സീസറിന്റെ സ്നേഹിതന്മാർ

സീസറിന്റെ സ്നേഹിതന്മാർ
Published on

ജി കെ ചെസ്റ്റർടൺ നിരീക്ഷിക്കുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ അനീതി നടപ്പിലാക്കിയത് നിയമബോധമില്ലാത്ത കാടന്മാരോ നിരക്ഷരരോ അല്ല. മറിച്ച്, അക്കാലത്തെ ഏറ്റവും മികച്ചതും പരിഷ്കൃതവുമായ റോമൻ നിയമവ്യവസ്ഥയുടെ പ്രതിനിധിയായ പീലാത്തോസാണ്! ലോകത്തിലെ ഏറ്റവും മികച്ച നീതിന്യായ വ്യവസ്ഥ (റോമൻ ലോ), ഏറ്റവും മികച്ച തത്വചിന്ത (ഗ്രീക്ക് തത്വചിന്ത), ഏറ്റവും വലിയ മതപാരമ്പര്യം (യഹൂദമതം) എന്നിവയെല്ലാം ഒന്നിച്ചു ചേർന്നാണ് യേശുവിനെ ക്രൂശിച്ചത്! ഒരു സിസ്റ്റം എത്രത്തോളം മാന്യവും നിയമപരവും ആണെങ്കിലും അത് വലിയ ക്രൂരതയ്ക്ക് ജന്മം കൊടുക്കാം. റോമൻ നിയമത്തിന്റെ നടപടിക്രമങ്ങൾ എല്ലാം പാലിക്കപ്പെട്ടിട്ടും നീതിമാന്റെ സഹനവും മരണവും ഒഴിവാക്കാൻ ആയില്ല! ഇന്നും ചരിത്രത്തിലെ മികച്ച സിസ്റ്റങ്ങളിൽ/ സ്ഥാപനങ്ങളിൽ പലതിലും നിന്നു നിഷ്കളങ്കരായ ഇരകളുടെ നിലവിളി തുടരുന്നു. പീലാത്തോസിന്റെയും പ്രത്തോറിയത്തിന്റെയും നിഴലുകൾ ഇന്നും നമുക്കിടയിൽ ഇഴയുന്നുണ്ട്.

പീലാത്തോസിനു മുമ്പിൽ അന്ന് രണ്ടു പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഒന്ന്, യേശുവിനെ വധിക്കാതിരുന്നാൽ യഹൂദർക്കിടയിൽ കലാപ സാധ്യത; രണ്ട്, ആ കലാപം കൊണ്ട് സീസറിന്റെ ഭരണകൂടത്തിന് ഉണ്ടാകുന്ന അതൃപ്തി. എന്നാൽ സീസറിന്റെ സ്നേഹിതനായി തുടരാനുള്ള ആഗ്രഹം അദ്ദേഹത്തെ പുതിയ ദർശനത്തിൽ എത്തിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ അനീതി നടപ്പിലാക്കിയത് നിയമബോധമില്ലാത്ത കാടന്മാരോ നിരക്ഷരരോ അല്ല. മറിച്ച്, അക്കാലത്തെ ഏറ്റവും മികച്ചതും പരിഷ്കൃതവുമായ റോമൻ നിയമവ്യവസ്ഥയുടെ പ്രതിനിധിയായ പീലാത്തോസാണ്!

‘ഭരണപരമായ ജാഗ്രത' പാലിക്കുന്നതിനുവേണ്ടി പീലത്തോസ് എന്ന ഭരണാധികാരി സത്യത്തിൽ നിന്നെടുത്ത നിഷ്പക്ഷമായ അകലം; അത് കൊണ്ടുവന്നത് ഒരു ദുരന്തം ആണ്..! സത്യത്തിൽ നിന്നു നിഷ്പക്ഷതയുടെ അകലം പാലിക്കുന്ന “ഭരണസംബന്ധിയായ വിവേകം” ഇന്നും സ്ഥാപനങ്ങൾക്കും സമൂഹത്തിനും സഭയ്ക്കും രാഷ്ട്രങ്ങൾക്കും ദുരന്തം തീർക്കുന്നുണ്ട്. അവിടെ സംരക്ഷിക്കപ്പെടുന്നത്, സ്ഥാപനാത്മകതയാണ്; ജീവനും ജീവിതവും സുവിശേഷവും അല്ല. യഥാർഥത്തിൽ സത്യത്തിന് മുന്നിൽ നിഷ്.പക്ഷതയ്ക്ക് സാധ്യത ഉണ്ടോ? ഓരോ പ്രതിസന്ധിയിലും സത്യം നമ്മളിൽ നിന്നു നിഷ്.പക്ഷമല്ലാത്ത ഒരു തീരുമാനം ആവശ്യപ്പെടുന്നില്ലേ?

പീലാത്തോസ് യേശുവിനെ വെറുത്തില്ല , കൊല്ലാൻ ആഗ്രഹിച്ചതുമില്ല; യേശു അയാൾക്ക് ഒരു അസൗകര്യം മാത്രമായിരുന്നു. തന്റെ ഭരണത്തുടർച്ചയ്ക്ക് ഉണ്ടാകാനിടയുള്ള ഒരു തടസം. സീസറിന്റെ സ്നേഹിതൻ എന്ന പദവി കൈവിടാൻ മടിച്ചപ്പോൾ വിട്ടു കളയേണ്ടി വന്ന ജീവൻ. അതായിരുന്നു ദുഃഖവെള്ളി ദിനത്തിലെ യേശു. ക്രിസ്തു അസൗകര്യം ആയതിനാൽ, ആധുനിക സീസർമാരുടെ സൗഹൃദങ്ങൾക്കായി ജീവിതത്തിൽ കൈകഴുകി മാറേണ്ടി വരുന്ന സമദൂരങ്ങൾ, പാലിക്കേണ്ടി വന്ന നിഷ്.പക്ഷത എന്തുമാത്രമുണ്ട് നമുക്കിടയിൽ? അതിന്റെ ഇരകൾ ആരൊക്കെ എന്നതിനെക്കുറിച്ച് നമുക്ക് എന്തറിയാം? യേശുവിനെ ഏറ്റെടുക്കുമ്പോൾ വിട്ടുകൊടുക്കേണ്ടിവരുന്ന വിജയങ്ങൾ, പിന്മാറേണ്ടിവരുന്ന കസേരകൾ, കൈവിടേണ്ടുന്ന സമ്പത്ത്, നൽകേണ്ടി വരുന്ന ക്ഷമ... പട്ടിക നീളും.

ക്രിസ്തുവും പീലാത്തോസും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിൽ ക്രിസ്തു നിരപരാധിയെന്ന സത്യം തെളിഞ്ഞു. സ്വകാര്യ മുറിയിൽ സത്യം പലവട്ടമംഗീകരിക്കുകയും അത് മുറിക്ക് പുറത്ത് ഏറ്റെടുക്കാതിരിക്കുകയും ചെയ്ത ആളുടെ പേരാണ് പീലാത്തോസ്. മുറികളിൽ മന്ത്രിക്കുകയും പുരമുകളിൽ പ്രഘോഷിക്കാതിരിക്കുകയും ചെയ്ത സുവിശേഷത്തിന്റെ പേര് ഇവിടെ സത്യം എന്നാണ്. സ്വകാര്യ സംഭാഷണങ്ങളിൽ മന്ത്രിക്കപ്പെടുന്ന സത്യം തീരുമാനങ്ങളിൽ കുഴിച്ചുമൂടപ്പെട്ടാൽ എന്തു ചെയ്യും? അതിന് മൂന്നാം നാൾ കല്ലറ പൊളിച്ചു ഉയിർക്കേണ്ടി വരും എന്നു സുവിശേഷം പറയുന്നു.

എന്താണ് സത്യം എന്ന അന്വേഷിക്കുന്നുണ്ട് പീലാത്തോസ്. പക്ഷേ ചോദ്യത്തിന് അദ്ദേഹം തുടർച്ച ആഗ്രഹിക്കുന്നില്ല. യഥാർത്ഥത്തിൽ ആ ചോദ്യം വളരെ ദുർബലമായ ഒരു അന്വേഷണം മാത്രമായിരുന്നു; ചിലപ്പോൾ എങ്കിലും അത് ഒരു രാഷ്ട്രീയക്കാരന്റെ പരിഹാസമായിട്ടും തോന്നാം. സത്യം അറിയാൻ ആഗ്രഹിക്കാത്ത, എന്റെ മാത്രം സത്യങ്ങൾ /ശരികൾ അന്വേഷിക്കുന്ന ഒരാളുടെ പരിഹാസമാണ് ‘എന്താണ് സത്യം?' എന്ന ഉത്തരമാഗ്രഹിക്കാത്ത ചോദ്യം. ഇന്നും അനേകർ അവനവന്റെ ശരികളുടെ അധീശത്വത്തിൻ കീഴിൽ ആണ് ജീവിതം ഭരിക്കുന്നതും ആസ്വദിക്കുന്നതും.

നഗരമതിലിനു പുറത്ത് ഒരു നിരപരാധിയെ ക്രൂശിക്കാൻ അനുവദിച്ച പീലാത്തോസിന്റെ പ്രവർത്തി ബാക്കിയാക്കിയത് എന്താണ്? സമാധാനമാണോ? കുഴിച്ചു മൂടപ്പെട്ട സത്യം കൊണ്ടുവന്നത് പൊള്ളയായ സമാധാനമായിരുന്നു. സംഘർഷങ്ങളുടെ അഭാവമാണ് സമാധാനം എന്ന് പീലാത്തോസ് ചിന്തിച്ചത് തെറ്റിപ്പോയി. അതല്ല സംഭവിച്ചത് എന്ന് പിന്നീടുള്ള കാലം തെളിയിക്കുന്നുണ്ട്.

സമാധാനം നീതിയുടെ ഫലം ആണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org