സംഭാഷണങ്ങളെ ആര്‍ക്കാണ് ഭയം?

സംഭാഷണങ്ങളെ ആര്‍ക്കാണ് ഭയം?

സാധാരണ വിശ്വാസികള്‍ക്ക് വലിയ ഞെട്ടലും അതീവ സങ്കടവുമുളവാക്കിയ സമാനതകളില്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് സീറോ മലബാര്‍ സഭയുടെ ആസ്ഥാന ദേവാലയവും, എറണാകുളം-അങ്കമാലി അതിരൂപതയുടെ മാതൃദേവാലയവുമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാങ്കണം ഇക്കഴിഞ്ഞ 27-ന് സാക്ഷിയായത്.

കത്തീഡ്രല്‍ ദേവാലയത്തില്‍ ഏകീകൃത ബലിയര്‍പ്പിക്കാന്‍ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത 27-ന് ഞായര്‍ അതിരാവിലെ കത്തീഡ്രല്‍ ദേവാലയത്തിലെത്തിയതോടെ ഇരുവിഭാഗമായി വിഘടിച്ച് നിന്ന വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷം പരിധി വിട്ടു. പോലീസ് സംരക്ഷണബലത്തില്‍ വി. കുര്‍ബാനയര്‍പ്പിക്കാമെന്ന ധാരണയിലെത്തിയ മെത്രാപ്പോലീത്തയ്ക്ക് വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചുപോകേണ്ടി വന്നു.

ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ച വമ്പിച്ച പൊലീസ് സന്നാഹമൊരുക്കിയ സുരക്ഷാവലയത്തില്‍ ഇതേ ബസിലിക്കയില്‍ സഭാ തലവനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത ഏകീകൃത കുര്‍ബാനയര്‍പ്പിച്ച അസാധാരണ സാഹചര്യത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലുള്ള കാര്യങ്ങളും കാഴ്ചകളുമായിരുന്നു ബസിലിക്കാ പരിസരം മുഴുവന്‍. ഇക്കുറി അക്രമം തൊട്ടടുത്ത മേജര്‍ ആര്‍ച്ചുബിഷപ് ഹൗസിലേക്കും വ്യാപിച്ചു വഷളായി എന്ന വ്യത്യാസമുണ്ടായി. അറസ്റ്റും പോര്‍വിളിയും അകമ്പടിയായി. വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് ബസിലിക്ക പള്ളി അടപ്പിക്കുകയും ചെയ്തു.

ഭൂമിവിവാദവും വി. കുര്‍ബാനത്തര്‍ക്കവും സഭാന്തരീക്ഷത്തെ കലുഷിതമാക്കിയിട്ട് കാലമേറെയായെങ്കിലും ഉചിതവും നീതിപൂര്‍വ്വകവുമായ പരിഹാരം ഇതുവരെയും ഉരുത്തിരിയാത്തതിനു പിന്നില്‍ ആരുടെ താത്പര്യമാണെന്ന് വിശ്വാസികള്‍ മാത്രമല്ല, പൊതുസമൂഹവും ഇപ്പോള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ആരാധനക്രമ തീരുമാനവും മെത്രാന്‍ തിരഞ്ഞെടുപ്പും സീറോ മലബാര്‍ സിനഡിന്റെ സമ്പൂര്‍ണ്ണ അധികാര പരിധിയിലായിട്ട് വര്‍ഷങ്ങളായെങ്കിലും, പരിഷ്‌ക്കരിച്ച തക്‌സായുടെ പ്രസിദ്ധീകരണത്തോടൊപ്പം ബലിയര്‍പ്പണ രീതിയുടെ ഏകീകരണമെന്ന തീരുമാനം മര്‍പാപ്പയുടെ കത്തിനൊപ്പം ചേര്‍ത്തുവച്ചതെന്തിനെന്ന ചോദ്യം ഉയര്‍ത്തിയത് സഭയിലെ സീനിയര്‍ മെത്രാന്മാര്‍ തന്നെയാണ്. സിനഡില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് ഐകരൂപ്യശ്രമമുണ്ടായതെന്ന് അവര്‍ പിന്നീട് പുറത്തു പറയുകയും ചെയ്തു.

2021 നവംബറില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴിച്ച് മറ്റെല്ലായിടത്തും ഏകീകൃത കുര്‍ബാനയര്‍പ്പണം നിര്‍ബന്ധപൂര്‍വ്വം 'നടപ്പാക്കി'. അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരുടെയും വിശ്വാസികളുടെയും താത്പര്യമനുസരിച്ച്, മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ നേതൃത്വത്തില്‍ നടന്ന രണ്ട് വത്തിക്കാന്‍ ദൗത്യമുള്‍പ്പെടെയുള്ള നിരന്തര ശ്രമങ്ങളിലൂടെ ജനാഭിമുഖ ബലിയര്‍പ്പണം തുടര്‍ന്നു. ഇതിനിടയില്‍ മാര്‍ ആന്റണി കരിയിലിന്റെ നിബന്ധിത രാജിയിലൂടെ, അപ്രതീക്ഷിതമായി ഒഴിവു വന്ന അതിരൂപതാ ഭരണ സാരഥ്യത്തിലേക്ക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ തൃശ്ശൂര്‍ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തി. സര്‍ക്കുലര്‍ ഇറക്കിയാല്‍ തീരാവുന്ന ചെറിയ പ്രശ്‌നമായി കുര്‍ബാനയര്‍പ്പണ വിവാദത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ലളിതവല്‍ക്കരിച്ച് അവഗണിച്ചതിന്റെ സ്വാഭാവിക പരിണതിയാണ് അതിരൂപതാ ആസ്ഥാനത്ത് ബഹു. വൈദികരുടെയും അല്മായരുടെയും നേതൃത്വത്തില്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന നീതിയജ്ഞം.

ഇതിനിടയില്‍ സ്ഥിരം സിനഡ് നിയമിച്ച സബ്ക്കമ്മിറ്റിയിലെ അഭിവന്ദ്യ പിതാക്കന്മാര്‍ വൈദിക-അല്മായ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്കിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വി. കുര്‍ബാന വിഷയത്തില്‍ ഇനിയൊരു സംവാദത്തിന് സാധ്യതയില്ലെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ശാഠ്യം പിടിച്ചിടത്താണ്, കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനത്തു വച്ച് നവംബര്‍ 26-ന് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നേതൃത്വം കൊടുത്ത സംഭാഷണത്തുടക്കം. പ്രശ്‌ന പരിഹാര വഴിയില്‍ നിര്‍ണ്ണായക ഘടകമായിത്തീരാമായിരുന്ന തുടര്‍ ചര്‍ച്ചകളെ എല്ലാവരും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് നവം. 27-ലെ അഡ്മിനിസ്‌ട്രേറ്ററുടെ അപ്രതീക്ഷിതമായ ബസിലിക്ക സന്ദര്‍ശനവും അത് സൃഷ്ടിച്ച പ്രകോപനവും. ചര്‍ച്ചകളെ അട്ടിമറിച്ച ആ സന്ദര്‍ശനം ആരുടെ (കു)ബുദ്ധിയാണെന്നതും ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ പിതാക്കന്മാരുടെ അറിവോടെയായിരുന്നോ അത് എന്നതും അറിയേണ്ടതുണ്ട്.

സഭയ്ക്കകത്തെ പ്രശ്‌നങ്ങള്‍ സാമൂഹ്യപ്രശ്‌നമായി പുറത്തേക്ക് വളരാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും അത് സമയബന്ധിതമായി പരിശോധിക്കാനും നീതിപൂര്‍വ്വം പരിഹരിക്കാനും സഭാ നേതൃത്വം മുന്‍കൈ എടുക്കാത്തത് എന്തുകൊണ്ടാണ്? ബലപ്രയോഗത്തിലൂടെ പരിഹാരമല്ല പരിക്കുകളാണ് ആവര്‍ത്തിക്ക പ്പെടുന്നത് എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ഇനിയും തിരിച്ചറിയാത്തത് കഷ്ടമാണ്. എരിതീയില്‍ എണ്ണയിടുന്ന പ്രകോപന പ്രസ്താവനകളിലൂടെ ചില പിതാക്കന്മാരുടെ സൈബര്‍ സാന്നിധ്യം എന്ത് സന്ദേശമാണ് നല്കുന്നത്? അന്ധമായ അനുസരണത്തിലൂടെയല്ല, നീതിപൂര്‍വ്വകമായ പ്രവൃത്തികളിലൂടെ കൈവരുന്ന സമാധാനമാണ് ശാശ്വതമെന്ന് ബന്ധപ്പെട്ടവര്‍ ഇനിയും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?

ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ച ചെയ്യാനാകാത്തവിധം ഹൃദയം കഠിനമാക്കുന്നത് കഷ്ടമാണ്. ആധികാരികമായ സംഭാഷണങ്ങളിലേക്ക് മടങ്ങിവരാന്‍ ആര്‍ക്കാണ് തടസ്സം? ''ആധികാരികമായ സംവാദത്തില്‍ അപരന്റെ വീക്ഷണത്തെ ആദരിക്കാനും അതില്‍ നിയമാനുസൃതമായ ബോധ്യങ്ങളും താ ത്പര്യങ്ങളും ഉള്‍പ്പെട്ടേക്കാം എന്ന് അംഗീകരിക്കാനുമുള്ള കഴിവ് അന്തര്‍ഭവിച്ചിരിക്കുന്നു. യഥാര്‍ത്ഥമായ സംവാദവും അന്യരോട് തുറവിയും ഉണ്ടെങ്കില്‍ മാത്രമേ ഇത് സംഭവിക്കാന്‍ സാധ്യതയുള്ളൂ'' (ഏവരും സോദരര്‍, 203). പൊതു ചര്‍ച്ചയില്‍ എല്ലാവര്‍ക്കും യഥാര്‍ത്ഥത്തില്‍ ഇടമുണ്ടാകുന്നതും വിവരം വക്രീകരിക്കുകയോ ഒളിച്ചുവയ്ക്കാതിരിക്കുകയോ ചെയ്യുന്നതും സത്യം കൂടുതല്‍ നന്നായി മനസ്സിലാക്കാനുള്ള നിരന്തരമായ ഉത്തേജനമാണെന്ന് പോപ്പ് ഫ്രാന്‍ സിസ് പിന്നീട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വ്യത്യസ്തതകളെ സര്‍ഗാത്മകമായി സമീപിക്കണമെന്നതാണ് പാപ്പയുടെ ബോധ്യം. മാര്‍പാപ്പയെ അനുസരിക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നവര്‍ സംഭാഷണത്തിന്റെ മേശയ്ക്കു ചുറ്റുമിരിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശത്തെ നിരന്തരം അവഗണിക്കുന്നത് ശരിയാണോ?

വിശ്വാസ്യതയുടെ സംവാദമുറിയില്‍ മുന്‍വിധികളുടെ മൂടുപടമില്ലാതെ ചര്‍ച്ച തുടരാന്‍ സിനഡ് പിതാക്കന്മാര്‍ നേതൃത്വം നല്കണം. സംഘര്‍ഷമല്ല സംഭാഷണമാണ് സമാധാനമെത്തിക്കുന്നതെന്ന് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നവര്‍ക്ക് ധാരണവേണം. ആരും ജയിക്കാനല്ല ആരും തോല്ക്കാനുമല്ല, ക്രിസ്തു ജയിക്കാന്‍ സംഭാഷണം കൂടിയേ തീരൂ. മറക്കരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org