പ്രഥമമാകാത്ത ദിവ്യകാരുണ്യസ്വീകരണം

പ്രഥമമാകാത്ത ദിവ്യകാരുണ്യസ്വീകരണം

ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ആഘോഷാരവങ്ങളുടെ സമയമാണിത്. രക്ഷകനായ ഈശോ ദിവ്യകാരുണ്യമായി കുഞ്ഞുങ്ങളുടെ നാവില്‍ അലിയുന്ന അനുഗ്രഹീത നിമിഷങ്ങള്‍ക്ക് പള്ളിയും പരിസരവും സാക്ഷികളാകുന്ന സന്ദര്‍ഭം. അത് അവിസ്മരണീയമാക്കാനുള്ള ശ്രമങ്ങളില്‍ പക്ഷേ, അനുകരണമല്ലാത്ത പലതും കടന്നു കൂടുന്നുവെന്നത് പുതിയ കാലത്തിന്റെ വലിയ സങ്കടമാണ്.

അടുത്ത ബന്ധുക്കളുടെയും അയല്‍ക്കാരുടെയും മാത്രം കൂടിച്ചേരലിനുള്ള അവസരമെന്നതിനപ്പുറം നാടറിഞ്ഞ് 'നന്നായി' നടത്തേണ്ട ചടങ്ങായി ദിവ്യകാരുണ്യ സ്വീകരണം മാറിപ്പോയതിന്റെ കാരണങ്ങളില്‍ അര്‍ത്ഥമറിയാതെ അനുഷ്ഠാനം മാത്രമായി ചെറുതായിപ്പോയത് തന്നെയാണ് പ്രഥമവും; പ്രധാനവൂം.

കല്യാണച്ചടങ്ങുകളെ പോലെ തന്നെ ഇവന്റ് മാനേജ്‌മെന്റുകളുടെ സഹായത്തോടെ അവ നന്നായി 'സംഘടിപ്പിക്ക'പ്പെടുന്നതിനുള്ള പ്രധാന ന്യായം 'ഇനി ഇതുപോലൊന്ന് കല്യാണവസരത്തിലല്ലേ?' എന്നതാണ്. തങ്ങളുടെ നിലയും വിലയും പ്രകടിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവസരമായി ദിവ്യകാരുണ്യ സ്വീകരണ വേദിയെ 'പ്രയോജനപ്പെടുത്തുന്നവര്‍' ആദ്യകുര്‍ബാനയനുഭവത്തിന്റെ ആന്തരികതയെ ആഴത്തില്‍ അറിയാതെ അത് ഒരു ചടങ്ങ് മാത്രമായി അധഃപതിപ്പിക്കുകയാണ്.

പരിശീലന ക്ലാസുകള്‍ തുടങ്ങുംമുമ്പേ, ദിവ്യകാരുണ്യസ്വീകരണദിനം ധരിക്കേണ്ട ഡ്രസ്സ് കോഡിനെക്കുറിച്ചാണ് മാതാപിതാക്കളുടെ ആദ്യത്തെ ആകുലത!! ചര്‍ച്ചകളുടെ സിംഹഭാഗവും 'ചടങ്ങ്' ഗംഭീരമാക്കുന്നതിനെക്കുറിച്ചാണ് എന്നതും സങ്കടകരമാണ്. പ്രധാനപ്പെട്ട നമസ്‌ക്കാരങ്ങളും പ്രാര്‍ത്ഥനകളും ഹൃദ്വിസ്ഥമാക്കുക വഴി ദിവ്യകാരുണ്യനാഥനോടൊത്തുള്ള സമ്പൂര്‍ണ്ണ ഐക്യജീവിതത്തെ ക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ കുട്ടികളില്‍ ഉറയ്ക്കുംമുമ്പേ, ബാഹ്യമായ ആടയാഡംബരങ്ങളില്‍ കുഞ്ഞുങ്ങളും വല്ലാതെ കുരുങ്ങിപ്പോകുന്നുണ്ട്.

ദിവ്യകാരുണ്യസ്വീകരണത്തിന്റെ ദേവാലയശുശ്രൂഷകള്‍ ഏറ്റവും ഭംഗിയാക്കാനുള്ള അധികശ്രദ്ധയില്‍, അതിന്റെ ആന്തരിക ചൈതന്യം അന്യമാകുന്നുണ്ടോ എന്നതും വിലയിരുത്തപ്പെടണം. നിരയില്‍ നിറുത്തി ഒതുക്കിയൊരുക്കുമ്പോള്‍ മാത്രമല്ല, അനാവശ്യമായ പ്രകടനപരതയുടെ പ്രദര്‍ശനപ്പെരുമയിലും പള്ളിക്കുള്ളിലെ പരിപാടികള്‍ പരിധി വിടാറുണ്ട്. 'ഡെക്കോറം' പാലിക്കാനുള്ള അമിതാവേശത്തില്‍ ആരും മുറിപ്പെടുന്നില്ലെന്നും ഉറപ്പാക്കണം.

ദിവ്യകാരുണ്യ സ്വീകരണത്തിന്റെ അനുബന്ധമായി മദ്യസല്‍ക്കാരം പതിവാകുന്നതു തന്നെയാണ് ഈ വഴിയിലെ ഏറ്റവും പരിഹാസ്യമായ അപകടം. ദിവ്യകാരുണ്യസ്വീകരണാനന്തരം തന്റെ ഉള്ളിലലിഞ്ഞ ഈശോയുടെ സാന്നിധ്യത്തെ സംശയിച്ച ഒരു കുഞ്ഞ്, അതിന് കാരണമായിപ്പറഞ്ഞ സങ്കടം ഉള്ളുലയ്ക്കുന്നതായിരുന്നു. 'എന്റെ പപ്പ കഴിക്കുന്ന വൈന്‍ തന്നെയാണോ ഞാനും സ്വീകരിച്ചത്?' ദിവ്യകാരുണ്യസ്വീകരണദിനം തന്നെ ഉറയ്ക്കാത്ത ചുവടുക ളോടെ നില്‍ക്കുന്ന പപ്പയുടെ മുഖം ആ ചോദ്യത്തിന്റെ മുമ്പില്‍ ചൂളിച്ചുരുങ്ങിയില്ലെന്നതാണ് ഏറ്റവും ഭയാനകമായ സത്യവും. ദിവസങ്ങള്‍ക്കുമുമ്പ് പാലായ്ക്കടുത്ത് ദിവ്യകാരുണ്യസ്വീകരണ മദ്യസല്‍ക്കാരച്ചടങ്ങില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുംവിധം കൊലവിളി ഉയര്‍ന്നത് മറക്കാറായിട്ടില്ല.

ഈശോ അപ്പം വര്‍ധിപ്പിച്ച അത്ഭുതത്തെ വിശുദ്ധ കുര്‍ബാനയുടെ ആന്തരികാടരുകളെ വെളിപ്പെടുത്താനുള്ള അടയാളമായി അവതരിപ്പിക്കുന്ന യോഹന്നാന്‍ സുവിശേഷകന്‍ (യോഹ. 6:9) അഞ്ച് ബാര്‍ലിയപ്പവും രണ്ട് മീനുമായി നില്‍ക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. വിശുദ്ധ കുര്‍ബാനയുടെ സത്യത്തോട് ഒരു കുഞ്ഞിന്റെ പങ്കുവയ്പിനെ ചേര്‍ത്തുപിടിക്കുന്ന ക്രിസ്തു, എന്നും കുട്ടികളെ ഗൗരവത്തിലെടുത്തുവെന്നതും ഇതിനോടൊപ്പം ചേര്‍ത്തു ചിന്തിക്കണം. 'അവരെ അവനിലേക്ക് തടസ്സപ്പെടുത്തുന്ന ആരെയും എന്തിനെയും' ഉത്തരവാദിത്വപ്പെട്ട സമൂഹവും സഭാനേതൃത്വം തടയുക തന്നെ വേണം (മത്താ. 19:14).

''അവര്‍ അവനോട് അപേക്ഷിച്ചു; കര്‍ത്താവേ ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ'' (യോഹ. 6:34). ജീവന്റെ അപ്പമായ ദിവ്യകാരുണ്യ നാഥനെ, നമ്മുടെ മക്കള്‍ക്ക് എന്നും നല്‍കുന്ന വിധത്തില്‍ ദേവാലയത്തിനകവും പുറവും ഇനിയും പുതുതാക്കപ്പെടണം. വിശുദ്ധ കുര്‍ബാനയര്‍പ്പണംത്തന്നെയും ദിശവിവാദത്തില്‍ പലതായി ചിതറുമ്പോള്‍, ഒരുക്കത്തോടെ ഒരുമിച്ചെത്തുന്നവര്‍ക്കുള്ളതാണ് അവന്റെ ഒടുവിലത്തെ അത്താഴമേശയുടെ പങ്കും, പങ്കാളിത്തവുമെന്ന് നാം പറഞ്ഞു കൊടുത്ത് പഠിപ്പിക്കണം.

ആഘോഷാരവങ്ങളുടെ കെട്ടുകാഴ്ചകളിലല്ല, ലാളിത്യത്തിന്റെ നിശബ്ദ നിമിഷങ്ങളിലാണ് ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സന്ദര്‍ശനം. ഒരാളുടെ ജീവിതത്തിലേക്ക് ക്രിസ്തു സവിശേഷമായി പ്രവേശിക്കുന്ന സന്ദര്‍ഭമാകയാല്‍ ചടങ്ങല്ല, ചരിത്രമാണിതെന്നും മറക്കാതിരിക്കാം. ആ ചരിത്രനിമിഷത്തെ ശാശ്വതീകരിക്കുമ്പോള്‍ വിവേകവും വിനയവും വിശ്വാസവും നമ്മെ നയിക്കട്ടെ. ലാളിത്യം അതിന്റെ മുഖമുദ്രയാകട്ടെ. അനുഷ്ഠാനബദ്ധമാകാതെ, അര്‍ത്ഥമറിഞ്ഞുള്ള ആചരണമായി നമ്മുടെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം പുതുക്കപ്പെടട്ടെ. കാരണം കര്‍ത്താവിന്റെ കണ്ണും കാതും കരളുമൊക്കെയായി അവര്‍ രൂപാന്തരപ്പെടുന്ന അഭിഷേക നിമിഷങ്ങളാണത്, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org