

മാക്കിയവെല്ലിയുടെ പ്രേതം ഇന്ന് ഏറ്റവും കൂടുതൽ വിഹരിക്കുന്നത് ആധുനിക ജനാധിപത്യ തിരഞ്ഞെടുപ്പുകളിലാണ്. അവിടെ റിപ്പബ്ലിക്കൻ മൂല്യങ്ങൾ കേവലം തന്ത്രപരമായ യുദ്ധതന്ത്രങ്ങളായി ചുരുങ്ങിപ്പോയിരിക്കുന്നു.
റോമാ സാമ്രാജ്യത്തിന്റെ തകർച്ച കണ്ട് വിശുദ്ധ അഗസ്റ്റിൻ തന്റെ “ദൈവനഗരം” (The City of God) എന്ന കൃതിയിൽ ഇപ്രകാരം ചോദിച്ചു: “നീതി എടുത്തുമാറ്റിയാൽ, പിന്നെ രാജ്യങ്ങളും വലിയൊരു കൊള്ളസംഘവും തമ്മിൽ എന്താണ് വ്യത്യാസം?” ഈ ചോദ്യത്തിന് ഫ്ലോറന്റൈൻ പൊളിറ്റിക്കൽ ചിന്തകനായ മാക്കിയവെല്ലി നൽകിയ പരോക്ഷമായ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. കാര്യക്ഷമമായി സംഘടിപ്പിക്കപ്പെട്ടതാണെങ്കിൽ, ആ കൊള്ളസംഘത്തെത്തന്നെ ഭരണകൂടമായി അംഗീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ആശയം ജനഹൃദയങ്ങളെ തൊടുമ്പോൾ അതൊരു ഭൗതിക ശക്തിയാകുമെന്ന് പറഞ്ഞത് കാൾ മാർക്സ് ആണ്. ചിന്തയിലെ ഈ മാക്കിയവെല്ലിയൻ അപചയം ലോകചരിത്രത്തെ തന്നെ വഴിതിരിച്ചുവിട്ടു. കൊള്ളസംഘങ്ങൾ ഭരണകൂടങ്ങളാകുന്ന ആഗോളരാഷ്ട്രീയത്തിൽ മാക്കിയവെല്ലിയുടെ പ്രേതം ഉയർത്തെഴുന്നേൽക്കുന്നു.
1513-ൽ, ഫ്ലോറൻസിലെ രാഷ്ട്രീയ ചിന്തകനായ നിക്കോളോ മാക്കിയവെല്ലി നാടുകടത്തപ്പെട്ട്, ദാരിദ്ര്യത്തിലും അവഗണനയിലും കഴിയുന്ന കാലത്താണ് ദ് പ്രിൻസ് (The Prince) എന്ന വിഖ്യാത കൃതി രചിക്കുന്നത്. ഒരു ഭരണാധികാരിക്ക് ഒരേസമയം കുറുക്കന്റെ കൗശലവും സിംഹത്തിന്റെ ഹിംസാത്മകമായ കരുത്തും ഉണ്ടായിരിക്കണം എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം അതുവരെ രാഷ്ട്രമീമാംസയിലുണ്ടായിരുന്ന സദാചാരബോധത്തെ വേരോടെ പിഴുതെറിഞ്ഞു. രാഷ്ട്രീയത്തിന് കാപട്യത്തിന്റെ ആവരണം പോലുമില്ലാതെ നഗ്നമായി പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകുകയാണ് അതുവഴി മാക്കിയവെല്ലി ചെയ്തത്.
ലക്ഷ്യങ്ങൾ മാർഗ്ഗങ്ങളെ ന്യായീകരിക്കും എന്ന മാക്കിയവെല്ലിയൻ സിദ്ധാന്തം പൂർണ്ണമായി നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന വിനാശകരമായ അവസ്ഥ ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട്. മാർഗ്ഗങ്ങളുടെ വിശുദ്ധി നഷ്ടപ്പെടുമ്പോൾ, അധികാരത്തിൽ തുടരുക എന്നത് മാത്രമായി മാറുന്നു ഭരണാധികാരികളുടെ ഏക ലക്ഷ്യം.
ഇറ്റലിയിലെ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ ഉദയം തന്നെ ഇതിന് ഉദാഹരണമാണ്. ഇറ്റലിയിലെ ദരിദ്രരായ കർഷകരുടെയും യുദ്ധത്തിൽ തകർന്ന ജനങ്ങളുടെയും മുന്നിൽ മുസ്സോളിനി സ്വയം അവതരിപ്പിച്ചത് ഒരു ലളിതജീവിതക്കാരനായ സാധാരണക്കാരനായാണ്. ഒരു പാവം കൊല്ലന്റെ മകൻ, കർഷകരോടൊപ്പം മണ്ണിൽ പണിയെടുക്കുന്നവൻ, ഇതായിരുന്നു മുസ്സോളിനി പ്രചരിപ്പിച്ച ഇമേജ്. എന്നാൽ, ഈ ജനകീയ മുഖംമൂടിക്ക് പിന്നിൽ വടക്കൻ ഇറ്റലിയിലെ വൻകിട കോർപ്പറേറ്റ് മുതലാളിമാരുമായി കൈകോർത്ത കുറുക്കന്റെ കൗശലമായിരുന്നു. അധികാരം പിടിച്ചെടുത്ത ശേഷം, എതിർശബ്ദങ്ങളെ ഉന്മൂലനം ചെയ്യാൻ “ബ്ലാക്ക്ഷർട്ട്സ്” (Blackshirts) എന്ന ഗുണ്ടാപ്പടയെ അഴിച്ചുവിട്ട സിംഹത്തിന്റെ ക്രൂരതയും അദ്ദേഹം പുറത്തെടുത്തു. ജനങ്ങളെ മിഥ്യാധാരണകളിലും വ്യാജ ദേശീയതയിലും അഭിരമിപ്പിക്കുകയും, അധികാരം വരേണ്യവർഗ്ഗത്തിന്റെ രഹസ്യമുറികളിൽ വീതിച്ചെടുക്കുകയും ചെയ്യുന്നതാണ് മാക്കിയവെല്ലിയൻ തന്ത്രം എന്ന് മുസ്സോളിനി മനസ്സിലാക്കിയിരുന്നു. എല്ലായിടങ്ങളിലും ഇത്തരം വേഷം കെട്ടലുകളും വീതംവയ്പ്പുകളും നടക്കുന്നുണ്ട്.
ഭരണസംവിധാനത്തിലെ സിംഹങ്ങളെ അധികാരം നിലനിർത്താനായി ഉപയോഗിക്കുന്ന ഭരണാധികാരികൾ മാക്കിയവെല്ലിയുടെ വഴിയിലാണ്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ അന്വേഷണ ഏജൻസികളെയും നികുതി വകുപ്പുകളെയും ഭരണകൂട ബുൾഡോസറുകളെയും അഴിച്ചുവിടുന്നത് മാക്കിയവെല്ലി പ്രകീർത്തിച്ച ബോർജിയയുടെ (Cesare Borgia) രീതികളെ ഓർമ്മിപ്പിക്കുന്നു. റൊമാന്യ പ്രവിശ്യയെ അടിച്ചമർത്താൻ ബോർജിയ ആദ്യം റെമിറോ ഡി ഒർക്കോ എന്ന ക്രൂരനായ ഉദ്യോഗസ്ഥനെ ഉപയോഗിക്കുകയും, കാര്യം കഴിഞ്ഞപ്പോൾ ജനങ്ങളുടെ രോഷം തണുപ്പിക്കാനായി അയാളുടെ ഉടൽ രണ്ടായി വെട്ടി പൊതുചത്വരത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ജനരോഷം തണുപ്പിക്കാൻ മന്ത്രിമാരെ രാജിവയ്പ്പിക്കുകയും ഉദ്യോഗസ്ഥരെ ബലിയാടാക്കുകയും ചെയ്യുന്ന തന്ത്രം അന്നും ഇന്നും ഒരുപോലെ തന്നെ!
മാക്കിയവെല്ലിയൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദുരന്തം, ദീർഘകാലാടിസ്ഥാനത്തിൽ ഒരു സംസ്കൃത സമൂഹത്തെ നിലനിർത്താൻ അതിന് കഴിയില്ല എന്നതാണ്. സിംഹത്തിന്റെ ഭയപ്പെടുത്തലിലൂടെയും കുറുക്കന്റെ ചതിയിലൂടെയും മാത്രം മുന്നോട്ടുപോകുന്ന ഒരു രാഷ്ട്രം, ഒരു സ്വതന്ത്ര സമൂഹത്തിന്റെ നിലനിൽപ്പിനാധാരമായ ഏറ്റവും വലിയ മൂലധനത്തെയാണ് തകർക്കുന്നത്: പൗരന്മാർ തമ്മിലുള്ള പരസ്പരവിശ്വാസം.
മാക്കിയവെല്ലിയുടെ പ്രേതം ഇന്ന് ഏറ്റവും കൂടുതൽ വിഹരിക്കുന്നത് ആധുനിക ജനാധിപത്യ തിരഞ്ഞെടുപ്പുകളിലാണ്. അവിടെ റിപ്പബ്ലിക്കൻ മൂല്യങ്ങൾ കേവലം തന്ത്രപരമായ യുദ്ധതന്ത്രങ്ങളായി ചുരുങ്ങിപ്പോയിരിക്കുന്നു. സമകാലിക ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിൽ കുറുക്കനും സിംഹവും വ്യവസ്ഥാപിത സ്ഥാപനങ്ങളെ എങ്ങനെ വിഴുങ്ങി എന്ന് വ്യക്തമായി കാണാം. നിയമസഭകളിലെ കുറുക്കന്മാർ നടത്തുന്ന കൂറുമാറ്റ നാടകങ്ങൾ, റിസോർട്ട് രാഷ്ട്രീയം, കൂറുമാറ്റ നിരോധന നിയമങ്ങളെത്തന്നെ അധികാരക്കൈമാറ്റത്തിനുള്ള ഉപാധിയാക്കി മാറ്റുന്നത് എന്നിവയെല്ലാം തെളിയിക്കുന്നത് ആധുനിക ജനപ്രതിനിധികൾ തങ്ങളുടെ ജനവിധിയെ ഒരു പൊതുവിശ്വാസമായല്ല, മറിച്ച് വിൽക്കാനും വാങ്ങാനുമുള്ള സ്വകാര്യ ഓഹരികളായാണ് കാണുന്നത് എന്നാണ്. ഗാന്ധി ജയന്തി ഒരു തിരിച്ചുനടപ്പിന് നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ ഓർമയുണർത്തുന്ന ഒക്ടോബർ മാസത്തിൽ “മാർഗം ലക്ഷ്യത്തെ സാധൂകരിക്കണമെന്ന” സിദ്ധാന്തം ഭരണാധികാരികളെ ജനാധിപത്യ ബോധത്തിലേക്കുണർത്തട്ടെ!