Let’s Talk

Let’s Talk
ഇത് എഴുതുന്നത് മാതൃദിനത്തിലാണ്. ജനിച്ചു ലോകത്തിലേക്ക് കണ്‍തുറന്ന് കരഞ്ഞ കുഞ്ഞിനെ മാറോട് അടുപ്പിക്കാതെ മരണത്തിലേക്ക് വലിച്ചെറിഞ്ഞതു നമ്മുടെ കേരളത്തിലെ പനമ്പള്ളി നഗറിലാണ്. കുഞ്ഞിനെ കൊന്ന അമ്മയുടെ ക്രൂരതയെക്കുറിച്ചോ ജീവിക്കാനുള്ള കുഞ്ഞിന്റെ അവകാശത്തെ, കണ്‍തുറന്ന ആദ്യ നിമിഷങ്ങളില്‍ തന്നെ നിഷേധിച്ച ഹൃദയശൂന്യതയെക്കുറിച്ചോ മാത്രം ചോദ്യം ഉയര്‍ത്തിയാല്‍ മതിയോ? ഇത്തരം ക്രൂരതയിലേക്ക് ഒരു സാധാരണക്കാരിയെ നയിച്ച സാമൂഹിക സാഹചര്യങ്ങളെ കണക്കിലെടുക്കേണ്ടതല്ലേ?

ആ അമ്മ തന്റെ പ്രതിസന്ധിയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞിരുന്നുവോ? ഇനി പറഞ്ഞു എന്ന് കരുതുക. എന്തേ അതുവഴി കരുണാര്‍ദ്രമായ ഒരു പരിഹാരം തെളിയാതിരുന്നത്? മറ്റേതെങ്കിലും തരത്തില്‍ ഇരയാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ എന്തേ അവര്‍ നിയമത്തിന്റെ പരിരക്ഷ തേടാതിരുന്നത്? നിരാശയുടെയും മാനഹാനിയുടെയും ഭയത്തിന്റെയും ഇരുള്‍ മുഖങ്ങളില്‍ തകര്‍ന്നടിഞ്ഞു തീരം കാണാതെ ഒഴുകുന്നുണ്ടാവും ഇങ്ങനെ ചില സ്ത്രീകള്‍... അവരുടെ പ്രതിസന്ധി തുറന്നുവയ്ക്കാന്‍ വിശ്വസനീയമായ ഒരിടം, അവരുടെ സങ്കടങ്ങളെ കാതോര്‍ക്കുന്ന വിശ്വസ്തരായ ചിലര്‍, ചേര്‍ത്തുനിര്‍ത്തും എന്ന് ഉറപ്പു നല്‍കുന്ന ഒരു സ്ഥലം, ഇതൊക്കെ അന്യമായതിന്റെ ബാക്കിപത്രമാകാം ഇത്തരം ഹൃദയഭേദകമായ സംഭവങ്ങള്‍.

ഇനി അവര്‍ തുറന്നു പറഞ്ഞാല്‍ എന്താണ് സംഭവിക്കുമായിരുന്നത്? മുനയുള്ള ചോദ്യങ്ങളുടെ ശരശയ്യ അവളെ കാത്തു കിടക്കും. ചിലപ്പോള്‍ മതബന്ധിതമായ കുറ്റബോധങ്ങളുടെ ഭാരത്താല്‍ സ്വയം മൂടപ്പെടാം. പൊലീസിന്റെയും കോടതിയുടെയും അനന്തമായ കുറ്റവിചാരണകളുടെ തടവറയില്‍ മുന്‍പേ തന്നെ ശിക്ഷിക്കപ്പെടാം. വ്യക്തിയുടെ സ്വകാര്യതയും സ്വസ്ഥതയെയും തകര്‍ക്കുന്ന മാധ്യമവിചാരണയ്ക്ക് അടിപ്പെട്ടു പോകാം. ഇതല്ലാതെ മറ്റൊരു സാധ്യത നമ്മുടെ സാമൂഹിക പരിസരത്ത് ഉണ്ടോ? ഇതുവഴി ഒരു വ്യക്തിക്ക് ഏല്‍ക്കപ്പെടുന്ന മാനസികാഘാതങ്ങളുടെ തോത് അളക്കുവാന്‍ ഏത് ഉപകരണമാണ് നമ്മുടെ കയ്യിലുള്ളത്? ഈ ആഘാതം മറികടക്കാന്‍ ഏതൊക്കെ പരിചകള്‍ ഒരമ്മ എടുത്തണിയേണ്ടി വരും?

ഇനി ആരോടും പറയാതിരിക്കുന്നു എന്ന് കരുതുക. ശേഷം ആ വ്യക്തിയില്‍ ഉണ്ടാകാന്‍ ഇടവരുന്നത് അവള്‍ക്ക് മാത്രമായി അവള്‍ സൃഷ്ടിക്കുന്ന ഒരു സ്വകാര്യലോകമാണ്. പുതുതലമുറ പലപ്പോഴും ഇതൊരവകാശമായി കാണുന്നവരാണ്. ചിലര്‍ക്ക് ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. സ്വയം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത ദുര്‍ബല മാനസര്‍ക്ക് ഇത് ഒരു കെണിയാണ്. ഇത്തരം സ്വകാര്യ ലോകങ്ങളുടെ വാതിലുകളും ജനലുകളും പലപ്പോഴും അകത്തു നിന്ന് പൂട്ടിയവയായിരിക്കും. പ്രതിസന്ധികളില്‍ ഇവ മനുഷ്യന്റെ സ്വാഭാവിക വിവേകത്തെ ഇല്ലാതാക്കുന്നു. പകരം അവിടെ ഭീതിയും മാനഹാനിയും നിറയും. അതും നമ്മുടെ സമൂഹം തന്നെ നിര്‍മ്മിച്ചു നല്‍കുന്നതാണല്ലോ. സ്ത്രീകള്‍ക്കായി ഇത് കൂടുതല്‍ നിര്‍മ്മിക്കപ്പെടുന്നു എന്നതാണ് മറ്റൊരു സാമൂഹിക കുറ്റകൃത്യം. ഉദാഹരണം പറഞ്ഞാല്‍ ഒരുവള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായാല്‍, ലൈംഗിക പീഡനത്തിനിരയായാല്‍ കുടുംബത്തിന്റെ മാനം നിലനിര്‍ത്താനുള്ള ബദ്ധപ്പാടില്‍ ഏറ്റെടുക്കുന്ന ഭാരം താങ്ങാനാവാതെ വരുമ്പോള്‍ ചിലരുടെ മനസ്സു കൈവിടാം. കുറ്റകൃത്യങ്ങളിലേക്ക് വഴുതി മാറാം. ഇത്തരം സ്വകാര്യ ലോകങ്ങളില്‍ ശ്വാസംമുട്ടുമ്പോള്‍ അതില്‍ നിന്ന് ഇറങ്ങി നടക്കേണ്ടതുണ്ട്. വിശ്വസനീയരായവര്‍ക്ക് സ്വകാര്യ ലോകങ്ങളിലേക്ക് കയറി വരുവാനും അവസരം നല്‍കണം. തുറന്നു പറയുമ്പോള്‍ ചിലപ്പോള്‍ പഴി കേട്ടെന്നു വരും പക്ഷേ അതോടൊപ്പം പരിഹാരസാധ്യതകളും തുറന്നു വരാം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഇരയെ സഹായിക്കാന്‍ ഒരുപാട് സാധ്യതകള്‍ ഇത്തരം സ്വകാര്യ ലോകങ്ങളില്‍ ബാക്കിനില്‍ക്കുന്നു. വീടിനെ വീടാക്കുന്നത് തുറന്നു പറച്ചിലുകളാണ്. എന്റെ വീഴ്ചകളില്‍ എന്നെ ഏറ്റെടുക്കുന്ന ഇടത്തിന്റെ പേരു കൂടിയാണ് വീട്. ഈ ലോകത്ത് മറ്റൊന്നും അതിനുപകരം വയ്ക്കാനില്ല. തുറന്നുപറച്ചിലുകള്‍ക്ക് അവസരം ഒരുക്കുന്ന സാമൂഹിക സാഹചര്യവും ഒപ്പം സൃഷ്ടിക്കപ്പെടണം.

ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമയിലെ ധൂര്‍ത്തന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല? എന്തുകൊണ്ട് സ്വയം പീഡിപ്പിച്ചു ശിഷ്ടകാലം ജീവിച്ചു തീര്‍ത്തില്ല? എന്തുകൊണ്ട് വിഷാദത്തിനടിപ്പെട്ട് ജീവിതം ഇരുളില്‍ ആക്കിയില്ല? ഏതു സമയത്തും കയറിച്ചെല്ലാവുന്ന, ഏതു വീഴ്ചകളിലും തന്നെ തള്ളാത്ത അപ്പന്റെ മനസ്സിനെക്കുറിച്ച് - തന്റെ വീടിനെക്കുറിച്ച് - അവന് ഉണ്ടായിരുന്ന ഉറപ്പാണ് ധൂര്‍ത്തപുത്രന്റെ തിരികെ നടപ്പിന് അടിസ്ഥാനം. നമ്മുടെ വീടുകള്‍ക്ക്, സാമൂഹിക പരിസരങ്ങള്‍ക്ക് അത്തരം ചില ഉറപ്പുകള്‍ നമ്മുടെ മക്കള്‍ക്ക് നല്‍കാനാവുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org