ഉയരാത്ത ഉന്നത വിദ്യാഭ്യാസം

ഉയരാത്ത ഉന്നത വിദ്യാഭ്യാസം

മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണ്ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ്ഖാനും തമ്മിലുള്ള പരിധിവിട്ട അധികാരത്തര്‍ക്കം കേരളത്തിന്റെ രാഷ്ട്രീയ-വിദ്യാഭ്യാസ നഭസ്സിനെ ആശങ്കയുടെ കാര്‍മേഘത്തിലാഴ്ത്തിയിട്ട് ആഴ്ചകളായി. അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ, നാടിന്റെ വിദ്യാഭ്യാസഭാവിയുടെ നിലവാര സൂചികയായ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സംഭവിച്ച നിലവാരത്തകര്‍ച്ച യുടെ ആഴത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഉത്തരവദിത്വപ്പെട്ടവരുടെ വിവാദപരാമര്‍ശങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്റെ അതിരുകടന്ന രാഷ്ട്രീയ ഇടപെടലുകളില്‍ മനസ്സ് മടുത്ത്, സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്, ഗവര്‍ണ്ണര്‍ നല്കിയ കത്തില്‍ നിന്നായിരുന്നു, വിവാദത്തുടക്കം. കൂടാതെ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനകാര്യത്തില്‍ ഇടപെട്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണ്ണര്‍ക്ക് കത്ത് നല്കിയ നടപടിയും വിവാദമായി. ചാന്‍സലര്‍ പദവി തിരികെ ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ മറുപടി കത്തില്‍ അനുകൂലമായ നിലപാട് ഔദ്യോഗികമായി ഗവര്‍ണ്ണര്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ സര്‍വ്വകലാശാലകളുടെ ഭരണനിര്‍വഹണനടപടികള്‍ ഫലത്തില്‍ ത്രിശങ്കുവിലായി.

ഇതിനിടെ ചാന്‍സലറായിരിക്കാന്‍ ഗവര്‍ണ്ണര്‍ക്കുള്ള യോഗ്യത കലാമണ്ഡലം വൈസ് ചാന്‍സലര്‍ കോടതിയില്‍ ചോദ്യം ചെയ്ത സാഹചര്യം പോലുമുണ്ടായി. സര്‍വ്വകലാശാലാ ചാന്‍സലര്‍ എന്ന ഭരണഘടനാ പദവിയുടെ തനിമയും സ്വാതന്ത്ര്യവും പരിപൂര്‍ണ്ണമായി പാലിക്കാനുള്ള സുരക്ഷിത സാഹചര്യം കേരളത്തില്‍ തനിക്കിപ്പോഴില്ലാത്തതിനാലാണ് ആ പദവിയിലേക്ക് മടങ്ങാത്തതെന്ന് ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

അധ്യാപക നിയമനത്തിലെ സ്വജനപക്ഷപാതം മുതല്‍, പഠന ബോര്‍ഡുകളുടെ പങ്കിട്ടെടുക്കല്‍ വരെയുള്ള രാഷ്ട്രീയവല്‍ക്കരണം സര്‍വ്വകലാശാലകളുടെ ദുര്യോഗമായിട്ട് കാലമേറെയായി. ഭരണപ്രതിപക്ഷ ഭേദമെന്യേ ഇത്തരം വീതം വയ്പ്പുകള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ തീരാക്കളങ്കമായി നിര്‍ബാധം തുടരുകയുമാണ്.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കിന്റെ (എന്‍.ഐ.ആര്‍.എഫ്.) സര്‍വ്വകാശാല റാങ്കിംഗില്‍ ആദ്യ ഇരുപതില്‍ കേരളത്തില്‍നിന്നുള്ള ഒരു സര്‍വ്വകലാശാലയും ഇല്ലെന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരത്തകര്‍ച്ചയും, ഗവേഷണവഴികളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതീയ അവഹേളനങ്ങളും, ലൈംഗികാതിക്രമങ്ങളും എത്രയോവട്ടം വാര്‍ത്തയായെന്നും ഓര്‍മ്മിക്കണം. അധ്യാപക സംഘടനകളുടെ അമിത ഇടപെടലുകള്‍ സര്‍വ്വകലാശാലകളുടെ സ്വതന്ത്രപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതും, മന്ത്രിയുടെ തന്നെ മേല്‍നോട്ടത്തില്‍ അദാലത്ത് വഴിയുള്ള മാര്‍ക്ക് ദാനത്തിലൂടെ, പരീക്ഷകളുടെ സംശുദ്ധിയും വിദ്യാര്‍ത്ഥികളുടെ ദിശാബോധവും അവഹേളിതമാകുന്നതും സമീപകാല അപചയങ്ങളാണ്.

യഥാസമയം, കുറ്റമറ്റരീതിയില്‍ പരീക്ഷകള്‍ നടത്തി കൃത്യമായ ഫലപ്രഖ്യാപനത്തിലൂടെ വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസത്തിന് ഒരുക്കിവിടുകയെന്ന പ്രാഥമികദൗത്യം പോലും നിര്‍വ്വഹിക്കാനാവാതെ ഇരുട്ടില്‍ തപ്പുന്ന സര്‍വ്വകലാശാലകള്‍ യുവകേരളത്തിന്റെ ഭാവി സാധ്യതകളെത്തന്നെയാണ് ഇല്ലാതാക്കുന്നത്. ഉന്നത വിദ്യാഭ്യാസം ഇവിടെ സുരക്ഷിതമല്ലാത്തതിനാല്‍ വിദേശങ്ങളില്‍ പഠനവും ജോലിയും തേടിപ്പോകുന്നവരുടെ എണ്ണം അടുത്തകാലത്ത് അധികമായി വര്‍ദ്ധിച്ചുവെന്നതും ഗൗരവമായി എടുക്കണം. രാജ്യത്ത് പുതിയ വിദ്യാഭ്യാസനയം പ്രാബല്യത്തിലാകുന്നതോടെ ഓരോ കോളേജും ഓരോ സര്‍വ്വകലാശാലാതുല്യം വിവിധോദ്ദേശ്യപഠന പദ്ധതികളിലൂടെ വികസിതവും സ്വയം നിയന്ത്രിതവുമായി പരിവര്‍ത്തിതമാകുമെന്നിരിക്കെ, അക്കാദമിക് താത്പര്യങ്ങളെക്കാള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമുറപ്പിക്കുന്ന നമ്മുടെ സര്‍വ്വകലാശാലാ പരിസരങ്ങള്‍ ക്രമവിരുദ്ധ ഇടപാടുകളുടെ അരാജകവേദിയായി അധഃപതിക്കുകയാണെന്നോര്‍ക്കണം.

മികച്ച സര്‍വ്വകലാശാലകളെ കണ്ടെത്താന്‍ 'ചാന്‍സലേഴ്‌സ് ട്രോഫി' പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയ നാടാണിത്. മികവ് തെളിയിച്ച് ട്രോഫി നേടിയ സര്‍വ്വകലാശാലകളെക്കുറിച്ചു തന്നെയാണ് ഗവര്‍ണ്ണറുടെ പരാതികളെന്നതാണ് മറ്റൊരു വൈരുദ്ധ്യം.

സര്‍വ്വകലാശാലകളിലെ രാഷ്ട്രീയാതിപ്രസരം അവസാനിപ്പിക്കുകതന്നെയാണ് ശുദ്ധീകരണ വഴിയിലെ പ്രഥമവും പ്രധാനവുമായ നടപടി. വൈസ് ചാന്‍സലര്‍ നിയമനമെങ്കിലും ജാതി സമവാക്യങ്ങളെ തൃപ്തിപ്പെടുത്താതെയും, രാഷ്ട്രീയ ചായ്‌വുകളെ പ്രതിഫലിപ്പിക്കാതെയുമാക്കുക മാത്രമാണ് അക്കാദമിക് തലങ്ങളിലെ പ്രൊഫഷണലിസവും, വൈജ്ഞാനിക ആധികാരികതയും തിരികെ എത്തിക്കാനു ള്ള ഏകവഴിയും. അക്കാദമിക് മികവുറപ്പിക്കാനുദ്ദേശിച്ച് നടപ്പാക്കുന്ന പരിഷ്‌ക്കരണങ്ങളെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ ഇളക്കിയും ഇറക്കിയും തടസ്സപ്പെടുത്തുന്ന നിലപാട് ബന്ധപ്പെട്ടവര്‍ നിറുത്തിവയ്ക്കണം. സര്‍വ്വകലാശാല നടത്തിപ്പിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായ സിന്‍ഡിക്കേറ്റില്‍ രാഷ്ട്രീയനിയമനം ഒഴിവാക്കാനാകുന്നില്ലെങ്കില്‍ അക്കാദമിക് യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തുന്നുവെന്നെങ്കിലും ഇടതുവലതുഭേദമെന്യേ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറപ്പുവരുത്തണം. ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ കമ്മീഷനായി നിയമിക്കുന്ന കാര്യവും ചിന്തിക്കണം.

സാമൂഹിക പ്രവര്‍ത്തനമികവിന് കസാക്കിസ്ഥാനില്‍നിന്ന് ഡോക്ടറേറ്റ് 'കരസ്ഥമാക്കുന്ന' നാട്ടില്‍, രാഷ്ട്രപതിക്ക് ഗവര്‍ണ്ണറുടെ ഡി-ലിറ്റ് ബിരുദ ശുപാര്‍ശ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിരാകരിച്ചതാണ് വിവാദനിരയില്‍ ഒടുവിലത്തേത്. ഒരാളുടെ പദവിയുടെ പ്രാമാണ്യത്തെ പ്രധാനയോഗ്യതയാക്കിയത് ചര്‍ച്ച ചെയ്യാതെ വൈസ് ചാന്‍സലറുടെ കത്തിലെ അക്ഷരതെറ്റ് മാത്രം ചര്‍ച്ചയാക്കുന്നതിലെ രാഷ്ട്രീയ അനൗചിത്യവും ചര്‍ച്ചയാകണ്ടേ? സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകളെ ഗവര്‍ണ്ണര്‍ പ്രതിരോധിക്കുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ദയവായി വിദ്യാഭ്യാസത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുത്; രാഷ്ട്രീയത്തെയാണ് അടിയന്തിരമായി വിദ്യാഭ്യാസ വല്‍ക്കരിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org