വളര്‍ത്തു ദൈവങ്ങള്‍

വളര്‍ത്തു ദൈവങ്ങള്‍

അരുണാചലില്‍ ഏപ്രില്‍ ആദ്യവാരം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവീന്‍ തോമസ്, ഭാര്യ ദേവി ബി, സുഹൃത്ത് ആര്യ നായര്‍ എന്നീ മലയാളികളുടെ കേസ് പിന്‍പറ്റിയ പൊലീസിന് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലൂടെ എന്നപോലെ കടന്നുപോകേണ്ടിയിരുന്നു. മരിച്ച വ്യക്തികളുടെ ലാപ്‌ടോപ്പില്‍ നിന്ന് വിചിത്ര വിശ്വാസങ്ങളുടെ ഫോള്‍ഡറുകളാണു തുറക്കപ്പെട്ടത്. ആന്‍ഡ്രോമിഡ ഗ്യാലക്‌സിയില്‍ നിന്നുള്ള 'മിതി'എന്ന അന്യഗ്രഹജീവിയും ആയിട്ടുള്ള സംഭാഷണങ്ങളുടെ രേഖകള്‍ അതില്‍ ഉണ്ടായിരുന്നു. ഗ്യാലക്‌സികള്‍ക്ക് അപ്പുറമുള്ള അന്യഗ്രഹജീവികളുടെ നാട്ടിലെത്താന്‍, അവരുടെ വിസ്മയ പറുദീസയില്‍ പോയി താമസിക്കാന്‍ വേണ്ടിയാകാം (etxraterrestrial life) അവര്‍ ജീവനൊടുക്കിയതെന്ന് പൊലീസ് അനുമാനിക്കുന്നു.

ഈ ഭൂമി വിട്ട് മനുഷ്യന്‍ ദൈവങ്ങളെ അന്വേഷിച്ച് അന്യഗ്രഹങ്ങളിലേക്ക് യാത്രയാവുകയാണ്. സച്ചിദാനന്ദന്‍ 'ആറാം ദിവസം' എന്ന തന്റെ കവിതയില്‍ എഴുതി: 'മനുഷ്യന്‍ തന്റെ ഛായയിലും സാദൃശ്യത്തിലും ദൈവത്തെ സൃഷ്ടിച്ചു.' ദൈവത്തിന് പുതിയ പകരങ്ങള്‍ അന്വേഷിക്കുന്നവര്‍ വര്‍ധിക്കുകയാണ്. ദൈവത്തിന്റെ സ്ഥാനത്ത് ഇവിടെയത് അന്യഗ്രഹജീവികളായി എന്നേയുള്ളൂ.

ഉള്ളിലെ പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ ദൈവത്തില്‍ ആരോപിച്ച് എനിക്കിഷ്ടപ്പെട്ട ദൈവങ്ങളെ വളര്‍ത്തിയെടുക്കുന്ന കാലമാണിത്. എന്റെ ഇഷ്ടങ്ങളെ പാലൂട്ടുന്ന, തടസ്സങ്ങളെ തടുത്തു മാറ്റുന്ന, എന്റെ ശത്രുക്കളെ മുച്ചൂടും മുടിക്കുന്ന, എന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ പാല്‍ മാത്രം ചുരത്തുന്ന, എന്റെ ആയുസ്സിനെ നൂറുവര്‍ഷത്തിനപ്പുറം കാക്കുന്ന, എനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്തവയൊക്കെ എന്റെ മടിയിലേക്ക് കുലുക്കി നിറച്ചിട്ട് തരുന്ന, സമ്പത്തിന്റെ നിലയ്ക്കാത്ത ഉറവയായ ഒരു ദൈവത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത് എങ്കില്‍ എന്റെ ദൈവസങ്കല്പം വഴി തെറ്റുന്നു എന്ന് തിരിച്ചറിയണം.

ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് പറയുമ്പോള്‍ എന്തിനെയാണ് സ്‌നേഹിക്കുന്നതെന്ന് അഗസ്റ്റിന്‍ 'കണ്‍ഫഷനി'ല്‍ (confession) ചോദിക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒരിക്കലും അവസാനിക്കാത്ത ആശകള്‍ക്കുത്തരം പറയാനും ഫലം നല്‍കാനും മാത്രമായി ഇരിക്കുന്ന, എനിക്ക് കീഴ്‌പെട്ട ഒരു ദൈവത്തെയാണോ ഞാന്‍ കൊണ്ടുനടക്കുന്നത്?

ഈ പ്രാര്‍ത്ഥന ഇത്ര പ്രാവശ്യം ചൊല്ലിയാല്‍, ഈ അനുഷ്ഠാനം ഇത്രവട്ടം ആവര്‍ത്തിച്ചാല്‍ ദൈവം നമ്മുടെ വരുതിയിലാവും (അല്ലെങ്കില്‍ ആഗ്രഹം സാധിച്ചു തരും) എന്ന് പ്രഘോഷിക്കുന്ന ആത്മീയ ഗുരുക്കന്മാര്‍ ഉണ്ട്. ദൈവത്തെ വെറുമൊരു വിലപേശല്‍ പങ്കാളിയായി ചുരുക്കാന്‍ നമുക്ക് മടിയില്ല. ശത്രുസംഹാരത്തിന് പറ്റിയ ദൈവത്തെ തേടുന്നവര്‍ ഉണ്ടിവിടെ. ദുര്‍മന്ത്രവാദമോ ദുര്‍മൂര്‍ത്തിയോ നരബലിയോ എന്തുമാകട്ടെ ഇവയൊക്കെ എനിക്കിഷ്ടമുള്ള ദൈവങ്ങളെ ഇണക്കിയെടുക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതല്ലേ? ദൈവത്തെ ഒരു 'ഫീല്‍ ഗുഡ് അനുഭവം' ആയി ചുരുക്കുന്നവര്‍, അല്ലെങ്കില്‍ സെല്‍ഫ് ഗ്രാറ്റിഫിക്കേഷന് ഉപയോഗിക്കുന്നവര്‍ വര്‍ധിക്കുന്നു.

ദൈവത്തെ വ്യക്തിജീവിതത്തില്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുന്നതുപോലെ രാഷ്ട്രീയവല്‍ക്കരിക്കുന്നവരും ഉണ്ട്. ഇതിഹാസത്തിലെ മര്യാദ പുരുഷോത്തമനാണ് രാമന്‍. കാനനവാസ നാളുകളില്‍ രാമനെ കാണാന്‍ ഭരതന്‍ വരുമ്പോള്‍ 'നാട്ടിലെ ചാര്‍വാകന്മാര്‍ക്ക് (നിരീശ്വരന്മാര്‍ക്ക്) ക്ഷേമം അല്ലയോ' എന്ന് രാമന്‍ ചോദിക്കുന്നുണ്ട്. തന്റേതല്ലാത്ത വിശ്വാസങ്ങളെ ബഹുമാനിച്ചിരുന്ന ഒരു രാമന്‍ ഇതിഹാസത്തില്‍ ഉണ്ട്. ആ രാമനെ ഇന്ന് എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്? ഇതിഹാസത്തിലെ രാമനും രാഷ്ട്രീയത്തില്‍ ഘോഷിക്കപ്പെടുന്ന രാമനും ഒരുപോലെ ആണോ? ന്യൂനപക്ഷങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന രാമന്‍ ഇന്ന് എവിടെ? ക്രിസ്ത്യാനിക്കുവേണ്ടി മാത്രമായി മരിച്ച ക്രിസ്തുവിനെയോ അതോ ലോകം മുഴുവനും വേണ്ടി സ്വയം അര്‍പ്പിച്ചവനെയോ നാം പ്രഘോഷിക്കുന്നത്?

ഈ പ്രപഞ്ചത്തിലെ ഒന്നും ദൈവത്തിന് പകരമാവില്ല. മനുഷ്യന്‍ ദൈവങ്ങളെ ഉണ്ടാക്കുകയോ പകരങ്ങള്‍ തേടുകയോ അരുത്. മനുഷ്യന്‍ ദൈവത്തിന്റെ ഛായയില്‍ ഉള്ളതാണ് എന്നാണ് ക്രിസ്തുവിലൂടെ നമുക്ക് ലഭിക്കുന്ന വെളിപാട്. നമ്മള്‍ വസിക്കുന്ന ഇടങ്ങളില്‍ ദൈവത്തിന്റെ അഭാവം ഉണ്ട്. ഒപ്പം ദൈവത്തിനുവേണ്ടിയുള്ള ദാഹവും വിശപ്പുമുണ്ട്. ഇത് മനുഷ്യരുടെ നിലയ്ക്കാത്ത ദൈവാന്വേഷണത്തിന്റെ ഊര്‍ജമാകണം. ദൈവത്തിന്റെ അഭാവം നീതിയുടെയും കരുണയുടെയും അഭാവമായി ഇന്ന് ലോകത്തില്‍ നിലവിളിക്കുന്നു. ഈ വിലാപത്തെ പിന്തുടരുക എന്നതാണ് മനുഷ്യധര്‍മ്മം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org