ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

ഏപ്രില്‍ മാസം കടന്നുപോയതു ലോകാരോഗ്യദിനത്തിന്‍റെ സ്മരണകളുമായാണ്. "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്നാശംസിക്കുന്ന ഒരു സംസ്കാരത്തിന്‍റെ സൃഷ്ടികളാണു നാം. ഭാരതത്തിന്‍റെയും വിശിഷ്യാ കേരളത്തിന്‍റെയും സംസ്കൃതിയില്‍നിന്നു സാവധാനം ചോര്‍ന്നുപോകുന്ന ആരോഗ്യസംസ്കാരത്തെ തിരിച്ചുപിടിക്കാന്‍ നാം ഒട്ടും അമാന്തിച്ചുകൂടാ എന്ന് ഓര്‍മിപ്പിക്കുന്നതാണു സ്ഥിതിവിവരക്കണക്കുകള്‍.

ലോകാരോഗ്യദിനത്തിന്‍റെ ഈ വര്‍ഷത്തെ സവിശേഷ ശ്രദ്ധ വ്യക്തികളില്‍ വര്‍ദ്ധിച്ചുവരുന്ന വിഷാദരോഗത്തെ(depression) ക്കുറിച്ചാണ്. ലോകാരോഗ്യസംഘടന(WHO)യുടെ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 300 മില്യന്‍ ആളുകള്‍ ലോകത്തില്‍ വിഷാദരോഗത്തിനടിമകളാണ്. 2005-നും 2015-നും ഇടയിലുള്ള കണക്കുകളില്‍ നിന്ന് 18 ശതമാനം വര്‍ദ്ധനവാണ് 2017-ല്‍ ഉണ്ടായിരിക്കുന്നത്. മനോവിഷമം അനുഭവിക്കുന്നവര്‍ സമൂഹത്തില്‍ നിന്നനുഭവിക്കുന്ന അവഗണനയും ചികിത്സകളോടുള്ള ആന്തരിക ഭയവും ആരോഗ്യകരമായ ജീവിതത്തിലേക്കു തിരികെ വരുന്നതില്‍ നിന്ന് അനേകരെ തടസ്സപ്പെടുത്തുന്നുണ്ട്. അതിനാല്‍ "നമുക്കു സംസാരിക്കാം" എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന പ്രതിവിധി. പക്ഷേ, വിഷാദരോഗത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന നമുക്കു ചുറ്റുമുള്ളവര്‍ ചങ്കുപൊട്ടി പറയുന്ന പല കാര്യങ്ങളും ഹൃദയപൂര്‍വം കേള്‍ക്കാനും ശ്രദ്ധിക്കാനുമുള്ള ക്ഷമ, ക്ഷമത പൂര്‍ണ ആരോഗ്യത്തിലെന്ന് അഭിമാനിക്കുന്ന നമ്മില്‍ പലര്‍ക്കുമുണ്ടോ?

പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണു നാമെല്ലാം. എല്ലാവരും ഉച്ചിയില്‍ എത്താനുള്ള ഓട്ടത്തിലാണ്; പഠനത്തില്‍, ജോലിയില്‍, സൗന്ദര്യത്തില്‍, അധികാരത്തില്‍. കിടമത്സരങ്ങളും ഉപഭോഗപ്രവണതകളും ഈ സമ്മര്‍ദ്ദത്തിന്‍റെതന്നെ സൃഷ്ടികളാണ്. തങ്ങളുടെ കുട്ടികളില്‍നിന്ന് 'അതിശയന്‍'മാരെ കാംക്ഷിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ബാല്യത്തെ കൊന്നുകളയുന്നു; സ്വന്തം കുടുംബജീവിതം രോഗാതുരമാക്കുന്നു. എന്തിലും ഏതിനും നാം കാണിക്കുന്ന 'തിരക്കില്‍' കൊള്ളയടിക്കപ്പെടുന്നതു നമ്മുടെതന്നെ സ്വകാര്യതയും കുടുംബവും ദാമ്പത്യവുംതന്നെ.

ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ ആര്‍ട്ടിക്കിള്‍ 25-ല്‍ പറയുന്നു: എല്ലാവര്‍ക്കും തങ്ങളുടെ ജീവിത ചുറ്റുപാടുകള്‍ക്കനുസൃതമായ രീതിയില്‍ സൗകര്യത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ട്, അതു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സമൂഹത്തിനു ബാദ്ധ്യതയും. പ്രഖ്യാപനകടലാസില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിനു മുഴുവന്‍ സുഖം വരണം എന്നാശംസിക്കുന്ന ഭാരതത്തിലെ ദരിദ്ര-പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി പരമദയനീയമാണ്. യു.എന്‍. ജനറല്‍ അസംബ്ലി 2016 സെപ്തംബറില്‍ ആഗോളതല ആരോഗ്യജീവിതത്തിന്‍റെ ഒരു കണക്കെടുപ്പു നടത്തുകയുണ്ടായി. ലോകത്തിലെ 188 രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിനു കേവലം 143-ാം സ്ഥാനമാണ്. കലാപബാധിത പ്രദേശങ്ങളായ സിറിയയും ഇറാഖുംപോലും ആരോഗ്യരംഗത്തു ഭാരതത്തിനു മുമ്പിലാണ്. അന്താരാഷ്ട്ര മാനസികാരോഗ്യകേന്ദ്ര സംഘത്തിലെ പ്രൊഫസ്സര്‍ ഡോ. വിക്രം പട്ടേല്‍ ഇന്ത്യ ആരോഗ്യരംഗത്തു പിന്നിലാകാനുള്ള രണ്ടു പ്രധാന കാരണങ്ങള്‍ നിരത്തുന്നുണ്ട്. രാഷ്ട്രീയതലത്തിലെ അവഗണനയും സര്‍ക്കാര്‍ മെഡിക്കല്‍ രംഗത്തെ അശ്രദ്ധയും. 2017-ലെ കേന്ദ്ര ബജറ്റില്‍ ആരോഗ്യപാലനവിഭാഗത്തിനായി ജിഡിപിയുടെ 20 ശതമാനം മാത്രമാണു നീക്കിവച്ചത്. 2016-ല്‍ ഭാരതത്തിന്‍റെ ആരോഗ്യനയ സംഘം നമ്മുടെ ആരോഗ്യരംഗത്തേയ്ക്കായി ആവശ്യപ്പെട്ടതു ജിഡിപിയുടെ 0.26 ശതമാനമാണെന്നോര്‍ക്കുക.

ആരോഗ്യരംഗത്തു ഭാരതത്തില്‍ ഒന്നാംസ്ഥാനം കേരളത്തിനുതന്നെ. 2013-ല്‍ കേരളത്തില്‍ ആരംഭിച്ച ആരോഗ്യകിരണ്‍ പദ്ധതിയടക്കം അനേകം ആരോഗ്യപദ്ധതികള്‍ കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളുടെ പിന്തുണപ്രകാരം ഫലപ്രദമായി നടപ്പിലായിട്ടുണ്ട്. കേരളത്തിന്‍റെ ഉയര്‍ന്ന സാക്ഷരതയും സ്ത്രീകള്‍ക്കിടയിലെ ശുചിത്വബോധവും സ്വകാര്യ ആശുപത്രികളുടെ ആധിക്യവും നമ്മെ ഇന്ത്യയിലെ ഒന്നാംസ്ഥാനക്കാരാക്കുന്നു. ഇതു ശാരീരിക ആരോഗ്യത്തിന്‍റെ കാര്യം. പക്ഷേ, മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ കേരളം താഴേയ്ക്കാണെന്നു സമീപകാലപഠനങ്ങള്‍ തെളിയിക്കുന്നു.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാനിരക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളും കൗമാരക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗവും നമ്മുടെ മാനസികാരോഗ്യം ചോര്‍ത്തിക്കളയുന്ന വസ്തുതകളാണ്. നമുക്കു കണ്ണുകള്‍ തുറക്കാം, കാതുകള്‍ കൂര്‍പ്പിക്കാം, ഹൃദയങ്ങള്‍ അലിവുള്ളതാക്കാം. നമ്മുടെ തോളടുപ്പത്തില്‍ വിഷാദരോഗത്തിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുന്ന ഒരാളുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org