
ധ്രുവീകരണങ്ങളുടെ കാലമാണ്. വ്യത്യസ്ത വിഷയങ്ങളില്‍ നിലപാടെടുക്കേണ്ടി വരുമ്പോള്‍ രാഷ്ട്രങ്ങളും സഭയും ധ്രുവീകരണത്താല്‍ വലയാറുണ്ട്. ഈ സമയങ്ങളില്‍ ചില വിഭാഗങ്ങള്‍ മേല്‍ക്കൈ നേടാറുമുണ്ട്. പലപ്പോഴും ഇത് രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ ഐക്യത്തെ ബാധിക്കും. ധ്രുവീകരണങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇത്തവണ കോണ്‍ക്ലേവിനു മുന്‍പുള്ള കര്‍ദിനാള്‍ മാരുടെ സമ്മേളനങ്ങള്‍ വികസിച്ചത്. അതിന്റെ ബാക്കിയായി ട്ടാകണം കോണ്‍ക്ലേവിനു മുമ്പുള്ള കുര്‍ബാന മധ്യേ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്ററേ പറഞ്ഞത് 'നാനാത്വത്തിലെ ഏകത്വ ത്തെ' കുറിച്ചാണ്. അതിന്റെ ഉത്തരമായി കോണ്‍ക്ലേവ്, പാപ്പ ലിയോയിലേക്ക് എത്തിയത് വെറുതെയല്ല. പുണ്യം മധ്യസ്ഥായിയാണ് എന്ന് എഴുതിയത് (ദൈവനഗരം 19/4) വിശുദ്ധ അഗസ്റ്റിനാണ്. പാപ്പ ലിയോ അഗസ്റ്റീനിയനും. സഭയില്‍ ധ്രുവീകരണങ്ങളെ അഭിമുഖീകരിക്കാനുള്ള വഴിയാണ് 'മധ്യ മാര്‍ഗം'. വിവിധ വിഷയങ്ങളിലുള്ള നിലപാടുകളെ കോര്‍ത്തിണ ക്കുന്ന 'മധ്യമാര്‍ഗ'ത്തിന്റെ പുണ്യം പാപ്പ ലിയോയില്‍ സഹ കര്‍ദിനാള്‍മാര്‍ കണ്ടിരിക്കാം.
എങ്കിലും 'മധ്യമാര്‍ഗ'ത്തിന്റെ സഞ്ചാരപഥങ്ങള്‍ക്കപ്പുറം അദ്ദേഹത്തില്‍ പ്രതിഫലിക്കുന്ന ഒരു കാര്യമുണ്ട്. അമേരിക്ക പോലെ സമ്പല്‍സമൃദ്ധമായ ഒരു മുതലാളിത്ത രാജ്യത്ത് ജനിക്കുകയും അതിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചു വളരുകയും റോമില്‍ ഉപരിപഠനം നടത്തുകയും ചെയ്തതിന് ശേഷം അദ്ദേഹം പെറു എന്ന മൂന്നാംലോക ദരിദ്ര രാഷ്ട്രം കര്‍മ്മഭൂമിയായി തിരഞ്ഞെടുത്തത്; ദീര്‍ഘകാലം അവിടെ ശുശ്രൂഷ ചെയ്തത്, അവിടുത്തെ ഭാഷ പഠിച്ചത്, അവിടെ പൗരത്വം സ്വീകരിച്ചത്, അവിടെയുള്ള ദരിദ്ര വിഭാഗങ്ങളോട് താദാത്മ്യപ്പെടാന്‍ ശ്രമിച്ചത്, എല്ലാം മിഷനറി ദൗത്യത്തോടുള്ള അടിസ്ഥാന ആഭിമുഖ്യത്തെ പ്രകടമാക്കുന്നു. സമ്പല്‍സമൃദ്ധി യുടെ അമേരിക്കന്‍ പൗരത്വത്തില്‍ നിന്ന്, തീര്‍ത്തും ദരിദ്രമായ പെറൂവിയന്‍ പൗരത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സഭ യോട് പലതും പറയാതെ പറയുന്നു. മിഷണറി പാപ്പ എന്ന് ഇനി അക്ഷരം തെറ്റാതെ വിളിക്കാം. സഭ പൂര്‍വാധികം ഭംഗിയോടെ ഇനി തിരികെ സഞ്ചരിക്കാന്‍ പോകുന്ന പാതയും അതാകാം.
മിതവാദി എന്നും മധ്യസ്ഥായിയില്‍ സഞ്ചരിക്കുന്നവന്‍ എന്നും പലരും നിരീക്ഷിക്കുമ്പോഴും, സൈബര്‍ സ്‌പേസില്‍ അത്ര മിതവാദി അല്ലാത്ത ഒരു പാപ്പയെ നമ്മള്‍ കാണുന്നു.
14 വര്‍ഷമായി X അക്കൗണ്ട് (ട്വിറ്റര്‍) ഉപയോഗിക്കുന്നതും അതില്‍ 400-ലധികം പോസ്റ്റുകള്‍ നടത്തിയിട്ടുള്ളതുമായ ന്യൂ ജെന്‍ പാപ്പയാണ് അദ്ദേഹം. അതില്‍ അദ്ദേഹം കുറിച്ചിട്ടു ള്ളത് പൊള്ളേണ്ടവര്‍ക്ക് പൊള്ളിയിട്ടുള്ള വരികളാണ്. ജെ ഡി വാന്‍സും ട്രംപും ഒക്കെ അതില്‍പ്പെടും. 'ക്രിസ്ത്യാനികള്‍ ആദ്യം തങ്ങളുടെ കുടുംബത്തെയും സമുദായത്തെയും സ്‌നേഹിക്കണം' എന്ന അമേരിക്കന്‍ വൈസ് പ്രസിഡണ്ടിന്റെ പോസ്റ്റിനോട് 'സഹജീവികളോടുള്ള സ്‌നേഹത്തിനു തരം തിരിവുണ്ടാക്കാന്‍ ക്രിസ്തു നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല' എന്നാണ് ലിയോ തിരികെ കുറിച്ചത്.
ഇത് സഭയിലെ സമുദായ പ്രേമികള്‍ക്കും തീവ്രസ്വഭാവം സൂക്ഷിക്കുന്നവര്‍ക്കും മുഖം നോക്കാനുള്ള കണ്ണാടിയാണ്. വംശീയത, സഭയ്ക്ക് അകത്തെ ലൈംഗിക ചൂഷണം, കോവിഡ് 19, ആഫ്രോ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം, റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം, വധശിക്ഷയിലെ അധാര്‍മ്മികത, പരിസ്ഥിതി സംരക്ഷണം ഒക്കെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പറയുന്നുണ്ട്. ആധുനിക വ്യവസായിക വിപ്ലവത്തോടും നിര്‍മ്മിത ബുദ്ധിയോടും സഭ കൃത്യമായി പ്രതികരിക്കണമെന്ന് സഹകര്‍ദിനാള്‍മാരോട് സംസാരിച്ച ആദ്യ യോഗത്തില്‍ തന്നെ അദ്ദേഹം പറഞ്ഞു കഴിഞ്ഞു.
ഒന്നിച്ചു നടന്ന് സമാധാനവും ഉപവിയും തേടുന്ന ഒരു സഭയെക്കുറിച്ച്, സഹിക്കുന്നവര്‍ക്ക് ഒപ്പം നടക്കുന്ന ഒരു സഭയെ ക്കുറിച്ച്' ഉള്ള സ്വപ്നം അദ്ദേഹം തന്റെ ആദ്യ ഓഡിയന്‍സില്‍ തന്നെ വെളിപ്പെടുത്തി. നീതിയും സമാധാനവും അവിടെ പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു. ലിയോ പാപ്പ ആദ്യമായി ഫോണില്‍ വിളിച്ച രാഷ്ട്രത്തലവന്‍, ഉക്രെയ്ന്‍ പ്രസിഡണ്ടാണ് എന്നതും ശ്രദ്ധേയമാണ്.
സമ്പല്‍സമൃദ്ധിയുടെ അമേരിക്കന്‍ പൗരത്വത്തില്‍ നിന്ന്, തീര്‍ത്തും ദരിദ്രമായ പെറൂവിയന്‍ പൗരത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സഭയോട് പലതും പറയാതെ പറയുന്നു.
സഭയിലെ അധികാര ശുശ്രൂഷ എങ്ങനെയാകണമെന്ന് ബലി ക്കിടയിലെ തന്റെ ആദ്യ സുവിശേഷ പ്രസംഗത്തില്‍ കൃത്യമായി സൂചിപ്പിച്ചു. 'എന്റെ ശരീരം ലോകം കാണാതെ ആകുമ്പോള്‍ മാത്രമേ യഥാര്‍ഥത്തില്‍ ഞാന്‍ ക്രിസ്തുവിന്റെ ശിഷ്യനാകൂ' എന്ന് മതമര്‍ദന പശ്ചാത്തലത്തില്‍ വന്യമൃഗങ്ങളുടെ മുമ്പില്‍ അകപ്പെട്ട രക്തസാക്ഷിയായ അന്ത്യോഖ്യയിലെ വി. ഇഗ്‌നേഷ്യസ് പറഞ്ഞ ഈ അന്ത്യവാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് അധികാര ശുശ്രൂഷ ഏറ്റെടുക്കുന്നവര്‍ക്ക് ഉണ്ടാകേണ്ട പ്രതിബദ്ധതയെ കുറിച്ച് പാപ്പാ സൂചിപ്പിച്ചത്: 'ക്രിസ്തു നിലനില്‍ക്കേണ്ടതിന് നമ്മള്‍ ഒതുങ്ങി നില്‍ക്കേണ്ടതുണ്ട്, അവന്‍ മഹത്വപ്പെടേണ്ടതിന് നമ്മളെ തന്നെ ചെറുതാക്കേണ്ടതുണ്ട്, എല്ലാവരും അവനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതിന് നമ്മളെ തന്നെ പൂര്‍ണ്ണമായി വ്യയം ചെയ്യേണ്ടതുണ്ട്.' പാപ്പായുടെ അധികാര ശുശ്രൂഷയുടെ മൂലക്കല്ല് ഈ പ്രസംഗത്തില്‍ വ്യക്തമാണ്.
അസ്സീസിയിലെ ഫ്രാന്‍സീസിനൊപ്പം നിരന്തരം സഞ്ചരിച്ചി രുന്ന ഒരു സഹോദരന്‍ ഉണ്ടായിരുന്നു ചരിത്രത്തില്‍, പേര് ലിയോ. അസ്സീസിയിലെ ഫ്രാന്‍സിസ്‌കന്‍ വസന്തം സഭയില്‍ വീണ്ടും ഉണര്‍ത്തിയ ഫ്രാന്‍സിസ് പാപ്പായുടെ തൊട്ടു പിന്നാലെ സഭയുടെ കൈ പിടിക്കാന്‍ ലിയോ എന്ന പേരുകാരന്‍ തന്നെ എത്തിയത് യാദൃശ്ചികം ആയിരിക്കാം.
ഫ്രാന്‍സീസിനെ കൈവിടാതെ തന്നെ പുതിയ പാതകളിലേക്ക് ഈ മിഷനറി പാപ്പ സഭയ്‌ക്കൊപ്പം നടക്കട്ടെ.