പകയടങ്ങുമോ?

പകയടങ്ങുമോ?

കൊച്ചിയെ ഗ്യാസ് ചേംബറാക്കിയ ബ്രഹ്മപുരം മാലിന്യം കത്തിയുണ്ടായ പുക ഉയര്‍ത്തിയ ദുരിതം എത്രനാള്‍കൂടി ജനം സഹിക്കണമെന്ന ഉന്നത നീതിപീഠത്തിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ ജില്ലാ ഭരണകൂടവും കോര്‍പ്പറേഷന്‍ ഭരണസമിതിയും പുകയില്‍ തപ്പുന്നത് കാണുമ്പോള്‍, പുകയടങ്ങിയാലും ജനപ്രതിനിധികളുടെ ജനത്തോടുള്ള പക ഉടനെയെങ്ങും അടങ്ങുന്ന ലക്ഷണമില്ലെന്നാണ് അവരുടെ പ്രസ്താവനകളിലും മറ്റും തെളിയുന്നത്.

കൊച്ചി പുകഞ്ഞ് 9-ാം ദിവസമാണ് ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രിയും മാലിന്യനിര്‍മ്മാര്‍ജനം പ്രധാന പരിപാടിയായുള്ള തദ്ദേശമന്ത്രിയും മാലിന്യമല സന്ദര്‍ശിച്ചത്! തലയില്‍ മുണ്ടിട്ട് നടക്കേണ്ടതിനുപകരം മുണ്ട് മാടിക്കുത്തി 'മലകയറിയ' രണ്ടുപേരും കൊച്ചിയിലെ മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ നേരിട്ടല്ലെങ്കിലും ഉത്തരവാദികളാണ്. ദുരന്തഭൂമി സന്ദര്‍ശനത്തില്‍പോലും രാഷ്ട്രീയം കലര്‍ ത്തുന്ന ഭരണപ്രതിപക്ഷ കക്ഷികള്‍ പുറപ്പെടുവിക്കുന്നയത്രയും പ്രസ്താവന ദുര്‍ഗന്ധം ബ്രഹ്മപുരം പുറപ്പെടുവിക്കുന്നില്ലെന്നതാണ് വാസ്തവം.

വ്യവസായ വകുപ്പിന് കീഴിലുള്ള കെ എസ് ഐ ഡി സിയാണ് കരാറും ഉപകരാറുമായി യോഗ്യതയില്ലാത്ത ഏജന്‍സിയെ മാലിന്യനിര്‍മ്മാര്‍ജനച്ചുമതലയേല്പിച്ച് കൊച്ചിയിലെ ജനത്തെ പുകച്ച് പുറത്തുചാടിക്കാന്‍ പാടുപെട്ടത്. ദേശീയ ഹരിത ട്രിബൂണലില്‍ മുമ്പ് കോര്‍പ്പറേഷന്‍ നല്കിയ ഉറപ്പുകളില്‍ 30 ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം എന്ത് എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടിയോ, കൃത്യമായ കാര്യപരിപാടിയോ ഇല്ലാതെ, അപകടമൊഴിവാക്കാന്‍ ബസ്സിന്റെ നിറം മാറിയതുപോലുള്ള താല്‍ക്കാലിക നടപടികളിലൂടെത്തന്നെയാണ് ഭരണസമിതികളുടെ മെല്ലെപ്പോക്കെന്ന് മന്ത്രിമാരുടെ സംയുക്ത പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ മനസ്സിലായി. മാത്രവുമല്ല, മാലിന്യ സംസ്‌കരണം ഫലപ്രദമാകാന്‍ പണ്ടേതന്നെ പ്രവര്‍ത്തന സജ്ജമാകേണ്ടിയിരുന്ന പലതും അങ്ങനെയായിരുന്നില്ല എന്നതിന്റെ പിഴമൂളല്‍ കൂടിയാണ് ഈ പാഴ്പ്രഖ്യാപനങ്ങള്‍. അതില്‍ പ്രധാനപ്പെട്ടത് വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം പുനഃസ്ഥാപിക്കുമെന്നതാണ്. അതിനര്‍ത്ഥം മാലിന്യത്തില്‍ നിന്ന് കമ്പോസ്റ്റുവളമുണ്ടാക്കുന്ന ഈ സംവിധാനം തകരാറിലായിരുന്നുവെന്നാണ്. കൂടാതെ, അജൈവ - ജൈവ വസ്തുക്കള വേര്‍തിരിക്കുന്ന പരിപാടിയും ഫലപ്രദമായി നടക്കുന്നുണ്ടായിരുന്നില്ല. നടന്നത് സംസ്‌കരണമല്ല, മാലിന്യസംഭരണം മാത്രമായിരുന്നുവെന്നത് പകല്‍പോലെ വ്യക്തം.

പ്രഖ്യാപനങ്ങളുടെ പുകപടലമടങ്ങുമ്പോള്‍ ബാക്കിയാവുന്ന മാലിന്യമലകളില്‍, അന്തരീക്ഷത്തിലെത്തിയാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഡയോക്‌സിന്‍ ഉള്‍പ്പടെയുള്ള മാരകവിഷസംയുക്തകങ്ങളുടെ മഹാസംഭരണകേന്ദ്രം കൊച്ചിക്കുമേല്‍ സര്‍വ്വകാലഭീഷണിയായിത്തുടരും. വഴിനീളെ മലിനജലമൊഴുക്കി മാലിന്യവണ്ടികള്‍ ബ്രഹ്മപുരത്തേക്ക് പഴയതുപോലെ ഓടിത്തുടങ്ങും. 100 ഏക്കറിലധികം വരുന്ന മാലിന്യസംഭരണശാലയില്‍ 'അഴിമതി സംസ്‌കരണം' നിര്‍ബാധം തുടരും.

മാലിന്യമല കത്തിത്തുടങ്ങിയപ്പോള്‍ കോര്‍പ്പറേഷന്‍ ഭരണസമിതിയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ പൂനെയില്‍ മാലിന്യനിര്‍മ്മാര്‍ജന പരിപാടി നേരിട്ട് പഠിക്കുന്ന തിരക്കിലായിരുന്നു! നേരത്തെ 2019-ല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നതതലസംഘം, സ്വിറ്റ്‌സര്‍ലന്റിലെ ബേണില്‍ നടത്തിയ മാലിന്യസംസ്‌കരണപഠനത്തിന്റെ ഗവേഷണ ഫലങ്ങള്‍ ഇനിയും പുറത്തുവിടാത്തത്, വിഷപ്പുകയില്‍ കരിഞ്ഞ കൊച്ചിക്ക് കനത്ത തിരിച്ചടിയായി!

കൊച്ചി പുകഞ്ഞു തുടങ്ങിയപ്പോള്‍ വനിതാദിനത്തില്‍ത്തന്നെ കളക്ടറെ മാറ്റിക്കൊണ്ട് പുകദുരന്തത്തിന് പറ്റിയ ബലിയാടിനെ സര്‍ക്കാര്‍ അതിവേഗം കണ്ടെത്തി. അതേ കളക്ടര്‍ നടപ്പാക്കാനിരുന്ന പ്രശ്‌ന പരിഹാര പരിപാടികളിലൂടെയാണ് പുതിയ കളക്ടറും എന്നത് ഭരണനീതിയുടെ വൈചിത്രമല്ലാതെ മറ്റെന്താണ്? ''എല്ലാ വര്‍ഷവും കത്താറുണ്ട് (അതോ കത്തിക്കാറുണ്ടോ) ഇപ്രാവശ്യം അല്പം നീണ്ടുപോയി'' പോലുള്ള ലളിതവത്ക്കരണത്തിലൂടെ മാലിന്യപ്രശ്‌നത്തെ നിരുത്തരവാദിത്വപരമായി സമീപിക്കുന്ന രാഷ്ട്രീയ ഭരണവര്‍ഗം പാവം ജനത്തോട് പകപോക്കുന്ന വിധമാണിതെല്ലാം എന്ന് മനസ്സിലാകുമ്പോഴും, അഴിമതിമലകളുടെ അടിത്തട്ടിളക്കാന്‍ നീതിപീഠത്തിന്റെ കാരുണ്യത്താല്‍ നല്‍കപ്പെടുന്ന കര്‍ക്കശ നിയമ നിര്‍ദേശങ്ങളുടെ ഹിറ്റാച്ചികളല്ലാതെ മറ്റൊന്നുമില്ലെന്ന നിസ്സഹായതയിലാണ് നാം. ബ്രഹ്മപുരം തീപിടുത്തത്തില്‍ അന്വേഷണം നടത്തി നടപടികള്‍ കൈക്കൊള്ളാന്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചതും, കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ കോര്‍പ്പേറഷന്‍ ഭരണസമിതിയോട് ആവശ്യപ്പെട്ടതും ഈ പാശ്ചാത്തലത്തിലാണ്.

വികേന്ദ്രീകൃത മാലിന്യസംസ്‌കരണം പ്രഖ്യാപിത നയമായി ആഘോഷിക്കു മ്പോഴും, വിവിധയിടങ്ങളില്‍ മാലിന്യനിക്ഷേപത്തിന് പുതുതായി സ്ഥലം കണ്ടെ ത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കുന്ന സര്‍ക്കാര്‍, പൊതുജനാരോഗ്യത്തിന് വേസ്റ്റിന്റെ വിലപോലും നല്കുന്നില്ലെന്നതാണ് വാസ്തവം. വിളപ്പില്‍ശാലയും, ഞെളിയന്‍ പറമ്പും, വടവാതൂരുമെല്ലാം മറ്റൊരു ബ്രഹ്മപുരമാകാനൊരുങ്ങു മ്പോള്‍, അതിനെതിരെ പ്രതിഷേധിക്കുന്നവരെ വികസന വിരുദ്ധരായി വേട്ടയാടുന്നുവെന്നാണ് അതിലേറെ കഷ്ടം.

ദുരിതവേളയില്‍ രാഷ്ട്രീയം പറയരുതെന്നും ഒന്നായി നിന്നു നേരിടണമെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ ഡേറ്റാ വില്പനയഴിമതിയും, മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയഴിമതിയും ദുരന്തകാലങ്ങളുടെ മറയില്‍ നടന്നുവെന്നതും മറക്കരുത്.

'ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന്' പാര്‍ട്ടി സെക്രട്ടറി തന്നെ സമ്മതിച്ച സ്ഥിതിക്ക് പ്രതിരോധയാത്ര ഇനിയും തുടരണമോ എന്ന് പാര്‍ട്ടി ആലോചിക്കണം. കാരണം പുകദുരന്തത്തില്‍ പുകഞ്ഞകൊച്ചിയെ അല്പംപോലും പ്രതിരോധിക്കാതെയാണ് ജാഥ ജില്ല കടന്നത്. മാലിന്യമല കത്തിയതിനുശേഷമുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ പ്രതികരണങ്ങള്‍ കൂടുതല്‍ ഭയാനകമായി. മലനീകരണത്തോതില്‍ രാജ്യത്തെ ഏറ്റവും മോശമായ സ്ഥിതിയില്‍ കൊച്ചി തുടരുമ്പോഴും കരാറുകാരെ സംരക്ഷിക്കുന്ന പ്രസ്താവനകളുമായി നിയമസഭയ്ക്കകത്തും പുറത്തും ന്യായീകരണത്തൊഴിലാളികള്‍ ഉറഞ്ഞാടുന്നത് അതിശയകരമായി തോന്നുന്നു.

ഈ ദുരിതകാലത്തും തിരഞ്ഞെടുത്തു വിട്ടവരോട് പകയോടെ പെരുമാറുന്ന രാഷ്ട്രീയനേതൃത്വത്തിലെ 'മാലിന്യങ്ങളെ' തിരിച്ചറിഞ്ഞ് 'സംസ്‌കരിക്കാന്‍' ജനം തയ്യാറാകണം. പ്രതിമാസം 30 ലക്ഷം മുതല്‍ 40 ലക്ഷം വരെ ചെലവഴിച്ചിട്ടും ബ്രഹ്മപുരം ചീഞ്ഞും പുകഞ്ഞും തുടരുന്നതിനു പുറകില്‍ പ്രവര്‍ത്തിച്ചവരെ നിയമപരമായിത്തന്നെ നേരിടണം. ഇഷ്ടക്കാര്‍ക്ക് കരാറ് നല്കി ഇഷ്ടംപോലെ വ്യവഹരിച്ചില്ലാതാക്കാന്‍ അഴിമതി രാഷ്ട്രീയത്തിന് നാം ഇനിയും അനുമതി നല്കരുത്. അഴിമതിപ്പുക ഇനിയും ഉയരാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org