
സീറോ മലബാര്‍ സഭയുടെ 30-ാമത് സമ്പൂര്‍ണ്ണ സിനഡുസമ്മേളനം 2022 ജനുവരി 7 മുതല്‍ 15 വരെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ക്രമീകരിച്ചിരിക്കുകയാണ്. ഐകരൂപ്യത്തിലൂടെ മാത്രം ഐക്യമെന്ന സന്ദേശമുയര്‍ത്തി 2021 ആഗസ്റ്റില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡ് സമ്മേളനം ചര്‍ച്ചകളില്ലാതെ തീയതി മാത്രം പരസ്യെപ്പടുത്തി നടപ്പാക്കാന്‍ ശ്രമിച്ച വി. കുര്‍ബാനയുടെ 50:50 ഏകീകരണത്തിന്റെ അനന്തരഫലങ്ങള്‍ നടപ്പു സമ്മേളനത്തില്‍ പ്രധാനവിഷയമാകുമെന്നുറപ്പാണ്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍, വത്തിക്കാനില്‍ മാര്‍പാപ്പയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി, പൗരസ്ത്യ തിരുസംഘാധ്യക്ഷന്‍ കാര്‍ഡിനല്‍ സാന്ദ്രി, കരിയില്‍ പിതാവിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതുപോലെ, വി. കുര്‍ബാനയുടെ ഏകീകരണശ്രമങ്ങള്‍ അതിരൂപതയില്‍ പ്രത്യേകിച്ചും സഭയില്‍ പൊതുവിലും സൃഷ്ടിച്ച അജപാലന പ്രതിസന്ധികള്‍ വിശദമായി സിനഡിലവതരിപ്പിച്ച്, പരിഹാരം നേടാനുള്ള ക്രിയാത്മക അവസരമായി സിനഡ് മാറിത്തീരുമെന്ന് പ്രത്യാശയുണ്ട്.
ഐക്യരൂപ്യം ഐക്യത്തെയല്ല, സമാനതകളില്ലാത്ത അനൈക്യവും വീഭാഗീയതയുമാണ് സഭയില്‍ സൃഷ്ടിച്ചത് എന്ന തിരിച്ചറിവില്‍ വിശ്വാസികളോടൊപ്പം നടന്നും അവരെ കേട്ടും കൂട്ടായ്മയും പങ്കാളിത്തവും ഉറപ്പാക്കാന്‍ സിനഡിന്റെ ശീതകാല സമ്മേളനം സംഭാഷണത്തിന്റെ സൗഹാര്‍ദ്ദവേദിയായി സമ്പൂര്‍ണ്ണമാകേണ്ടതുണ്ട്.
ജനുവരി 6 മുതല്‍ സഭയുടെ പ്രേഷിത വാരാചാരണം സിനഡിന്റെ അടിയന്തിര പശ്ചാത്തലമാകുന്ന പ്രത്യേക സാഹചര്യത്തില്‍, സിനഡാത്മക സഭയില്‍ മാത്രമെ ക്രിസ്തുവിന്റെ പ്രേഷിതദൗത്യം ഫലദായകമാകൂ എന്ന തിരിച്ചറിവ് സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്മാര്‍ക്കുണ്ടാകണം. കാരണം ''സഭയിലെ എല്ലാ അംഗങ്ങളും പങ്കാളികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ പ്രേഷിതദൗത്യത്തിന് ഉപകരിക്കുന്നതാണ് സിനഡാത്മകത'' (ഒരുക്കരേഖ v.) പങ്കാളിത്തവും കൂട്ടുത്തരവാദിത്വവുമുള്ളതാണ് ഒരു സിനഡാത്മക സഭ. എന്നാല്‍ സിനഡില്‍പ്പോലും പരസ്പരം ശ്രവിക്കുന്ന ആദരവിന്റെ സമഭാവനാശൈലി നഷ്ടമാകുന്നുണ്ടെന്നറിയുമ്പോഴാണ് ആധിപത്യത്തിന്റെ അധികാരരീതികള്‍ സഭയില്‍ ഔദ്യോഗികമാകുന്നുവെന്ന് മനസ്സിലാകുന്നത്.
വൈദികാധിപത്യത്തിന്റെ മഹാവിപത്തിനെതിരെ കരുതിയിരിക്കാനുള്ള ആഹ്വാനം സാര്‍വ്വത്രിക മെത്രാന്‍ സിനഡിനൊരുക്കമായി നല്കിയ മാര്‍ഗ്ഗരേഖയില്‍ (കൈപ്പുസത്കം) ഫ്രാന്‍സിസ് പാപ്പ നല്കുന്നുണ്ട്. വൈദികാധിപത്യം വൈദികരേയും മെത്രാന്മാരേയും ഒന്നുപോലെ ബാധിക്കുന്ന പ്രതിസന്ധിയാണ്. ''ഓരോ അംഗവും അതുല്യമായ കടമകള്‍ നിര്‍വ്വഹിക്കേണ്ട, വ്യത്യസ്തമായ വരങ്ങള്‍ നിറഞ്ഞ ക്രിസ്തുവിന്റെ ശരീരമാണ് സഭ. നാമേവരും വിശുദ്ധമായ ദൈവജനത്തിനിടയില്‍ പരസ്പര ബന്ധിതരും തുല്യമായ ശ്രേഷ്ഠത പങ്കുവയ്ക്കുന്നവരുമാണ്.'' എന്നാല്‍ വൈദികാന്തസ്സിലേക്ക് വരുന്ന യുവാക്കളോട് അടിമത്ത്വത്തിന്റെ സമഗ്രാധിപത്യത്തെ സുവിശേഷ സന്ദേശമായിപ്രഘോഷിക്കുന്ന സഭാ നേതൃത്വം തുല്യതയുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ നിര്‍ല ജ്ജം നിരാകരിക്കുകയാണ്.
സിനഡാത്മക സഭയ്ക്കുവേണ്ടിയുള്ള അടുത്ത ഒരുക്കത്തിലേയ്ക്ക് സാര്‍വ്വത്രിക സഭ പ്രവേശിക്കുമ്പോള്‍ മൗണ്ട് സെന്റ് തോമസിലെ സിനഡ് വെറുമൊരു 'പാര്‍ലമെന്റ് സമ്മേളന'മായി ചെറുതാകാതിരിക്കാന്‍ ''രാഷ്ട്രീയ യുദ്ധത്തിന്റെ'' പ്രലോഭനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സിനഡല്‍ കൈപ്പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ദൈവത്താല്‍ നയിക്കപ്പെടുന്നതിനു പകരം സ്വന്തം താല്പര്യത്താല്‍ നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് അവബോധമുണ്ടാകണം. ക്രിസ്തുവിനെയും അവിടുത്തെ മൗതികശരീരമായ സഭയേയും ഉല്പാദനക്ഷമതയുള്ള ആസ്തിയാക്കാനുള്ള പ്രലോഭനത്തില്‍നിന്നും പ്രായോഗിക താല്പര്യക്കാര്‍ പിന്തിരിയണം. 'സ്വയം തുറക്കാനും ചുറ്റും നോക്കാനും കാര്യങ്ങളെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നോക്കിക്കാണാനും സിനഡാത്മകത അവസരമൊരുക്കുകയാണ്.' സംഘര്‍ഷത്തിന്റെയും വിഭജനത്തിന്റെയും പ്രലോഭനങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും കൈപ്പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു - ''വിഭജനത്തിന്റെ വിത്തുകള്‍ ഫലരഹിതമാണ്. ഒരാളുടെ ആശയങ്ങള്‍ എല്ലാവരുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തി അടിച്ചേല്പിക്കു ന്നതും, വ്യത്യസ്തമായി ചിന്തിക്കുന്നവരെ താഴ്ത്തിക്കെട്ടുന്നതും വ്യര്‍ത്ഥമായ പ്രവൃത്തിയാണ്.'' മറ്റുള്ളവരെ വിരുദ്ധചേരിയില്‍ നിര്‍ത്തുന്ന, വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികള്‍ സിനഡാത്മകതയുടെ ചൈതന്യത്തിന് വിരുദ്ധമാണെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. 'സഭയോടൊപ്പം നില്‍ക്കുന്നവരെ' മാത്രം കേള്‍ക്കാനുള്ള പ്രലോഭനത്തെയും നാം അതിജീവിക്കേണ്ടതുണ്ടെന്നും പാപ്പ കൈപ്പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിനഡ് സമ്പൂര്‍ണ്ണമാകുന്നതും സിനഡാത്മക സഭ യാഥാര്‍ത്ഥ്യമാകുന്നതും 'മുന്‍വിധികളില്ലാതെ തുറന്ന മനസ്സോടെ ഹൃദയപൂര്‍വ്വം ശ്രവിക്കുമ്പോഴാണ്.' 'എല്ലാവരും ധൈര്യത്തോടെ, സത്യത്തിലും, ഉപവിയിലും, സ്വാതന്ത്ര്യത്തിലും സംവദിക്കുമ്പോഴാണ് 'സഭ ക്രിസ്തുവിന്റേതും, സിനഡ് ദൈവജനത്തിന്റേതുമാകുന്നത്.'
പാരമ്പര്യത്തിലേക്കുള്ള മടക്കം ചില കാര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്നിടത്തും പ്രശ്‌നമുണ്ട്. പഴയ പള്ളിയോഗ പ്രതാപങ്ങളുടെ നിഴല്‍മാത്രമാണ് ഇന്നത്തെ ഇടവക പൊതുയോഗമെന്ന് ആര്‍ക്കാണറിയാത്തത്.
അള്‍ത്താരാഭിമുഖ ബലിയര്‍പ്പണത്തിനൊപ്പം ജനാഭിമുഖയര്‍പ്പണത്തിനും നൈയാമിക സാധുത നല്കുക മാത്രമാണ് നിലവിലെ പ്രതിസന്ധിക്കുള്ള അജപാലന പരിഹാരം. സിനഡാത്മക സഭയ്ക്കുവേണ്ടി ആഗോള ചര്‍ച്ചാ പ്രതലമൊരുങ്ങുമ്പോള്‍ വി. കുര്‍ബാനയിലെ 'കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിത ദൗത്യവും' ഉറപ്പാക്കുന്ന വിധത്തില്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമിടയില്‍ ഒരു ജനഹിത പരിശോധനയ്ക്ക് സീറോ മലബാര്‍ സഭാ നേതൃത്വം തയ്യാറാകണം. നടക്കാനിരിക്കുന്നത് അടിച്ചൊതുക്കുന്ന വെറും പാര്‍ട്ടി സമ്മേളനമല്ല, സിനഡ് തന്നെയെന്ന് ഉറപ്പാക്കണം.