

രക്തസാക്ഷികള്‍ അറിഞ്ഞുകൊണ്ട് വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നു, ചില വിപ്ലവങ്ങളാകട്ടെ അറിയാതെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. വ്യവസായവിപ്ലവത്തിന്റെ രക്തസാക്ഷികള്‍ അന്നത്തെ കുഞ്ഞുങ്ങളായിരുന്നു എന്ന നിരീക്ഷണമുണ്ട്. രക്തസാക്ഷികളേക്കാള്‍ ഇരകള്‍. വിപ്ലവാനന്തരം പടര്‍ന്നുയര്‍ന്ന പലതരം പണിശാലകളില്‍ കുട്ടിത്തൊഴിലാളികള്‍ കുരുതി കൊടുക്കപ്പെട്ടു. അവരുള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗത്തിന്റെ ജീവരക്തം ഊറ്റിക്കുടിച്ചാണ് വ്യവസായലോകം തിടം വച്ചത്. “വിപ്ലവകാരികള്‍” വിജയം കൊയ്തപ്പോള്‍ തൊഴിലാളികള്‍ക്ക് അവരുടെ ജീവിതവും പ്രകൃതിക്ക് അതിന്റെ സ്വാസ്ഥ്യവും നഷ്ടമായിക്കൊണ്ടിരുന്നു. ഇതു തിരിച്ചറിയാനും നിയമനിര്‍മ്മാണങ്ങളിലൂടെയും മനോഭാവമാറ്റങ്ങളിലൂടെയും പരിഹാരങ്ങള്‍ സാധ്യമാക്കാനും പതിറ്റാണ്ടുകള്‍ വേണ്ടി വന്നു. ആ പരിവര്‍ത്തനപ്രക്രിയയില്‍ സഭയുടെ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനം തനതായ പങ്കു വഹിച്ചു.
ലിയോ പതിമൂന്നാമന്‍ പാപ്പാ ചരിത്രപരമായ ഈ സാമൂഹ്യ പ്രബോധനം പുറപ്പെടുവിച്ചതിന്റെ 135-ാം വാര്‍ഷികദിനത്തില്‍, ലിയോ പതിനാലാമന്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള ചാക്രിക ലേഖനമായ ‘മഹത്തായ മാനവരാശി’യില്‍ (മാഞ്ഞിഫിക്ക ഹുമാനിത്താസ്) ഒപ്പു വച്ചിരിക്കുന്നു. ഈ ചരിത്രസന്ധിയിലെ ഏറ്റവും നിർണ്ണായകമായ വിഷയം. യന്ത്രങ്ങളെ മനുഷ്യാധ്വാന ത്തിനു പകരം വച്ച മൂലധനത്തിന്റെ അശ്വമേധത്തില്‍ പതിതമായ മാനവാന്തസ്സിനെ സംരക്ഷിക്കാന്‍ ‘റേരും നൊവാരും’ പരിശ്രമിച്ചതുപോലെ, നിര്‍മ്മിതബുദ്ധിയുടെ തേരോട്ടത്തില്‍ തൊഴിലും നീതിയും അന്തസ്സും നഷ്ടപ്പെട്ടേക്കാവുന്ന മാനവരാശിക്കു പ്രതിരോധം തീര്‍ക്കാന്‍ ‘മഹത്തായ മാനവരാശി’ അവതരിപ്പിക്കപ്പെടുന്നു.
നിര്‍മ്മിതബുദ്ധിയുടെ തേരോട്ടത്തില്‍ തൊഴിലും നീതിയും അന്തസ്സും നഷ്ടപ്പെട്ടേക്കാവുന്ന മാനവരാശിക്കു പ്രതിരോധം തീര്‍ക്കാന്‍ ‘മഹത്തായ മാനവരാശി’ അവതരിപ്പിക്കപ്പെടുന്നു.
കത്തോലിക്കാസഭ മാത്രമല്ല ഈ പ്രബോധനത്തെ കാത്തിരിക്കുന്നത്, ആഗോള സാങ്കേതികവിദ്യാലോകം ഒന്നാകെയാണ്. മനുഷ്യശബ്ദവും രൂപവും ഭാവവും ബുദ്ധിയും യഥാര്‍ഥമനുഷ്യര്‍ക്കു പകരമാകുന്ന സാഹചര്യം നിര്‍മ്മിതബുദ്ധി സൃഷ്ടിക്കുമ്പോള്‍, മനുഷ്യരെ അതെപ്രകാരം ബാധിക്കുമെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. നിര്‍മ്മിതബുദ്ധിയുടെ സാധ്യത കള്‍ ഒന്നൊന്നായി അരങ്ങിലെത്തിയപ്പോള്‍, ജെനറേറ്റീവ് എഐ യുടെ സാധ്യതകള്‍ മനുഷ്യനു തന്നെ സങ്കല്പാതീതമായേക്കാ മെന്നു തിരിച്ചറിഞ്ഞപ്പോള്‍, ഈ ചോദ്യം ആകുലതകളുയർ ത്താനും തുടങ്ങി. മനുഷ്യരുടെ നിലനില്‍പിനെയാകെ ആശ്ലേഷിച്ചു നില്‍ക്കുന്ന ഈ സാങ്കേതികവിദ്യയുടെ നാനാവശ ങ്ങള്‍ പരിശോധിക്കാന്‍ സാങ്കേതികവിദഗ്ധര്‍ക്കു മാത്രമായി സാധിക്കുകയില്ല എന്ന് അവര്‍ തന്നെ മനസ്സിലാക്കിയിരിക്കുന്നു. വ്യവസായികളെയോ ഭരണാധികാരികളെയോ ആശ്രയിച്ചാലും പോരാ. കാരണം, സുചിന്തിതമായ ഒരു ധാർമ്മിക മാര്‍ഗദര്‍ശനം ഈ രംഗത്തിന് ആവശ്യമായിരിക്കുന്നു. അതു നിര്‍വഹിക്കുക യാണു ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
നിര്‍മ്മിതബുദ്ധിയായിരിക്കും തന്റെ ഒരു മുന്‍ഗണനാവിഷയ മെന്ന് അധികാരമേറ്റ നാള്‍ മുതല്‍ തന്നെ ലിയോ പതിനാലാമന്‍ സൂചിപ്പിച്ചിരുന്നു. അധരവ്യായാമങ്ങള്‍ക്കപ്പുറം, മൂര്‍ത്തമായ ചിന്താപദ്ധതികളും കര്‍മ്മപരിപാടികളുമായി ഈ സാങ്കേതിക വിദ്യാഭൂമികയില്‍ ഇടപെടാനാണ് സഭ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു തുടര്‍ന്നുള്ള നാളുകള്‍. ഇപ്പോള്‍, ഈ ചാക്രികലേഖനം പുറത്തിറക്കാന്‍ പോകുന്ന രീതി പോലും അതിനു തെളിവാണ്. സഭയുടെ പാരമ്പര്യങ്ങളെ ലംഘിച്ചു കൊണ്ട്, വത്തിക്കാനിലെ പത്രസമ്മേളനത്തില്‍ മാര്‍പാപ്പ നേരിട്ട് ചാക്രികലേഖനം പുറത്തിറക്കുമ്പോള്‍, ആന്ത്രോപ്പിക് എന്ന എഐ കമ്പനിയുടെ സഹസ്ഥാപകന്‍ ക്രിസ്റ്റഫര്‍ ഓല, പാപ്പയുടെ ചാരത്തുണ്ടാകും. നിര്‍മ്മിതബുദ്ധിയുടെ രംഗത്തെ ശാസ്ത്രജ്ഞരും സ്ഥാപകരുമായി കൈ കോര്‍ത്തുകൊണ്ടാകും ഈ രംഗത്തു വഴി കാണിക്കാന്‍ സഭ പുറപ്പെടുക. നിര്‍മ്മിതബുദ്ധിയുടെ അനിയന്ത്രിതമായ ഉപയോഗം സൈനിക രംഗത്തും മറ്റും അനുവദിക്കാന്‍ പാടില്ലെന്നു വാദിക്കുന്ന ഓലയുടെ സാന്നിധ്യം, വ്യക്തമായ ദിശാസൂചിയാണ്. ധാർമ്മികതയും സാങ്കേതികവിദ്യയും ഒന്നിക്കുന്ന ഐക്യനിരയെ അവഗണിക്കാന്‍ ഈ രംഗത്തുള്ളവര്‍ക്കു സാധിക്കില്ല.
മനുഷ്യബന്ധങ്ങള്‍, സൗഹൃദം, കല തുടങ്ങിയ തലങ്ങളില്‍ മനുഷ്യനു പകരമായി നിര്‍മ്മിതബുദ്ധിയെ ആശ്രയിക്കുന്നതും ആത്മാവിനെ അൽഗോരിതങ്ങള്‍ക്കു വിധേയമാക്കുന്നതും ഗുണകരമാകില്ലെന്നു ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുക യാണ്. യുദ്ധങ്ങളില്‍, എഐ നിയന്ത്രിത ഡ്രോണുകളും നശീകരണായുധങ്ങളും ഉപയോഗിക്കുന്നത് പരസ്പരമുള്ള ഉന്മൂലനങ്ങളുടെ മാരകമായ ചുഴികള്‍ സൃഷ്ടിക്കുമെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ മുമ്പേ സൂചിപ്പിച്ചിട്ടുള്ളതാണ്. സാമ്പത്തികമായി, ഇന്നു നിലവിലുള്ള അസമത്വത്തെ നിര്‍മ്മിത ബുദ്ധി വന്‍തോതില്‍ വര്‍ധിപ്പിച്ചേക്കാം. ദരിദ്രര്‍ ദരിദ്രരായിരിക്കു ന്നത് യാദൃശ്ചികമായിട്ടല്ലെന്നും ദരിദ്രരെ പിന്നിലുപേക്ഷിച്ചു പോകുന്ന പുരോഗതി മിഥ്യയാണെന്നും വ്യക്തമാക്കിയിട്ടുള്ള ലിയോ പതിനാലാമന്‍, നിര്‍മ്മിതബുദ്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെയും പരിശോധനാവിഷയമാക്കും.
സമകാലികമായ പാഠങ്ങളും ദര്‍ശനങ്ങളും സമ്മാനിച്ചു ധാർമ്മികതയെ സമ്പുഷ്ടമാക്കുക സഭയുടെ പ്രബോധനാധികാര ത്തിന്റെ ചുമതലയാണ്. എഐ യുഗത്തില്‍, മാനവരാശിയുടെ നില തെറ്റിക്കുന്ന നൂതനാവിഷ്ക്കാരങ്ങളുടെ കുത്തൊഴുക്കില്‍ കാലിടറാതെ നില്‍ക്കാന്‍, മനുഷ്യാന്തസ്സ് ഹനിക്കപ്പെടാതിരി ക്കാന്‍, ലോകത്തിന്റെ മനസാക്ഷിയായ സഭ സഹായഹസ്തം നീട്ടുന്നു. മഹത്തായ മാനവരാശി, ധാര്‍മ്മികതയുടെ കൈ പിടിച്ച് കാലിടറാതെ മുന്നേറട്ടെ.