'പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നുന്ന കാര്യങ്ങള്‍'

'പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നുന്ന കാര്യങ്ങള്‍'
Published on

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുടങ്ങാനുള്ള വിളംബരം പുറപ്പെടുവിച്ചശേഷം ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ക്ക് അയച്ച ക്ഷണക്കത്തില്‍ ഒറ്റക്കാര്യം മാത്രമാണ് വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ ആവശ്യപ്പെട്ടത്. കൗണ്‍സിലിനു വരുന്നതിനുമുമ്പ് മെത്രാന്മാര്‍ എല്ലാവരും അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിച്ചിട്ടു വരണമെന്നു മാത്രം. സഭയെ നവീകരിക്കുന്നത് പരിശുദ്ധാത്മാവാകണം, വ്യക്തിപരമായ താല്‍പര്യങ്ങളല്ല എന്ന അവബോധത്തിലേക്ക് മെത്രാന്മാരെ നയിക്കാനാണ് ജോണ്‍ 23-ാമന്‍ പാപ്പ ഇപ്രകാരം എഴുതിയത്. സഭയിലെ പ്രശ്‌നപരിഹാരത്തിന് ഒരു മാതൃകയാണ് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളെന്ന് വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ ഉറച്ചു വിശ്വസിച്ചിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്കുശേഷം സീറോ മലബാര്‍ സഭയിലെ അല്‍മായരും വൈദികരും സന്യസ്തരും പിതാക്കന്മാരും ഒന്നിച്ചു കൂടുമ്പോള്‍ - മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി - അത് സഭാചരിത്രത്തിലെ മഹത്തായ ചുവടാകട്ടെ.

ആദിമസഭയിലെ ഒരു പ്രതിസന്ധിയായിരുന്നു പരിച്ഛേദന വിവാദം. രക്ഷ പ്രാപിക്കാന്‍ പരിച്ഛേദനം നിര്‍ബന്ധമാണെന്ന് പഠിപ്പിച്ച തീവ്ര യഹൂദ പക്ഷവാദികളുമായി തര്‍ക്കിക്കുകയും വിയോജിക്കുകയും ചെയ്യുന്ന പൗലോസിനെയും ബാര്‍ണബാസിനെയും നടപടി പുസ്തകത്തില്‍ നമ്മള്‍ കാണുന്നുണ്ട്. ഇതിനു പരിഹാരം കാണാനായി കൂടിയ സഭയിലെ ആദ്യ സൂനഹദോസ് ആയ ജെറുസലേം സൂനഹദോസില്‍ പത്രോസ്ശ്ലീഹ പരിച്ഛേദനവാദികളോട് ചോദിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്: 'നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ താങ്ങാന്‍ വയ്യാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ ചുമലില്‍ വച്ചുകെട്ടി എന്തിന് ദൈവത്തെ നിങ്ങള്‍ പരീക്ഷിക്കുന്നു.' 'ദൈവത്തിലേക്ക് തിരിയുന്നവരെ വിഷമിപ്പിക്കരുത്' എന്നു പറഞ്ഞ് പത്രോസിനെയും പൗലോസിനെയും പിന്തുണയ്ക്കുന്നുണ്ട് അപ്പസ്‌തോലനായ യാക്കോബ്. ജെറുസലേം സൂനഹദോസിന്റെ തീരുമാനമായി നടപടി പുസ്തകം എഴുതുന്നത് ഇപ്രകാരമാണ്: 'അത്യാവശ്യ കാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെ മേല്‍ ചുമത്താതെ ഇരിക്കുന്നതാണ് നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി' (അപ്പ. 15:28). തീരുമാനങ്ങളില്‍ പരിശുദ്ധാത്മാവ് ഒഴിവാക്കപ്പെടുകയും സ്വാര്‍ത്ഥചിന്തകളും കടുംപിടുത്തങ്ങളും കൂട്ടുചേരുമ്പോഴുമല്ലേ സഭയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അത് പരിഹരിക്കുവാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നതുപോലെ വിശുദ്ധ ഗ്രന്ഥത്തിന്റെ ചൈതന്യത്തിലേക്കും സഭാപിതാക്കന്മാരുടെ പഠനങ്ങളിലേക്കും കാലഘട്ടത്തിന്റെ ആവശ്യങ്ങളിലേക്കും കണ്ണുതുറക്കാം.

പഠിപ്പിക്കുന്ന സഭ കേള്‍ക്കുന്ന സഭ കൂടിയാണ്.

2013 സെപ്തംബറില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു അഭിമുഖത്തില്‍ പോപ്പ് ഫ്രാന്‍സിസ് പറയുന്ന ഒരു ഉദാഹരണമുണ്ട്, 'യുദ്ധമുന്നണിയിലെ ഫീല്‍ഡ് ഹോസ്പിറ്റലാണ് സഭ.' യുദ്ധമുന്നണിയിലെ ഹോസ്പിറ്റലിലേക്ക് ഒരാളെ അത്യാസന്നനിലയില്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍മാര്‍ അയാളുടെ ഷുഗറോ കൊളസ്‌ട്രോളോ ആയിരിക്കില്ല ആദ്യം പരിശോധിക്കുക. പകരം ജീവന്‍രക്ഷ ശ്രമമാണ് അവിടെ നടക്കുക. ഓരോ സഭാ സമ്മേളനങ്ങളും ഈ മാതൃക അവലംബിച്ചാല്‍ എത്രയോ വിശ്വാസജീവിതങ്ങളാണ് സൗഖ്യപ്പെടുക.

ലോകപ്രസിദ്ധമായ 'ടൈം മാസിക' 2013 മാര്‍ച്ച് ലക്കത്തില്‍ പാപ്പായുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് എഴുതുമ്പോള്‍ നടത്തുന്ന ഭാവനാത്മകമായ ഒരു വ്യാഖ്യാനമുണ്ട്. ലത്തീന്‍ ക്രമത്തില്‍ കോണ്‍ക്ലേവിന് തലേ ഞായറാഴ്ചത്തെ സുവിശേഷവായന ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവിനെക്കുറിച്ചാണ്. അതിന്റെ പശ്ചാത്തലത്തില്‍ സഭ വിട്ടുപോയ ധൂര്‍ത്തപുത്രന്മാരെ സഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് റോമില്‍ എത്തിയ പല കര്‍ദിനാളന്മാരും സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ പുതിയ പാപ്പ ഫ്രാന്‍സിസ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ സുവിശേഷഭാഗം വ്യത്യസ്തമായി വ്യാഖ്യാനിച്ചേക്കാം എന്നാണ് ടൈം മാഗസിന്‍ പറയുന്നത്. അതായത് സഭ തന്നെയും ധൂര്‍ത്തപുത്രനെ പോലെയായി. ഇനിയിപ്പോള്‍ ദൈവജനത്തിന്റെ പക്കലേക്ക് തിരിച്ചുപോകാനുള്ള വഴി സഭ കണ്ടെത്തണം! ഈ അതിഭാവനയും വ്യാഖ്യാനവും സ്വീകരിക്കാന്‍ സാധിക്കില്ലെങ്കിലും അത് നല്‍കുന്ന ചിന്തകള്‍ സഭാനവീകരണശ്രമങ്ങള്‍ക്ക് ദിശാബോധം രൂപീകരിക്കുന്നതില്‍ സഹായിക്കും.

വിശ്വാസ പരിശീലനത്തിന്റെ നവീകരണം, സുവിശേഷ പ്രഘോഷണത്തിലെ അല്‍മായ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശാക്തീകരണം എന്നിവയാണ് അസംബ്ലിയിലെ പ്രധാന വിഷയങ്ങള്‍. വിശ്വാസ പരിശീലനത്തിലേക്കു എന്തുമാത്രം താല്‍പര്യത്തോടെ കുട്ടികള്‍ കടന്നുവരുന്നു? കുട്ടികള്‍ക്ക് കാലം കരുതിവയ്ക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തക്കവിധം വിശ്വാസ സത്യങ്ങളെ വ്യാഖ്യാനിക്കാന്‍ ഇന്നത്തെ പരിശീലന പദ്ധതിക്ക് കഴിയുന്നുണ്ടോ? അതിനുള്ള നവീനഭാഷ പരിശീലകരുടെ കയ്യില്‍ ഉണ്ടോ? ഇന്നത്തെ കുട്ടികളില്‍ നിന്ന് പരിശീലകര്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ എന്തൊക്കെയാണ്? ഇവയൊക്കെ സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും സാധ്യതകള്‍ കണ്ടെത്തുകയും വേണം. അല്‍മായരുടെ സുവിശേഷ പ്രഘോഷണ ദൗത്യവും സാക്ഷ്യവും ഇന്ന് എങ്ങനെയാണ് കുടുംബയൂണിറ്റുകളില്‍, ഇടവക പരിസരങ്ങളില്‍, മറ്റ് പ്രഘോഷണ സാധ്യതയുള്ള ഇടങ്ങളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്? സീറോ മലബാര്‍ സഭയ്ക്ക് ഒരു സമുദായം എന്ന നിലയില്‍ എങ്ങനെയാണ് രാഷ്ട്രനിര്‍മ്മാണത്തിലും സാമൂഹ്യപുരോഗതിയിലും പങ്കുചേരാന്‍ കഴിയുന്നത്? ഒരു മതേതര സമൂഹത്തിലുളള അവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയുടെയും വിതരണത്തില്‍ അര്‍ഹമായ രീതിയില്‍ പങ്കുപറ്റാന്‍ സഭയ്ക്ക് സാധിക്കുന്നുണ്ടോ? ഇത്തരം മേഖലകളില്‍ ക്രിയാത്മ ഇടപെടലുകള്‍ നടത്തുവാന്‍ അസംബ്ലിക്ക് സാധിക്കട്ടെ.

സഭാ നവീകരണത്തിന്റെ ആദ്യപടി ആത്മവിമര്‍ശനത്തിന്റെ വാതില്‍ തുറന്നിടലാണ്. അമേരിക്കന്‍ സുപ്രീംകോടതിയിലെ ജസ്റ്റിസ് ലൂയിസ് ബ്രാന്‍ഡെയിസ് ന്യായപാലനത്തിനിടെ നടത്തിയ ഒരു പരാമര്‍ശം വളരെ പ്രസിദ്ധമാണ്. 'സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി' നീതിരാഹിത്യത്തിന്റെയും പക്ഷംപിടിക്കലിന്റെയും അണുബാധ ഒഴിവാക്കുവാന്‍ ആത്മവിമര്‍ശനത്തിന്റെ സൂര്യപ്രകാശം സഭയുടെ എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകണം. പഠിപ്പിക്കുന്ന സഭ കേള്‍ക്കുന്ന സഭ കൂടിയാണ്. അഭിപ്രായ വ്യത്യാസമുള്ളവരെ കേള്‍ക്കുന്ന, വിയോജിപ്പിന്റെ വ്യാകരണങ്ങളെ രജിസ്റ്റര്‍ ചെയ്യുന്ന സഭ സമരിയായിലൂടെ ജറുസലേമിലേക്ക് പോയ ക്രിസ്തുവിന്റെ സഭയാകും. തങ്ങളെ സ്വീകരിക്കാത്തവരെ അഗ്‌നിയിലിറക്കി ദഹിപ്പിക്കാന്‍ ആഗ്രഹിച്ച സെബദീപുത്രന്മാരെ ശാസിച്ച ക്രിസ്തു സഭയോടു പറയുന്നത് എല്ലാവരെയും കേള്‍ക്കുന്ന ദൈവത്തിന്റെ കാതുകള്‍ സ്വന്തമാക്കാനാണ്. ക്രിസ്തുവിന്റെ സഭയ്ക്ക് ക്രിസ്തുവിന്റെ കാതുകളും മനോഭാവവുമാണ് ഉണ്ടാകേണ്ടത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി അതിലേക്കുള്ള ചുവടുവയ്പ്പാകട്ടെ.

'ഇക്കാലത്തെ മനുഷ്യരുടെ ആഹ്ലാദവും പ്രതീക്ഷകളും സങ്കടങ്ങളും ഉല്‍ക്കണ്ഠകളും സഭയുടേത് കൂടിയാണെന്ന്' പറഞ്ഞ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇന്ന് സഭയോടു പറ യുന്നത് പാവപ്പെട്ട വിശ്വാസികളെ സങ്കടമഴയത്ത് നിര്‍ത്തരുതെന്നു കൂടിയാണ്. സുവിശേഷ അരൂപിക്ക് നിരക്കാത്ത തീരുമാനങ്ങള്‍ക്ക് കൂട്ടുചേരരുത് എന്നാണ്. അതിനാല്‍ വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് പറഞ്ഞതുപോലെ സഭ മുഴുവന്‍ അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിക്കട്ടെ! വാടിപ്പോയതിനെ നനയ്ക്കുന്ന, ആറിപ്പോയതിന് ചൂടു നല്‍കുന്ന ആത്മാവ് സഭയെ നയിക്കുമ്പോള്‍ 'ആദ്യ നൂറ്റാണ്ടിലെ അതിശയങ്ങള്‍ അഭിഷേകമായി സഭയില്‍ ഉണ്ടാകും.' വ്യക്തി താല്‍പര്യങ്ങളെ അതിജീവിക്കുന്ന 'പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി' എന്ന കൂട്ടായ്മയുടെ അരൂപി സഭയില്‍ ഉണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org