കൊലപാതകമാണ് സര്‍, ന്യായീകരിക്കരുത്

കൊലപാതകമാണ് സര്‍, ന്യായീകരിക്കരുത്

വിവാഹിതരെപ്പോലെ അവിവാഹിതര്‍ക്കും 24 ആഴ്ച വരെ ഗര്‍ഭം അലസിപ്പിക്കാന്‍ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം ജീവന്റെ ശ്രേഷ്ഠതയെ അമൂല്യമായി സ്വീകരിച്ചവര്‍ അവിശ്വസനീയതയോടെയാണ് കേട്ടത്. അന്താരാഷ്ട്ര സുരക്ഷിത ഗര്‍ഭഛിദ്രദിനമായ സെപ്തംബര്‍ 29-നായിരുന്നു, ജീവന്റെ മൂല്യത്തെ അരക്ഷിതമാക്കുന്ന ഗര്‍ഭഛിദ്രത്തെ, ഒരു സ്ത്രീയുടെ സ്വന്തം ശരീരത്തിന്മേലുള്ള സ്വയം നിര്‍ണ്ണയാവകാശ പരിധിയിലുള്‍പ്പെടുത്തി നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി പുതിയതായി വ്യാഖ്യാനിച്ചത്.

അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തില്‍നിന്നും ഗര്‍ഭിണിയാവുകയും എന്നാല്‍ വിവാഹത്തിന് പങ്കാളി തയ്യാറാകാതിരിക്കുകയും ചെയ്ത പ ശ്ചാത്തലത്തില്‍, കോടതിയിലെത്തിയ ഗര്‍ഭഛിദ്രാനുമതിയ പേക്ഷയിന്മേലായിരുന്നു ഈ അസാധാരണ നിര്‍ദ്ദേശനീക്കം.

പുതിയ ഉത്തരവിലൂടെ ഗര്‍ഭഛിദ്രാവകാശനിരയിലേക്ക് ലൈംഗികാതിക്രമം, ഭര്‍തൃപീഡനം തുടങ്ങിയവയെ ഉള്‍പ്പെടുത്തി വിപുലീകരിക്കുക മാത്രമല്ല, ഭരണഘടനയുടെ 14-ാം വകുപ്പ് പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തിന്റെ നിഷേധമായി, വിവാഹിത-അവിവാഹിത വേര്‍തിരിവിനെ വിശദീകരിക്കുകയും ചെയ്തു. കൂടാതെ ഗര്‍ഭഛിദ്രം തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണെന്ന് വിധിയില്‍ വ്യക്തമാക്കി.

1971 മുതല്‍ ഇന്ത്യയില്‍ ഗര്‍ഭഛിദ്രം നിയമ വിധേയമാണെങ്കിലും കൃത്യമായ കാരണങ്ങളിലും വ്യക്തമായ വ്യവസ്ഥകളി ലും അത് ഏറെക്കുറെ നിയന്ത്രിതമായിരുന്നു. ഗര്‍ഭിണിയായ സ്ത്രീക്കോ, ഉദരത്തിലെ കുഞ്ഞിനോ ഗുരുതരമായ ആരോഗ്യഭീഷണി നിലനില്‍ക്കുമ്പോഴോ, ബലാല്‍സംഗത്തിനിരയായി ഗര്‍ഭവതിയായ ഒരു വ്യക്തിയുടെ മാനസികാവസ്ഥ പരിഗണിച്ചോ, അപ്രതീക്ഷിത ഗര്‍ഭധാരണം മൂലമുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ മൂലമോ അബോര്‍ഷന്‍ അനുവദനീയമാണ്. അപ്പോഴും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ അബോര്‍ഷനു വിധേയയാകുംമുമ്പ് രക്ഷിതാക്കളുടെ അനുമതി ആവശ്യമാണെന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നു. വിവാഹിതരെ സംബന്ധിച്ചാണെങ്കില്‍ പങ്കാളിയുടെയും. 2021-ലെ നിയമ പരിഷ്‌കരണം വഴി ഗര്‍ഭഛിദ്രത്തിന്റെ സമയപരിധി 20 ആഴ്ചയില്‍നിന്നും 24 ആഴ്ചയായി ഉയര്‍ത്തി.

എന്നാല്‍ ഗര്‍ഭഛിദ്രനിയന്ത്രണങ്ങളെ മനുഷ്യാവകാശ പരിധിയിലുള്‍പ്പെടുത്തി, തുല്യതാവകാശമെന്ന ഭരണഘടനാ ബാധ്യതയാക്കി മാറ്റിക്കൊണ്ടുള്ള കോടതിയുടെ പുതിയ വ്യാഖ്യാനം, ജീവന്റെ മൂല്യത്തെ അപഹസിക്കുന്ന അസാധാരണ നടപടിയായി മാറി. ഗര്‍ഭഛിദ്രത്തെ മഹത്വവത്ക്കരിക്കുന്ന നീതിന്യായ കോടതിയുടെ ഈ നടപടി, നീതി നിഷേധത്തെത്തന്നെ യാണ് യഥാര്‍ത്ഥത്തില്‍ നിയമ വിധേയമാക്കുന്നത്.

മാറുന്ന സാംസ്‌ക്കാരിക പരിസരങ്ങളില്‍ മാറ്റമില്ലാതെ തുടരേണ്ട ചില സദാചാര നിലപാടുകളുണ്ട്. സമൂഹത്തെ ധാര്‍മ്മികമായി സുരക്ഷിതമാക്കുന്ന ഇത്തരം ജീവിതമൂല്യങ്ങളെ 'മനുഷ്യാവകാശം' എന്ന ഒറ്റക്കളത്തിലൊതുക്കി വ്യാഖ്യാനിച്ചില്ലാതാക്കുമ്പോള്‍ ജീവന്റെ മാത്രമല്ല, ജീവിതത്തിന്റെ അന്തസ്സ് തന്നെയാണ് അപ്രത്യക്ഷമാകുന്നത്. ഗര്‍ഭസ്ഥശിശുവിന്റ മനു ഷ്യാവകാശത്തെക്കുറിച്ചുള്ള കുറ്റകരമായ നിശബ്ദത തിക ഞ്ഞ നിരുത്തരവാദിത്വവും നീതി നിഷേധവുമാണ്. സ്ത്രീ പുരു ഷ ഒത്തുവാസത്തെ ഈ വിധിയിലൂടെ കോടതി സാധൂകരിക്കുമ്പോള്‍ കുടുംബം എന്ന അടിസ്ഥാന സമൂഹ നിര്‍മ്മിതി ഘടകത്തെയാണ് അസാധുവാക്കുന്നത്.

എതിര്‍ക്കാനാവില്ല എന്നതിനാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ആര്‍ക്കുമില്ല അവകാശം. ജീവിക്കാനുള്ള അവകാശം അമ്മയ്ക്കു മാത്രമായി തീറെഴുതി കൊ ടുക്കുന്ന പുതിയ നിയമം വിവേചനപരം മാത്രമല്ല, യുക്തിരഹിതവുമാണ്.

ലോകാരാഗ്യസംഘടനയുടെ കണക്കനുസരിച്ച് പ്രതി വര്‍ഷം 5 കോടിയിലധികം ഗര്‍ഭഛിദ്രങ്ങളാണ് ലോകത്ത് സംഭവിക്കുന്നത്. കൊല്ലരുത് എന്ന ദൈവികനിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഓരോ ഭ്രൂണഹത്യയും. അകത്തുവച്ചായാലും പുറത്തുവച്ചായാലും കൊല, കൊലതന്നെയാണ്. 'മനുഷ്യനെ സൃഷ്ടിക്കുകയും, ഗര്‍ഭപാത്രത്തില്‍ രൂപം നല്കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവിന്റെ' (ഏശയ്യ 44:1, 2) സര്‍വ്വാധികാരത്തിന്മേലുള്ള അക്രമോത്സുകമായ അധിനിവേശമാണ് ഓരോ ഗര്‍ഭഛിദ്രവും.

മനുഷ്യനെ വേട്ടയാടുന്ന തെരുവുപട്ടികളെ കൊല്ലാനുള്ള അനുമതിയപേക്ഷയെ അവഗണിച്ച കോടതിയാണ് കുട്ടികളെ കൊല്ലാന്‍ പുതിയ നിയമോപദേശം നല്കിയത്. ജീവനെ നശിപ്പിക്കാനുള്ള ന്യായീകരണങ്ങള്‍ എത്രയൊക്കെ എണ്ണിനിരത്തിയാലും, മനുഷ്യാന്തസ്സിന്മേലുള്ള മഹാപാതകമാണ് ഓരോ ഭ്രൂണഹത്യയും. നിശബ്ദമെങ്കിലും, 'റാമാ'യുടെ നിലവിളികള്‍ നീതിനിഷേധിക്കപ്പെട്ടവരുടെ ആര്‍ത്തനാദമാകയാല്‍ ദൈവത്തോളമെത്തുന്ന കൊലവിളികളാണ്. ഗര്‍ഭപാത്രത്തിലെ ഇത്തിരിയിടത്തിലെ ഇരുട്ടത്തായാലും ഗര്‍ഭഛിദ്രം മനപൂര്‍വ്വവും പൂര്‍ണ്ണവുമായ കൊലപാതകം തന്നെയാണ്. ദയവായി അതിനെ ന്യായീകരിക്കരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org