്ളിക്ക് 'പുറത്ത്' വായിച്ചപ്പോള്‍ വിവാദമായി. അകത്ത് പറയേണ്ടത് പുറത്തു പറഞ്ഞുവെന്നാണ് വിമര്‍ശനം.
അകത്തു മാത്രമായി ഒരു കാര്യം പറഞ്ഞൊതുക്കാന്‍ ഇക്കാലത്ത് കഴിയുമോ എന്നൊരു പ്രശ്‌നമുണ്ട്. വിശ്വാസികള്‍ക്ക് വായിക്കാന്‍ നല്കിയത് (അ)വിശ്വാസികള്‍ മാധ്യമത്തെരുവില്‍ വച്ച് (ദുര്‍)വ്യാഖ്യാനിച്ച് വഷളാക്കിയതാണെന്ന വാദവുമുണ്ട്. പള്ളിലേഖനം പള്ളിപ്പടിക്ക് പുറത്തെ 'മതിലില്‍' പതിപ്പിച്ചവരും വിവാദത്തിന് വേഗം കൂട്ടിയവരാണ്. പുറത്തുപോകുമെന്നുറപ്പുള്ള ലിഖിതങ്ങള്‍ പൊതു സമൂഹത്തിനു കൂടി മനസ്സിലാകുന്ന രീതിയില്‍ എഴുതേണ്ടതല്ലേ എന്ന ചോദ്യം വലിയ മാധ്യമ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.
രൂപത പുതിയ 'ഓഫറുകള്‍' പ്രഖ്യാപിച്ചു എന്ന മട്ടിലാണ് മാധ്യമങ്ങള്‍ അത് വായിച്ചതും അന്തിചര്‍ച്ചയില്‍ വ്യാഖ്യാനിച്ചതും! ജീവന്റെ മൂല്യം സുവിശേഷമൂല്യം തന്നെയാണ്. അത് ക്രിസ്തു പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ സവിശേഷ സ്വഭാവവുമാണ്. "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്" (യോഹ. 10:10). ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്ദേശമായിരുന്നു പാലാ രൂപതയുടേത് എന്നത് വ്യക്തമാണ്. അത് സഭയുടെ പ്രഖ്യാപിത നിലപാട് തന്നെയാണ്. പോപ്പ് പോള്‍ ആറാമന്റെ 'ഹുമാനെ വീത്തെ' (1968) എന്ന ചാക്രികലേഖനത്തില്‍ ജീവന്റെ സംരക്ഷണം സത്യസംരക്ഷണമായിത്തന്നെ വിശദീകരിച്ചിട്ടുണ്ട്. "മനുഷ്യജീവന്‍ അതിന്റെ ആദ്യസ്പന്ദനം മുതല്‍ മഹത്വമുള്ളതാണ്. ദൈവസൃഷ്ടിയുടെ കരവേലയായി തിരിച്ചറിയേണ്ടതുമാണ് (HV-32). ഈ സത്യത്തെ സുവിശേഷ സംസ്‌ക്കാരമായി തിരിച്ചറിഞ്ഞ മറ്റ് രൂപതകളും നേരത്തെ തന്നെ സമാനമായ പ്രോത്സാഹനങ്ങള്‍ നടത്തിയിട്ടുമുണ്ട്.
എന്നാല്‍ പാലായില്‍ പറഞ്ഞത്, പല രീതിയില്‍ വായിക്കപ്പെട്ടതിനു പുറകില്‍ മാറിയ സാഹചര്യത്തിന്റെ പ്രത്യേകതകളുണ്ട്. ക്രൈസ്തവന്യൂനപക്ഷം ഒരു സമുദായമെന്ന നിലയില്‍ നിരന്തരം വേട്ടയാടപ്പെടുന്നുവെന്ന മുദ്രാവാക്യങ്ങള്‍ നേരത്തെ എഴുതിയൊട്ടിച്ച സഭാ സംരക്ഷണ മതിലിലാണ് ഇതും 'പതിപ്പിച്ചതെന്ന'തിനാലാണ് വായന തിരിഞ്ഞുപോയതെന്ന വാദമുണ്ട്. ജീവനേക്കാള്‍ വലുതാണ് ജീവിതമെന്ന കാഴ്ചപ്പാട് ചെറുതാക്കിയ 'സാറായുടെ' (സിനിമ) ലോകത്തില്‍ നിന്നും പെട്ടെന്ന് ഈ വായനയിലേക്കെത്തിയതിന്റെ പ്രശ്‌നവും ഇതോടൊപ്പം ചേര്‍ത്ത് ചിന്തിക്കണം. ആളെ കൂട്ടാന്‍ നടത്തിയ ശ്രമമായി ആ സര്‍ക്കുലര്‍ വായിക്കപ്പെട്ടത് അതുകൊണ്ടു കൂടിയാകാം. അതോടൊപ്പം മാര്‍പാപ്പയുടെ കുടുംബവര്‍ഷ പ്രഖ്യാപനമാണ് ഈ സര്‍ക്കുലര്‍ പശ്ചാത്തലമെന്നതിനാല്‍ ഈ വര്‍ഷം തന്നെ ജാതിമതഭേദമെന്യേ അര്‍ഹതപ്പെട്ട കൂടുതല്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ സര്‍ക്കുലറിന്റെ സദുദ്ദേശ്യം കൂടുതല്‍ വ്യക്തമായേനെ.
ജനസംഖ്യാ വര്‍ദ്ധനവ് ബാധ്യതയാണെന്ന മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെ അന്ധമായി അനുഗമിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ന് ആളും ആരവവുമൊഴിഞ്ഞ് അനാഥമാവുകയാണ്. ജനസംഖ്യാപ്പെരുപ്പത്തിന് ആനുപാതികമല്ലാത്ത ഭക്ഷ്യോല്പാദനവും വിഭവ ലഭ്യതയും അനന്തമായ പ്രതിസന്ധികള്‍ക്കിടയാക്കുമെന്നായിരുന്നു തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന ഇംഗ്ലീഷുകാരന്റെ പ്രവചനം. 'എല്ലാവര്‍ക്കുമുള്ളത് ഈ ഭൂമിയിലുണ്ട്, എന്നാല്‍ ആര്‍ത്തിക്ക് തികയില്ല!' എന്ന ഗാന്ധിദര്‍ശനത്തിലേയ്ക്ക് നാമിനിയും മടങ്ങിയെത്താത്തതാണ് യഥാര്‍ത്ഥ പ്രതിസന്ധിയെന്ന് ഈ കോവിഡ് കാലം പോലും സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. 3.7 മില്യണ്‍ ആളുകള്‍ കോവിഡ് തുടങ്ങി ആദ്യത്തെ ആറുമാസത്തിനിടയില്‍ പട്ടിണി മൂലം മരിച്ചപ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണവും ആസ്തിയും പതിന്മടങ്ങ് വര്‍ദ്ധിച്ചു വെന്നാണ് കണക്കുകള്‍. ഏറ്റവും അധികം വൃദ്ധജനങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഏകദേശം 16%. 2025 ആകുമ്പോള്‍ അത് 20% ആയി വര്‍ദ്ധിക്കും. സക്രിയശേഷിയുള്ള ജനതയാണ് ഒരു രാജ്യത്തെ യഥാര്‍ത്ഥ സമ്പത്ത്. ആ തിരിച്ചറിവിലേയ്ക്ക് ചൈനപോലും തിരികെയെത്തുകകയാണിപ്പോള്‍. ആസാമിലും, ഉത്തര്‍പ്രദേശിലും പുതിയ ജനസംഖ്യാ നിയന്ത്രണങ്ങള്‍ പൗരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമായി വിലയിരുത്തുന്നവരുണ്ട്.
ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും സഭയുടെ ജീവപരിപോഷണത്തിന്റെ സജീവ അടയാളമാണ്. മുയലുകളെപ്പോലെ പെറ്റുപേക്ഷിക്കാതെ പിറവിക്കു മുമ്പെ പോലും പിന്‍ഗമിക്കുന്ന സംരക്ഷണത്തിന്റെ സത്യമാണ് സഭയുടെ (സ)ജീവദര്‍ശനം. ഫ്രാന്‍സിസ് പാപ്പായുടെ അനുഗമനാഭിമുഖ്യത്തിന്റെ (accompaniment) അടിസ്ഥാനമതാണ്. അതിന്റെ സ്വഭാവികവും, സുവിശേഷാത്മകവുമായ വിടരലും വികാസവുമാണ് പാവങ്ങളോടുള്ള പക്ഷപാതം. അവരില്‍ ഏറ്റവും നിസ്സഹായരോടുള്ള അരികുയാത്രയുടെ അനിവാര്യതയാണ് ഗര്‍ഭഛിദ്രത്തിനെതിരായ സഭയുടെ നിലപാടു ദാര്‍ഢ്യം.
കുടുംബം ഗാര്‍ഹികസഭയാണ് എന്നതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പരികല്പന. സഭയുടെ ചെറുപതിപ്പായി കുടുംബത്തെ മനസ്സിലാക്കു മ്പോള്‍, കുടുംബത്തില്‍ നിന്നും സഭയിലേക്കും, മറിച്ചും പരസ്പരം സ്വീകരിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സാധ്യതയെയും നാം തിരിച്ചറിയണം.
അണുകുടുംബത്തിലെ ആന്തരിക അനാഥത്വം ചേര്‍ന്നു നില്‍ക്കാനും ഒരുമിച്ച് വളരാനുമുള്ള വിശ്വാസിയുടെ സഭാത്മക വികാസത്തെ തടസ്സപ്പെടുത്താനിടയുണ്ട്. ഒരുപാട് അംഗങ്ങളുള്ള കുടുംബം പരസ്പരം പൊരുത്തപ്പെട്ട് പോകാനുള്ള ക്രിസ്തീയപ്പൊറുതിയുടെ പുതിയ ആഭിമുഖ്യങ്ങളിലേയ്ക്ക് വ്യക്തികളെ സംസ്‌ക്കരിക്കുമെന്നുറപ്പാണ്. അപ്പോഴും എത്ര കുട്ടികള്‍ വേണം എന്ന തീരുമാനം പ്രഥമമായി ദമ്പതികളുടേതാകണം. അത് ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കാന്‍ സഭ അവരെ സഹായിക്കുകയാണ് വേണ്ടത്.
വായനകള്‍ വഴിതെറ്റുന്നതിന്റെ ഉത്തരവാദിത്വം വായനക്കാരുടേതു മാത്രമല്ല. സമൂഹത്തെ നേതൃത്വം ശരിയായി വായിക്കാതെ പോകുമ്പോഴും അതു സംഭവിക്കും. 'കുടുംബ'ത്തിനകത്തെ ചര്‍ച്ചകള്‍ കുടുംബത്തില്‍ മാത്രമാകട്ടെ. അതിന്റെ പ്രധാനവാതില്‍ പുറത്തേക്ക് തുറന്നിടാതിരിക്കുന്നതാണ് നല്ലത്; നല്ല കുടുംബത്തിനും, ക്രിസ്തീയസഭയ്ക്കും.