
'ചുവടുകളൊരുമിച്ചാല്‍ രാജ്യം ഒന്നാകും' എന്ന പ്രതീക്ഷയോടെ രാഹുല്‍ഗാന്ധിയും സംഘവും ഭാരത പര്യടനമാരംഭിച്ചിട്ട് ദിവസങ്ങളായി. വിദ്വേഷം വിഭജിച്ച ഇന്ത്യയുടെ വേദനകളെ വ്യക്തമായി കേള്‍ക്കാനാണ് 150 ദിവസം നീളുന്ന ഭാരത് ജോഡോ യാത്രയെന്നാണ് സംഘാടകരുടെ അവകാശവാദം. കേള്‍ക്കാന്‍ നേരമില്ലാത്ത പ്രധാനമന്ത്രിയുടെ 'മന്‍കീ ബാത്തി'നു മറുപടിയാണ് 3571 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കന്യാകുമാരി കാശ്മീര്‍ ഭാരത പദയാത്ര.
പദയാത്രയായാണ് സംഘടിപ്പിച്ചതെങ്കിലും രാഹൂലിന്റെ ചുവടടിയില്‍ കൈപ്പത്തിയടയാളം തെളിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ബൂത്തുതലം മുതല്‍ പാര്‍ട്ടി ശരീരത്തെ ചലിപ്പിക്കാന്‍ രാഹുലിന്റെ അതിവേഗച്ചുവടുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് 19 ദിവസത്തെ യാത്രാ പരിപാടി, സം സ്ഥാന നേതൃത്വം കേരളത്തില്‍ സംഘടിപ്പിച്ചത്. അപ്പോഴും രാഹുലിന്റെ വേഗത്തിനൊപ്പമെത്താന്‍ അവര്‍ വല്ലാതെ പാടുപെടുന്നുണ്ട്.
2024-ലെ തെരഞ്ഞെടുപ്പൊരുക്കം യാത്രാ ലക്ഷ്യമല്ലെന്ന് നേതാക്കള്‍ ആദ്യമേ തന്നെ ആണയിട്ടാവര്‍ത്തിച്ചതിന് പിന്നില്‍ മുന്‍യാത്രാവസരങ്ങളി ലെ കയ്പ്പനുഭവമാകും. യുപിയില്‍ 2016-ല്‍ ഇതേ രൂഹുല്‍ ഗാന്ധി നയിച്ചെ ത്തിയ യാത്രയ്‌ക്കൊടുവില്‍ സീറ്റ് കൂടുകയല്ല, കുറയുകയാണ് ചെയ്തത്.
കന്യാകുമാരിയിലെ ത്രിവേണി സംഗമം സാക്ഷിയാക്കി തമിഴ്‌നാട് മുഖ്യ മന്ത്രി എം.കെ. സ്റ്റാലിനില്‍നിന്നും ത്രിവര്‍ണ്ണ പതാക വാങ്ങിത്തുടങ്ങിയ യാത്രയെ രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ബിജെപി വിഭജിച്ച ഇന്ത്യയെ കോണ്‍ഗ്രസ് ഒരുമിപ്പിക്കുമെന്നാണ് യാത്രാ വാഗ്ദാനം. 12 സംസ്ഥാനങ്ങള്‍ പിന്നിട്ട് 2023 ജനുവരി 30-ന് കാശ്മീരില്‍ സമാപിക്കുന്ന യാത്രയ്ക്കിടയില്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ ടൊപ്പം സാധാരണക്കാരുമായും രാഹുല്‍ ആശയവിനിയമം നടത്തും.
60 വര്‍ഷം ഭരിച്ചിട്ടും മനസ്സിലാക്കാത്ത ഇന്ത്യയില്‍നിന്നും ഇനിയെന്ത് പഠിക്കാനാണ് ഈ യാത്രാപ്രഹസനമെന്നാണ് ബിജെപി ചോദിക്കുന്നത്. യാത്രയുടെ 'അരാഷ്ട്രീയതയെ' ഇടതുപക്ഷവും ചോദ്യം ചെയ്യുന്നുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകാത്ത യാത്രയുടെ ഉദ്ദേശശുദ്ധിയെയാണ് ഇടതുപാര്‍ട്ടികള്‍ വിമര്‍ശിക്കുന്നത്.
എന്നാല്‍ ഇന്ത്യയുടെ അടിത്തട്ടില്‍ എന്ത് നടക്കുന്നുവെന്ന അന്വേഷണമാണ് നടന്നു തീര്‍ക്കുന്ന യാത്രയുടെ രാഷ്ട്രീയ ഉദ്ദേശ്യമെന്നാണ് കോണ്‍ ഗ്രസ് നിലപാട്. ഏകാധിപത്യവും ബഹുസ്വരതയും തമ്മിലുള്ള പോരാട്ടത്തില്‍ ത്രിവര്‍ണ്ണ പതാകയ്ക്കു കീഴില്‍ രാജ്യത്തെ ഒരുമിപ്പിക്കുകയാണ് യാത്രാദൗത്യം.
പദയാത്രയെ ജനകീയമാക്കാന്‍ സംഘടിപ്പിക്കുന്ന സംവാദ സദസ്സുകളുടെ തെരഞ്ഞെടുപ്പില്‍ അനൗചിത്യത്തിന്റെ അസ്വസ്ഥതയുണ്ടായി. തമിഴ്‌നാട്ടിലെ പര്യടനത്തിനിടയില്‍ ക്രിസ്ത്യന്‍ പുരോഹിതനുമായി നടത്തിയ സംവാദ വിഷയമാണ് ആദ്യം വിവാദമായത്. കേരളത്തിലെ മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്ക് പശ്ചാത്തലമായവരുടെ ചരിത്രനിരയില്‍ ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമിയെയും, അയ്യങ്കാളിയെയും മാത്രം രാഹുല്‍ ഗാന്ധി പ്രതിഷ്ഠിച്ചത് ചരിത്രവസ്തുതകള്‍ക്ക് നിരക്കുന്നതായിരുന്നില്ല. ക്രിസ്ത്യന്‍ മിഷണറിമാരുടെയും കേരളത്തില്‍ അവര്‍ണ്ണര്‍ക്ക് ആദ്യമായി സംസ്‌കൃത വിദ്യാഭ്യാസമൊരുക്കിയ വി. ചാവറപ്പിതാവിന്റെയും സംഭാവനകളെ തമസ്‌ക്കരിച്ച സംഭാഷണം സത്യവിരുദ്ധമാണ്.
കെ.റെയില്‍ സമരപ്രതിനിധികളെ കണ്ട് ആവേശഭരിതനായ രാഹുല്‍ വിഴിഞ്ഞം സമരനേതാക്കളുടെ മുമ്പില്‍ നിശബ്ദനായതിലും രാഷ്ട്രീയ സത്യസന്ധതയുടെ പ്രശ്‌നമുണ്ട്. ഈ യാത്രയില്‍ രാജ്യം കൂടെ നടക്കുന്നു വെന്ന് അവകാശപ്പെടുമ്പോള്‍ ഇത്തരം ജനകീയ പ്രശ്‌നങ്ങളോടൊപ്പം നിഷ്പക്ഷമായി നടക്കുന്നുവെന്ന് കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. ജാഥയുടെ രാഷ്ട്രീയമാണു പ്രധാനം. ചില നിര്‍ണ്ണായക വിഷയങ്ങളില്‍ മിണ്ടാതെ നടക്കുന്ന രാഹുല്‍ എതിരാളികള്‍ക്ക് അധികമായി മിണ്ടാന്‍ അവസരം നല്കുകയാണ്. ബദല്‍ രാഷ്ട്രീയ നീക്ക ങ്ങളിലേക്ക് ക്രൈസ്തവ സംഘടനകള്‍ ഔദ്യോഗികമായി നീങ്ങുന്നുവെന്ന വാര്‍ത്തകളെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.
യാത്രയിലുടനീളം രാഹുലിന്റെ ഛായാചിത്രത്തെ മാത്രം പ്രചാരണായുധമാക്കുന്നതിന് പിന്നില്‍ പാര്‍ട്ടിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വേണം കരുതാന്‍. രാഹുല്‍ഗാന്ധിയില്‍ മുഴുവന്‍ സമയ അധ്യക്ഷ നെ കണ്ടെത്താനുള്ള പാര്‍ട്ടിയണികളുടെ ശ്രമം ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. അധ്യക്ഷനായില്ലെങ്കിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഈ ജോഡോ യാത്രയിലൂടെ മുഴുനീള രാഷ്ട്രീയക്കാരനായെങ്കിലും രാഹുല്‍ മാറിത്തീരുമെന്ന പ്രതീക്ഷയിലാണ് അനുയായിവൃന്ദം.
ഏകാധിപത്യത്തിനെതിരാണ് പദയാത്രയെന്നാണവകാശവാദം. ഏകാധിപത്യത്തെ അടിയന്തിരാവസ്ഥയിലൂടെ നിയമപരമാക്കിയത് കോണ്‍ഗ്രസ്സാണ്. ബിജെപി അത് പ്രഖ്യാപിക്കാതെ പ്രാവര്‍ത്തികമാക്കുന്നുവെന്നേയുള്ളൂ. ബഹുസ്വരതയ്ക്കുവേണ്ടിയാണ് ഈ നല്ല നടപ്പെന്ന് സംഘാടകര്‍ ആണയിടുന്നു. 1992 ഡിസംബര്‍ 6-ലെ മതേതര മുറിവിന് പശ്ചാത്തല സൗകര്യമൊരുക്കിയത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അമാന്യമായ മൗനമായിരുന്നുവെന്നത് മറക്കരുത്.
യാത്രയ്ക്കിടയിലെ ആള്‍ക്കൂട്ടത്തിന്റെ അഭിവാദ്യങ്ങളെ അനുഭാവമായി കണ്ടാല്‍മതി. സ്വീകാര്യതയുടെ സാഭിമാനചിഹ്നമായി സ്ഥിരീകരിക്കേണ്ടതില്ല. നേരത്തെയും 'പാര്‍ട്ടിയാത്ര'യെ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ വഴിതെറ്റിച്ചിട്ടുണ്ട്.
മൃദുഹിന്ദുത്വമുള്‍പ്പെടെയുള്ള അടവുനയങ്ങളിലല്ലാതെ, കൃത്യമായ രാഷ്ട്രീയ പരിപാടികളില്‍ പാര്‍ട്ടി ചുവടുവയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തിയാല്‍ ഈ നാട്ടിലെ മതേതര ജനാധിപത്യവിശ്വാസികള്‍ മനസ്സുകൊണ്ട് ഈ പദയാത്രയെ അനുഗമിക്കും, തീര്‍ച്ച. ഒപ്പം പാര്‍ട്ടി നേതൃത്വപദവിയെ കുടുംബകാര്യമാക്കാതെ കൂടുതല്‍ പേരെ മുന്‍നിരയിലെത്തിക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് വെറും പ്രഹസനമാകാതെ പൂര്‍ത്തിയാക്കണം. മത്സരാനുമതി നേതൃത്വത്തില്‍ നിന്നും ഇരന്നു വാങ്ങുന്നതിന്റെ ജനാധിപത്യ ക്രമം മനസ്സിലാകുന്നില്ല. തനിക്കു ചുറ്റുമുള്ള 'ഉപഗ്രഹവലയങ്ങളെ' ഭേദിക്കാന്‍ രാഹുലിനും, പുറത്തു നടക്കുന്നതെന്തെന്നറിയാന്‍ പാര്‍ട്ടിക്കും ഈ യാത്ര ഉപകാരപ്പെട്ടാല്‍ നന്ന്.