

ആരോഗ്യരംഗത്തോ വിദ്യാഭ്യാസ രംഗത്തോ ടൂറിസം രംഗത്തോ ശ്രദ്ധേയമായ ഒരു ബ്രാൻഡ് നിർമ്മിക്കുവാൻ കഴിഞ്ഞ ഭരണവർഷങ്ങളിൽ കഴിയാതെ പോയതുകൊണ്ടാണോ ഈ തിരഞ്ഞെടുപ്പ് ഒരുക്ക കാലത്ത് മിന്നൽ മാജിക് എന്ന പേരിൽ ഒരു മദ്യബ്രാൻഡ് മിന്നൽ വേഗത്തിൽ നിർമ്മിച്ചേക്കാം എന്ന് ഗവൺമെന്റ് ചിന്തിച്ചത്?!
മിന്നൽ മാജിക് കുടിച്ചാൽ വേഗം തന്നെ ബോധം മറയുകയും അതിവേഗം ലഹരിയുടെ വിസ്മയ ഭൂമികയിലേക്ക് ഉയരുകയും ചെയ്യും എന്ന ആശയത്താൽ ആയിരിക്കുമോ നിർമ്മാതാക്കൾ ആ പേരിട്ടത്? (മലബാർ മിസ്റ്ററി എന്ന പേര് തള്ളി പോയത് ഏതായാലും നന്നായി) കഴിഞ്ഞ വർഷങ്ങളിലെ ഭരണ വീഴ്ചകളെ ക്കുറിച്ചുള്ള പൊതുബോധത്തെ മിന്നൽ വേഗത്തിൽ രൂപാന്തര പ്പെടുത്താൻ ശ്രമിക്കുന്ന സർക്കാരിന്റെ പി ആർ ശ്രമങ്ങളെ മുഴുവൻ അവലോകനം ചെയ്താൽ ഈ സർക്കാർ, തിരഞ്ഞെടുപ്പ് ഒരുക്ക പി ആർ ശ്രമങ്ങളിൽ ഒരു ബ്രാൻഡ് തന്നെ എന്നു പറയേണ്ടിവരും! സർക്കാരിന്റെ മിന്നൽ മാജിക് തീരെ മോശം പേരല്ല.
6.7 കോടി രൂപ ചെലവാക്കി 80 ലക്ഷം ലഘുലേഖകൾ, പ്രതിമാസം 3.7 കോടി രൂപ വാടക വരുന്ന 627 ഹോർഡിംഗുകൾ, കെ.എസ്.ആർ.ടി.സി ബസുകളിലെ 1.7 കോടി രൂപയുടെ പരസ്യങ്ങൾ, 9.5 ശതമാനം എന്ന ഉയർന്ന പലിശയ്ക്ക് കിഫ്ബി വഴി കടമെടുത്ത പണത്തിൽ നിന്ന് 150 കോടിയോളം രൂപ കഴിഞ്ഞ വർഷം മാത്രം പരസ്യങ്ങൾക്കായി ചെലവഴിച്ചു എന്ന പ്രതിപക്ഷ ത്തിന്റെ ആരോപണം, ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും പൂർത്തിയാക്കപ്പെട്ട നവകേരള സർവേ, ഇതിന് പുറമെ ‘വിഷൻ 2031’ എന്ന പേരിൽ അന്താരാഷ്ട്ര ശിൽപശാലയും.
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് പറഞ്ഞത് മാർക്സ് ആണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ മതം ഏശുന്നില്ല! എങ്കിൽ പിന്നെ മദ്യവും പ്രതിച്ഛായ നിർമ്മിതിയും കറുപ്പിന്റെ ഗുണം ചെയ്യുമായിരിക്കും!
ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാൻ 2018 മുതൽ ബ്രാൻഡിംഗ് ചെയ്യുന്നുണ്ടെന്നും, ലക്ഷ്യങ്ങൾക്ക് അനുപാതിക മായാണ് പരസ്യം നൽകുന്നതെന്നുമുള്ള ന്യായീകരണവും ഒപ്പമുണ്ട്. തുടർഭരണം കിട്ടിയില്ലെങ്കിൽ തുടങ്ങിയതെല്ലാം നിലയ്ക്കും എന്ന് തുടങ്ങിയ ക്യാപ്സൂളുകളും പ്രചരിക്കുന്നു (ജനാധിപത്യ സർക്കാരുകൾ മാറിയാലും ഭരണനിർവഹണ സംവിധാനങ്ങൾ തുടരുക തന്നെ ചെയ്യും എന്ന അറിവില്ലാത്തവരാണല്ലോ ജനങ്ങൾ!).
ജനിതക വകഭേദം വന്ന പിആർ മാജിക്കുകൾ ഇനിയുമുണ്ട്.
ഡിഎ കുടിശ്ശിക അനുവദിച്ചതോടനുബന്ധിച്ച് സ്പാർക്കിൽ നിന്നും സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി, whatsapp വഴി സന്ദേശം അയക്കുന്നത് എന്തു മാജിക്കാണ്? അതും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വെരിഫൈഡ് whatsapp അക്കൗണ്ടിൽ നിന്നും! കൃത്യനിർവഹണത്തിനായി ഫിനാൻസ് ഡിപ്പാർട്ട്മെന്റിനും ഉദ്യോഗസ്ഥർക്കും മാത്രം കൈകാര്യം ചെയ്യാൻ അധികാരമുള്ള സ്പാർക്കിലെ ഫോൺ നമ്പരും പേരും മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത് എങ്ങനെയാണ്? പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം എന്നപോലെ സ്വകാര്യതയ്ക്കുവേണ്ടിയും പടപൊരുതേണ്ട സർക്കാർ തന്നെയാണ് വിവരശേഖരണ നിയമങ്ങളുടെയും സർവീസ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനം നടത്തുന്നത്. ഭരണസംവിധാനങ്ങളുടെ അധികാര ദുരുപയോഗങ്ങൾ കേന്ദ്രസർക്കാർ വകയാണെങ്കിൽ എന്താകുമായിരുന്നു പ്രതിഷേധങ്ങൾ!
ഈ വാദ പ്രതിവാദങ്ങളെല്ലാം സർക്കാരിന്റെ സാമ്പത്തിക വിനിയോഗ മുൻഗണനകളെക്കുറിച്ചുള്ള അറിവ് നൽകുന്നുണ്ട്. ഏത് സാമ്പത്തിക തത്വം കൊണ്ട് ഇതിനെ വ്യാഖ്യാനിക്കാം?
കടുത്ത വരുമാനക്കമ്മി നേരിടുമ്പോഴും വോട്ട് ലക്ഷ്യമിട്ടുള്ള ഇത്തരം സാമ്പത്തിക മുൻഗണന ശൈലികൾ സംസ്ഥാനത്തിന്റെ ദീർഘകാല വികസനത്തെ തകർത്തു കളയും. സർക്കാർ സംവിധാനങ്ങളും പാർട്ടി പ്രചരണ സംവിധാനങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു പോകുന്നതും വികസന പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നതും ഒക്കെ നീതിപൂർവമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കും.
ഈ സാഹചര്യത്തെ തമിഴ്നാട് വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട കേസിൽ, തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ ങ്ങളെയും സാമ്പത്തിക ധൂർത്തിനെയും കുറിച്ച് സുപ്രീംകോടതി കഴിഞ്ഞയാഴ്ച നടത്തിയ നിരീക്ഷണങ്ങളോട് ചേർത്ത് വിശകലനം ചെയ്യേണ്ടതുണ്ട്. അവിടെ സൗജന്യങ്ങളിലൂടെ ജനപ്രീതി നേടാൻ ശ്രമിക്കുമ്പോൾ ഇവിടെ പി ആർ പ്രവർത്തനങ്ങളിലൂടെ പ്രതിച്ഛായ നിർമ്മിക്കുകയാണ്.
കടമെടുക്കുന്ന പണം അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആണ് ഉപയോഗിക്കേ ണ്ടത്. അത് പ്രതിച്ഛായ നിർമ്മിതിക്കുള്ളതല്ല. കടമെടുത്ത പണം അതിന് ഉപയോഗിക്കുന്നങ്കിൽ അതിന്റെ പേര് സാമ്പത്തിക ധൂർത്ത് എന്നാണ്. ഏതു സാമ്പത്തിക യുക്തി കൊണ്ടാണ് അതിനി ന്യായീകരിക്കുന്നത്? വികസനത്തിന്റെ അളവുകോൽ തെരുവു കളിലെ ഹോർഡിങ്ങുകൾ അല്ല, ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളാണ്.
നോം ചോസ്കിയുടെ സമ്മതി നിർമ്മാണം (Manufacturing Consent) എന്ന ഒരു പ്രയോഗമുണ്ട്. ജനാധിപത്യ രാജ്യത്തിൽ ഭരണകൂടങ്ങളും വൻകിട കോർപ്പറേറ്റുകളും ജനങ്ങളെ തോക്കിൻ മുനയിൽ നിർത്തിയല്ല ഭരിക്കുന്നത്. മറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളുടെ ചിന്തകളെ സ്വാധീനിച്ച് അവർക്ക് അനുകൂലമായ സമ്മതി നിർമിച്ചെടുക്കുകയാണ് ചെയ്യുന്നത്. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ പ്രതിച്ഛായ നിർമ്മിച്ചടുക്കൽ പ്രധാന സംഗതിയാണ്! കളി ജയിപ്പിച്ചെടുക്കുന്നത് പ്രതിച്ഛായയാണ്.
തങ്ങൾക്ക് എന്തെങ്കിലും കിട്ടിയെന്ന/കിട്ടാൻ പോകുന്നു എന്ന പൊതുജനങ്ങളുടെ തോന്നലാണ് പ്രധാനം. അതിന് സൗജന്യ ങ്ങൾ, പ്രതിച്ഛായ നിർമിതി, അല്ലെങ്കിൽ ഭരണസംവിധാനങ്ങളുടെ ഉപയോഗം തുടങ്ങിയവയെ ആശ്രയിക്കുന്നു. എങ്ങനെയും പൊതുജനങ്ങളുടെ സാമാന്യബോധത്തെ മറയ്ക്കുന്ന മിന്നൽ മാജിക്കുകൾ കാട്ടി അവരെ വിസ്മയ പ്രതിച്ഛായകളുടെ അബോധ രാഷ്ട്രീയ ഭൂമികകളിൽ ഇരുത്തണം.
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് പറഞ്ഞത് മാർക്സ് ആണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ മതം ഏശുന്നില്ല! എങ്കിൽ പിന്നെ മദ്യവും പ്രതിച്ഛായ നിർമ്മിതിയും കറുപ്പിന്റെ ഗുണം ചെയ്യുമായിരിക്കും!