അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനോട് ചരിത്ര അധ്യാപകന്‍ ചോദിച്ചു: 'എന്നാണ് ഫ്രഞ്ച് വിപ്ലവം നടന്നത്?' 'എനിക്കറിയില്ല' അവന്‍ ഉത്തരം പറഞ്ഞു. 'എന്തുകൊണ്ട് നിനക്ക് അറിയില്ല. നീ അത് കാണാപ്പാഠം പഠിക്കണമെന്ന് കഴിഞ്ഞ ക്ലാസില്‍ ഞാന്‍ പറഞ്ഞതല്ലേ.' 'സാര്‍ ഞാന്‍ എന്തിനാണ് ഇതൊക്കെ മനപ്പാഠമാക്കുന്നത്? വിപ്ലവം നടന്നത് എന്നാണെന്ന് പുസ്തകത്തില്‍ ഉണ്ടല്ലോ. എനിക്ക് ജീവിതത്തില്‍ ആ വിവരത്തിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല. ഇനി വന്നാല്‍ തന്നെ അപ്പോള്‍ ഞാന്‍ ആ പുസ്തകം എടുത്തു നോക്കിയാല്‍ മതിയല്ലോ.' നിഷ്‌കളങ്കമായ ഉത്തരം കേട്ട സഹപാഠികള്‍ ചിരിച്ചു. എന്നാല്‍ അധ്യാപകന്റെ ഈഗോ മുറിപ്പെട്ടു. ആ അധ്യാപകന്‍ ചോദിച്ചു: എന്നാല്‍ നിന്റെ വിദ്യാഭ്യാസ സിദ്ധാന്തം ഞങ്ങള്‍ ഒന്ന് കേള്‍ക്കട്ടെ! ഏഴാം ക്ലാസുകാരന് അതിലെ പുച്ഛഭാവം മനസ്സിലായില്ല. അവന്‍ പറഞ്ഞു: 'സാര്‍ വസ്തുതകള്‍ പഠിപ്പിക്കല്‍ അല്ല വിദ്യാഭ്യാസം ആശയങ്ങള്‍ കൈമാറലാണ്.'

ഒരു നരേന്ദ്രനെ വിവേകാനന്ദന്‍ ആക്കലാണ് ഗുരുധര്‍മ്മം. ഒരു സന്ദേഹിയെ അര്‍ജുനനാക്കലാണ് ഭഗവത്സാരം.

ഉന്നത വിദ്യാഭ്യാസത്തെ പുതുതായി രൂപകല്പന ചെയ്യേണ്ടി വരുന്നതിന്റെ പശ്ചാത്തലത്തില്‍ നാലുവര്‍ഷ ബിരുദപദ്ധതി വിദ്യാര്‍ത്ഥികളുടെ അടുത്തെത്താറായി. പുതിയ പഠനപ്രക്രിയയുടെ വെട്ടം വീണു തുടങ്ങുമ്പോള്‍ അതിന് ഏതൊക്കെ ഇരുട്ടുകളെയാണ് വകഞ്ഞു മാറ്റേണ്ടി വരുന്നത്. വായനാശീലം നഷ്ടപ്പെടുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും.... ഉയര്‍ന്നു പറക്കുന്ന വിദ്യാര്‍ത്ഥി സ്വപ്‌നങ്ങളുടെ ആയുസ്സിന്റെ ചരടുകളെ മുറിക്കുന്ന സര്‍വകലാശാല, ഉദ്യോഗസ്ഥ വ്യവസ്ഥയുടെ കെടുകാര്യസ്ഥതകള്‍... പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയും ഓരത്താക്കി ഭരിക്കുന്നവരുടെ തോന്ന്യാസങ്ങള്‍... അത്തരക്കാരെ സംരക്ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും. അങ്ങനെ ഇരുട്ടുകളുടെ പട്ടിക നീളുകയാണ്.

നാട്ടിലെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ മനസ്സു മടുത്തു പുതു പഠന പദ്ധതികള്‍ക്കായി വിദേശ ടിക്കറ്റ് എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു ദിശാസൂചിയാണ്. വികസിത രാജ്യങ്ങളുടെ തോളൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് ഇന്‍ഹൗസ് എക്‌സലന്‍സ് സാധിക്കുന്നില്ല? നമ്മളുടെ പ്രതിഭകള്‍ ഇവിടം വിടുമ്പോഴേ ലോക നിലവാരത്തില്‍ എത്തുന്നുള്ളൂ! ലോകപ്രശസ്തമായ കണ്ടുപിടുത്തങ്ങള്‍, കുതിച്ചുചാട്ടങ്ങള്‍, നോബല്‍ സമ്മാനങ്ങള്‍ ഇവ കരഗതമാക്കുന്ന സംഘങ്ങളുടെ കൂടെ മിക്കപ്പോഴും മലയാളിയും ഉണ്ടാകാറുണ്ട്. എന്തുകൊണ്ട് ലോകോത്തര പ്രതിഭകളായി കഴിവു തെളിയിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പരിസരങ്ങള്‍ ഒരുക്കപ്പെടുന്നില്ല!

പരീക്ഷയ്ക്കായുള്ള പഠനവും ഓര്‍ത്തുവയ്ക്കലും എടുത്തെഴുതലും മാത്രം വിദ്യാര്‍ത്ഥി പ്രതിഭകളെ കൊണ്ടുവരില്ല. അറിവ് ചിന്താപ്രക്രിയയായി മാറണം. സിദ്ധാന്തത്തിന്റെ പ്രയോഗപ്രാപ്തിയെക്കുറിച്ച് നിരന്തരം അന്വേഷിക്കുന്ന മനസ്സുണ്ടാവണം. അതിലേക്ക് അവരെ വിളിച്ചുണര്‍ത്തുന്ന പ്രഗല്‍ഭരായ അധ്യാപകരെ ലഭിക്കണം. അടിസ്ഥാന പഠനങ്ങള്‍ ആവര്‍ത്തിക്കുന്ന അധ്യാപകര്‍ അല്ല വിഷയത്തിന്റെ സങ്കീര്‍ണ്ണതകളില്‍ അവഗാഹം നേടാന്‍ സഹായിക്കുന്ന ഗുരുക്കന്മാരാണ് പഠനപ്രക്രിയയുടെ നട്ടെല്ല്. പഠനത്തിന്റെ രീതിശാസ്ത്രം തെറ്റായ വഴിയില്‍ ആയാല്‍ കുട്ടികളില്‍ ഉണരുന്ന ജിജ്ഞാസ ഇല്ലാതാവും. ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള സഹജവാസന നഷ്ടപ്പെടും. ജിജ്ഞാസയ്ക്കും ചോദ്യം ചെയ്യാനുമുള്ള കഴിവിനും ഒപ്പമാണ് നൈസര്‍ഗിക വാസനകള്‍ ഉണരുന്നത്. അവയാണ് മൗലികമായ കണ്ടെത്തലുകളിലേക്കും പഠനങ്ങളിലേക്കും ഒരു വ്യക്തിയെ നയിക്കുന്നത്. അവസരവും പ്രേരണയും പ്രചോദനവും വേണ്ടുവോളം കൊടുക്കുന്ന ഒന്നായി മാറേണ്ടതുണ്ട് ഉന്നത വിദ്യാഭ്യാസം.

ഓരോ വിഷയവും അറിവിന്റെ നിലയ്ക്കാത്ത ഒഴുക്കുള്ള ഒരു പുഴ പോലെയാണ്. അറിയല്‍ എന്ന പ്രക്രിയ ആ പുഴയ്‌ക്കൊപ്പം ഉള്ള ഒഴുക്കല്ല. അതിനെതിരെ പിടിച്ചു നില്‍ക്കലാണ്. ഓരോ വിദ്യാര്‍ത്ഥിയും അറിവിന്റെ പ്രവാഹത്തിനൊപ്പം നീന്താതെ അതിനെതിരെ അവരുടെതായ രീതിയില്‍ നീന്തി കയറണം. അപ്പോഴാണ് ആ പുഴയുടെ പ്രവാഹത്തിന്റെ ഗതി, വേഗം, ആഴം ഇവയൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. വിഷയം ഒരു വ്യക്തിക്ക് കരഗതമാകുന്നത് അങ്ങനെയാണ്. ഒഴുകിപ്പോവലല്ല നീന്തിക്കയറലാണ് അറിയല്‍ എന്ന പ്രക്രിയ. സ്വയം പഠിക്കാന്‍ ഇടം ലഭിക്കുന്ന പഠനപ്രക്രിയയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ടത്.

മൂല്യനിര്‍ണ്ണയമാണ് മറ്റൊരു മേഖല. പഠന ലക്ഷ്യം കൈവരിക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. വിദ്യാര്‍ത്ഥിയുടെ ബൗദ്ധിക ക്ഷമതയും വിഷയ അവതരണവും ചര്‍ച്ചകളും അതിലെ പങ്കാളിത്തവും മൂല്യനിര്‍ണ്ണയങ്ങളില്‍ വലിയ പങ്കുവഹിക്കണം. അധ്യാപകരുടെയും സഹപാഠികളുടെയും പ്രതികരണവും പിന്തുണയും ഇതിന്റെ ഗതി നിര്‍ണ്ണയിക്കുന്നുണ്ട്. ഒപ്പം അവ കുറ്റമറ്റതും സുതാര്യവും ആകാനുള്ള സാങ്കേതികവിദ്യകളുടെ സഹായവും തേടണം (open source learning management system). ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ വിഷയസംബന്ധിയായി ആഗോള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാഗമാകാനൂം അവരുമായുള്ള സംവാദം വഴി അറിവ് നേടാനും കഴിവ് വികസിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. അല്ലാത്തവര്‍ പിന്തള്ളപ്പെടും. സാങ്കേതിക വിദ്യകളുടെ ആധിക്യം വിദ്യാര്‍ത്ഥികളെ ഉദാസീനരും കുറുക്കു വഴിക്കാരും ആക്കുമോ എന്ന ഭയവും ദൂരീകരിക്കപ്പെടേണ്ടതായുണ്ട്.

പൊതു വിദ്യാഭ്യാസ രീതിക്ക് ദിശ തെറ്റാതിരിക്കാന്‍ അധികാരികളുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഇടങ്ങളും ഉണ്ട്. പ്രത്യേകിച്ച് സാമൂഹിക നീതിയുമായി പൊരുത്തപ്പെടാത്തതും ചരിത്രത്തെ വളച്ചൊടിക്കാത്തതും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ സംവിധാനങ്ങള്‍ ആയിരിക്കണം പൊതു വിദ്യാഭ്യാസ രീതിയുടെ ചിറകുകള്‍ ആകേണ്ടത്. അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് സ്വതന്ത്രരായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ പറന്നുയരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org