സ്ത്രീ’ധന’മാകാത്ത കേരളം

സ്ത്രീ’ധന’മാകാത്ത കേരളം

'സ്ത്രീ'തന്നെ ധനമെന്ന് പരസ്യമായി പറയുമ്പോഴും സ്ത്രീയ്‌ക്കൊപ്പം ധനമെന്ന പ്രാകൃതാശയത്തിന്റെ പ്രചാരകര്‍ രഹസ്യമായി തീര്‍ത്ത അരക്കില്ലത്തില്‍ 48 മണിക്കൂറിനിടയില്‍ 5 വനിതകള്‍ക്കാണ് ജീവാഹൂതി നേരിട്ടത്. സംഭവം നടന്നത് വിദ്യാഭ്യാസം വിദൂര സാധ്യത പോലുമല്ലാത്ത ഉത്തരേന്ത്യന്‍ കുഗ്രാമത്തിലല്ല, സമ്പൂര്‍ണ്ണ സാക്ഷരതയുടെ പുരോഗമന മാഹാത്മ്യം സദാ വിളമ്പുന്ന നവോത്ഥാന കേരളത്തിലാണെന്നത് അപമാനത്തിന്റെ ആധിക്യം ആകാശത്തോളമുയര്‍ത്തി. 'ഹെല്‍പ്പ്‌ലൈന്‍', 'അപരാജിത' തുടങ്ങി ദുരന്തമുഖത്ത് ദുരിതാശ്വാസം എന്ന പതിവ് നാടകങ്ങള്‍ നന്നായി നടന്നു. ഇക്കുറിയും സ്ത്രീശാക്തീകരണ ചര്‍ച്ചകള്‍ സ്വഭാവികമായും മേല്‍ക്കൈ നേടി. പക്ഷെ കൊല്ലത്തെ സംഭവത്തില്‍ ജീവനൊടുക്കിയ സ്ത്രീ ദേശസാല്‍കൃതബാങ്കില്‍ ഉയര്‍ന്ന ഉദ്യോസ്ഥയായിരുന്നു എന്ന വസ്തുത ഈ ചര്‍ച്ചകളെ നോക്കി പരിഹസിക്കുന്നത് സംഘാടകരെപ്പോലും അലോസരെപ്പടുത്തിയതായി തോന്നിയില്ല.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോര്‍ട്ടനുസരിച്ച് 2018-ല്‍ യു.പിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്, 59,445. കേരളത്തിലത്, 10,461 ആണ്. ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോള്‍, അത്രയൊന്നും സാമൂഹിക ക്ഷേമപാതയിലല്ലാത്ത ഉത്തര്‍പ്രദേശിനൊപ്പമാണ് സ്ത്രീവിരുദ്ധ സമീപനത്തില്‍ സാംസ്‌കാരിക കേരളമെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഇതേ വര്‍ഷം നമ്മുടെ നാട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ മാത്രം 17 സ്ത്രീകള്‍ കൊല്ലപ്പെട്ടുവെന്ന സത്യം നമ്മെ ലജ്ജിപ്പിക്കണം. വനിതാ കമ്മീഷനിലും പോലീസിലും 2010 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ ലഭിച്ച ഗാര്‍ഹിക പീഡനക്കേസുകളില്‍ മുന്‍പന്തിയില്‍ തലസ്ഥാന നഗരി തന്നെയാണ്. സ്ത്രീപീഡനം 2,544 ആണെങ്കില്‍ സ്ത്രീധന പീഡനം 447 ആണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇക്കാലഘട്ടത്തിലെ സ്ത്രീപീഡനം 8,241 ഉം സ്ത്രീധനപീഡനം 1023 ഉം ആണെന്നിരിയ്‌ക്കെ സാമൂഹിക മുന്നോക്ക സൂചികയില്‍ ഇന്ത്യയില്‍ പല കാരണങ്ങളാല്‍ പലവട്ടം മുന്നില്‍ നില്‍ക്കുന്ന 'കേരളാ മോഡലി'ന്റെ ഈ പരാധീനതാ ചിത്രം പരിഹാസ്യമല്ലേ? ഭര്‍തൃപീഡനത്തിന്റെയും, ഗാര്‍ഹികപീഡനത്തിന്റെയും കണക്കുകള്‍ ഇതിനു പുറമെയുണ്ടെന്നതും മറക്കരുത്.

ഇന്ത്യയില്‍ 1961 മെയ് ഒന്നിനാണ്, പണമോ, വസ്തുക്കളോ, വസ്തുവകകളോ വിവാഹസമയത്ത് കൈമാറുന്നത് വിലക്കിക്കൊണ്ടുള്ള സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. 1984-ലെ അമെന്റ്‌മെന്റിലൂടെ, വിവാഹവേളയില്‍ സമ്മാനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. 2005-ലെ 'പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ടി'ലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായുള്ള നിയമ പരിരക്ഷ ഉറപ്പാക്കപ്പെട്ടു. 1983-ല്‍ സ്ത്രീധന പീഡന മരണത്തിനും ആത്മഹത്യയ്ക്കും കാരണമാകുന്നവര്‍ക്കുള്ള കുറ്റവും ശിക്ഷയും കര്‍ക്കശമാക്കിക്കൊണ്ടുള്ള തിരുത്ത്, ഐപിസിയില്‍ വരുത്തി. വിവാഹസമയത്തെ സമ്മാനക്കൈമാറ്റത്തിന്റെ പഴുതിലൂടെയാണ് നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നതെങ്കില്‍, കര്‍ക്കശമായ നിയമ പരിഷ്‌ക്കരണത്തിലൂടെയും ശക്തമായ ബോധവല്‍ക്കരണത്തിലൂടെയും സ്ത്രീസുരക്ഷയും സാമൂഹിക സുസ്ഥിതിയും ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും 'കേരള വിമന്‍സ് കമ്മീഷന്‍ ആക്ട്' പ്രകാരമാണ് ദേശീയ വനിതാ കമ്മീഷന്‍ മാതൃകയില്‍ 1996 മാര്‍ച്ച് 14-ന് കേരള വനിതാ കമ്മീഷന്‍ സ്ഥാപിതമായത്. അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമായ വനിതാ കമ്മീഷന്റ സ്ത്രീ ശാക്തീകരണ, പുനരധിവാസ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള വിലുപമായ അധികാര വ്യവസ്ഥകള്‍ ഉറപ്പു വരുത്തുമ്പോഴും പരാതികള്‍ സമയോചിതമായി പരിഹരിക്കുന്നതിലെ വീഴ്ചകള്‍ പലപ്പോഴും വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്. മതിയായ തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെടാതെ പോകുന്ന അവസരങ്ങളും അനവധിയാണ്.

നമ്മുടെ വീട്ടകങ്ങള്‍ സ്ത്രീസൗഹൃദമല്ലെന്ന വസ്തുത ഇനിയെങ്കിലും നാം തിരിച്ചറിയണം. സ്ത്രീധന പീഡന മരണങ്ങള്‍ ഏറെയും നടന്നത് മറ്റു കുടുബാംഗങ്ങളുടെ സാമീപ്യത്തിലും പ്രേരണയിലുമാണെന്നത് ഗാര്‍ഹിക പരിസരങ്ങളുടെ സ്ത്രീ വിരുദ്ധത വ്യക്തമാക്കുന്നുണ്ട്. മുറിവുകളുടെ ശാരീരിക അടയാളത്തെളിവുകള്‍ ശേഷിപ്പിക്കാത്ത മാനസികപീഡകള്‍ മാരകമാണെന്നതും മറക്കരുത്. 'കുടുംബത്തെയോര്‍ത്ത്' ക്ഷമിച്ചും, സഹിച്ചും തനിക്കിടമില്ലാത്ത വീട്ടില്‍ തുടരുന്നവരുണ്ട്. മാനഹാനി ഭയന്ന് സ്വന്തം മാതാപിതാക്കളോട് പോലും പലതും മറച്ചുവച്ച് മറയുന്നവരുണ്ട്. ഇറങ്ങിപ്പോകാന്‍ ഇടമില്ലാത്തതുകൊണ്ട് അകത്ത് കുടുങ്ങിപ്പോകുന്നവരുണ്ട്. ആധിപത്യത്തിന്റെ ആണ്‍കോയ്മയെ സാധാരണമെന്ന മട്ടില്‍ സ്വീകരിച്ച് സഹിക്കുന്നവരുണ്ട്.

വിവാഹവും കുടുംബജീവിതവും പുതിയ മാനങ്ങള്‍ തേടുന്ന കാലമാണിത്. ബന്ധം തുടങ്ങിയപ്പോള്‍ത്തന്നെ ബന്ധനമാണെന്നറിഞ്ഞ് പൊട്ടിച്ചിറങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങെളപ്പോലും പര്‍വ്വതീകരിച്ച് പിരിയുന്നവരും, വിവാഹബന്ധത്തിന്റെ ഔപചാരികതയില്ലാതെ, ഒത്തുവാസത്തിന്റെ പരസ്പരധാരണയില്‍ തുടരുന്നവരും, പുതിയ കാലത്തെ വിവാഹക്കാഴ്ചകളാണ്. കത്തോലിക്കാ സഭയില്‍ വിവാഹമോചനമില്ല. അപ്പോഴും സാധുവല്ലാത്ത വിവാഹത്തിന്റെ അന്യായത്തടവില്‍ തുടരുന്നവരെ അതിവേഗം മോചിപ്പിക്കാനുള്ള നടപടിക്രമങ്ങളെ ലളിതവേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ സഭയുടെ ഭാഗത്തുനിന്നുമുണ്ടാകണം.

അരുതുകളുടെ അതിരുകളില്‍ പെണ്‍കുട്ടികളെ വളര്‍ത്താന്‍ നാം കാണിക്കുന്ന 'ശ്രദ്ധയും കരുതലും' ആണ്‍കുട്ടികളുടെ കാര്യത്തിലില്ലാത്തത് കുടുംബത്തെ സമഗ്ര പരിശീലന വേദിയല്ലാതാക്കുന്നുണ്ട്. വിവേചനത്തിന്റെ വേര്‍തിരിവുകള്‍ കളിപ്പാട്ടങ്ങളുടെ കൈമാറ്റത്തില്‍ത്തന്നെയുണ്ടല്ലോ. 'അന്യവീട്ടില്‍ പൊറുക്കേണ്ട'വളായുള്ള സ്വന്തംവീട്ടിലെ പരിശീലനം അവളിലുളവാക്കുന്ന അന്യതാബോധത്തിന്റെ ആഴമെത്രയെന്നറിയണം. കയറിച്ചെല്ലുന്നയിടത്തും അവള്‍ 'അപരിചിതയായി'ത്തുടരുന്നതിന്റെ കാരണങ്ങളിലും ഈ അന്യവല്‍ക്കരണത്തിന്റെ അനാരോഗ്യ ഓര്‍മ്മകളുണ്ടാകാം. 'വീട്ടിലെ വിളക്കെന്ന്' വാഴ്ത്തുമ്പോഴും സ്‌നേഹത്തിന്റെ എണ്ണ വീഴ്ത്തില്ലാതെ കരിന്തിരിയെരിയാനാണ് യോഗവും.

മനുഷ്യനെ ദൈവം പുരുഷന്റെ സ്ത്രീയായല്ല, പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നാണ് വി. ഗ്രന്ഥ സാക്ഷ്യം. എന്നിട്ടും സഭാവേദികളില്‍ പിന്‍നിരയിലാണവളുടെ ഇരിപ്പും നില്പ്പും! പ്രതിനിധിയോഗങ്ങളില്‍ ഇപ്പോഴും പലഹാരവിതരണമാണവരുടെ പ്രധാനചുമതല! സ്ത്രീകളെക്കുറിച്ചല്ലാതെ, സ്ത്രീകളോട് സംവദിക്കുന്ന സമത്വത്തിന്റെ സൗഹാര്‍ദ്ദ സമീപനം സഭയ്ക്കിപ്പോഴും അന്യമത്രെ. ആത്മീയതയിലെ സ്‌ത്രൈണതയല്ല, സ്‌ത്രൈണതയിലെ ആത്മീയതയെ ഏറ്റുപറയാന്‍ സഭയ്ക്കിപ്പോഴും ധൈര്യം പോരാ. സ്ത്രീധനം നിയമവിരുദ്ധമായതു കൊണ്ടുമാത്രമല്ല, അത് മനുഷ്യത്വ രഹിതമാണ് എന്ന കാരണം കൊണ്ടുകൂടി വിവാഹവേളകള്‍ സ്ത്രീധന വിമുക്തമാക്കാന്‍ സഭ തന്റേടം കാണിക്കുമോ? സ്ത്രീയ്‌ക്കൊപ്പം ധനം കൈമാറി എന്നുറപ്പുള്ള വിവാഹം പള്ളിയില്‍ ആശീര്‍വ്വദിക്കില്ല എന്ന നിലപാടെടുക്കന്‍ സഭാനേതൃത്വം തയ്യാറാകണം.

101 പവനും കാറും കൊടുത്തു കേറിയിട്ടും കൊല്ലപ്പെട്ടതെന്തുകൊണ്ട് എന്ന് ആശ്ചര്യപ്പടുന്ന കേരളം സ്ത്രീധന വിരോധിയല്ല, യഥാര്‍ത്ഥത്തില്‍ സ്ത്രീവിരോധിയാണ്! സ്ത്രീധനമെന്ന ആശയത്തെ മഹത്വല്‍ക്കരിച്ച കാവ്യഭാവനകള്‍കൊണ്ട് മലീമസമായ മലയാള സാഹിത്യവും പിഴമൂളണം. സ്ത്രീ പുരുഷ സമത്വമെന്ന മാനവീകതാമൂല്യം മനോഭാവമായി വികസിക്കട്ടെ. അതിന് നിയമ പരിരക്ഷ ഉറപ്പാക്കിയും അതൊരു സംസ്‌കാരമായി വളര്‍ത്തിയും പ്രബുദ്ധ കേരളം മാതൃകയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org