മുട്ടിലിഴയുന്ന അഭ്യസ്തകേരളം

മുട്ടിലിഴയുന്ന അഭ്യസ്തകേരളം

ഇന്ത്യയിലെ കോവിഡ് രോഗികളുടെ 70% മഹാരാഷ്ട്രയും കേരളവും പങ്കിട്ടെടുക്കുന്ന അതീവഗുരുതരമായ രോഗവ്യാപന ഭീഷണിയ്ക്കിടയിലാണ് സെക്രട്ടറിയേറ്റ് പരിസരം വീണ്ടും സമരവേദിയാകുന്നത്. പിഎസ്‌സിയെ നോക്കുകുത്തിയാക്കി, പാര്‍ട്ടിബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്ന ഇടതുനയത്തിലെ ജനദ്രോഹം ഉയര്‍ത്തിക്കാട്ടിയാണ് റാങ്ക് ലിസ്റ്റിലുള്ളവര്‍ പ്രതിഷേധവുമായി എത്തിയത്. സ്ഥിരപ്പെടുത്തല്‍ റാങ്ക് ലിസ്റ്റില്‍ മാത്രമാണെന്നാണ് ഇവരുടെ പരാതി. ആത്മഹത്യാ ഭീഷണിയുള്‍പ്പടെയുള്ള സമരമുറകളിലൂടെ പുരോഗമിക്കുന്ന പ്രതിഷേധത്തിലെ വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തം രാഷ്ട്രീയ മുതലെടുപ്പിനുള്ള നല്ല അവസരമായി കണ്ട് പ്രതിപക്ഷകക്ഷികളും സജീവമായി രംഗത്തുണ്ട്.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ പ്രമുഖ അംഗം കുറ ച്ചുകാലം പുറത്തിരിക്കേണ്ടി വന്നതും, മറ്റൊരു മന്ത്രി ഇതേ കാരണത്താല്‍ മാധ്യമവിചാരണ നേരിട്ടതും ഇടതുസര്‍ക്കാരിന്റെ അഴിമതി രഹിത പ്രതിഛായയെ നല്ലൊരളവില്‍ നേരത്തെ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
വലതു മന്ത്രിസഭയുടെ കാലത്ത് നടന്ന സമാനമായ നിയമന ഉത്തരവുകളുടെ പഴയ ഫയലുകള്‍ തപ്പിയെടുത്ത് സര്‍ക്കാര്‍, പ്രതിഷേധങ്ങളെ പ്രതിരോധിക്കുമ്പോള്‍, കളവിനെ മറ്റൊരു കളവുകൊണ്ട് ന്യായീകരിക്കുന്നതിനപ്പുറം നിയമന നയത്തില്‍ രണ്ടുകൂട്ടരും ഒരുപോലെയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഈ വിവാദം ഇടയാക്കിയെന്നതാണ് വാസ്തവം.
യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടിയോളം പേരെ ചേര്‍ത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നതിനാല്‍ 80% പേര്‍ക്കും സര്‍ക്കാര്‍ ജോലി അപ്രാപ്യമാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ കണക്കുകൂട്ടിയാല്‍പോലും സര്‍ക്കാര്‍ ഉയര്‍ത്തുന്ന 1,50,000 ലധികം നിയമനാവകാശവാദം ശരിയല്ലെന്നാണ് സമരാനുകൂലികളുടെ നിരാശ.
പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുകളിലെ നിയമനങ്ങളിലെ താല്ക്കാലി ക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയതത്രെ! എന്തുകൊണ്ട് ബന്ധപ്പെട്ട വകുപ്പുകള്‍ യഥാസമയം തങ്ങളുടെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയാലും വിവിധ കണ്‍സള്‍ട്ടന്‍സി കരാറുകളിലൂടെ താല്ക്കാലികമായി നിയമിക്കപ്പെടുന്നവര്‍ക്കായി ചെലവഴിക്കുന്ന കോടികളെ ന്യായീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഭാഷ്യത്തിന് കോര്‍പ്പറേറ്റുകളുടെ ധാര്‍ഷ്ഠ്യച്ചുവയുണ്ടാകുന്നത് യാദൃശ്ചികമാണോ? ബന്ധപ്പെട്ട വകുപ്പുകളില്‍ പ്രത്യേക നൈ പുണ്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഇല്ലെന്നതാണ് എപ്പോഴും ആവര്‍ത്തിക്കുന്ന ന്യായം. കാലോചിതമായ പരിശീലന പരിപാടികളിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ പരിചയത്തെ പരിഷ്‌ക്കരിക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാ ണ്? സര്‍ക്കാര്‍ ജോലി ലഭിക്കുന്നതോടെ ഏതെങ്കിലുമൊരു തൊഴില്‍ സംഘടനയിലെ അംഗത്വം വഴി ശിഷ്ടകാലം സുരക്ഷിതമാക്കുന്നതിലൂടെ ഇവര്‍ വെല്ലുവിളിയ്ക്കുന്നത് ഇവിടുത്തെ നികുതിദായകരെയാണെന്ന് മറക്കരുത്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ എട്ടരലക്ഷത്തിലധികമാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാള വിഭാഗത്തിലെ അസി. പ്രൊ ഫസ്സര്‍ തസ്തികയിലേക്ക് നടന്ന നിയമനമാണ്, സര്‍ക്കാര്‍ നിയമനങ്ങളുടെ അതാര്യതയെ ഒരിക്കല്‍ക്കൂടി ജനശ്രദ്ധയിലേക്കെത്തിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗം പൊ തു വിദ്യാഭ്യാസ വകുപ്പില്‍നിന്നും വേര്‍തിരിച്ച് പ്രത്യേകമായി ഒരു മന്ത്രിയുടെ മേല്‍ നോട്ടത്തിലാക്കിയത് ഈ ഇടതുസര്‍ക്കാരിന്റെ കാലത്താണ്. നിലവാരമുയര്‍ത്തുന്ന തിന്റെ ഭാഗമായായിരുന്നു, ഈ വകുപ്പ് വിഭജനമെങ്കിലും നിലവാരമില്ലാത്ത പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെട്ടുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാലടി യൂണിവേഴ്‌സിറ്റിയിലെ നിയമന വിവാദം. നിയമനത്തിലേക്കുള്ള അവസാന റൗണ്ടിലെ മുഖാമുഖത്തിലാണ് മുഖംനോക്കിയുള്ള നിയമന ഉറപ്പുകള്‍ പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നത്. നേരത്തെ നിശ്ചയിച്ചുറപ്പിക്കപ്പെട്ടവര്‍ക്കായി 'സംവരണം' ചെയ്യപ്പെട്ട തസ്തികയിലേയ്ക്ക് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ വേര്‍തിരിക്കപ്പെടുമ്പോള്‍, കഴിവും പ്രാപ്തിയും അനാവശ്യമായ ആഡംബരമാവുകയാണ്. സര്‍വ്വകലാശാലാധ്യാപകരുടെ നിലവാരത്തകര്‍ച്ച കേരളത്തിന്റെ ഗവേഷണഭാവിയുടെ അരക്ഷിതത്ത്വത്തെയാണ് യഥാര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നത്.
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളെല്ലാം ഒരുപോലെയാണെന്ന താണ് വാസ്തവം. നിയമനങ്ങള്‍ യഥാസമയം പിഎസ്‌സിക്ക് വിടാതെ ഒളിച്ചുകളിയ്ക്കുന്ന സര്‍ക്കാര്‍ നയം തന്നെയാണ് സര്‍വ്വകലാശാലകള്‍ പോലുള്ള സ്വയം ഭരണസ്ഥാപനങ്ങളും സ്വീകരിക്കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തവകുപ്പധ്യക്ഷന്മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നിര്‍മ്മാണം പ്രകടനപത്രികയിലുള്‍പ്പെടുത്താനൊരുങ്ങുകയാണ് യുഡിഎഫ്. നയപരമായ തീരുമാനം സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടേതായതിനാല്‍ ഇത്തരം നിലപാടുകളുടെ ഫലപ്രാപ്തി കണ്ടുതന്നെയറിയണം.
2006-ലെ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണങ്ങള്‍ നിയമനങ്ങളെ വിവാദമാക്കുന്നവര്‍ക്കുള്ള നല്ല മറുപടിയാണ്. ഭണഘടനയുടെ 309-ാം വകുപ്പ് പ്രകാരം മാത്രം നിയമനം നടത്തേണ്ട മാതൃകാ തൊഴില്‍ദാതാവാണ് സര്‍ക്കാരെന്ന് ആ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത വിധത്തിലും പ്രത്യേക പരിഗണനകള്‍ നല്കിയും നികത്തേണ്ടവയല്ല താല്ക്കാലിക ഒഴിവുകള്‍ എന്ന് അതില്‍ വ്യക്തമാണ്. പരസ്യം നല്കി എല്ലാ തൊഴിലന്വേഷകര്‍ക്കും അവസരം നല്കി കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ച് വേണം നിയമനം നടത്താന്‍ അല്ലെങ്കില്‍ അത് ഭരണഘടനാലംഘമാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലുള്‍പ്പെടുന്നതോടെ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരും കിനാവുമാണ് സെക്രട്ടറിയേറ്റ് നടയിലിപ്പോള്‍ വെയിലേറ്റുണങ്ങുന്നത്. ആദ്യം അവഗണിച്ചും, പിന്നീട് അവഹേളിച്ചും ഈ സമരത്തെ സര്‍ക്കാര്‍ തള്ളിപ്പറയുമ്പോള്‍, നേരത്തെ എസ്എഫ്‌ഐ നേതാവിന്റെ വീട്ടില്‍നിന്നും കണ്ടെടുത്ത പിഎസ്‌സി ഉത്തരക്കടലാസിലെ പാര്‍ട്ടി 'ഉള്ളടക്കം' ജനത്തിനിപ്പോഴും ഓര്‍മ്മയുണ്ട്. പ്രതിഷേധക്കാരുടെ രാഷ്ട്രീയമല്ല, പ്രതിഷേധത്തിന്റെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി തിരയേണ്ടത്. മറിച്ചായാല്‍ ഡല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ അര്‍ബന്‍ നക്‌സലുകളെ തിരയു ന്ന മോദി നയിക്കുന്ന വലതു സര്‍ക്കാരുമായി പിണറായി വിജയന്റെ ഇടതുസര്‍ക്കാരിന് സാദൃശ്യം സംശയിച്ചാല്‍ കുറ്റപ്പെടുത്തരുത്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പടിക്കല്‍ മുട്ടിലിഴയുന്നത് കേരളത്തിന്റെ അഭ്യസ്തയൗവനമാണ്, പിടിച്ചുപറി ക്കാരല്ല എന്ന് മറക്കരുത്. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org