പണമുണ്ടാക്കുന്നതിനുള്ള വെറും ഉപകരണങ്ങളായി മനുഷ്യരെ കാണുന്ന അത്യാഗ്രഹികളുടെ ക്രൂരതയില്‍ നിന്നു നിര്‍ഭാഗ്യരായ തൊഴിലാളികളെ രക്ഷിക്കുക പ്രഥമ പ്രധാനമായ കടമയാണ് എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ തന്റെ റേരും നൊവാരും എന്ന ചാക്രികലേഖനത്തില്‍ എഴുതി. 'തൊഴിലാളികളുടെ ബുദ്ധിയെ കെടുത്തുകയും ശരീരത്തെ ക്ഷയിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍, അമിതജോലി കൊടുത്തു മനുഷ്യരെ പിഴിഞ്ഞെടുക്കുന്നത് നീതിയോ മനുഷ്യത്വമോ അല്ല. മനുഷ്യര്‍ക്കു പരിമിതികളുണ്ട്. ആ അതിരുകള്‍ക്കപ്പുറത്തേക്ക് അവര്‍ക്കു പോകാനാവില്ല. ഉപയോഗിച്ചും പരിശീലിപ്പിച്ചുമാണ് മനുഷ്യരുടെ ശേഷി വികസിപ്പിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യാനാകുക. പക്ഷേ, ക്രമമായ ഇടവേളകളും ശരിയായ വിശ്രമവും നല്‍കിക്കൊണ്ടായിരിക്കണം ഇത്. നിശ്ചിതസമയത്തിനപ്പുറം ദൈനംദിന ജോലി നീട്ടാനാവില്ല. ശരീരത്തിനും മനസ്സിനും ശരിയായ വിശ്രമം അനുവദിക്കണം. തൊഴിലാളികളെ വസ്തുക്കളായി മാത്രം കണ്ട്, സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നത് ലജ്ജാകരവും മനുഷ്യവിരുദ്ധവുമാണ്, റേരും നൊവാരും വിശദീകരിക്കുന്നു.
വ്യവസായവിപ്ലവത്തെ തുടര്‍ന്നു വന്‍വ്യവസായശാലകളെ കേന്ദ്രീകരിച്ചു സംജാതമായ പുത്തന്‍ തൊഴില്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലാണല്ലോ, തൊഴിലാളികളുടെ അവകാശപത്രിക എന്നു വിശേഷിപ്പിക്കപ്പെട്ട ഈ സഭാപ്രബോധനം 1891 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് ലോകം അനേകം പരിഷ്‌കാരങ്ങളിലൂടെ കടന്നുപോയി. മഹായുദ്ധങ്ങള്‍ അരങ്ങേറുകയും സാമ്രാജ്യങ്ങള്‍ ശിഥിലമാക്കപ്പെടുകയും ജനാധിപത്യരാഷ്ട്രങ്ങള്‍ രൂപപ്പെടുകയും ചെയ്തു. മനുഷ്യാവകാശങ്ങളെ കുറിച്ചു വിപ്ലവകരമായ അവബോധങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വിവരസാങ്കേതികവിദ്യാവിപ്ലവവും ഇപ്പോള്‍ നിര്‍മ്മിതബുദ്ധിവിപ്ലവവും വന്നു. പക്ഷേ, തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചു പഠിപ്പിക്കുന്ന സഭാപ്രബോധനം ഒന്നേകാല്‍ നൂറ്റാണ്ടിനു ശേഷം ഇന്നും മറ്റെന്നത്തേക്കാളും പ്രസക്തമായി തുടരുന്നു. ഇത് ലിയോ പതിമൂന്നാമന്റെയും സഭയുടെ സാമൂഹ്യപ്രബോധനത്തിന്റെയും ദീര്‍ഘദര്‍ശനപാടവത്തെ പ്രകടമാക്കുന്നു, നിത്യപ്രസക്തിയെ പ്രകാശിപ്പിക്കുന്നു. അതേസമയം, കാലമെത്ര കടന്നാലും തൊഴില്‍ലോകത്തില്‍ തുടരുന്ന മനുഷ്യവിരുദ്ധതയാണ് ആ പ്രബോധനത്തെ ആവര്‍ത്തിച്ചാശ്രയിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നതെന്ന വസ്തുതയും കാണാതിരുന്നുകൂടാ.
അമിതജോലിയെ മഹത്വവത്കരിക്കുകയും അതിനു പിന്നിലെ മനുഷ്യരെ അവഗണിക്കുകയും ചെയ്യുന്ന തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് അനിറ്റ അഗസ്റ്റിന്‍, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന കോര്‍പറേറ്റ് സ്ഥാപനത്തിന്റെ ഇന്ത്യന്‍ മേധാവിക്ക് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ഥാപനം അടിച്ചേല്‍പിച്ച അമിതജോലിയുടെ സമ്മര്‍ദത്തിന്റെ ഫലമായി മരണം വരിക്കേണ്ടി വന്ന അന്ന സെബാസ്റ്റ്യന്‍ പേരയില്‍ എന്ന യുവതിയുടെ അമ്മയാണ് അനിറ്റ അഗസ്റ്റിന്‍. 26 കാരിയായ ആ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ അകാലമരണം പിതാവായ സിബി ജോസഫ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മാത്രമല്ല, പൊതുസമൂഹത്തെയാകെ വേദനയിലാഴ്ത്തി. കണ്ണീര്‍ പൊഴിക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല, ആ യുവതിയുടെ അമ്മ മകളുടെ മരണകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലുടമയ്‌ക്കെഴുതിയ കത്ത്.
എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്നതാണ് സര്‍വരാജ്യതൊഴിലാളികള്‍ സംഘടിച്ചു നേടിയ അവകാശം. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ സൂചിപ്പിക്കുന്നതുപോലെ അതു മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യവുമാണ്. അതെങ്കിലുമില്ലാതെ മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം സാധ്യമല്ല. എന്നാല്‍, ജോലിയെക്കുറിച്ച് ആകുലപ്പെടാത്ത പതിനാറു മണിക്കൂര്‍ ഇന്നത്തെ കോര്‍പറേറ്റ് മേഖലയിലെ ജോലിക്കാര്‍ക്കു കേവലം പകല്‍ക്കിനാവു മാത്രമാണ്. വിശ്രമത്തിനും വിനോദത്തിനുമെന്നല്ല, ഉറങ്ങാനും ആഹാരം കഴിക്കാനുമുള്ള സമയം പോലും അന്ന സെബാസ്റ്റ്യനു ലഭിച്ചിരുന്നില്ല എന്ന് അമ്മ ചൂണ്ടിക്കാട്ടി. തന്നെ കാണാനായി കേരളത്തില്‍ നിന്നു യാത്ര ചെയ്‌തെത്തിയ മാതാപിതാക്കളോടൊപ്പം ഇരിക്കാനായില്ല, ജീവിതസ്വപ്‌നമായിരുന്ന ബിരുദം സ്വീകരിക്കുന്ന ചടങ്ങിനു പോലും ജോലി മൂലം വൈകി പോകേണ്ടി വന്നു, ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സ തേടി, ഉറങ്ങുകയും ആഹാരം കഴിക്കുകയും ചെയ്യാത്തതുകൊണ്ടുള്ള പ്രശ്‌നമാണെന്നു ഡോക്ടര്‍ വിലയിരുത്തി. എല്ലാത്തിന്റെയും മൂലകാരണം, ജോലിക്കാരെ മനുഷ്യരെന്നതിനു പകരം ലാഭം കൊയ്യാനുള്ള യന്ത്രങ്ങളായി മാത്രം കണ്ട തൊഴിലുടമകളുടെ സമീപനം തന്നെ.
ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറില്‍ ജോലിയെക്കുറിച്ച് ആകുലപ്പെടാത്ത പതിനാറു മണിക്കൂര്‍ ഇന്നത്തെ കോര്‍പറേറ്റ് മേഖലയിലെ ജോലിക്കാര്‍ക്കു കേവലം പകല്‍ക്കിനാവു മാത്രമാണ്.
തൊഴിലാളി-മുതലാളി ശത്രുതയുടെ അടിസ്ഥാനത്തിലുള്ള വര്‍ഗസമരത്തിനെതിരായിരിക്കുമ്പോള്‍ തന്നെ സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ സഭ പിന്തുണയ്ക്കുന്നുണ്ട്. കോര്‍പറേറ്റ് മേഖലയില്‍ ഇത്തരം തൊഴിലാളി സംഘടനകള്‍ക്കുള്ള പ്രസക്തി സംശയാസ്പദമാണ്. എന്നിരുന്നാലും, സംഘടിച്ചും സമരം ചെയ്തുമാണ് തൊഴിലാളികള്‍ ഇന്നുള്ള അവകാശങ്ങളിലേറെയും കരസ്ഥമാക്കിയത് എന്ന വസ്തുത അവശേഷിക്കുന്നു.
ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലയില്‍ സംഘാടനത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കപ്പെടണം. ഒപ്പം, തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലനം സാധ്യമാക്കാന്‍ സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു നിറവേറ്റുകയും വേണം. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുക എന്ന ചുമതല നിര്‍വഹിക്കാന്‍ ഭരണകൂടങ്ങളും തയ്യാറാകണം.
ജോലി ചെയ്യുക എന്നത് തൊഴിലാളികളുടെ ഒരു അതിജീവനപ്രശ്‌നം മാത്രമല്ല. മനുഷ്യന്‍ അടിസ്ഥാനപരമായി സര്‍ഗാത്മകജീവിയാണ്. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുപറ്റുന്നവരാണ്. നൈസര്‍ഗികവും സ്വയാര്‍ജിതവുമായ പ്രതിഭാ- വൈദഗ്ധ്യ-നൈപുണ്യങ്ങള്‍ മനുഷ്യര്‍ ലോകത്തിനായി പങ്കുവയ്ക്കുന്നു. അതിലൂടെ അവര്‍ക്ക് ആത്മപ്രകാശനത്തിന്റെ സംതൃപ്തി ലഭിക്കുന്നു, ഉപജീവനം സാധ്യമാകുന്നു.
ചരിത്രം സൃഷ്ടിച്ചത് പണിയെടുക്കുന്ന മനുഷ്യരാണ്. മാനവരാശിയുടെ ജീവിതം കൂടുതല്‍ ജീവിതയോഗ്യമായി അനുദിനം പരിണമിച്ചുകൊണ്ടിരിക്കുന്നത് തൊഴിലാളിവര്‍ഗമൊഴുക്കുന്ന വിയര്‍പ്പിനെ വളമാക്കിയാണ്. തൊഴിലാളിയെ കുരുതി കൊടുത്തുകൊണ്ടല്ല, കരുതലേകിക്കൊണ്ടാണ് തൊഴിലുടമകള്‍ മുന്നോട്ടു പോകേണ്ടത്.