
ആതുര ശുശ്രൂഷയുടെ ആകാശത്ത് ആറര പതിറ്റാണ്ടിലധികമായി പ്രകാശഗോപുരം പോലെ തുടരുന്ന എറണാകുളത്തെ ലിസി ആശുപത്രി, അതിന്റെ സ്‌നേഹശുശ്രൂഷയുടെ പാതയില്‍ നേട്ടത്തിന്റെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്.
ആശുപത്രിയുടെ ഹൃദ്രോഗ ചികിത്സാ വിഭാഗമായ ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം ഇന്റര്‍വെന്‍ഷണല്‍ പ്രോസീജിയറുകള്‍ നടത്തിയെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.
ആധുനിക ചികിത്സാരംഗത്തെ നൂതന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നതു മാത്രമല്ല, അതിന്റെ അവകാശം സമൂഹത്തിലെ താഴെത്തട്ടിലുള്ളവരിലേക്കും എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നിടത്താണ് ആശുപത്രികളുടെ സുവിശേഷദൗത്യം പൂര്‍ണ്ണമാകുന്നത്. സ്വകാര്യ ചികിത്സാലയങ്ങള്‍ അതിവേഗം കുത്തകപ്രവണതകള്‍ക്ക് കീഴടങ്ങുന്നുവെന്ന പ്രചാരണം ശക്തമാകുന്ന പുതിയകാലത്ത്, ചികിത്സാരംഗത്തെ കഠിന മത്സരക്കളത്തിലും പാവപ്പെട്ടവന്റെ കൈപിടിക്കാന്‍ ലിസിയെപോലുള്ള ആശുപത്രികള്‍ ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ലിസിയുടെ വലിയ നിക്ഷേപം അതിന്റെ ജീവകാരുണ്യത്തിന്റെ ശുദ്ധമായ ചരിത്രം തന്നെയാണ്, മറക്കരുത്.
എറണാകുളത്തെ എണ്ണം പറഞ്ഞ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ നിരക്കുനിര്‍ണ്ണയ രീതികളെ പോലും ലിസി സ്വാധീനിക്കുന്നിടത്താണ് അതിന്റെ ചികിത്സാ നയം വേറിട്ടതാകുന്നത്. എന്തുകൊണ്ട് ലിസി എന്ന ചോദ്യത്തിനുള്ള മറുപടിയും അതുതന്നെയാണ്.
1956-ല്‍ ലിസി ആശുപത്രിയുടെ ആരംഭത്തെക്കുറിച്ചുള്ള ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ 'ഞാന്‍ എന്റെ ദൃഷ്ടിയില്‍' എന്ന ആത്മകഥയിലെ പ്രസ്താവം ശ്രദ്ധേയമാണ്. ''കണ്ടത്തില്‍ തിരുമേനി നല്‍കിയ ആശയമാകുന്ന വിത്ത് ഞാന്‍ നട്ടു. അതിരൂപത പ്രൊക്കുറേറ്ററായിരുന്ന മോണ്‍. ആന്റണി പാറയ്ക്കല്‍ അത് നനച്ചു. മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സും ഇതര സന്യാസഭയിലെ അംഗങ്ങളും, പ്രശസ്തരും സമര്‍ത്ഥരുമായ ഭിഷഗ്വരന്മാരും, ശസ്ത്രക്രിയ വിദഗ്ധരും, മറ്റ് സ്റ്റാഫംഗങ്ങളും അതിനു വളമിട്ടു. ദൈവം എല്ലാറ്റിനും ഫലം നല്‍കുകയും ചെയ്തു.''
എളിയതോതില്‍ തുടങ്ങി കൂട്ടായ്മയുടെ കൂട്ടുത്തരവാദിത്വത്തില്‍ ആത്മാര്‍പ്പണത്തിന്റെ ആതുരാലയമായി വളര്‍ന്ന ലിസി ഇന്ന് പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആശ്വാസമായിത്തീര്‍ന്നുവെങ്കില്‍, കാലാനുസൃതമായ നവീകരണത്തിന്റെയും സമഗ്രമായ സൗഖ്യദര്‍ശനത്തിന്റെയും ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിന്റെയും പിന്‍ബലത്താലാണതെന്ന് മനസ്സിലാകും.
അഭിവന്ദ്യ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനായിരിക്കെ 2002-ലാണ് ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. ഇതുവരെ 27 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഒരു വ്യക്തിയില്‍ത്തന്നെ രണ്ടു തവണ വിജയകരമായി ഹൃദയം മാറ്റിവച്ചതും ഇവിടെയാണ്. കേരളത്തില്‍ ആദ്യമായി ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതും വ്യോമമാര്‍ഗം ഹൃദയം എത്തിച്ച് ശസ്ത്രക്രിയ നടത്തിയത് ലിസിയില്‍ത്തന്നെ.
സഭയിലെ ആദ്യത്തെ സൂനഹദോസില്‍ (ജറുസലേം) തന്നെ അപ്പസ്‌തോലന്മാര്‍ പരസ്പരം ഓര്‍മ്മപ്പെടുത്തിയ ഒരേയൊരു കാര്യം പാവങ്ങളെക്കുറിച്ച് കരുതലുണ്ടാകണം എന്നതു മാത്രമാണ്. മനുഷ്യന്‍ ഏറ്റവും നിസ്സഹായനും നിസ്സാരനുമാകുന്ന അവന്റെ / അവളുടെ രോഗവേളയില്‍ കരുണയുടെ കരുതല്‍ സ്പര്‍ശവുമായി സഭ എത്തേണ്ടത് ആതുരശുശ്രൂഷാലയങ്ങളിലാകണം. യുദ്ധമുഖത്തെ ആശുപത്രിയായി ആധുനിക സഭയെ സങ്കല്പിക്കുന്ന ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നതും ഈ സത്യം തന്നെയാണ്.
ആതുരശുശ്രൂഷ ക്രിസ്തുവിന്റെ തന്നെ സൗഖ്യശുശ്രൂഷയുടെ തുടര്‍ച്ചയാണ്. 2023 ഫെബ്രുവരിയിലെ 31-ാമത് രോഗീദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ അത് വ്യക്തമാക്കുന്നുമുണ്ട്. ''രോഗികളായവര്‍ ദൈവജനത്തിന്റെ കേന്ദ്ര സ്ഥാനത്തുള്ളവരാണ്. സഭ അവരോടൊപ്പമാണ് മുന്നേറുന്നത്. കാരണം അത് മാനുഷികതയുടെ അടയാളമാണ്. ഈ മാനുഷികഭാവത്തില്‍ ഓരോരുത്തരും വിലപ്പെട്ടവരാണ്. ആരും പുറംതള്ളപ്പെട്ടവരോ, പിന്നാക്കം നിറുത്തപ്പെട്ടവരോ ആകാന്‍ പാടില്ല.'' ഉയര്‍ത്തിപ്പണിയുന്ന എടുപ്പുകളെക്കാള്‍ ഉയരെ പ്രതിഷ്ഠിക്കുന്ന മാനുഷികത തന്നെയാണ് ആതുരാലയങ്ങളുടെ അത്യന്തിക അടയാളം എന്നു വ്യക്തം.
സഹനത്തിലായിരിക്കുന്നവരോട് സമീപസ്ഥരായിരിക്കുവാനും ''അവരെ പരിചരിക്കുവാനും'' പാപ്പ ആഹ്വാനം ചെയ്യുമ്പോള്‍ സൗഖ്യ സാമീപ്യത്തിന്റെ സുവിശേഷ ദൗത്യം സവിശേഷമായി നിര്‍വഹിക്കുവാന്‍ നമ്മുടെ ആതുരാലയങ്ങള്‍ക്ക് പ്രത്യേകമായ കടമയുണ്ട് എന്നത് മറക്കാതിരിക്കാം. ക്രിസ്തു സ്‌നേഹത്തിന്റെ സാര്‍വത്രികത സമ്പൂര്‍ണ്ണമാകേണ്ട ഇടമാണ് ആതുരാലയങ്ങള്‍. അതിന്റെ നടത്തിപ്പില്‍ 'സമരിയാക്കാര'നോടുള്ള സാദൃശ്യവും സാരൂപ്യവും അനിവാര്യമാകുന്നത് അതുകൊണ്ടാണ്.
'ലിസ്യു'വിന്റെ മറുവാക്കാണ് ലിസി. പ്രത്യാശ നിര്‍ഭരമായ ആരോഗ്യാനുഭവത്തിനുള്ള നന്മനിറഞ്ഞ മറുപടിയായി ആശുപത്രി ഇനിയും തുടരട്ടെ.