പാഠഭേദത്തിന്റെ പരിക്കുകള്‍

പാഠഭേദത്തിന്റെ പരിക്കുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എന്‍ സി ഇ ആര്‍ ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ്) 11, 12 ക്ലാസുകളിലെ ചരിത്രപാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത് വിവാദമായി.

കോവിഡ് 19-നെ തുടര്‍ന്ന് നഷ്ടപ്പെട്ട അധ്യായന ദിനങ്ങള്‍ പരിഹരിക്കുന്നതിനും ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി ഉള്ളടക്കം കുറെക്കൂടി യുക്തി സഹമാക്കുന്നതിനും വേണ്ടിയാണ് പരിഷ്‌ക്കരണമെന്നാണ് വാദം. പക്ഷേ, മുഗള്‍ സാമ്രാജ്യ ചരിത്രം പോലുള്ള പ്രത്യേക പാഠങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഇന്ത്യാ ചരിത്രമെന്നാല്‍ ഹിന്ദു ചരിത്രമെന്ന സംഘപരിവാര്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വെട്ടിമാറ്റലിനെ വിലയിരുത്തുന്നവരുണ്ട്.

മാത്രമല്ല, നവലിബറല്‍ സാമ്പത്തിക നയത്തിന്റെ പ്രത്യാഘാതങ്ങള്‍, പരിസ്ഥിതി രാഷ്്ട്രീയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, വളര്‍ന്നു വരുന്ന വര്‍ഗീയത രാഷ്ട്ര ശരീരത്തിലുളവാക്കുന്ന ആഴമേറിയ പരിക്കുകള്‍ തുടങ്ങി നിലവിലെ ഭരണകൂടത്തെ അസ്വസ്ഥമാക്കിയേക്കാവുന്ന പലതും വെട്ടിയൊതുക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇന്ത്യയിലുടനീളം എന്‍ സി ഇ ആര്‍ ടി സിലബസ് പിന്തുടരുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും ഇതിനെ പിന്‍പറ്റുന്ന എസ് സി ഇ ആര്‍ ടി കള്‍ക്കും ഈ മാറ്റം ബാധകമാകും.

ഈ അക്കാദമിക് വര്‍ഷം തന്നെ (2023-24) മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 'ശീതയുദ്ധ കാലഘട്ടം', 'സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം,' 'സാംസ്‌കാരിക സംഘട്ടനങ്ങള്‍', 'വ്യവസായിക വിപ്ലവം', 'ഗുജറാത്ത് കലാപം', 'ഗാന്ധിവധം രാജ്യത്തെ സ്വാധീനിച്ച വിധം', 'ജനാധിപത്യവും വൈവിധ്യവും', 'ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍', 'ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും' തുടങ്ങി ലോക രാഷ്ട്രീയത്തിലെ അതിപ്രധാന ചലനങ്ങളും, ഇന്ത്യന്‍ ദേശീയത ബഹുസ്വരതയില്‍ പുനഃനിര്‍മ്മിക്കപ്പെട്ടത് എങ്ങനെയെന്നതുള്‍പ്പെടെയുള്ള ചരിത്രപാഠ ങ്ങളും പരിപൂര്‍ണ്ണമായി തമസ്‌ക്കരിക്കുന്ന വിധത്തിലാണ് പാഠപുസ്തക പരിഷ്‌ക്കരണം എന്നത് ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുന്നു. ഡല്‍ഹി സര്‍വകലാശാല ബി എ (ഓണേഴ്‌സ്) പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സില്‍ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി പകരം വി ഡി സവര്‍ക്കറെക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തി സിലബസ് പരിഷ്‌ക്കരിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്.

കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങളുടെ പരിഷ്‌ക്കരണം ഇത് മൂന്നാം വട്ടമാണ്. ആദ്യനീക്കം 2017-ലായിരുന്നു. അവലോകനം എന്ന പേരിലായിരുന്നു വെട്ടിയൊതുക്കല്‍. 182 പാഠപുസ്തകങ്ങളില്‍ 1334 മാറ്റങ്ങളാണ് അന്ന് വരുത്തിയത്. ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള തിരുത്തലുകള്‍ എന്നായിരുന്നു അവകാശ വാദം. രണ്ടാമത്തെ മാറ്റം 2018 ലായിരുന്നു. യുക്തിസഹമായ പരിഷ്‌ക്കരണം ലക്ഷ്യമിട്ട് നടത്തിയ മാറ്റങ്ങളിലൂടെ ഉള്ളടക്കത്തില്‍ ഗണ്യമായ കുറവ് വരുത്തി. 2021-ലായിരുന്നു മൂന്നാംഘട്ട പരിഷ്‌ക്കരണം. നേരത്തെ രണ്ടാം വാജ്‌പേയ് സര്‍ക്കാരിന്റെ ഭരണകാലത്ത് നടത്തിയ പാഠപുസ്തക പരിഷ്‌ക്കരണങ്ങള്‍ കാവിവല്‍ക്കരണ ശ്രമങ്ങളായി വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

പ്രാചീന ഇന്ത്യ ഹൈന്ദവമാണെന്ന് ആദ്യം പറയുന്നത് ബ്രിട്ടീഷ് ചരിത്രകാരനായ ജെയിംസ് മില്ലാണ്. മതത്തെ ഭൂതകാലത്തിന്റെ ഏക യാഥാര്‍ത്ഥ്യമായി അവതരിപ്പിച്ചത് ബ്രിട്ടീഷ് കൊളോണിയലിസമാണ്. ഇന്ത്യന്‍ ദേശീയതയെ മതപരമായി മനസ്സിലാക്കുന്നത് ഏറ്റവും വലിയ മൗഢ്യമാണ്. നിര്‍ഭാഗ്യവശാല്‍ പാഠപുസ്തകത്തിലെ പുതിയ പരിഷ്‌ക്കരണങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ഏകശിലാ രൂപമാക്കുന്നതിനുള്ള 'വിദഗ്ധ' നിര്‍ദേശങ്ങളാല്‍ സമൃദ്ധമാണ്. വൈവിധ്യ സമ്പൂര്‍ണ്ണമായ ഇന്ത്യന്‍ ദേശീയതയെ ഹിന്ദുത്വ ദേശീയതയായി മാറ്റിപ്പണിയാനുള്ള സര്‍വാധിപത്യ ശ്രമങ്ങളുടെ സമകാലിക സാക്ഷ്യമായി വേണം എന്‍ സി ഇ ആര്‍ ടി യുടെ ഇത്തരം പരിഷ്‌ക്കരണ പരിപാടികളെ വിവക്ഷിക്കാന്‍.

കോണ്‍ഗ്രസ് മുക്തഭാരതത്തെ പ്രതിപക്ഷ മുക്തഭാരതമായി മാറ്റിയെടുക്കുന്ന ഭരണകൂടത്തിന്റെ 'ഏകഭാരത' ശ്രമങ്ങളുടെ തുടര്‍ച്ച തന്നെയാണിത്. ഒരു ഭാഷ, ഒരു മതം, ഒരു പാര്‍ട്ടി എന്ന ഏകീകരണത്തിന് ചരിത്രത്തിന്റെ കൂടി പിന്തുണയുറപ്പിക്കാനാണ് പാഠപുസ്തകങ്ങളിലെ ഈ ആസൂത്രിതാതിക്രമങ്ങള്‍. ഏകഭാരതമല്ല ശ്രേഷ്ഠഭാരതമെന്നും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ സമന്വയ ചരിത്രമാണ് യഥാര്‍ത്ഥ ഭാരതചരിത്രമെന്നും ഒരിക്കല്‍ക്കൂടി ഉറക്കെപ്പറയേണ്ട സമയമാണിത്.

വിദ്യാഭ്യാസം മനുഷ്യന് ബൗദ്ധിക ശ്രേഷ്ഠതയാണോ, ധാര്‍മ്മിക ശ്രേഷ്ഠതയാണോ പകരേണ്ടത് എന്നത് പ്ലേറ്റോയുടെ കാലം മുതലേയുള്ള ചോദ്യമാണ്. വിദ്യാഭ്യാസമെന്നാല്‍ വിവരങ്ങളുടെ വിതരണം മാത്രമാകരുത്. ജനാധിപത്യത്തിന്റെ സംവാദ സദസുകളായി ക്ലാസ് മുറികള്‍ മാറണം. വിമര്‍ശന ബുദ്ധിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുന്ന വിധത്തിലുള്ള പരിഷ്‌ക്കരണ നടപടികളാണ് വിദ്യാഭ്യാസത്തെ കാലാനുസൃതമായി കരുത്തുള്ളതാക്കുന്നത്. അതിദേശീയതാവാദത്തിന് ഊന്നല്‍ നല്കുന്നിടത്ത് അപരഭയം അടിസ്ഥാന തത്വമാകുന്ന അപകടമുണ്ട്. അപരഭയ നിര്‍മ്മിതിയുടെ പണിശാലകളായി ക്ലാസ് മുറികള്‍ മാറിത്തീരുന്ന അപചയം കേവലം പാഠപുസ്തക പരിഷ്‌ക്കരണത്തിലൊതുങ്ങുന്നില്ലെന്ന് തിരിച്ചറിയണം.

ആശയ സ്വാധീനം ആഴപ്പെടുത്താന്‍ വ്യക്തിയുടെ ചെറുപ്പകാലം പോലെ അനുകൂലമായ മറ്റൊരു സമയമില്ല. വിദ്യാഭ്യാസ കാലം അതിപ്രധാനമാകുന്നത് അങ്ങനെയാണ്. അതിതീവ്ര ദേശീയതയും തീവ്രമതബോധവും പരസ്പര പൂരകങ്ങളാകയാല്‍ അവയെ പരിപൂര്‍ണ്ണമായി പുറത്താക്കുന്ന പരിപാടികളാണ് പാഠപുസ്തക പരിഷ്‌ക്കരണം വഴി യഥാര്‍ത്ഥത്തില്‍, ലക്ഷ്യമാക്കേണ്ടത്. മതപഠനശാലകളില്‍ മതബോധം മദബോധത്തിന് വഴിമാറുന്ന സാഹചര്യം സംഭവിക്കുന്നില്ലെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ഉറപ്പുവരുത്തണം. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം അരക്ഷിതബോധം വളര്‍ത്തുന്ന വിധത്തില്‍ വെറുപ്പിന്റെ വിതരണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു.

കാലോചിതമായ പരിഷ്‌കരണം പാഠ്യരീതിയിലും പാഠപുസ്തകത്തിലും അത്യന്താപേക്ഷിതമാണ്. വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനും സമഗ്രതയോടെ സമീപിക്കുന്നതിനും അത് അനിവാര്യവുമാണ്. അപ്പോഴും ചില പ്രത്യേക അജണ്ടയെ മുന്‍നിറുത്തി ചിലതിനെ തള്ളിയും മറ്റു ചിലതിനെ ഉള്‍പ്പെടുത്തിയും നടത്തുന്ന പാഠപുസ്തക പരിഷ്‌കരണം ചരിത്ര നിരാസം മാത്രമല്ല, വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം കൂടിയാണ്.

ഏറ്റവും ഒടുവില്‍ തമിഴകത്തെ ചോള സാമ്രാജ്യത്തിന്റെ സെങ്കോള്‍ പെരുമയെ അധികാരമാറ്റത്തിന്റെ അടയാളമായി പുതുക്കിയ പാര്‍ലമെന്റില്‍ പുനഃപ്രതിഷ്ഠിച്ച മോദി സര്‍ക്കാര്‍, കൃത്രിമ ചരിത്ര നിര്‍മ്മിതിയെ സാധൂകരിക്കുക മാത്രമല്ല, ജനാധിപത്യ സംവിധാനത്തെ തന്നെ അവഹേളിക്കുകയായിരുന്നു എന്നു വ്യക്തം. ഭരണഘടനയുടെ ആമുഖം വായിച്ച് ആരംഭിക്കേണ്ടിയിരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രഥമ സമ്മേളനം ബ്രാഹ്മനിക് മന്ത്രധ്വനികളാല്‍ മലിനമായത് യാദൃശ്ചികമായി കാണേണ്ടതില്ല. 'ഇതല്ല ഇന്ത്യ' എന്ന് പറയാന്‍ ആരും അവശേഷിക്കരുത് എന്നതും പാഠഭേദത്തിന്റെ ഭാവി പരിക്കുകളാകും.

സര്‍വാധികാര വഴികളില്‍ ഏറ്റവും വിപുലവും പ്രഹരശേഷി കൂടിയതുമായ ഫാസിസ്റ്റ് രീതിയാണ് മതാഭാസമെന്നതിനാല്‍, അതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായതൊന്നും വൈവിധ്യത്തിന്റെ ഈ മണ്ണില്‍ മുളപൊട്ടുന്നില്ലെന്ന് ഉറപ്പുവരുത്താം. നാനാത്വത്തിലെ ഏകത്വം പ്രധാന പ്രമാണമാകുന്ന പാഠഭാഗങ്ങളും പരിഷ്‌ക്കരണീതികളും മാത്രം വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാന ധാരയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org