ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?!

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?!

രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രു ആര്‍എസ്എസ്-ബിജെപി അച്ചുതണ്ടാണെന്ന പ്രഖ്യാപനത്തോടെ സിപിഎംന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ കൊടിയിറങ്ങി. പാര്‍ട്ടി അണികളിലധികവും കേരളത്തില്‍ നിന്നാകുന്നതും, പാര്‍ട്ടി സ്വാധീനവും ഭരണവും കേരളത്തില്‍ മാത്രമാകുന്നതും പാര്‍ട്ടി സമ്മേളനത്തെ ചരിത്ര സംഭവമാക്കി.

പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു ചുറ്റും കറങ്ങുന്ന കാഴ്ചയാണ് സമ്മേളനവേദിയില്‍ കണ്ടത്. 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതേതര മുന്നണിയെ ശക്തിപ്പെടുത്താനുള്ള സജീവ നീക്കങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയ്ക്കുമ്പോഴും അത് കോണ്‍ഗ്രസ്സിനെ മുന്നില്‍നിറുത്തി വേണമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ കേന്ദ്ര നേതൃത്വമൊഴിഞ്ഞത് സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് മനസ്സിലായി. ഇതിനിടയില്‍ കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ നിലപാടിന്റെ ആര്‍ജ്ജവമളക്കുന്ന നേതാക്കളെയും സമ്മേളനത്തില്‍ കണ്ടു. തെരഞ്ഞെടുപ്പിനു മുമ്പുള്ള ദേശീയ മുന്നണി നീക്കം അനാവശ്യമാണെന്ന പാര്‍ട്ടി കോണ്‍ ഗ്രസ് നിലപാട് ബി.ജെ.പി. ഇതര ദേശീയ ബദലിന്റെ ദിശ തെറ്റിക്കുമെന്നുറപ്പാണ്. ധാരണകള്‍ പ്രാദേശികതലത്തില്‍ മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍, തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂടിച്ചേരലിനുള്ള നയവും ന്യായവും കണ്ടെത്തുക എളുപ്പമായിരിക്കില്ല.

കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിശാല മതേതര മുന്നണിയുടെ രൂപീകരണ ചര്‍ച്ചകളെ പാതി വഴിയിലുപേക്ഷിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് പരിതാപകരമെന്നേ പറയാവൂ. അതേ സമയം മൃദു ഹിന്ദുത്വ നിലപാടിലൂടെ ഭൂരിപക്ഷ പിന്തുണയുറപ്പാക്കാമെന്ന പഴകിപ്പൊളിഞ്ഞ മതാതുര നയവുമായി മുന്നോട്ടെന്ന കോണ്‍ഗ്രസ് നിലപാടും തിരുത്തപ്പെടണം. ഏറ്റവും ഒടുവില്‍, മദ്ധ്യപ്രദേശില്‍, കോണ്‍ഗ്രസ്സുകാര്‍ രാമനാമം ജപിക്കണ മെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അതിന്റെ മതേതര പാരമ്പര്യത്തെ പരിഹസിക്കുന്നുവെന്നു മാത്രമല്ല, ബി.ജെ.പിയുണ്ടാക്കുന്ന അജണ്ടകളെ അന്ധമായി അനുഗമിക്കുന്ന അപഹാസ്യരീതികളെ അത് എപ്പോഴും അവലംബിക്കുന്നുവെന്ന ഗുരുതര പ്രശ്‌നവുമുണ്ട്.

വിഷുദിനത്തില്‍, കേരളത്തില്‍ നടന്ന അരുംകൊലകളെ രണ്ട് തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള സംഘട്ടനം മാത്രമായി ചെറുതാക്കുന്ന തരത്തിലുള്ള പ്രസ്താവന ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്നണി നേതാവില്‍നിന്നും വന്നത് അമ്പരപ്പോടെയാണ് കേരളം കണ്ടത്. 'മുന്‍കൂട്ടി അറിയിച്ചിട്ടല്ല അരുംകൊലകള്‍' എന്നത് അതിനെതിരെ സാമൂഹ്യജാഗ്രതയുറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തെ ഇല്ലാതാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇടതു മുന്നണിയിലെ വലതുപക്ഷ നേതാവിന് മറുപടിയുണ്ടായില്ല. ഇതിനിടയില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കു കാരണം ഭൂരിപക്ഷ വര്‍ഗ്ഗീയതയാണെന്നും, ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് വലിയ അപകടവുമെന്ന മട്ടില്‍ ഭരണ മുന്നണിയിലെ മറ്റൊരു നേതാവിന്റെ പ്ര സ്താവനയും വന്നു. വര്‍ഗ്ഗീയതയ്ക്കിടയില്‍പ്പോലും വേര്‍തിരിവുണ്ടാക്കി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്കുറപ്പിക്കുന്ന ഇടതുപാര്‍ട്ടിക്ക് കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വത്തെ വിമര്‍ശിക്കാന്‍ എന്തവകാശം എന്ന് ചോദിക്കുന്നവരുണ്ട്. വര്‍ഗ്ഗീയത, ആരുയര്‍ത്തിയാലും തെറ്റെന്ന് പറയാനുള്ള ആര്‍ജ്ജവത്വം ഇടതു വലതു മുന്നണികള്‍ പ്രകടിപ്പിക്കണം. സൗകര്യപ്രദമായ മതേതരത്വമല്ല, സകലരെയും സമഭാവനയോടെ വീക്ഷിക്കുന്ന മതനിരപേക്ഷരാഷ്ട്രീയമാണ് വേണ്ടത്.

മതേതര ജനാധിപത്യത്തില്‍നിന്നും വംശീയാധിപത്യത്തിലേയ്ക്ക് അതിവേഗം വഴുതിപ്പോകുന്ന ഇന്ത്യയെ വര്‍ഗ്ഗീയ ശക്തികളില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള അവസാന അവസരമാണിത്. കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യത്തെ കുറ്റം പറയുന്നവര്‍ വിദ്വേഷ രാഷ്ട്രീയത്തിലൂടെ വിഭജിതമാകുന്ന ഇന്ത്യയെക്കുറിച്ച് വിലപിക്കാത്തതെന്താണ്? ഹിന്ദിയെ, ഭാഷയുടെ ഭിന്നരൂപമായി മാത്രമല്ല, ഭിന്നിപ്പിക്കുന്ന ഭാഷണ കലയായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി തന്നെ അവതരിപ്പിക്കുമ്പോള്‍ വൈവിധ്യത്തെ വൈരുദ്ധ്യമായി വിധിച്ച് ഇല്ലാതാക്കുന്നത് ഇന്ത്യയെന്ന ദേശ നാമത്തെ തന്നെയാണ്.

പ്രാദേശിക രാഷ്ട്രീയ മേല്‍ക്കോയ്മാ സാധ്യതകളെ മറന്ന് ദേശീയ ബദലിനുള്ള പരിശ്രമങ്ങള്‍ക്ക് പ്രതിപക്ഷകക്ഷികള്‍ നേതൃത്വം നല്‌കേണ്ട ചരിത്ര മൂഹൂര്‍ത്തമാണിത്. ബദല്‍ മുന്നണി നേതൃത്വത്തില്‍ ആര് എന്നതിനേക്കാള്‍, മുന്നണിയെത്തന്നെ നേതൃസ്ഥാനത്തെത്തിക്കുകയാണ് പരമപ്രധാനം. ഒരിക്കല്‍ക്കൂടി ചരിത്രപരമായ അബദ്ധം ആവര്‍ത്തിക്കില്ലെന്ന നിലപാടിലുറയ്‌ക്കേണ്ടത് ഇപ്പോള്‍ ഇടതുമുന്നണിയാണ്; സി.പി.എം. ആണ്. ഓര്‍ക്കുക, ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല.

Related Stories

No stories found.