ഹിജാബ് വിവാദം: വെളിപാടുകളും വെളിച്ചപ്പാടുകളും

ഹിജാബ് വിവാദം: വെളിപാടുകളും വെളിച്ചപ്പാടുകളും
Published on

ഭരണകൂടങ്ങള്‍ക്ക് ഒളിക്കാനും മറയ്ക്കാനും ഒരുപാടുണ്ടാകുമ്പോള്‍ വിവാദങ്ങള്‍ ഒഴിയാതെ നില്‍ക്കുന്ന മാധ്യമ അന്തരീക്ഷം സത്യാനന്തര കാലത്തെ രാഷ്ട്രീയതന്ത്രജ്ഞതയുടെ ഭാഗമാവാം. കേരള പൊതുസമൂഹത്തിന് അതു പുതുമയല്ല. തെരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കുമ്പോള്‍, പ്രത്യേകിച്ചും. പള്ളുരുത്തി സ്‌കൂളുമായി ബന്ധപ്പെട്ട യൂണിഫോം വിവാദത്തെ എങ്ങനെ വോട്ടാക്കി വിളവെടുക്കാം എന്നാണ് ഇതു സംബന്ധി ച്ചുള്ള ഓരോ പ്രതികരണത്തിലൂടെയും രാഷ്ട്രീയക്കാരും മതസംഘടനകളും ആരായുന്നത്. സമൂഹം വിഭജിക്കപ്പെടുന്ന തിലോ സമുദായങ്ങള്‍ ധ്രൂവീകരിക്കപ്പെടുന്നതിലോ തെല്ലുമില്ല അവര്‍ക്കാര്‍ക്കും ഖേദം. ഒരു സ്‌കൂള്‍ ഓഫീസിനുള്ളിലിരുന്നു സംസാരിച്ചു തീര്‍ക്കേണ്ട ഒരു വിഷയമാണ് ഇപ്പോള്‍ സംസ്ഥാനത്തെങ്ങും സംസാരവിഷയമായി തീര്‍ന്നത്.

ഏതെങ്കിലും തീവ്രസ്വഭാവമുള്ള മതാനുയായികളോ മതം തിന്നു ജീവിക്കുന്ന രാഷ്ട്രീയക്കാരോ, മാധ്യമങ്ങളോ ഇത്തരം സങ്കീര്‍ണ്ണ വിഷയത്തില്‍ ഇടനിലക്കാരാകാന്‍ ശ്രമിക്കുമ്പോള്‍ പൊതുസമൂഹം ചിതറും, ധ്രുവീകരണം ഉണ്ടാകും.

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കൊണ്ട് സ്‌കൂള്‍ ഭരണ നിര്‍വഹണം, യൂണിഫോമിറ്റി ഇവയൊക്കെ നിശ്ചയിക്കാന്‍ അവകാശമുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 31 ആണ് അവരുടേ പിന്‍ബലം. മതപരമായ വിശ്വാസമനുസരിച്ച് ജീവിക്കാനും വേഷം ധരിക്കാനും അനുവാദം ഉണ്ടെന്നും അത് ഭരണഘടന അനുശാസിക്കുന്നു (25) എന്നും മറുപക്ഷം. ഇസ്ലാം വിശ്വാസം അനുസരിച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാഭ്യാസം നേടാന്‍ ഇന്ത്യയില്‍ സാധിക്കില്ലേ എന്നാണ് ചോദ്യം. അതു മൗലിക അവകാശമാണ് എന്ന് വ്യംഗ്യം. വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കു മപ്പുറം ഇവിടെ ഏറ്റുമുട്ടുന്നത് മൗലിക അവകാശങ്ങളും മതന്യൂനപക്ഷ അവകാശങ്ങളും തമ്മിലാണ്. ഒപ്പം ഇരുപക്ഷത്തും ന്യൂനപക്ഷങ്ങളും ആണ്!

ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാം മതത്തിലെ 'അനിവാര്യമായ മതപരമായ ആചാരം' ആണോ? അങ്ങനെയല്ലാത്ത വിദ്യാര്‍ത്ഥികളും ഉണ്ടോ? യൂണിഫോം നിയമങ്ങള്‍ കുട്ടിയുടെ മതസ്വാതന്ത്ര്യത്തെയോ വിദ്യാഭ്യാസ അവകാശത്തെയോ ഹനിക്കുന്നുണ്ടോ? യൂണിഫോം നിയമം സ്ഥാപനത്തിന്റെ അച്ചടക്കത്തിന് അനിവാര്യമാണോ? ഇതൊക്കെയാണ് ഇനി കോടതി മുമ്പാകെ ദീര്‍ഘസംവാദത്തിന് വിധേയമാകാവുന്ന കാര്യങ്ങള്‍. ചില കാര്യങ്ങളില്‍ വിവിധ കോടതികളുടെ വിധിപ്രസ്താവങ്ങള്‍ നമ്മുടെ നീതിന്യായ ചരിത്രത്തിന്റെ ഭാഗമായി പൊതുമണ്ഡലത്തില്‍ ലഭ്യവുമാണ്. കോടതി തീരുമാനിക്കേണ്ട തര്‍ക്കവിഷയങ്ങളില്‍ ആ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുന്നതാകും ഉചിതം.

പക്ഷേ, പൊതുസമൂഹവും മത, സമുദായനേതൃത്വങ്ങളും ഇക്കാര്യത്തില്‍ ചില വിചാരങ്ങളും വീണ്ടുവിചാരങ്ങളും നടത്തുന്നതു നല്ലതായിരിക്കും. വിവിധ മതസംസ്‌കാരങ്ങള്‍ സഹവസിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം അഭിപ്രായഭേദങ്ങള്‍ക്കു സാധ്യതകള്‍ എപ്പോഴുമുണ്ട്. ഇത്തരം വിഷയങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാകാം, ചിലപ്പോഴെങ്കിലും കൃത്രിമമായി ഉണ്ടാക്കപ്പെടുന്നതും ആകാം. എങ്ങനെയായിരുന്നാലും അവ പരിഹരിക്കേണ്ടത് സാമാന്യമര്യാദയും സാമാന്യനീതിയും അനുസരിച്ചാണ്.

ഏതെങ്കിലും തീവ്രസ്വഭാവമുള്ള മതാനുയായികളോ മതം തിന്നു ജീവിക്കുന്ന രാഷ്ട്രീയക്കാരോ, മാധ്യമങ്ങളോ ഇത്തരം സങ്കീര്‍ണ്ണ വിഷയത്തില്‍ ഇടനിലക്കാരാകാന്‍ ശ്രമിക്കുമ്പോള്‍ പൊതുസമൂഹം ചിതറും, ധ്രുവീകരണം ഉണ്ടാകും. അത് സംഭവിക്കാതിരിക്കാന്‍ വിവേചനാപൂര്‍ണ്ണമായ ശ്രദ്ധ മതാധികാരികളുടെ ഭാഗത്ത് നിന്ന് ആവശ്യമാണ്. പള്ളുരുത്തി സംഭവത്തില്‍, സിസ്‌റ്റേഴ്‌സിന് ആവശ്യമായ ആലോചനയും പിന്തുണയും ഉപദേശനിര്‍ദേശങ്ങളും യഥാസമയം നല്‍കുന്നതില്‍ കേരളസഭാനേതൃത്വം ഉത്തരവാദിത്വപൂര്‍വം പെരുമാറിയോ എന്നത് ആത്മപരിശോധന അര്‍ഹിക്കുന്ന വിഷയമാണ്. ആനുപാതികമല്ലാത്ത രീതിയില്‍ മതപരമായ മാനങ്ങളുമായി വളര്‍ന്നുപോകാനിടയുള്ള ഒരു വിഷയമാണിത് എന്നു കണ്ട് എത്രയും വേഗം ഇടപ്പെട്ടു പ്രശ്‌നം പരിഹരിക്കാന്‍ ഉയര്‍ന്ന സഭാസംവിധാനങ്ങള്‍ക്കു ബാധ്യതയുണ്ടായിരുന്നു.

കേരളത്തിലെ കത്തോലിക്കാസഭ നടത്തുന്ന ബഹുഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളിലും മുസ്ലീം വിദ്യാര്‍ഥിനികള്‍ക്കു ശിരോവസ്ത്രം അനുവദനീയമാണ്. പള്ളുരുത്തി വിവാദത്തിലെ വിദ്യാര്‍ഥിനി പുതുതായി പ്രവേശനം നേടിയത് അപ്രകാരം സിസ്‌റ്റേഴ്‌സ് തന്നെ നടത്തുന്ന ഒരു കത്തോലിക്കാ സ്‌കൂളിലാണ് എന്നോര്‍ക്കുക. യൂണിഫോം നിയമത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഏതാനും സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നു എന്നതിനാല്‍, അവിടെയെല്ലാം പോയി പ്രവേശനമെടുത്ത് അവയെ കൂടി 'മര്യാദ പഠിപ്പിക്കുക' എന്നതൊരു ദൗത്യമായി ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ? അവരുടെ ഉദ്ദേശ്യം പരമശുദ്ധമാണ് എന്നു കരുതാനാകുമോ? ഇതെല്ലാം പരിശോധിച്ചു സഭയുടെ നിലപാടുകള്‍ കൃത്യമായി അവതരിപ്പിക്കുക ആ സിസ്‌റ്റേഴ്‌സിന്റെ മാത്രം ചുമതലയായിരുന്നില്ല.

മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും വഹിച്ച അതേ വാഹനത്തില്‍ തന്നെയാണ് അന്തിമോപചാരവേളയില്‍ മദര്‍ തെരേസയെയും കൊണ്ടുപോയത്. വെറും രണ്ട് ശതമാനം മാത്രമുള്ള ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരു കന്യാസ്ത്രീയെ ഭാരതത്തിലെ പൊതുസമൂഹം അംഗീകരിച്ചത് എന്തുകൊണ്ട്? മദറിന്റെ വിശാല ക്രിസ്തുസ്‌നേഹവും തുറവിയും പിന്തുടരാന്‍ സഭയോ അതിന്റെ സ്ഥാപനങ്ങളോ മടിക്കണോ? അതിനു വരുന്ന സഹനങ്ങളെ തള്ളണോ? ഹിന്ദുവിനെ ഒരു മെച്ചപ്പെട്ട ഹിന്ദു ആക്കുന്ന മുസല്‍മാനെ മെച്ചപ്പെട്ട മുസല്‍മാന്‍ ആക്കുന്ന ക്രിസ്ത്യാനിയെ മെച്ചപ്പെട്ട ക്രിസ്ത്യാനി ആക്കുന്ന ശുശ്രൂഷ ആയിരുന്നു മദറിന്റേത്. മെച്ചപ്പെട്ട് മെച്ചപ്പെട്ട് എല്ലാവരും നടന്നെത്തുന്നത് സ്രഷ്ടാവായ ദൈവത്തിലേക്ക് തന്നെയെന്ന് അവര്‍ വിശ്വസിച്ചു. സാംസ്‌കാരിക വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പിന്തുടരാന്‍ ഇതിലും ഉറപ്പുള്ള മറ്റൊരു മാതൃക എന്താണ്?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org