
ചരിത്രത്തിലെ ആദ്യത്തെ 'ബ്ലാക്ക് ഫസ്റ്റ് ലേഡി' എന്ന ശീര്‍ഷകം ഒരംഗീകാരമാണോ അപകീര്‍ത്തികരമാണോ എന്ന് വിവേച്ചറിയാനാകാത്ത രീതിയില്‍ വായനക്കാര്‍ കുഴഞ്ഞുപോകുന്ന രീതിയിലാണ് മിഷേല്‍ ഒബാമയുടെ 'becoming' എന്ന പുസ്തകത്തിലെ വരികള്‍. ചരിത്രത്തില്‍ അന്നുവരെ അമേരിക്കയിലെ വൈറ്റ് ഹൗസ് പ്രഥമ വനിത പദവി അലങ്കരിച്ചത് മുഴുവന്‍ വെളുത്ത വനിതകളായിരുന്നു. വര്‍ണ്ണവിവേചനത്തെ വെറുത്തിരുന്ന ലോകജനതകള്‍ മുഴുവന്‍ ഒബാമയേയും മിഷേലിനേയും വാനോളം വാഴ്ത്തിയപ്പോള്‍ അത്ര ആനന്ദമില്ലാതിരുന്ന വെളുത്ത മനുഷ്യരും അവിടെ അവശേഷിച്ചിരുന്നു. അതുകൊണ്ടാണ് തന്റെ ആത്മകഥാരേഖയില്‍ മിഷേല്‍ ഇങ്ങനെ കുറിച്ചിട്ടത്.
''വൈറ്റ് ഹൗസില്‍ കാലുകുത്തിയ ഒരേയൊരു ആഫ്രിക്കന്‍ അമേരിക്കന്‍ പ്രഥമ വനിത എന്ന നിലയില്‍, ഞാന്‍ സ്വതവേ 'വ്യത്യസ്ത'യായിരുന്നു. എന്റെ വെള്ളക്കാരായ മുന്‍ഗാമികള്‍ക്ക് ഡിഫോള്‍ട്ടായി ലഭിച്ചുകൊണ്ടിരുന്ന ഭയഭക്തി ബഹുമാനങ്ങളൊക്കെ, എനിക്ക് അങ്ങനെതന്നെ കിട്ടാന്‍ സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു. ഇതുവരെ എന്നതിനേക്കാള്‍ മികച്ചവളും വേഗതയുള്ളവളും ശക്തയുമായി മാറേണ്ടവളാണ് ഞാന്‍ എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.''
പുരുഷമേല്‍ക്കോയ്മ പെരുത്തു നില്‍ക്കുകയും സ്ത്രീത്വത്തിനു നിരന്തരം പരിക്കു പറ്റുകയും ചെയ്യുന്ന ഭാരതം പോലുള്ള ഇടങ്ങളില്‍ ഈ 'ഇന്‍ഫിനിറ്റ് ഇവോള്‍വിങ്' നിലച്ചു പോയ സ്ത്രീകളാണ് കൂടുതലും. ആരൊക്കെയോ ആയിത്തീരാന്‍ കൊതിച്ചിട്ടും, ആരുടെയൊക്കെയോ കൊതി തീര്‍ക്കാനായി വിധിക്കപ്പെട്ടവരായി അവര്‍ മാറ്റപ്പെടുന്നു. കന്നുകാലിച്ചന്തയില്‍ മാടുകള്‍ക്ക് മാര്‍ക്കറ്റ് വില നിശ്ചയിക്കും കണക്ക് പെണ്‍കുരുന്നുകള്‍ക്ക് അവര്‍ വിലയിടുന്നു.
ചുരുക്കം പറഞ്ഞാല്‍, വര്‍ണ്ണവിവേചനത്തിന്റെ വൃക്ഷങ്ങള്‍ക്ക് മേല്‍ കോടാലി വയ്ക്കപ്പെട്ടിരുന്നുവെങ്കിലും ആഴ്ന്നിറങ്ങിയ തായ്‌വേരുകള്‍ ചുമന്നുകൊണ്ട് വെളുത്തവര്‍ഗക്കാര്‍ ചിരിച്ചുകൊണ്ടു അവിടെ നടന്നിരുന്നു.
ഫെമിനിസത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും വിമന്‍സ് ഡേയുടെയുമൊക്കെ ഈറ്റില്ലമെന്ന് ഊറ്റം കൊള്ളുന്ന ഒരു ദേശത്താണ് പ്രഥമ വനിതപട്ടം പേറുന്ന ഒരു കറുത്ത വര്‍ഗക്കാരി സ്ത്രീക്ക് വിവേചനത്തിന്റെയും അവഗണയുടെയും വംശീയ വേര്‍തിരിവുകളുടെയും പൊള്ളലേല്‍ക്കുന്നത്. ആത്മകഥയ്ക്ക് അവരെഴുതിവച്ച ശീര്‍ഷകം (becoming) പോലെ 'ഇതൊരു അവസാനിക്കാത്ത പോരാട്ടമാണ്.'
അതുകൊണ്ടാണ് 'എന്തുകൊണ്ട് പുസ്തകത്തിനു becoming എന്ന പേരിട്ടു?' എന്ന ഓപ്രയുടെ ചോദ്യത്തിന് മിഷേല്‍ ഇങ്ങനെ മറുപടി കൊടുത്തത്.
''കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ ചോദിക്കുന്നതില്‍ വച്ചേറ്റവും മോശമായതും, ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതുമായ ഒരു ചോദ്യമാണ് 'വലുതാകുമ്പോള്‍ ആരായിത്തീരണം' എന്നത്. മരണം വരെ നമ്മള്‍ ആരുമായിത്തീരുന്നില്ല. ആരൊക്കെയോ ആയിത്തീരാനുള്ള ഇന്‍ഫിനിറ്റ് ഇവോള്‍വിങ്ങിലാണ് നമ്മളൊക്കെ.''
പുരുഷമേല്‍ക്കോയ്മ പെരുത്തു നില്‍ക്കുകയും സ്ത്രീത്വത്തിനു നിരന്തരം പരിക്കു പറ്റുകയും ചെയ്യുന്ന ഭാരതം പോലുള്ള ഇടങ്ങളില്‍ ഈ 'ഇന്‍ഫിനിറ്റ് ഇവോള്‍വിങ്' നിലച്ചു പോയ സ്ത്രീകളാണ് കൂടുതലും. ആരൊക്കെയോ ആയിത്തീരാന്‍ കൊതിച്ചിട്ടും, ആരുടെയൊക്കെയോ കൊതി തീര്‍ക്കാനായി വിധിക്കപ്പെട്ടവരായി അവര്‍ മാറ്റപ്പെടുന്നു. കന്നുകാലിച്ചന്തയില്‍ മാടുകള്‍ക്ക് മാര്‍ക്കറ്റ് വില നിശ്ചയിക്കും കണക്ക് പെണ്‍കുരുന്നുകള്‍ക്ക് അവര്‍ വിലയിടുന്നു. അക്ഷരങ്ങളുടെയും അറിവിന്റെയും ആകാശത്തിലേക്ക് പറക്കാന്‍ നോക്കുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ പെണ്‍ചിറകുകള്‍ അരിയപ്പെടുന്നു. എന്നിട്ടും ചിലര്‍ പൊള്ളലേറ്റ ഉള്‍ത്തടങ്ങളുമായി പൂത്തുനില്‍ക്കുകയാണ്.
വടക്കേ ഇന്ത്യയിലെ ചുവന്ന മണ്ണ് സമരഭൂമിയാക്കി കുറച്ച് സ്ത്രീകള്‍ അനീതിയോടു പോരടിക്കുന്നത് ലോകഭൂപടത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഉടലും ഉശിരും ഉപയോഗിച്ച് നേടിയെടുത്ത മെഡലുകള്‍ കടലിലേക്കെറിയും എന്നാക്രോശിച്ചുകൊണ്ടാണ്, അനീതിക്കെതിരെ സാക്ഷി മാലിക്കും കൂട്ടരും ആഞ്ഞടിച്ചത്.
സ്‌പോര്‍ട്‌സ് അക്കാദമികളിലെ അന്തസ്സില്ലാത്ത ആണുങ്ങളുടെ അക്രമത്തിനെതിരെ തെരുവിലിറങ്ങിയ ചരിത്രം പേറിയവളായതിനാലാണ് 'നൂറു ഗ്രാം' തൂക്കത്തിന്റെ അവിശ്വസനീയമായ കണക്കില്‍പെട്ട് വിനേഷ് ഫോഗാട്ടിന്റെ ഒളിമ്പിക് മെഡല്‍ കാറ്റിലിങ്ങനെ ഉലഞ്ഞുപോയിട്ടും നൂറുകോടി ഭാരതീയരുടെ ഇടനെഞ്ചില്‍ ആ സ്ത്രീയുടെ പേരും രൂപവും തങ്ക നിറത്തില്‍ തിളങ്ങികൊണ്ടിരിക്കുന്നത്.
മലയിറങ്ങി വന്ന ക്രൂരതയുടെ കുത്തൊഴുക്കില്‍ നടുവൊടിഞ്ഞില്ലാണ്ടായ പാലത്തിനു പകരം, ഒരൊറ്റ രാത്രിയും പകലും കൊണ്ട് ബെയ്‌ലി പാലം കേരളത്തിന് കുറുകെ ഉയര്‍ന്നപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ ആര്‍മിയുടെ മേജര്‍ പുരുഷന്മാര്‍ക്കു നടുവില്‍ നട്ടെല്ല് നിവര്‍ത്തിക്കൊണ്ട് ഒരു സ്ത്രീ നിന്നിരുന്നു, മേജര്‍ സീത ഷെല്‍ക്ക!
അദ്ഭുതങ്ങളുടെ ആഴങ്ങളെയും അപകടങ്ങളുടെ തിരമാലകളെയും തുഴഞ്ഞു തോല്‍പ്പിച്ച് അഭിമാനത്തിന്റെ തുറമുഖത്തേക്ക് പായ്‌വഞ്ചിയടുപ്പിച്ച രണ്ടു പെണ്‍കരുത്തുകളെ കേരളം ഞെട്ടല്‍ മാറാതെ നോക്കിയിരിക്കുകയാണ്. കൊടുങ്കാറ്റുകള്‍ പറന്നിറങ്ങുന്ന കടലിനു മുകളില്‍, ഇടിമിന്നലുകള്‍ ഇടതൂര്‍ന്നിറങ്ങുന്ന കടലിടനാഴികളില്‍ കാട്ടുചെമ്പകം പൂത്തപോലെ കോഴിക്കോടുകാരി ദില്‍നയും പുതുച്ചേരിക്കാരി രൂപയും.
പൊള്ളലേറ്റ പൂമരങ്ങള്‍ക്കിങ്ങനെ പൂത്തുലയാനാകുമെങ്കില്‍, വെയിലും വാത്സല്യവുമേറ്റ് വളര്‍ത്തപ്പെടുന്ന പെണ്‍കുരുന്നുകള്‍ക്കെത്ര ലാവണ്യമായി പൂക്കാനും കായ്ക്കാനുമാകും! ഒന്ന് മാത്രം ചെയ്യുക ഇന്‍ഫിനിറ്റ് ഇവോള്‍വിങ്ങില്‍ നിന്നും പിന്മാറാതിരിക്കുക!
പൊരുതുക പോരാടുക!