സഖിത്വം, സമരസാന്ദ്രം

30 ജൂലൈ 2025, ബുധന്‍ [സത്യദീപം - പുസ്തകം 98 - ലക്കം 50 ]
സഖിത്വം, സമരസാന്ദ്രം
Published on

സമരതീക്ഷണയുടെ വിപ്ലവസൂര്യന്‍ വി എസ് അച്യുതാനന്ദന്‍ നിത്യതയിലേക്ക് മടങ്ങുമ്പോള്‍ 'വേലിക്കക'ത്തൊതുങ്ങാത്ത പോരാട്ട വീര്യസ്മരണകളാണ് ബാക്കിയാക്കുന്നത്. കേരളം കണ്ട വലിയ ജനകീയതയെ വി എസ് എന്ന രണ്ടക്ഷരത്തിലൊതുക്കിയുള്ള ലോക മലയാളത്തിന്റെ ആര്‍പ്പുവിളികള്‍ക്ക് അഭിമാനകരമായ അന്ത്യം. ആയുസ്സു മുഴുവന്‍ സമര പരമ്പരകളുടെ പോരാട്ട വേദിയാക്കിയ ആ ജീവിതം 102-ാം വയസ്സില്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആവേശത്തെ തന്റെ ജീവശ്വാസമാക്കിയ ജനനേതാവാണ് കടന്നുപോകുന്നത്.

2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയും അതിനു മുമ്പും ശേഷവുമായി പതിനാലു വര്‍ഷം പ്രതിപക്ഷ നേതാവും ദീര്‍ഘകാലം സി പി എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറുമായി പ്രവര്‍ത്തിച്ച വി എസ് നിരാലംബര്‍ക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടത്താല്‍ തന്റെ ജീവിതത്തെ സക്രിയമാക്കി മാറ്റി.

''പാത്രങ്ങള്‍ കഴുകി സൂക്ഷിക്കുന്നതുപോലെ പാര്‍ട്ടിയെയും കഴുകി സൂക്ഷിക്കണമെന്ന്'' നിഷ്‌കര്‍ഷിച്ച നേതാക്കള്‍ ''കാലഹരണപ്പെടുമ്പോള്‍'' വിയോജിപ്പിന്റെ വ്യാകരണമെഴുതാന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ മഷിക്കുപ്പികള്‍ സൂക്ഷിക്കുന്ന നേതാക്കളാണ് സാമാന്യജനത്തിന്റെ ''കണ്ണും കരളു''മാകുന്നതെന്ന ഓര്‍മ്മപ്പെടുത്തലാണ് വി എസും ഉമ്മന്‍ചാണ്ടിയുമൊക്കെ.

വി എസ് അടിമുടി ഒരു പോരാളിയായിരുന്നു. മുഖ്യമന്ത്രി യായ വി എസിനെക്കാളും പ്രതിപക്ഷ നേതാവായിരുന്ന വി എസിനെ കേരളം കൃതജ്ഞതയോടെ ഓര്‍ത്തിരിക്കു ന്നിടത്ത് നീതിപക്ഷത്ത് നിരന്തരം നിലയുറപ്പിച്ച ജനകീയ മുദ്രയാലാണ് അദ്ദേഹം അടയാളപ്പെടുന്നത് എന്ന് വ്യക്തം. കാര്യങ്ങള്‍ പഠിച്ച് പറയുന്ന, പറയുന്ന കാര്യങ്ങളില്‍ പതറാതെ നിലയുറപ്പിക്കുന്ന വ്യക്തിയായി വി എസ് പരുവപ്പെട്ടതിനു പുറകില്‍ നിരന്തരമായ നിരീക്ഷണവും ജനസമ്പര്‍ക്കത്തിന്റെ കരുത്തുമുണ്ടെന്നതും സത്യം.

നാലര വയസ്സുള്ളപ്പോള്‍ അമ്മയെയും പതിനൊന്നാം വയസ്സില്‍ അച്ഛനെയും നഷ്ടപ്പെട്ട കുഞ്ഞ്, ഇല്ലായ്മകളുടെ സങ്കടവഴികളില്‍ തടഞ്ഞ് നീങ്ങിയിടത്തു തുടങ്ങുന്നു ആ സമരശൗര്യം. നീട്ടിയും കുറുക്കിയുമുള്ള സംഭാഷണ രീതിയും കൂസലില്ലായ്മയുടെ ശരീരഭാഷയും വി എസിലെ കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെ മാത്രമല്ല പാവപ്പെട്ട കയര്‍ കര്‍ഷക തൊഴിലാളികളോട് അടുത്തു സംവദിക്കുന്ന ജനകീയ നേതാവിനെത്തന്നെയാണ് അടയാളപ്പെടുത്തിയത്.

പുന്നപ്ര വയലാര്‍ സമരനായകന്‍ ഈ ഭൂമി, വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന അവബോധത്തില്‍ പരിസ്ഥിതി സംരക്ഷണ സമരമുഖങ്ങളില്‍ ആവേശത്തീയായപ്പോള്‍, വികസന വിരുദ്ധന്‍ എന്ന വിലാസത്തില്‍ വിലയിരുത്തപ്പെട്ടു എന്നത് മറ്റൊരു ചരിത്രം.

മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീടും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നിടത്തും കൃഷിഭൂമിയിടങ്ങള്‍ വിപുലീകരിക്കുന്നിടത്തും മണ്ണിന്റെ തണ്ണീര്‍സ്വഭാവം ഉറപ്പാക്കുന്നിടത്തും നിലയ്ക്കാത്ത ആ കര്‍മ്മവീര്യം കേരളം അടുത്തുകണ്ടു.

പാര്‍ട്ടി അച്ചടക്കത്തിന്റെ കര്‍ക്കശ വേലിക്കകത്ത് വി എസിനെ ഒതുക്കാന്‍ നടത്തിയ പല ശ്രമങ്ങളും പലപ്പോഴും വാര്‍ത്തയായി. 51 വെട്ടില്‍ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിയോഗവേളയില്‍ വീട്ടിലെത്തിയും, പാര്‍ട്ടി പുറത്താക്കിയ ഗൗരിയമ്മയെ അവരുടെ അവസാനകാലത്ത് പാര്‍ട്ടിയിലെത്തിക്കാന്‍ പരിശ്രമിച്ചും, പാര്‍ട്ടിക്കപ്പുറത്തും ചില ശരികളുണ്ടെന്ന് വി എസ് പറയാതെ പറഞ്ഞു.

തനിക്കു ശരിയെന്നു ബോധ്യപ്പെട്ടതിനും, ബോധ്യപ്പെട്ടവര്‍ക്കുമൊപ്പം നീതിപക്ഷത്ത് നിരന്തരം നിലയുറപ്പിച്ച് പോരാടിയ വി എസിന്റെ ജീവിതം എക്കാലവും തലമുറകള്‍ക്ക് പ്രചോദനവും സ്‌നേഹത്തിന്റെ പുതിയ പ്രമാണവുമാണ്. വൃദ്ധത്വത്തിന്റെ ആലസ്യം തലയ്ക്കകത്താണെന്നു കരുതിയ വി എസ് കൊടിയ ദുഷ്പ്രഭുത്വത്തിന്റെ മുമ്പില്‍ തലകുനിക്കായ്കയെ യൗവനത്തിന്റെ അടയാളമായി കൊണ്ടാടി.

ജാതി ചോദിക്കരുത് എന്ന ഗുരുവാക്യത്തെ അടിസ്ഥാനമാക്കി ആരംഭിച്ച മഹാ പ്രസ്ഥാനത്തിന്റെ ആധുനിക അമരക്കാരന്‍, ജാതി പറഞ്ഞുതന്നെ പോകും എന്നു ശഠിക്കുന്ന പുതിയകാലത്തു മനുഷ്യജാതിയുടെ മതനിരപേക്ഷതയെക്കുറിച്ച് എക്കാലവും ഉറക്കെപ്പറഞ്ഞ വി എസ് മടങ്ങുമ്പോള്‍ മതേതരത്വത്തിന്റെ സൗഹാര്‍ദകേരളം വല്ലാതെ അനാഥമാകുന്നുണ്ട്.

വിശ്വസാഹോദര്യമെന്ന സ്വപ്നം കാണുന്ന പ്രസ്ഥാനങ്ങള്‍ വിഭാഗീയതയുടെ പ്രാവിന്‍കൂടുകളിലൊതുങ്ങുന്ന അപകടം കേരളത്തിലെ ഇടതുപക്ഷത്തെ ഗ്രസിക്കുന്ന കാലമാണിത്. പാവങ്ങളുടെ പടത്തലവന്മാരാകേണ്ടവര്‍ കോര്‍പ്പറേറ്റ് ദാസ്യത്തിന്റെ ഏറാന്‍ മൂളികളായി മുതലാളിമാര്‍ക്ക് മുമ്പില്‍ എഴുന്നേറ്റ് കൈകള്‍കൂപ്പുന്ന കാഴ്ച!

''പാത്രങ്ങള്‍ കഴുകി സൂക്ഷിക്കുന്നതുപോലെ പാര്‍ട്ടിയെയും കഴുകി സൂക്ഷിക്കണമെന്ന്'' നിഷ്‌കര്‍ഷിച്ച നേതാക്കള്‍ ''കാലഹരണപ്പെടുമ്പോള്‍'' വിയോജിപ്പിന്റെ വ്യാകരണ (Grammar of Dissent) മെഴുതാന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ മഷിക്കുപ്പികള്‍ സൂക്ഷിക്കുന്ന നേതാക്കളാണ് സാമാന്യജനത്തിന്റെ ''കണ്ണും കരളു''മാകുന്നതെന്ന ഓര്‍മ്മപ്പെടുത്തലാണ് വി എസും ഉമ്മന്‍ചാണ്ടിയുമൊക്കെ.

എന്‍ വി കൃഷ്ണവാരിയര്‍ തന്റെ 'ആഫ്രിക്ക' എന്ന കവിതയില്‍ എഴുതിയതുപോലെ,

  • ''എങ്ങു മനുഷ്യനു ചങ്ങല കൈകളി-

  • ലങ്ങെന്‍ കൈകള്‍ നൊന്തീടുകയാ-

  • ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം

  • വീഴുവതെന്റെ പുറത്താകുന്നു.''

ആ തോന്നലാണ് സഖിത്വം, അതാണ് സമരകാരണവും.

''അറിയപ്പെടാത്ത മനുഷ്യരുമായി നീയെനിക്കു സാഹോദര്യം നല്കി'' എന്നാണ് പാബ്ലോ നെരൂദ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെക്കുറിച്ചെഴുതിയ കവിതയുടെ ആദ്യവരികള്‍. ഞാന്‍ അറിയാത്തവര്‍, എന്നെ അറിയാത്തവര്‍ അവര്‍ എന്റെ ഹൃദയബന്ധുക്കളാകുന്ന അദ്ഭുതമാണത്.

ഒന്നുമില്ലാത്തവര്‍ക്കൊപ്പം ഉള്ളുലഞ്ഞും ഉലയാത്ത പ്രതിരോധ വീര്യത്തോടെ അവര്‍ക്കായ് പ്രതിജ്ഞാബദ്ധമായും സക്രിയമായ ആ കര്‍മ്മകാണ്ഠം അവിസ്മരണീയമായി അവസാനിക്കുമ്പോള്‍ കാലവും കേരളവും കൈകൂപ്പി പറയുന്നു... നന്ദി... വിട.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org