ആനന്ദത്തിന്റെ അവകാശികള്‍

ആനന്ദത്തിന്റെ അവകാശികള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തിരുപ്പിറവിത്തിരുന്നാളിന് ക്രൈസ്തവ ലോകമൊരുങ്ങുമ്പോള്‍ ക്രിസ്മസ് ആരുടെ ആനന്ദമാണെന്ന സുവിശേഷ സന്ദേഹം ബാക്കിയാകുന്നുണ്ട്.

ക്രിസ്മസ് ആഘോഷം അവകാശമാക്കുന്നവരുടെ എണ്ണം അധികമായി പെരുകുമ്പോഴും അതിന്റെ നിര്‍മ്മലമായ ആഹ്ലാദത്തിലേക്ക് നിശബ്ദമായി പ്രവേശിക്കുന്നവരെ തിരഞ്ഞുപോകുന്ന മാലാഖാവൃന്ദത്തിന്റെ ഗ്ലോറിയാഗീതം സന്മനസ്സിന്റെ സമാധാനത്തെ ക്രിസ്മസ് ആശംസയാക്കിയത് യാദൃശ്ചികമല്ലതന്നെ.

എന്നിട്ടും ഒരുപാട് ആകസ്മികതകളുടെ അകമ്പടിയോടെയാണ് ആദ്യ ത്തെ ക്രിസ്മസ് രാവൊരുങ്ങിയത് എന്നറിയുമ്പോഴാണ് ക്രിസ്മസിന്റെ യഥാര്‍ ത്ഥ അവകാശികളിലേക്കുള്ള അന്വേഷണം ഇന്നും പ്രസക്തമാകുന്നത്.

തിരുപ്പിറവിയുടെ തിരുസന്ദേശം ആദ്യം തിരഞ്ഞുപോകുന്നത് നസറത്തി ലെ ദരിദ്രയുവതിയിലേക്കാണ് - മറിയം. ജോസഫുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്ന അവളുടെ അടുത്തേക്ക് മംഗളവാര്‍ത്തയുമായി ഗബ്രിയേല്‍ ദൂതന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടപ്പോള്‍, അന്നും അതിനു ശേഷവും തനി ക്ക് സംഭവിച്ചതൊക്കെയും 'ദൈവത്താല്‍ അയയ്ക്കപ്പെട്ടത്' എന്ന ബോധ്യ ത്തെ വിശ്വാസസത്യമായി സ്വീകരിച്ചതിനാല്‍ മാത്രമല്ല; മറിച്ച്, മംഗളവാര്‍ത്ത യെത്തന്നെ സംശയിച്ചതിനാലും മാലാഖയെപ്പോലും ചോദ്യം ചെയ്യാന്‍ ധൈ ര്യപ്പെട്ടതിനാലുമാണ് മറിയം മാതൃകയായതും തിരുവവതാര സന്ദേശത്തിന്റെ ആദ്യഅവകാശിനിയായതും. ''സംശയങ്ങളെ ഭയപ്പെടേണ്ടതില്ല. അവ വിശ്വാസക്കുറവല്ല, മറിച്ച് വിശ്വാസത്തിന്റെ പോഷകങ്ങളാണെന്ന്'' പാപ്പ പറയുമ്പോള്‍ ചോദ്യങ്ങളെ ഭയപ്പെടുന്ന ആധുനിക സഭയും സമൂഹവും സംശയിക്കുന്ന മറിയത്തെ സ്വന്തമാക്കേണ്ടതുണ്ട്.

മറിയത്തിനു പുറകില്‍ നിഴല്‍ പോലെയൊരാള്‍ - യൗസേപ്പ്. 'സ്വപ്നത്തിലെ മുന്നറിയിപ്പുകളെ' ദൈവത്തിന്റെ തന്നെ അറിയിപ്പുകളായി തിരിച്ചറിയുന്നിടത്ത് യൗസേപ്പിന്റെ മൗനം വാചാലമാവുകയാണ്. സത്രം തിരഞ്ഞ് തളരുന്ന രാത്രിയിലും, പലായനത്തിന്റെ പരിദേവനങ്ങളോട് പരിഭവമില്ലാതെ പെരുമാറുമ്പോഴും, ഇടമെന്നാല്‍ പുറത്തല്ല, തനിക്കുള്ളില്‍ത്തന്നെയെന്ന സു ബോധത്തില്‍ സംരക്ഷണയുടെ മേല്‍ക്കുപ്പായത്തിനുള്ളില്‍ തിരുക്കുടംബ ത്തിന് ചൂടും കൂടുമൊരുക്കിയ നീതിമാനാണയാള്‍. സ്വയം ഒഴിഞ്ഞൊതുങ്ങി കൂടെയുള്ളവരെ നിരന്തരം നിറച്ചു നിവര്‍ന്നയാളാണ് യൗസേപ്പ്.

തിരുവവതാരത്തിന്റെ ആശംസാഗാനം പിന്നെ വന്നു തൊടുന്നത് ഇടയക്കൂട്ടത്തെയാണ്. ആടുകളുടെ രാക്കാവലില്‍ കണ്ണുമിഴിച്ച് കിടക്കുമ്പോള്‍ ആകാശം നിറയുന്ന ഹല്ലേലൂയാ വിളികള്‍ പുല്ലുമേഞ്ഞ ഒരു കൊച്ചുകുടിലിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോവുകയാണ്. പിള്ളക്കച്ചയില്‍ പൊതിഞ്ഞ നാവജാതശിശുവില്‍ ലോകരക്ഷകനെ തിരിച്ചറിഞ്ഞ് വണങ്ങി വരുമ്പോള്‍ അവര്‍ക്ക് കിളിരം കൂടുന്നുണ്ട്; ശിരസ്സുയര്‍ന്നും, മനമുണര്‍ന്നും അവര്‍ ശരി ക്കും മനുഷ്യരാവുകയാണ്.

തിരുപ്പിറവിയുടെ തിരുവാഹ്‌ളാദത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു കൂട്ടര്‍ പൂജരാജാക്കളാണ്. കിഴക്കുദിച്ച നക്ഷത്രവെട്ടത്തില്‍ രക്ഷകന്റെ പിറവിപ്പൊരുള്‍ തെരഞ്ഞിറങ്ങുമ്പോള്‍ ഹേറോദേസിന്റെ കൊട്ടാരക്കെട്ടുകള്‍ യാത്രയെ അല്പനേരത്തേക്ക് വഴിതെറ്റിച്ചെങ്കിലും സത്യതാരക ദീപ്തിയിലേക്ക് മടങ്ങിയെത്തുന്ന മാത്രയില്‍ ബെത്‌ലെഹേമിലേക്കുള്ള വഴി വീണ്ടും തെളിയുകയാണ്. ക്രിസ്തുവിനെ രക്ഷകനായി തിരിച്ചറിഞ്ഞാരാധിക്കുന്നവര്‍ സുനിശ്ചിതമായും തെരഞ്ഞെടുക്കുന്ന 'മറ്റൊരു വഴിയെ' വലംവയ്ക്കുന്നതിനാല്‍ യാത്ര സഫലമാകുന്നു, ആനന്ദം നിത്യമാകുന്നു.

''ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും, സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനുമായി'' ദൈവകരുണയാല്‍ ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിച്ചതാണ് ക്രിസ്മസെന്ന സത്യത്തെ സഖറിയാ പ്രഘോഷിക്കുമ്പോള്‍, ഇരുട്ടിന്റ നിഴലില്‍ നിത്യമരണമുറപ്പാക്കുന്ന സര്‍വ്വകാലത്തും ക്രിസ്തു പ്രസക്തനാകുന്നു; തിരുപ്പിറവി സത്യമാകുന്നു.

അപ്പോഴും നിഴലിരുളില്‍ നിന്നും നീങ്ങി നില്‍ക്കാനാഗ്രഹിക്കാത്തവരുടെ ക്രിസ്മസ് ആഘോഷം ഒന്നാന്തരം അവഹേളനമാണെന്ന് തിരിച്ചറിയണം. 'രാത്രി കഴിയാറായെന്നും, പകല്‍ ആസന്നമായെന്നും' മനസ്സിലാകാതെ 'നികത്തപ്പെടാത്ത താഴ്‌വരകളും', 'നേരെയാക്കാത്ത പാതവളവുകളും' ജീവിതശൈലിയാക്കിയവര്‍ക്ക് ക്രിസ്മസ് ആണ്ടറുതിയിലെ ആരവദിനം മാത്രമാണ്. ധാര്‍ഷ്ട്യത്തിന്റെ കുന്നിടിയണം, കാപട്യത്തിന്റെ കൗടില്ല്യമൊഴിയണം. എങ്കില്‍ മാത്രമേ പുല്‍ക്കൂട്ടിലെ പുഞ്ചിരി ജീവിതവെളിച്ചമാകൂ.

വാഗ്ദാന പൂര്‍ണ്ണിമയാണ് ക്രിസ്മസ്. പറുദീസായില്‍നിന്നു പുറത്താക്ക പ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗം നല്കിയ രക്ഷാവാഗ്ദാനത്തിന്റെ സമ്പൂര്‍ണ്ണമായ പൂര്‍ത്തീകരണമാണ് തിരുവവതാരം. കൊടുത്ത വാക്കുകളും, എടുത്ത വ്രതങ്ങളും സത്യസന്ധതയോടെ നിര്‍വ്വഹിക്കപ്പെടുന്നിടത്തെല്ലാം ക്രിസ്തുവുണ്ട്, ക്രിസ്മസും. വേദപുസ്തകത്തിലെ സത്യത്തെ ജീവിതശൈലിയാക്കുന്ന സഭാ സമൂഹത്തിനും നേതൃത്വത്തിനുമാണ് ക്രിസ്മസിന്റെ ആനന്ദാവകാശം. ദൈവം ജനാഭിമുഖം നിന്ന അനുഭവമാണ് തിരുപ്പിറവി. വിണ്ണ് മണ്ണിനോട് സമ്പൂര്‍ണ്ണ മായി സംവദിച്ചപ്പോള്‍ സംഭവിച്ചതാണ് ക്രിസ്മസ്. സംഭാഷണത്തിന്റെ സാഹോദര്യത്തെ നിരന്തരം നിരാകരിക്കുന്നവര്‍ക്ക് ക്രിസ്തു അപരിചിതനാണ്, ക്രിസ്മസ് അനുചിതവും.

ക്രിസ്മസ് വെറും ആഘോഷമായി ചെറുതാകുന്നതിന്റെ സങ്കടക്കാഴ്ചകളാണ് ചുറ്റും. 'സാന്റാ'യും 'ട്രീ'യും 'സമ്മാനപ്പൊതി'കളും പ്രതീകങ്ങളാകാതെ കേവല യാഥാര്‍ത്ഥ്യങ്ങളാകുന്ന പുതിയ കാലത്ത് ഉണ്ണിയേശു പുല്‍ ക്കൂട്ടില്‍ ഒന്നുകൂടി ചെറുതാകുകയാണ്. എല്ലാം റെഡിമെയ്ഡായി മുന്നിലെത്തുന്നതിനാല്‍ ഒരുമിച്ചൊരുക്കുന്നതിന്റെ കൂട്ടായ്മാ സുഖം വീടുകളില്‍ നഷ്ടമാകുന്നു. കാര്‍ഡയയ്ക്കല്‍ ശ്രമകരമാകയാല്‍ വാട്‌സാപ്പിലെ സന്ദേശങ്ങളില്‍ തിരുപ്പിറവിയറിയിപ്പുകള്‍ ചുരുങ്ങിയൊതുങ്ങുന്നു. വിലക്കുറവിന്റെ ഉത്സവക്കാലമായി മാത്രം ക്രിസ്മസ് സീസണ്‍ പരിമിതപ്പെടുന്നിടത്തും അതിന്റെ പറഞ്ഞൊതുക്കലുണ്ട്.

ആഘോഷങ്ങളുടെ ആരവങ്ങളില്‍ നിന്നു ക്രിസ്തുവും ക്രിസ്മസും ഇറ ങ്ങി വരേണ്ടതുണ്ട്. അതിന്റെ ആനന്ദാവകാശത്തിനായി സന്മനസ്സിന്റെ നേരനുഭവങ്ങളിലേക്ക് നാം നിര്‍ബന്ധമായും നീങ്ങി നില്‍ക്കണം. കുടുംബത്തില്‍ ആറാമത്തെ കുഞ്ഞ് ജനിച്ചതിന്റെ അപമാനഭീതിയിലും നിസ്സഹായതയിലും അമ്മയുെടയും മൂത്ത സഹോദരിയുടെയും കൈകളില്‍ ശ്വാസംകിട്ടാതെ പിടഞ്ഞ നവജാത ശിശുവിന്റെ നടുക്കുന്ന ഓര്‍മ്മയിലാണിത്തവണ കേരളത്തിലെ ക്രിസ്മസ്. ആരവങ്ങള്‍ക്കിടയില്‍ അത് മറന്നുപോകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org