വിശുദ്ധിയുടെ അല്മായ മാഹാത്മ്യം

വിശുദ്ധിയുടെ അല്മായ മാഹാത്മ്യം

ഭാരതമണ്ണില്‍ ജനിച്ച് ഇവിടെത്തന്നെ രക്തസാക്ഷി മകുടം ചൂടിയ ദേവസഹായം പിള്ളയെ 2022 മെയ് 15-ന് വത്തിക്കാനിലെ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധരുടെ ഉന്നത പദവി യിലേക്കുയര്‍ത്തിയപ്പോള്‍ അത് സമാനതകളില്ലാത്ത സഭാചരിത്ര സംഭവമായി.

അള്‍ത്താര വണക്കത്തിലേക്കുയര്‍ത്തപ്പെടുന്ന ആദ്യത്തെ അല്മായന്‍ എന്ന അനുഭവം ദേവസഹായത്തിലൂടെ പൂര്‍ത്തിയാകുമ്പോള്‍ അത് ഭാരതത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ധീരരക്തസാക്ഷിത്വത്തിന് അനുയോജ്യമായ അനുബന്ധമാകുമെങ്കിലും ക്രിസ്തുശിഷ്യന്‍ നേരിട്ടറിയിച്ച സുവിശേഷ സാക്ഷ്യത്തെ സവിശേഷമായി സാധൂകരിക്കുന്ന അല്മായ ജീവിതം ഇവിടെ ഒന്നു മാത്രമായി ഒതുങ്ങിപ്പോയതെങ്ങനെ എന്ന ചോദ്യം നമ്മെ അലോസരപ്പെടുത്തണം.

തമിഴ്‌നാട്ടിലെ കന്യാകുമാരിക്കടുത്ത് നട്ടാലം ഗ്രാമത്തില്‍ 1712 ഏപ്രില്‍ 23-ന് ആയിരുന്നു, പിന്നീട് ദേവസഹായം പിള്ളയായി പരിവര്‍ത്തനം ചെയ്യപ്പെട്ട നീലകണ്ഠപിള്ളയുടെ ജനനം. മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷാജീവിത പരിസരമായിരുന്നു പിള്ളയുടേതെങ്കിലും ദേവസഹായം വീട്ടില്‍ മലയാളമായിരുന്നു സംസാരിച്ചിരുന്നത്. വെള്ളമുണ്ടുടുത്ത് വിലങ്ങണിഞ്ഞു മുട്ടുകുത്തി നില്‍ക്കുന്ന പിള്ളയുടെ രൂപം സാര്‍വ്വത്രിക വിശുദ്ധ പാരമ്പര്യത്തിലേക്ക് കേരളീയ സാംസ്‌കാരിക മുദ്രയുടെ സംഭാവനകൂടിയാവുകയാണ്.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ സേവക പ്രമുഖരിലൊരാളായി തുടരുന്നതിനിടയിലാണ് പിള്ള അവിചാരിതമായി സുവിശേഷം അറിയുന്നതും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കു ന്നതും. ഡച്ച് നാവിക സേനാ കമ്മാന്‍ഡറായിരുന്ന ബനദിക്തൂസ് ഡിലനോയിയുമായുള്ള പിള്ളയുടെ സൗഹൃദമാണ് അതിന് നിമിത്തമായത്. 1745 മെയ് 14-ന് ജ്ഞാനസ്‌നാനം സ്വകരിച്ച് ലാസര്‍ (തമിഴില്‍ ദേവസഹായം) എന്ന് പേര് മാറ്റി, തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ക്രിസ്തു മാര്‍ഗ്ഗത്തിലെത്തി. അധികം വൈകാതെ രാജാവിന്റെ അനിഷ്ടത്തിന് പാത്രമായപിള്ള, കൊടിയപീഡനത്തിനും, അസഹ്യമായ അപമാനത്തിനുമൊടുവില്‍ 1752 ജനുവരി 14-ന് കാറ്റാടിമലയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ചു. കോട്ടാര്‍ സെന്റ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് കബറടക്കി. 2012 ഡിസംബര്‍ 2-ന് ദേവസഹായത്തിന്റെ പുണ്യജീവിതവും ധീരരക്തസാക്ഷിത്വവും ഔദ്യോഗികമായി അംഗീകരിച്ച സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി, ഇപ്പോള്‍ വിശുദ്ധരുടെ സമൂഹത്തി ലേക്കും.

ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള ഫ്രാന്‍സിസ് പാപ്പായുടെ 2021 മെയ് 3-ലെ പ്രഖ്യാപനത്തില്‍ വാഴ്ത്തപ്പെട്ട ലാസറസ് ദേവസഹായം എന്നു മാത്രമാണ് നല്കിയിരുന്നത്. പിള്ള എന്ന പേര് ഔദ്യോഗികമായി ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ സമത്വാധിഷ്ഠിതമായ സുവിശേഷ മൂല്യങ്ങളുടെ സാഹോദര്യസംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനാണെന്ന വിശദീകരണമാണ് നല്കപ്പെട്ടത്. ജാതീയമായ അടയാളപ്പെടുത്തലുകള്‍ ക്രൈസ്തവ സാഹോദര്യത്തിന്റെ കൂട്ടായ്മാസ്വഭാവത്തെ സാരമായി ബാധിക്കുമെന്ന വെളിപ്പെടല്‍ ക്രിസ്തുവിന്റെ നിരുപാധിക സ്‌നേഹത്തിന്റെ സ്ഥിരീകരണവുമാണ്.

ബ്രാഹ്മണാധിപത്യം അതിന്റെ സര്‍വ്വാധികാരമുറപ്പിക്കുന്ന സാമൂഹ്യദുഃ സ്ഥിതിയില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഇന്ത്യയില്‍ സാധാരണമാവുകയാണ്. സഭയ്ക്കകത്തു പോലും ഇതിന്റെ ആസുരമായ വിവേചനപ്രയോഗങ്ങള്‍ പ്രാബല്യത്തിലുണ്ട്. ക്രിസ്തുവിലുള്ള ഏകവിശ്വാസത്തെ പ്രഘോഷിക്കുന്നവര്‍ പരസ്പരമുള്ള വ്യത്യാസങ്ങളെ വേര്‍തിരിച്ച് വ്യവഹരിക്കുമ്പോള്‍, ജാതിബോധത്തെയല്ല, പാപബോധത്തെ മാത്രമെ മാമ്മോദീസാ വെള്ളം കഴുകിയകറ്റുന്നുള്ളൂ എന്ന് മനസ്സിലാകുന്നു. കൃത്രിമമായ സവര്‍ണ്ണ ബോധ നിര്‍മ്മിതിയിലൂടെ സുറിയാനിയാഢ്യത്വത്തെ ഒരു കൂട്ടര്‍ ജാതീയൗന്നത്യത്തിന്റെ അടയാളമാക്കുമ്പോള്‍ 'വൈകിവന്നവര്‍ക്കും ഒരേ ദനാറ തന്നെ നല്കിയവനെ' 'പുതുക്രിസ്ത്യാനിയാക്കി' പുറത്തു നിറുത്തുകയാണ്. മാമ്മോദീസ സ്വീകരിച്ച് ഏഴു വര്‍ഷത്തിനുള്ളില്‍ ക്രിസ്തുവിനെ പ്രതി ധീരരക്തസാക്ഷിയായ ദേവസഹായം പാരമ്പര്യ ക്രൈസ്തവബോധത്തെ കുറച്ചൊന്നുമല്ല, പരിഹസിക്കുന്നതും. പിന്നെ അദ്ദേഹം പിള്ളയാണല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുകയാവാം!

അപരമത വൈരം വെറുപ്പായി വളര്‍ന്നപ്പോള്‍ സംഭവിച്ച രക്തസാക്ഷിത്വത്തിന്റെ പേരാണ് ദേവസഹായം. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ത്യയില്‍ അതിനനുകൂലമായ സാഹചര്യം തുടരുകയുമാണ്. അസഹിഷ്ണുതയെ ആയുധമണിയിക്കുന്ന ഭൂരിപക്ഷ മതാധിപത്യം ആഘോഷിക്കപ്പെടുന്നിടത്ത് ഇനിയും രക്തസാക്ഷികളുണ്ടാകും. തുല്യതയുടെ ഭരണഘടനാവകാശത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ്ണമായും പ്രാപ്യമാകുന്ന വിധത്തില്‍ ജനാധിപത്യത്തിന്റെ സന്ദേശം സുവിശേഷ പ്രഘോഷണ വിഷയമാകേണ്ട സമയമാണിത്. സംഘികളുമായുള്ള സഭാ-സഖ്യം ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തെ അവഹേളിക്കലാണ്.

ഭാരതസഭയില്‍ അള്‍ത്താരയിലേക്ക് 'കയറിയ' ആദ്യത്തെ അല്മായനാണ് ദേവസഹായം. അല്മായ ശാക്തീകരണം സെമിനാര്‍ വിഷയം മാത്രമായി ഒതുങ്ങിപ്പോകുന്നിടത്ത് ദേവസഹായത്തിന്റെ 'ഇടപെടല്‍' പങ്കാളിത്ത സഭയുടെ ഉയിര്‍പ്പിനിടയാകട്ടെ.

പുതിയൊരു വിശുദ്ധനെന്നാല്‍ മറ്റൊരു ഭണ്ഡാരപ്പെട്ടിയെന്നയര്‍ത്ഥത്തില്‍ മാത്രമാകരുത് കാര്യങ്ങള്‍. കാറ്റാടിമലയിലെ 'മുട്ടിടിച്ചാന്‍ പാറയില്‍' തട്ടിയും, 'അത്ഭുതനീരുറവ'യില്‍ നിന്നും നുകര്‍ന്നും വെറും നൊവേനാ വിഷയമായി വി. ദേവസഹായം ഒതുങ്ങിപ്പോവുകയുമരുത്. 'വിശുദ്ധനാകാന്‍ ഭയപ്പെടരുത്,' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാനും, അല്‍മായര്‍ കൂടിയാണ് സഭയെന്ന അവബോധത്തിലാഴപ്പെടാനും, എല്ലാവരും ഒരേ ദൈവമക്കള്‍ എന്ന സുവിശേഷ സാഹോദര്യത്തെയാശ്ലേഷിക്കാനും ദേവസഹായത്തിന്റെ സഹായം തേടാം. വെറും അത്ഭുതപ്രവര്‍ത്തകനാക്കി അദ്ദേഹത്തെ ചെറുതാക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org