പകുത്ത പത്ത്

പകുത്ത പത്ത്

പത്രോസിന്റെ സിംഹാസനത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ പരി. പിതാവ് ഫ്രാന്‍സിസ് പാപ്പയ്ക്ക് വിനയത്തോടെ വിശ്വവന്ദനം! ലോകത്തിന് വലിയ വിസ്മയവും സഭയ്ക്ക് സമൂലമാറ്റത്തിന്റെ സന്ദേശവുമായി പരി. പിതാവിന്റെ അപ്പസ്‌തോലിക ശുശ്രൂഷ തുടരുമ്പോള്‍ ദൈവപരിപാലനയുടെ അനുഗ്രഹീത വഴികളെയോര്‍ത്ത് കാലം കൈകൂപ്പുന്നു.

വിശ്വാസികളുടെ ആശീര്‍വാദം വാങ്ങിക്കൊണ്ടുള്ള തുടക്കംതന്നെ അസാധാരണമായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള പാപ്പ എന്നതു കൂടാതെ, ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ തിരുസഭാധ്യക്ഷനുമാണ് അദ്ദേഹം. ഫ്രാന്‍സിസ് എന്ന നാമത്തിലൂടെ തന്നെ തന്റെ അജപാലന ശുശ്രൂഷയുടെ വഴി വ്യത്യസ്തമായിരിക്കുമെന്ന സൂചനയും നല്കി.

ലോകതീര്‍ത്ഥാടകനായിരുന്ന മഹാനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ എണ്ണമറ്റ യാത്രകളിലൂടെ എല്ലാവരുടെയും ഹൃദയം തൊട്ടപ്പോള്‍, ഭാഗ്യസ്മരണാര്‍ഹനായ പരി. ബെനഡിക്ട് പാപ്പയ്ക്ക് അത് ദൈവികജ്ഞാനത്തിന്റെ സത്യപ്രബോധന പാതയായിരുന്നു. എന്നാല്‍ അനൗപചാരികമായ ഇടപെടലുകളിലൂടെ ആരെയും ഞെട്ടിക്കുന്ന അത്ഭുതമായാണ് ഫ്രാന്‍സിസ് പാപ്പയുടെ നിലയും നില്പും. വത്തിക്കാന്‍ കൊട്ടാരത്തിനു പുറത്ത് തന്റെ താമസയിടം കണ്ടെത്തിയതു മുതല്‍ വിദേശയാത്രകളധികം ഏഷ്യ-ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് എന്ന നിശ്ചയത്തിലുള്‍പ്പെടെ 'യുദ്ധമുഖത്തെ ആതുരാലയമായി' സഭയെ പുനഃപ്രതിഷ്ഠിച്ച ഇടയശ്രേഷ്ഠനായി പാപ്പ ഫ്രാന്‍സിസ് ഏവരെയും വിസ്മയിപ്പിക്കുന്നു.

ലെസ്‌ബോണിലെ സന്ദര്‍ശനശേഷം തന്നോടൊപ്പം ഏതാനും അഭയാര്‍ത്ഥികളെ പേപ്പല്‍ വിമാനത്തില്‍ ഇറ്റലിയിലെത്തിച്ച ഫ്രാന്‍സിസ് പാപ്പ, പാവപ്പെട്ടവര്‍ക്കും ഒറ്റപ്പെട്ടു പോയവര്‍ക്കും സഭയുടെ ഹൃദയത്തിലാണ് ഇടമെന്ന് പ്രഖ്യാപിച്ചു. ലൈംഗികാതിക്രമത്തില്‍ കുറ്റാരോപിതനായ ചിലിയന്‍ മെത്രാന്റെ രാജി സ്വീകരിച്ച വേളയില്‍ 'താനും പ്രശ്‌നത്തിന്റെ ഭാഗമാണെന്ന്' ഏറ്റുപറഞ്ഞു. (I was part of the problem). തങ്ങളെ കുറ്റപ്പെടുത്തുന്ന കോടതിവിധികളെ അസഹിഷ്ണുതയോടെ വെല്ലുവിളിക്കുന്ന മേല്‍പ്പട്ട ശുശ്രൂഷകരുടെ പുതിയ കാലത്ത് അന്യരുടെ വീഴ്ചകളെപ്പോലും തന്റെ അജപാലനാഭിമുഖ്യത്തിന്റെ പ്രശ്‌നമായിക്കരുതുന്ന പാപ്പയുടെ സമീപനം മാതൃകാപരമാണ്.

വത്തിക്കാന്‍ കൂരിയായെ, സഭയെ ബാധിച്ച കുഷ്ഠമെന്ന് പരസ്യമായി പറഞ്ഞ പാപ്പ അതിന്റെ അടിമുടി നവീകരണത്തിനായി ശക്തമായ നിലപാടെടുത്തു. നിര്‍ണ്ണായകച്ചുമതലകള്‍ അല്മായര്‍ക്ക് നല്കി. വത്തിക്കാന്‍ ബാങ്കിലെ അഴിമതികളന്വേഷിക്കാന്‍ കമ്മീഷനെ വച്ചു. നത്വാലീ ബൊക്കാര്‍ട് എന്ന ഫ്രഞ്ച് സന്യാസിനിയെ മെത്രാന്മാര്‍ക്കുള്ള കാര്യാലയത്തിന്റെ തലപ്പത്തു മാത്രമല്ല, ആഗോള മെത്രാന്‍ സിനഡിന്റെ നടത്തിപ്പുകമ്മിറ്റിയുടെ അധികച്ചുമതലയും നല്കി. വന്‍കരകളുടെ പ്രാതിനിധ്യമുറപ്പിച്ച കര്‍ദിനാള്‍ ആലോചനാ സംഘരൂപീകരണവും മറ്റൊരു പ്രധാന വഴിത്തിരിവാണ്.

'ലൗദാത്തോ സീ' എന്ന തന്റെ രണ്ടാം ചാക്രികലേഖനം വഴി പാരിസ്ഥിതിക മാനസാന്തരത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള സുവിശേഷാത്മക പരിഹാരനിര്‍ദേശം നല്കി. ഭൂമിയെ എല്ലാവര്‍ക്കുമുള്ള പൊതുഭവനമായി സമര്‍പ്പിക്കുകയും ചെയ്തു.

സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ 'ഏവരും സോദരര്‍' എന്ന ചാക്രിക ലേഖനം സര്‍വരുടെയും ആദരവും അഭിനന്ദനവും ഏറ്റുവാങ്ങി. മതിലുകളുടെ സംസ്‌കാരത്തോട് അരുത് എന്നു പറയാനുള്ള തന്റെ ശ്ലൈഹികമായ ഉത്തരവാദിത്വത്തെ ഒന്നുകൂടി ഉറപ്പിച്ചു പറയുകയായിരുന്നു, പാപ്പ. സംവാദത്തെ സൗഹാര്‍ദത്തിന്റെ അടിയന്തര സാഹചര്യവും ലക്ഷ്യവുമായി അവതരിപ്പിക്കുന്ന ലേഖനം, രാഷ്ട്രീയം, മതം അവകാശങ്ങള്‍ തുടങ്ങി മനുഷ്യപക്ഷത്തുള്ള എല്ലാ പ്രധാനവിഷയങ്ങളെയും സുവിശേഷാത്കമായി സമീപിക്കുന്നു. മതങ്ങള്‍, ലോക സാഹോദര്യത്തിന് സഹായകമാകണം എന്ന് ആഹ്വാനം ചെയ്യുന്ന പാപ്പ ഭീകരവാദ പ്രവൃത്തികള്‍ പോലെയുള്ള ശോചനീയ കാര്യങ്ങള്‍, മതം നിമിത്തമല്ല, പ്രത്യുത മതഗ്രന്ഥങ്ങളുടെ തെറ്റായ വ്യാഖ്യാനം മൂലമോ, വിശപ്പ്, ദാരിദ്ര്യം, അനീതി, അടിച്ചമര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ മൂലമോ ആണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. റഷ്യ-യുക്രൈയ്ന്‍ യുദ്ധം തുടങ്ങിയപ്പോള്‍ത്തന്നെ അതിനെ അതിശക്തമായി അപലപിച്ചുവെന്നു മാത്രമല്ല, റോമിലെ റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. നയതന്ത്ര ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. യുദ്ധത്തെ രാഷ്ട്രീയത്തിന്റെയും മനുഷ്യരാശിയുടെയും പരാജയമായാണ് പാപ്പ കാണുന്നത്. ആയുധങ്ങളില്‍ പണം നിക്ഷേപിക്കുന്നതിനുപകരം വിശപ്പകറ്റാന്‍ ഒരു ആഗോളനിക്ഷേപം രൂപീകരിക്കണമെന്നാണ് പാപ്പയുടെ ആഹ്വാനം (FT 255-262).

സഭയ്ക്കകത്തെ അഴിച്ചിലുകളെ അകത്തൊതുക്കി പറഞ്ഞവസാനിപ്പിക്കാന്‍ പാപ്പ ശ്രമിച്ചില്ലെന്നതും ശ്രദ്ധിക്കണം. കാര്‍ഡിനല്‍ തിയോദോര്‍ മക്കാരിക്കിന്റെ ലൈംഗികാതിക്രമ കുറ്റപത്രത്തിന് പ്രസിദ്ധീകരണാനുമതി നല്കിക്കൊണ്ട് സുതാര്യതയുടെ സുവിശേഷത്തെ പുതിയകാല സഭാപ്രഘോഷണ ബാധ്യതയായി സമര്‍പ്പിച്ചു. ഭിന്നലിംഗക്കാരെ (LGBTQ) സഹാനുഭൂതിയോടെ സമീപിക്കാനാവും വിധം അജപാലനാഭിമുഖ്യങ്ങള്‍ കുറെക്കൂടി കരുണാര്‍ദ്രമായി പുനഃക്രമീകരിക്കണമെന്ന് പാപ്പ നിഷ്‌കര്‍ഷിക്കുന്നു. ആരെയും പുറത്താക്കാതെ എല്ലാവരുടെയും അരികിലെത്തുന്ന യഥാര്‍ത്ഥ ആത്മീയതയുടെ പുതിയകാല പ്രവാചകനാണ് പാപ്പ.

'മാര്‍പാപ്പയായിരിക്കുന്നത് എളുപ്പമുള്ള ജോലിയല്ലെന്നും, ചെയ്യുന്നതിനു മുമ്പ് അത് പഠിക്കാനുള്ള അവസരം ആര്‍ക്കുമില്ലെന്നും' തന്റെ പാപ്പാശുശ്രൂഷയുടെ പത്താം വാര്‍ഷികവേളയില്‍ ലോകത്തോട് സങ്കടപ്പെട്ടുവെങ്കിലും കരുണയുടെ നാഥന്‍ കരംപിടിക്കുന്നതിനാല്‍ പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങാനാകുന്നുവെന്ന ആശ്വാസം പാപ്പ പങ്കുവച്ചു. ലോകത്തോടല്ല, കര്‍ത്താവിനോട് അനുരൂപപ്പെടുകയാണ് പ്രധാനം. 'ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സഭയെ സ്വപ്നം കാണുന്ന പാപ്പ', പുരോഹിതാധിപത്യമാണ് സഭയ്ക്ക് സംഭവിക്കാവുന്ന ഏറ്റം മോശമായ കാര്യമെന്നും ചൂണ്ടിക്കാട്ടി.

തന്റെ ഭരണകാലത്തെ ഏറ്റവും വലിയ സഹന വിഷയമായി അഴിമതിയെ പാപ്പ സൂചിപ്പിക്കുന്നിടത്ത്, അത് സമൂഹത്തിന്റെ മാത്രമല്ല, സഭയുടെപ്പോലും സമസ്ത മേഖലകളെയും ദുഷിപ്പിക്കുന്നുവെന്ന സങ്കടവുമുണ്ട്. കാലത്തെ പകുത്ത പാപ്പാക്കാലം കേരള സഭയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയോ എന്ന സംശയമുണ്ട്. സംവാദത്തെ പുതിയ സഭാ ജീവിതശൈലിയാക്കാന്‍ പാപ്പ തുടര്‍ച്ചയായി പരിശ്രമിക്കുമ്പോഴും, ആധിപത്യത്തിന്റെ അക്രമഭാഷയെ ആശയ വിനിമയത്തിന്റെ അടിസ്ഥാനപ്രമാണമാക്കുന്ന സഭാനേതൃത്വം ഇവിടെ സംഭാഷണങ്ങളുടെ സുവിശേഷത്തെ നിരന്തരം റദ്ദ് ചെയ്യുകയാണ്. അനുസരിപ്പിച്ച് ശരിയാക്കാനാകാത്തിടത്ത് വിഭജിച്ച് ഇല്ലാതാക്കാനുള്ള ശ്രമം അതിന്റെ തുടര്‍ച്ചയാണ്. അനുഷ്ഠാനപ്രധാനമായ ആരാധനക്രമത്തെ ഉയരെ പ്രതിഷ്ഠിക്കുന്നതിനാല്‍ കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്ക് ഇടം ഇനിയും പുറത്താണ്.

സിനഡാത്മക സഭയെ പ്രധാന സന്ദേശമായി അവതരിപ്പിക്കുന്ന ആഗോളമെത്രാന്‍ സിനഡിനായുള്ള ഒരുക്കം അതിന്റെ അന്തിമഘട്ടത്തിലെത്തുമ്പോഴും, താഴെത്തട്ടിലെത്താതെ ഇവിടെ സംവാദം ചുരുങ്ങിച്ചെറുതാവുകയായിരുന്നു. ചര്‍ച്ചകളുടെ വിപുലീകരണം വഴി ചില തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോവുക എന്നതിനപ്പുറം സംഭാഷണത്തെ പുതിയ സഭാ ജീവിതശൈലിയാക്കുകയാണ് സിനഡാത്മകതയുടെ അത്യന്തികലക്ഷ്യം. ഈ പാപ്പയ്‌ക്കൊപ്പമെത്താന്‍ ഇനി യും ഏറെയുണ്ട് നടക്കാന്‍ എന്ന വിചാരത്താലെങ്കിലും ഇവിടെ സഭാ നേതൃത്വവും സമൂഹവും സ്‌നാനപ്പെടുമെങ്കില്‍, പത്ത് പൂര്‍ത്തിയാക്കുന്ന പാപ്പാ ശുശ്രൂഷാനുസ്മരണം നവീകരണത്തിന്റെ നവ്യ അനുഭവമാകും, തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org