ഇന്ത്യ ഭാരതമാകുമ്പോള്‍

ഇന്ത്യ ഭാരതമാകുമ്പോള്‍

ഇന്ത്യയെ ഭാരതമാക്കാനുള്ള ചര്‍ച്ചകള്‍ കൊണ്ട് നമ്മുടെ രാഷ്ട്രീയ പരിസരം സജീവമാകുമ്പോള്‍ പേര് രാഷ്ട്രീയപ്പോരിന് ആധാരമാകുന്നതിന്റെ അപകടം അടുത്താവുകയാണ്.

ഔദ്യോഗിക വിഭജനത്തിന്റെ ആദ്യനിമിഷം മുതല്‍ ഇന്ത്യയെന്നും, പാക്കിസ്ഥാനെന്നും അറിയപ്പെട്ട രണ്ട് ദേശങ്ങളെ സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃതകാലത്ത്' അങ്ങനെയല്ലാതാക്കുന്ന നീക്കങ്ങളെ നിഷ്‌ക്കളങ്കം എന്ന് കരുതി അവഗണിക്കാനാവില്ലെന്ന് വ്യക്തമാകുന്നുണ്ട്. 'ഇന്ത്യയെ' തങ്ങള്‍ക്കു വേണം എന്നാവശ്യപ്പെട്ട പാക്ക്‌വാദികളോട് സമാനതകളില്ലാതെ തര്‍ക്കിച്ചും സമര്‍ത്ഥിച്ചും സ്വന്തമാക്കിയ പേരില്‍ ഒരുപാടു പേരുടെ പോരടങ്ങുന്നുണ്ടെന്നതാണ് വാസ്തവം.

ഭരണഘടനാശില്പിയായിരുന്ന ഡോ. ബി. ആര്‍. അംബേദ്ക്കര്‍ തന്നെയാണ് രാജ്യത്തിന്റെ പേരായി ഇന്ത്യ തന്നെ വേണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ കരടു ഭരണഘടനയില്‍ 'ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് എഴുതിച്ചേര്‍ത്തപ്പോള്‍ രാജ്യത്തിന്റെ പേര് മാത്രമല്ല, അതിന്റെ രാഷ്ട്രീയാസ്തിത്വത്തെ തന്നെയും അതുവഴി അടയാളപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഭരണഘടനാ സമിതിയില്‍ ചിലര്‍ ഭാരതത്തിനുവേണ്ടി വാദിച്ചപ്പോള്‍ 'ഇന്ത്യ അതായത് ഭാരതം' എന്നാക്കി വിശദീകരിച്ചുകൊണ്ട് പരിഷ്‌ക്കരിച്ചു. അപ്പോഴും രാജ്യത്തിന്റെ പേരായി ഭരണഘടന അംഗീകരിച്ചത് ഇന്ത്യ എന്നു തന്നെയാണ്. ഇംഗ്ലീഷില്‍ എഴുതപ്പെട്ട ഇന്ത്യന്‍ ഭരണഘടനയില്‍ സൂചിപ്പിക്കപ്പെട്ട ഇന്ത്യയുടെ ഹിന്ദി മൊഴിമാറ്റമെന്ന നിലയിലാണ് ഭാരതം സ്വീകരിക്കപ്പെട്ടത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗികനാമം.

പതിറ്റാണ്ടുകളായി സ്വീകരിക്കപ്പെട്ട ഇന്ത്യയെന്ന പേരിനെതിരെ ഇപ്പോള്‍ പോര് തുടങ്ങിവച്ചത് ബി ജെ പി യാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്നു പുതുതായി തുടങ്ങിയ INDIA എന്ന കൂട്ടായ്മയ്‌ക്കെതിരായ പ്രതിഷേധമായിട്ടാണ് ഇന്ത്യയ്‌ക്കെതിരായ 'ഭാരത'ത്തിന്റെ പുതിയ യുദ്ധ പ്രഖ്യാപനം! പ്രതിപക്ഷ കക്ഷികളുടെ അലയന്‍സിന് INDIA എന്ന പേരിട്ടത് അനാവശ്യമായ പ്രകോപനമായിരുന്നു എന്ന് വിലയിരുത്തുന്നവരുണ്ട്. ഇന്ത്യയെ വീണ്ടെടുക്കാന്‍ എന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട മുന്നണി ഇപ്പോള്‍ ഒന്ന് ഒരുമിച്ചു കൂടേണ്ടതെവിടെയെന്ന കാര്യത്തില്‍പോലും തീരുമാനമാകാതെ പലതായി ചിതറി പരിഹാസ്യമാവുകയാണ്.

സെപ്തംബര്‍ ആദ്യം ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിശിഷ്ടവ്യക്തികള്‍ക്ക് രാഷ്ട്രപതി നല്കിയ അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് അച്ചടിച്ചതോടെ പേര് മാറ്റത്തിന്റെ രാഷ്ട്രീയപ്പോരിന് ഓദ്യോഗികമാനം കൈവന്നു. നോട്ട് നിരോധനം പോലുള്ള ആനമണ്ടത്തരത്തിന് രാജ്യം നല്കിയ വില മറന്നു തുടങ്ങുന്നതിനു മുമ്പുതന്നെ പേര് മാറ്റമെന്ന തുഗ്ലക്ക് പരിഷ്‌ക്കാരത്തിലൂടെ രാജ്യത്തെത്തന്നെ ഇല്ലാതാക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പേര് മാറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ഉറപ്പായിരിക്കെ, തിരഞ്ഞെടുപ്പ് രാഷ്ട്രീയപ്പോരിലേക്ക് രാഷ്ട്രത്തെപ്പോലും വലിച്ചിഴയ്ക്കുന്നതെന്തിനെന്നാണ് 'രാജ്യസനേഹികള്‍' പോലും ചോദിക്കുന്നത്.

ഏറ്റവും ഒടുവില്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേരായി 'ഇന്ത്യ' എന്നതിനു പകരം 'ഭാരതം' എന്ന് ഉപയോഗിക്കണമെന്ന് എന്‍ സി ഇ ആര്‍ ടി യുടെ സാമൂഹിക ശാസ്ത്ര പാഠപുസ്തക പരിഷ്‌ക്കരണ സമിതി സമര്‍പ്പിച്ച ശുപാര്‍ശ പേര് മാറ്റത്തെ അക്കാദമിക് തലത്തിലേക്ക് കൂടി എത്തിച്ച് വഷളാക്കി. പുരാണചരിത്രത്തെ ക്ലാസ്സിക് ചരിത്രമാക്കി മൊഴിമാറ്റി, ഇന്ത്യയെക്കാള്‍ ശക്തവും പുരാതനവുമാണ് ഭാരതമെന്ന് സമര്‍ത്ഥിക്കാനാണ് നീക്കം. കൂടാതെ ഇന്ത്യ എന്ന പേര് വെറും 200 വര്‍ഷം മാത്രം പ്രായമുള്ള കൊളോണിയല്‍ അധനിവേശ ചരിത്രത്തിന്റെ അവശേഷിപ്പാണ്, അതിനാല്‍ ഇന്ത്യ ഭാരതമാവുക തികച്ചും ഉചിതമാണെന്നാണ് വാദം.

നെഹ്‌റു ഒരിക്കല്‍ എഴുതി ''ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന വികാരം ഭയമാണ്. വ്യാപകവും ഞെരുക്കുന്നതും ശ്വാസംമുട്ടിക്കുന്നതുമായ ഭയം.'' ഭയം സൃഷ്ടിക്കുന്ന ദുര്‍ഭൂതങ്ങള്‍ അന്നു മാത്രമല്ല, എന്നുമുണ്ട്. ഇന്നിപ്പോള്‍ അത് കൂടുതല്‍ തീവ്രവുമാണ്. വെറുപ്പുല്പാദനത്തില്‍ മാത്രം ഉത്സാഹഭരിതമാകുന്ന 'ഭാരത'ത്തില്‍ ഇന്ത്യയില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പുകള്‍ കൊണ്ട് മാത്രം അടയാളപ്പെടുന്ന ആധുനിക ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ പ്രകടനം അനാവശ്യമായ ആഡംബരമാണ്; ചിലപ്പോള്‍ അപകടകരവും. ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രചാരണച്ചൂട്ടാക്കുന്ന മോദിഭാരതത്തില്‍ ഇ ഡി തന്നെ പോളിംഗ് ബൂത്ത് ഏജന്റാവുക സ്വാഭാവികമാകും. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവശേഷിപ്പായ ഭയം ഇന്നും വിട്ടുപോയിട്ടില്ലാത്ത നാട്ടില്‍ ഇന്ത്യ മാറി ഭാരതമായാലും ഭയജന്യസാഹചര്യങ്ങള്‍ക്ക് മാത്രം മാറ്റമില്ല. കൊളോണിയല്‍ ദാസ്യം പേരിലല്ല പെരുമാറ്റത്തിലാണ് എന്ന വസ്തുത വെളിപ്പെടുത്തിക്കൊണ്ട് ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷ വിഷയത്തില്‍ ഒരേ സമയം പല നിലപാട് നമുക്കുണ്ടായത് മറക്കരുത്.

ലോകം നമ്മെ ഉറ്റുനോക്കുന്നുവെന്ന് നാഴികയ്ക്ക് നാല്പതുവട്ടം മോദി ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ഉറ്റുനോക്കുന്നത് ആദരവോടെയല്ലെന്നതാണ് സത്യം. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ നമ്മുടെ സ്ഥാനം 85 ആണ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഹ്യൂമന്‍ കാപ്പിറ്റല്‍ ഇന്‍ഡക്‌സില്‍ 133 ഉം, ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ 131 ഉം ആണ് നമ്മുടെ സ്ഥാനം. 2014-ല്‍ മാത്രം എന്തോ വലിയ സംഭവമായിത്തീര്‍ന്ന നമ്മുടെ രാജ്യം പ്രധാന വികസന സൂചികകളിലെല്ലാം താഴെയാണ്, താഴോട്ടാണ്.

ഇന്ത്യ ഭാരതമാകുമ്പോള്‍ സംഭവിക്കുന്നതു പേരുമാറ്റം മാത്രമല്ല. ഇന്ത്യയെന്ന വൈവിധ്യത്തിന്റെ, ശാസ്ത്രീയ നിരീക്ഷണ പുരോഗതിയുടെ, സമഗ്ര സ്വഭാവം തന്നെയാണ് നഷ്ടമാകുന്നത്. പുരാണത്തെ ചരിത്രമാക്കുന്ന, ഭൂരിപക്ഷ മത ന്യായം ജീവിതക്രമമാക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് ഭാരതമെങ്കില്‍, അതില്‍ ഇന്ത്യയില്ലെന്ന് സങ്കടത്തോടെ സമ്മതിക്കേണ്ടി വരും. ബഹുസ്വരതയെ അടിപ്പടവാക്കുന്ന ആധുനിക ഇന്ത്യയെന്ന സാംസ്‌കാരിക ഭാരതത്തെ നമ്മുടെ നാട് പ്രതിനിധീകരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org