വിദ്വേഷത്തിന്റെ വിളവെടുപ്പ് !!

വിദ്വേഷത്തിന്റെ വിളവെടുപ്പ് !!

ഏഴ് ഘട്ടങ്ങളിലായി വിന്യസിക്കപ്പെട്ട അതിവിപുലമായ തിരഞ്ഞെടുപ്പ് മാമാങ്കം അതിന്റെ സമാപനത്തോടടുക്കുമ്പോള്‍ രാജ്യം ഇതുവരെയും ദര്‍ശിച്ചിട്ടില്ലാത്ത വിഷലിപ്ത പ്രയോഗങ്ങളുടെ വിദ്വേഷ പ്രചാരണത്തിനാണ് അതിദയനീയമാം വിധം സാക്ഷ്യം വഹിച്ചത്.

മൂന്നാം ഘട്ടം വരെ വികസന മുദ്രാവാക്യങ്ങള്‍ പ്രചാരണവേദികളെ ഇളക്കി മറിച്ചപ്പോള്‍ നാലും അഞ്ചും ആറും ഘട്ടങ്ങളില്‍ അത് വംശീയ അധിക്ഷേപത്തിലേക്കും മറയില്ലാത്ത വര്‍ഗീയതയിലേക്കും വഴിമാറി. സമാനതകളില്ലാത്ത വര്‍ഗീയ പ്രയോഗങ്ങൡലൂടെ പ്രചാരണ പരിപാടികളില്‍ വിദ്വേഷത്തിന്റെ വിഷം കലര്‍ത്തിയത് പ്രധാനമന്ത്രി നേരിട്ടായിരുന്നുവെന്നത് എല്ലാവരെയും അമ്പരിപ്പിച്ചു. യു പി എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ വിഭവ സമ്പത്ത് മുഴുവന്‍ മുസ്ലീം ന്യൂനപക്ഷത്തിന് നല്കാന്‍ ബജറ്റില്‍ത്തന്നെ വഴിയൊരുക്കിയെന്ന മോദി പ്രസ്താവന വന്‍വിവാദമായി. ഏറ്റവും ഒടുവില്‍ ഇന്ത്യാസഖ്യം 'മുജ്‌റ നൃത്ത'ക്കാരാണെന്ന മോദിയുടെ അധിക്ഷേപം രാഷ്ട്രീയ മര്യാദയുടെ സര്‍വസീമയും ലംഘിച്ചു. മര്യാദരാമന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍, ഇന്ത്യാസഖ്യം, മുസ്ലിം വോട്ടര്‍മാരുടെ അടിമകളാണെന്ന മട്ടില്‍ നത്തിയ 'മുജ്‌റ' പ്രയോഗം തീര്‍ത്തും മര്യാദകെട്ടതാണെന്ന വിമര്‍ശനം ശക്തമാണ്.

400 സീറ്റിനപ്പുറം പോവുക എന്ന ലക്ഷ്യത്തിന് വോട്ടര്‍മാരുടെ തുടര്‍ച്ചയായ തണുപ്പന്‍ പ്രതികരണം തടസ്സമാകുമ്പോള്‍ അതിനെ മറികടക്കാനാണ് വിദ്വേഷപ്രയോഗങ്ങളെ ബി ജെ പി പ്രചാരണായുധമാക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യത്തെ പ്രധാനപ്രശ്‌നമെന്ന് പ്രതിപക്ഷം പറയുമ്പോള്‍ രാമക്ഷേത്രവും സി എ എ (CAA) യും രാഷ്ട്രീയനേട്ടത്തിന് മതിയാകില്ലെന്ന ഭയപ്പാടിലാണ് ബി ജെ പി യും മുന്നണിയും.

ഇതിനിടയില്‍ മെയ് 14 ന് ഒരു ചാനല്‍ അഭിമുഖത്തില്‍ മോദി താന്‍ ദൈവത്താല്‍ പ്രത്യേകം അയയ്ക്കപ്പെട്ട വ്യക്തിയാണെന്ന് വെളിപ്പെടുത്തി. ''അമ്മ ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെപ്പോലെ ജനിച്ചയാളെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനുശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈശ്വരന്‍ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണമാണ്.'' 'വികാസ് പുരുഷന്‍' 'ദൈവപുരുഷനാകുന്ന' ഈ മാറ്റം അപ്രതീക്ഷിതമല്ല. ഏകഭാരതത്തെ ശ്രേഷ്ഠ ഭാരതമായി അവതരിപ്പിച്ച നാള്‍ മുതല്‍ സമഗ്രാധിപത്യത്തിന്റെ ഏകീകൃത വഴിയില്‍ ഈ അവതാര മാറ്റം പ്രകടമായിരുന്നു.

സര്‍വാധിപത്യത്തിന്റെ ഈ അധികാര ഭീകരതയെ ഒരു നാടിന്റെ ഭരണക്രമമായി പരിചയപ്പെടുത്തിയ ഹിറ്റ്‌ലറിന്റെ 'മെയിന്‍ കാംഫ്' പുത്തിറങ്ങിയിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, നരേന്ദ്രമോദിയുടെ ദേവാവതാരപ്രയോഗം ചോദ്യം ചെയ്യപ്പെടാനാകാത്ത ഉത്തമപുരുഷനായി ഭരണാധികാരിയെ മാറ്റിയുറപ്പിക്കുന്ന പുതിയ പ്രതിഷ്ഠാകര്‍മ്മമായാണ് പ്രത്യക്ഷപ്പെടുന്നത്.

ദസ്തയേവ്‌സ്‌ക്കിയുടെ 'കാരമസോവ് സഹോദരങ്ങളിലെ' കുറ്റവിചാരകന്റെ ഭാഷ കടമെടുത്താല്‍ 'ഭയചകിതരായ മനുഷ്യര്‍ അടിമകളെപ്പോലെ തങ്ങളുടെ അന്നദാതാവിന്നരികില്‍ അഭയം തേടുമ്പോള്‍ അയാള്‍ അവരെ വഞ്ചിക്കുകയും അതേ സമയം അയാളെ ദൈവത്തെപ്പോലെ കരുതുകയും ചെയ്യും.'

1925 ജൂലൈ 18 ന് പ്രസിദ്ധീകരിച്ച 'മെയിന്‍ കാംഫ്' രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുകയല്ല, മതത്തെ തന്നെ രാഷ്ട്രീയമായി അവതരിപ്പിക്കുകയാണ് ചെയ്തത്. ഇവിടെ മതമെന്നാല്‍ ആര്യനിസത്തെ അടിസ്ഥാനമാക്കിയ തീവ്രദേശീയതയെന്നാണ് വിവക്ഷ. അധികാരത്തെ സ്വകാര്യ സാധ്യത്തിനായി അതിക്രൂരമായി എങ്ങനെ ഉപയോഗിക്കാമെന്ന് പരീക്ഷിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമായാണ് ഹിറ്റ്‌ലറിന്റെ ആത്മകഥയുടെ ചരിത്രത്തിലെ സ്ഥാനം.

മറ്റൊന്നും പറയാനില്ലാത്തതിനാല്‍ വര്‍ഗീയത പറയുകയല്ല, മറ്റൊന്നും പറയാതെ വര്‍ഗീയത മാത്രം പറയുന്ന പുതിയ പ്രചാരണതന്ത്രം തിരഞ്ഞെടുപ്പാനന്തര രാഷ്ട്രത്തെ നന്നായി നിര്‍വചിക്കുന്നുണ്ട്.

വ്യത്യസ്തതയെ അസാധ്യമായ അസ്തിത്വപ്രശ്‌നമായി അവതരിപ്പിച്ച് കലര്‍പ്പിന്റെ സഹവാസത്തെ നിരാകരിക്കുന്ന ഫാസിസത്തിന്റെ ഏകീകരണശ്രമങ്ങള്‍ക്ക് ഭാരതം ഏറ്റവും അനുയോജ്യമായ കാലവും കാലാവസ്ഥയുമായി പരിണമിക്കുന്നതാണ് ഏറെ അപകടകരം.

പ്രചാരണത്തില്‍ പങ്കെടുക്കാതെ വീട്ടിലിരിക്കുന്നവരെ പോലും 'ശ്രീരാം' വിളിപ്പിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെയല്ല, ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനതന്ത്രിയാവുകയാണ്! മറ്റൊന്നും പറയാനില്ലാത്തതിനാല്‍ വര്‍ഗീയത പറയുകയല്ല, മറ്റൊന്നും പറയാതെ വര്‍ഗീയത മാത്രം പറയുന്ന പുതിയ പ്രചാരണതന്ത്രം തിരഞ്ഞെടുപ്പാനന്തര രാഷ്ട്രത്തെ നന്നായി നിര്‍വചിക്കുന്നുണ്ട്.

ഒരു ചാനലിനു കൊടുത്ത അഭിമുഖത്തില്‍ പ്രശസ്ത പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റായ പറക്കാല പ്രഭാകര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ വാസ്തവമായാല്‍, തിരഞ്ഞെടുപ്പില്‍ ബി ജെ പി തോറ്റാലും ഒരു അധികാര കൈമാറ്റം സുഗമമാകുമോ എന്ന് സംശയിക്കണം. ഇലക്ട്രല്‍ ബോണ്ടുള്‍പ്പെടെ, 10 വര്‍ഷത്തെ അധികാര ദുര്‍വിനിയോഗത്തിന്റെ അഴിമതിക്കറകള്‍ വെളിച്ചത്താവുമെന്ന് മാത്രമല്ല, ദീര്‍ഘകാല ഹിന്ദുത്വ അജണ്ടകളെ അത് അസ്ഥിരമാക്കും എന്നതുകൊണ്ടുകൂടിയാണത്.

പതിനാലാം നൂറ്റാണ്ടിലെ സ്‌ക്കോട്ടീഷ് പണ്ഡിതന്‍ ജോര്‍ജ് ബുഖാന്‍ എഴുതി, ''ഒരു രാജാവ് സ്വസമ്മതമുള്ള പ്രജകളുടെമേല്‍ ഭരണം നടത്തുന്നു. ഒരു പ്രജാപീഡകനോ സമ്മതമില്ലാത്തവരുടെമേലും'' പ്രജയും രാജാവും ജനാധിപത്യകാലത്തെ അശ്ലീലക്കാഴ്ചയായിരിക്കെ, അധികാരം ദൈവദത്തമെന്ന് കൂടി ചിന്തിച്ചു തുടങ്ങുമ്പോള്‍ '75' പ്രധാനമന്ത്രി പദത്തില്‍ തുടരാനുള്ള തടസ്സമല്ലെന്ന് മാത്രമല്ല, അത്തരം ചര്‍ച്ചകള്‍ പോലും രാജ്യദ്രോഹമാകും. രാജ്യത്തെ അസ്ഥിരമാക്കുന്ന സാങ്കല്പിക ശത്രുക്കള്‍ക്കെതിരെയുള്ള നിരന്തര യുദ്ധ പ്രഖ്യാപനത്തിലൂടെ സ്വയം രക്ഷകനായി ചമയുന്ന 'ദൈവത്തിന്റെ ഉപകരണം' മൂല്യമുക്തമായ ഭരണവ്യവസ്ഥയുടെ മുഖ്യശില്പിയാവുക സ്വഭാവികം.

ഇലക്ഷന്‍ കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനം ഇത്രകണ്ട് നിരുത്തരവാദിത്വപരമായും പക്ഷം പിടിച്ചും പെരുമാറിയ കാലം മറ്റൊന്നില്ല. വോട്ട് കണക്കുകളിലെ ഗൗരവമായ വ്യത്യാസം തിരഞ്ഞെടുപ്പിന്റെ സുതാര്യതയെത്തന്നെയാണ് ഇല്ലാതാക്കുന്നത് എന്ന പ്രതിപക്ഷാക്ഷേപത്തെ മോദി തന്നെ നേരിട്ടധിക്ഷേപിക്കുമ്പോള്‍ വിയോജിക്കുന്നവര്‍ക്കല്ല, വിധേയപ്പെടുന്നവര്‍ക്കുള്ളതാണ് ഭാവി ഭാരതം എന്ന് വ്യക്തം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org