അത് സിനഡായിരുന്നില്ല..!!?

അത് സിനഡായിരുന്നില്ല..!!?

നടന്നത് സിനഡായിരുന്നില്ലെന്ന് വിളിച്ചു പറഞ്ഞത് 2021 ആഗസ്റ്റിലെ സീറോ മലബാര്‍ സിനഡില്‍ പങ്കെടുത്ത ആറ് മെത്രാന്മാരായിരുന്നു. 'സഭയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് അതിയായ ഉത്ക്കണ്ഠയും, ഹൃദയവേദനയും' പങ്കുവയ്ക്കുന്ന കത്ത്, സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും പൗരസ്ത്യ തിരുസംഘത്തിനും, വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറിക്കും, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കുമായി 2021 ഡിസംബര്‍ 29-ന് സഭയിലെ വിരമിച്ച മെത്രാന്മാരുടേതായി പുറത്തുവന്നപ്പോള്‍ സഭയിലെ വളരെ മോശമായ സ്ഥിതിയുടെ ആഴം എത്രയോ വലുതെന്ന് വെളിപ്പെട്ടു.

ഓര്‍മ്മ വരുന്നത് 2018-ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ന്യായാധിപരായിരുന്ന ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, ഉദന്‍ ബി ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ നടത്തിയ പത്രസമ്മേളനവും അനന്തര പ്രതിസന്ധികളുമാണ്. ന്യായത്തിലൂന്നി നീതിയുറപ്പിക്കേണ്ട രാജ്യത്തെ ഉന്നത നീതിപീഠത്തിലെ അഴിമതിയും, അന്യായവും അവരിലൂടെ വെളിപ്പെട്ടപ്പോള്‍ ഭാരതം അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നിയമത്തിന്റെ കാവല്‍ജാഗ്രത അനീതിയ്ക്ക് നിശബ്ദമായി വഴങ്ങുന്നതിന്റെ വിളംബരമായിരുന്നു വിവാദമായ പത്രസമ്മേളനത്തിലെ സുപ്രധാന വെളിപ്പെടുത്തലുകള്‍.

വി. കുര്‍ബാനയുടെ ഏകീകരണത്തിനായി സീറോ മലബാര്‍ സഭയുടെ 29-ാമത് സിനഡിന്റെ രണ്ടാം സമ്മേളനം ഏകപക്ഷീയമായി എടുത്ത തീരുമാനം സഭയില്‍ സൃഷ്ടിച്ച സമാനതകളില്ലാത്ത പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് 1999-ലെ സിനഡില്‍ പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന മെത്രാന്മാരുടെ ഈ തുറന്നു പറച്ചില്‍. 50:50 ഫോര്‍മുല നടപ്പാക്കാനായി പരി. പിതാവിന്റെ കത്തിനെ 'അവിശുദ്ധമായി ഉപകരണമാക്കി'യതു മുതല്‍ കാനന്‍ 1538-ന്റെ ഒഴിവനുവാദത്തിന്റെ ദുരുപദിഷ്ടമായ ദുര്‍വ്യാഖ്യാനമുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ ഒരു സിനഡ് കടന്നുപോയ വഴിവിട്ട സഞ്ചാരപഥങ്ങളുടെ നേര്‍ചിത്രമാണ് ആ കത്ത്.

'ഏകീകൃത രീതി നടപ്പാക്കുന്നതിലെ ആശ്ചര്യകരവും വിവേകശൂന്യവുമായ തിടുക്കം മൂലം സിനഡ് അംഗങ്ങള്‍ക്ക് അവരുടെ ശരിയായ മനസ്സാക്ഷിയനുസരിച്ച് പ്രതികരിക്കാന്‍പോലും കഴിഞ്ഞില്ലെന്ന' സങ്കടം കത്ത് പങ്കുവയ്ക്കുമ്പോള്‍, നടന്നത് സിനഡല്ലെന്നും, വിയോജിച്ചവരെ പറഞ്ഞൊതുക്കിയ സമ്മേളനം മാത്രമായിരുന്നുവെന്നും വ്യക്തമാവുകയാണ്. വിയോജിപ്പ് മിനിട്‌സില്‍ രേഖപ്പെടുത്താന്‍ പോലും സമ്മതിക്കാതെ ഐകകണ്‌ഠ്യേനയെന്നമട്ടില്‍ പുറത്തവതരിപ്പിച്ച തീരുമാനം സിനഡാലിറ്റിക്കെതിരാകയാല്‍ സത്യവിരുദ്ധമാണ്, സഭാ വിരുദ്ധമാണ്, തിരുത്തപ്പെടേണ്ടതാണ്.

കുര്‍ബാനടെക്സ്റ്റിന്റെ കാര്യത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഏകീകരണ തീരുമാനത്തിലില്ലാതെ പോയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. 'യൂണിഫോം മോഡ് നടപ്പാക്കാനുള്ള തീരുമാനം കൂടിയാലോചനകളിലൂടെയും സുതാര്യനടപടിക്രമങ്ങളിലൂടെയും തീരുമാനത്തിലെത്താഞ്ഞതിനാല്‍ സഭയിലെ അനൈക്യത്തിനും, പൊതുജനങ്ങളെ അതിശയിപ്പിക്കുന്ന അപവാദത്തിനും കാരണമായി.'

ദൈവജനത്തിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരംമുട്ടുന്ന സഭയെക്കുറിച്ചുള്ള ആശങ്കകളും കത്ത് വിളിച്ചുപറയുന്നു. സഭയില്‍ ഇപ്പോള്‍ നടക്കുന്ന രൂക്ഷമായ വിയോജിപ്പിന്റെയും ഭിന്നിപ്പിന്റെയും സാധ്യത മുന്‍കൂട്ടി കാണുന്നതില്‍ സിനഡ് പിതാക്കന്മാര്‍ പരാജയപ്പെട്ടുവെന്നും കത്ത് ഏറ്റുപറയുന്നു. 'പരിശുദ്ധാത്മാവിന്റെ പ്രേരണകള്‍ ഞങ്ങള്‍ ശരിയായി വിവേചിച്ചില്ല എന്ന് ചിന്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സഹോദര ബിഷപ്പുമാരുടെ മുന്നറിയിപ്പുകളോടും, അഭ്യര്‍ത്ഥനകളോടും ഞങ്ങള്‍ നിര്‍വിവ്വികാരരായിരുന്നു. അങ്ങനെ അവസാനം സഭ മുഴുവന്‍ വലിയ സഹനത്തിലൂടെ, കടന്നു പോകേണ്ട അവസ്ഥയിലെത്തി.'

ക്രിസ്തുവിന്റെ ഹൃദയത്തോടെ ഇടയനടുത്ത സമീപനം ആടുകള്‍ക്ക് നേരെയുണ്ടാകാതിരുന്നതാണ് സമാനതകളില്ലാത്ത വിഴ്ചകള്‍ക്കാധാരം എന്നും കത്ത് പിഴമൂളുന്നുണ്ട്. 'ആത്മാര്‍ത്ഥമായ വിനയവും, അജപാലനപരമായ കാരുണ്യവും കൊണ്ട് തുറന്ന ഹൃദയത്തോടെയുള്ള സംഭാഷണത്തിനും അനുരഞ്ജന നടപടിക്രമങ്ങള്‍ക്കും തുടക്കമിടാന്‍ നമ്മെ പ്രേരിപ്പിക്കണം' കത്ത് തുടരുന്നു.

ആരാധനാക്രമം സാങ്കേതികമായി ഏകീകൃതമായി എന്നു വാദിക്കുമ്പോഴും നമ്മുടെ സഭ യഥാര്‍ത്ഥത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പിതാക്കന്മാരുടെ ഏറ്റുപറച്ചിലാണ് ഈ കത്ത്. മെത്രാന്മാരുടെയും, വൈദികരുടെയും വിശ്വാസ്യതാഗ്രാഫ് കുത്തനെ താഴ്ന്നതായുള്ള കത്തിലെ വിലയിരുത്തല്‍ അതീവ ഗൗരവമുള്ളതാണ്. നിരവധി പുരോഹിതരും വിശ്വാസികളും അപകടകരമായ നിസ്സംഗതയിലേക്കും നിസ്സഹകരണത്തിലേക്കും ആണ്ടുപോയെന്നും പിതാക്കന്മാര്‍ നിരീക്ഷിക്കുന്നു. രൂപതാ വിഭജനങ്ങളും മെത്രാന്മാരുടെ പെരുപ്പവും മാത്രം സഭാവളര്‍ച്ചയായി തെറ്റിദ്ധരിക്കുന്ന കാലമാണിത്. കൂടാതെ സഭാസംരക്ഷണം ചില ധ്യാനഗുരുക്കന്മാരെയും, സൈബര്‍ പോരാളികളെയും ഏല്പിച്ച് സഭാനേതൃത്വം പിന്‍മാറിയിട്ട് ഏറെനാളായി. സഭയിലെ വിഭജനത്തിനും വിഷലിപ്തമായ വിഭാഗീയതയ്ക്കും ഇത്തരം സൈബര്‍പോരിടങ്ങളുടെ സംഭാവന എത്രയോ വലുതെന്ന് തിരിച്ചറിയണം.

കോവിഡ് ഭീഷണി ഇനിയും അകന്നിട്ടില്ലാത്ത സാഹചര്യത്തില്‍ വിശ്വാസികളെ സഭയില്‍നിന്നും കൗദാശികജീവിതത്തില്‍നിന്നും കുറച്ചുകൂടി അകറ്റാന്‍ മാത്രമെ നിലവിലെ വിവാദ തീരുമാനം ഇടയാക്കിയുള്ളൂ എന്നതാണ് വാസ്തവം. തിരുന്നാളാഘോഷങ്ങളുടെ മടങ്ങിവരവ് വിശ്വാസജീവിതത്തിന്റെ തിരികെയെത്തലായി തെറ്റിദ്ധരിക്കേണ്ടതില്ല.

ആസൂത്രിത സാമൂഹിക നിര്‍മ്മിതിയായി സമീപകാലത്ത് സഭാസ്‌നേഹം മാറിത്തീരുന്നതിന്റെ പ്രശ്‌നമുണ്ട്. വെറും സമുദായമായി അത് ചെറുതാകുന്നതിന്റെ സുവിശേഷ വിരുദ്ധതയുമുണ്ട്. സഭ സംഘടനയല്ലെന്നും, സിനഡ് സമ്മേളനമല്ലെന്നും തിരിച്ചറിയുമ്പോള്‍ കൂടിയാലോചനകളിലൂടെ കൂടെ നടക്കുന്ന സിനഡാത്മകത സിനഡിന്റെ നട്ടെല്ലാകും; നടത്തിപ്പിന്റെ നല്ല രീതിയാകും. ആധിപത്യത്തിലൂടെ അടിമത്തത്തെ ആഘോഷമാക്കുന്നവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അത് മനസ്സിലാകും. പരസ്പരം മനസ്സിലാക്കുന്ന സിനഡാലിറ്റിയിലൂടെ സഭയും സിനഡും ക്രിസ്തുവിലേക്ക് മടങ്ങിയെത്തട്ടെ. വിഭജിക്കുന്ന സിനഡല്ല, യോജിപ്പിക്കുന്ന സിനഡ് സംഭവിക്കട്ടെ. അതിന് നടപ്പു സിനഡ് സമ്മേളനം ഇടയാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org