തീയതി പറഞ്ഞാല്‍ ഐക്യമായോ?

തീയതി പറഞ്ഞാല്‍ ഐക്യമായോ?
Published on

സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് 16 മുതല്‍ 27 വരെ ഓണ്‍ലൈനായി നടക്കുകയാണ്. പരി. സിംഹാസനത്തിന്റെ പ്രത്യേക അനുമതിയോടെ ഇത് മൂന്നാം തവണയാണ് ഔണ്‍ലൈന്‍ പ്ലാറ്റ് ഫോമിലെ സിനഡ് സമ്മേളനം. കോവിഡ് 19-ന്റെ സവിശേഷ സാഹചര്യത്തില്‍ 2020 ആഗസ്റ്റിലും, 2021 ജനുവരിയിലും ഓണ്‍ലൈനായിട്ടായിരുന്നു, സിനഡ് കൂടിയത്.

കോവിഡ് മൂന്നാം തരംഗം സര്‍വ്വനാശ ഭീഷണിയായി ഉമ്മറപ്പടിയില്‍ ഉറ്റുനോക്കുന്ന ഈ ദുരിതാതുരകാലത്ത്, സിനഡ് സമ്മേളിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചുള്ള ആകാംക്ഷ സാധാരണ വിശ്വാസികളോടൊപ്പം പൊതുസമൂഹവും പങ്കുവയ്ക്കുന്നുണ്ട്.

സിനഡു വിജയത്തിനായി സഭാ ആസ്ഥാനത്തുനിന്നും നല്കപ്പെട്ട പ്രാര്‍ത്ഥനാഹ്വാന സര്‍ക്കുലറിലെ സൂചനപ്രകാരം നവീകരിക്കപ്പെട്ട കുര്‍ബാനക്രമം നടപ്പാക്കേണ്ട തീയതി പ്രഖ്യാപനം മാത്രമാണ് പ്രധാന അജണ്ടയായി സിനഡ് സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയതായി മനസ്സിലാകുന്നത്. ഇതോടൊപ്പം മുമ്പ് നടന്ന സിനഡിലോ മറ്റേതെങ്കിലും ഔപചാരികവേദിയിലോ ചര്‍ച്ച ചെയ്യാതിരുന്ന കുര്‍ബാനയര്‍പ്പണരീതിയി ന്മേലുള്ള ഐകരൂപ്യവും അസാധാരണമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു!

"നമ്മുടെ സഭയില്‍ എല്ലാ തലങ്ങളിലും പൂര്‍ണ്ണമായ ഐക്യം കൈവരുന്നതിനും സഭയുടെ പ്രേഷിതചൈതന്യം പരിപോഷിപ്പിക്കുന്നതിനും ഉപയുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്," എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന പ്രസ്തുത സര്‍ക്കുലറില്‍, പക്ഷേ ഐകരൂപ്യത്തിനുവേണ്ടിയുള്ള നിര്‍ബന്ധിതാഹ്വാനത്തിലൂടെ ഐക്യത്തിലേക്കുള്ള വഴികളെ അടച്ചുകളയുന്നു എന്നതാണ് വാസ്തവം. അജപാലനപരമായ പ്രതിസന്ധികള്‍ മുമ്പില്‍ കണ്ട് മുമ്പ് ഉപേക്ഷിച്ച ഐകരൂപ്യ തീരുമാനം യാതൊരു മുന്നറിയിപ്പും മുന്നൊരുക്കവുമില്ലാതെ ദുരിതപര്‍വ്വങ്ങളുടെ ഈ കെട്ടകാലത്ത് അത്യുത്സാഹത്തോടെ നടപ്പാക്കാനൊരുങ്ങുന്നത് സഭയിലെ പ്രേഷിത ചൈതന്യത്തെ ഏത് വിധമാണ് അടിയന്തിരമായി ഉജ്ജ്വലിപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സഭയുടെ ഐക്യത്തെ ബലികഴിച്ചുകൊണ്ട് ഹൃദയത്തോട് അടുത്തു നില്‍ക്കുന്നവയില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന് സിനഡിനെ അഭിസംബോധന ചെയ്തുകൊണ്ട് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഡോ. ലിയോ പോള്‍ ദോ ജിറേല്ലി പറഞ്ഞതില്‍ മാര്‍പാപ്പയുടെ മനസ്സുണ്ട്.

സീറോ മലബാര്‍ സഭയില്‍ അനൈക്യമുണ്ടെന്നും, അതിനാധാരം ആരാധനാക്രമം മാത്രമാണെന്നുമുള്ള വാദം ചില പ്രത്യേക സമയങ്ങളില്‍ മാത്രം ഉയര്‍ന്നു വരുന്നതിനെയാണ് അനൈക്യശ്രമമായി വാസ്തവത്തില്‍ വിലയിരുത്തേണ്ടത്. യഥാര്‍ത്ഥത്തില്‍ വി. കുര്‍ബാന ബലിയും വിരുന്നുമാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മഹനീയ ദര്‍ശനത്തിന്റെ അതിമനോഹരമായ ആവിഷ്‌ക്കാരമാണ് ജനാഭിമുഖ ബലിയര്‍പ്പണം. അള്‍ത്താരാഭിമുഖവും, ജനാഭിമുഖവും സഭയുടെ പൈതൃകസമ്പന്നതയുടെ വ്യത്യസ്ത സാക്ഷാത്ക്കാരങ്ങളായി അംഗീകരിച്ചുകൊണ്ട് അത് തുടരാനുള്ള അധികാരം അതാതു രൂപതകളില്‍ (ഇപ്പോഴുള്ളതുപോലെ) നൈയാമികമായി നിജപ്പെടുത്തിയാല്‍ തീരുന്ന പ്രശ്‌നമാണിത്. വിവിധ റീത്തുകളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വരുന്ന, നഗരകേന്ദ്രീകൃതമായ ഇടങ്ങളില്‍ ജനാഭിമുഖ കുര്‍ബാന സമ്മാനിക്കുന്ന പ്രേഷിതാഭിമുഖ്യം, സഭയുടെ പുരോഗമന സ്വഭാവത്തെ പിന്തുണയ്ക്കുമെന്നു മാത്രമല്ല, സഭൈക്യശ്രമങ്ങളെ താത്വികമായല്ലാതെയും സമാശ്ലേഷിക്കുന്നുവെന്ന സത്യത്തെ വെളിപ്പെടുത്തുകയുമാണ്.

സഭയുടെ ഇപ്പോഴത്തെ പ്രശ്‌നം ആരാധനയര്‍പ്പണത്തിലെ ഐകരൂപ്യത്തിന്റെ അഭാവമല്ല, പ്രവാചക ധീരതയുടെ ധാര്‍മ്മികസ്വരം അന്യമായതാണ് എന്ന് ആര്‍ക്കാണറിയാത്തത്? കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി സഭയിലെ നേതൃരൂപതയായ, എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയില്‍ നടന്ന ഭൂമി വില്പന അഴിമതിയുമായി ബന്ധപ്പെട്ട് സിനഡ് എടുത്തതും എടുക്കാതിരുന്നതുമായ നിലപാടുകളുടെ ദാരിദ്ര്യമാണ് സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ സ്വത്വ പ്രതിസന്ധി. അല്ലാതെ കിഴക്കോട്ട് തിരിഞ്ഞാല്‍ മാത്രം പൂര്‍ണ്ണമാകുന്ന അസ്തിത്വ പ്രശ്‌നമല്ല. മാത്രവുമല്ല, യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറയ്ക്കാന്‍ തരാതരം ആരാധനാ ക്രമത്തെ വിവാദമാക്കുന്നവരാണ് സഭയില്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതാണ് വാസ്തവം. ആത്മാവിലും സത്യത്തിലുമാണ് ആരാധന പൂര്‍ണ്ണമാകുന്നത് എന്നു തന്നെയാണ് ക്രിസ്തു സാക്ഷ്യം. സമരിയാക്കാരി സ്ത്രീയുടെ ആരാധനാ അബദ്ധങ്ങള്‍ ഈ ആധുനിക കാലത്തും നാം ആവര്‍ത്തിക്കണമോ എന്ന ചോദ്യവുമുണ്ട് (യോഹ. 4:20). തങ്ങ ളെ സ്വീകരിക്കാത്ത സമരിയാക്കാരെ അഗ്നിവിഴുങ്ങണമെന്നാഗ്രഹിച്ച പ്രിയ ശിഷ്യരെ, ക്രിസ്തു തിരുത്തുകയാണ്. ഐകരൂപ്യശാഠ്യത്തിന്റെ പുതിയ 'യോഹന്നാന്‍ പതിപ്പു'കളെ ഭരിക്കുന്നത് ഏത് അരൂപിയാണെന്നാണ് എല്ലാവരും അത്ഭുതെപ്പടുന്നത്? (ലൂക്കാ 9:54).

യഥാര്‍ത്ഥത്തില്‍ സിനഡ് ചര്‍ച്ച ചെയ്യേണ്ട വിഷയം മറ്റൊന്നാണ്. ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരില്‍ 'ചിലര്‍' അന്യായമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടതിനാല്‍ 5.84 കോടിയോളം രൂപ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന് പിഴയായി നല്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. കാനോനിക സമിതികളെ നോക്കുകുത്തിയാക്കിയാണ് ഈ അഴിമതി പരമ്പരകള്‍ നടന്നത് എന്ന വസ്തുത നേരത്തെ കെപിഎംജി റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. സഭാധ്യക്ഷന്‍ മെത്രാപ്പോലീത്തയായിരിക്കുന്ന അതിരൂപതയില്‍ നടന്നതായി ഇന്‍കം ടാക്‌സ് വെളിപ്പെടുത്തിയിരിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ സിനഡ് അടിയന്തിരമായി ചര്‍ച്ച ചെയ്യണം.

കൂടാതെ തീവ്രതരമാകുന്ന സാമുദായിക വാദവും, വര്‍ഗ്ഗീയ അജണ്ടകളോട് കൂടിയ ന്യൂനപക്ഷ ധ്രുവീകരണവും പുറത്ത് ചര്‍ച്ചയാക്കിയതില്‍ സിനഡ് നല്കിയ പരോക്ഷ പിന്തുണയും ഈ സിനഡിനകത്ത് ചര്‍ച്ചയാകണം.

അടിച്ചേല്പിക്കുന്ന ഐക്യം അകത്തുണ്ടാക്കുന്ന വ്യഥകള്‍ വിവരണാതീതമെന്നയറിവില്‍ കുര്‍ബാനയര്‍പ്പണ ക്രമത്തെപ്പറ്റിയല്ല, സഭ വി. കുര്‍ബാനയാകാതെ പോയ സന്ദര്‍ഭങ്ങളെക്കുറിച്ച് ചര്‍ച്ചയാകാം.

തിരിയേണ്ടത് എങ്ങോട്ട് എന്ന തര്‍ക്കം തുടരുമ്പോള്‍, ഈ കോവിഡ് കാലത്ത് പാവെപ്പട്ടവരുടെ പ്രശ്‌നങ്ങളിലേക്ക് വേണ്ടവിധം തിരിയാഞ്ഞതിനെയോര്‍ത്ത് പിഴമൂളാം. 'പാവങ്ങളെക്കുറിച്ച് ചിന്ത വേണ'മെന്ന (ഗലാ. 2:10) ആദിമസഭയുടെ ആദ്യ ചൈതന്യത്തിലേക്കാണ് സഭ യഥാര്‍ത്ഥത്തില്‍ തിരിച്ചെത്തേണ്ടത്. വെറും തീയതി പ്രഖ്യാപന സമ്മേളനം മാത്രമായി സിനഡ് ചെറുതാകരുത്.

സിനഡെന്നാല്‍ 'ഒപ്പം നടക്കുന്ന' (walking together) സുവിശേഷയാത്രയായതിനാല്‍ മെത്രാന്‍മാര്‍ ദൈവജനത്തെ കണ്ടും കേട്ടും, അവരോടൊപ്പം നടക്കുന്ന തീര്‍ത്ഥാടനവേളയായി ഈ സിനഡും, തീര്‍ത്ഥാടക സമൂഹമായി സഭയും മാറട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org