'പ്രസാദ'മില്ലാതെ കര്‍ഷകര്‍

'പ്രസാദ'മില്ലാതെ കര്‍ഷകര്‍

ഒരു നെല്‍കര്‍ഷകന്‍ കൂടി ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ തകഴിയിലാണ് പ്രസാദ് എന്ന കര്‍ഷകന്‍ തന്റെ കഷ്ടതകള്‍ക്ക് കാരണക്കാരായി സര്‍ക്കാരിനെയും ബാങ്കിനെയും കുറ്റപ്പെടുത്തി ജീവിതമവസാനിപ്പിച്ചത്. എല്ലുമുറിയെ പണിയെടുത്ത് നാടിനെ ഊട്ടുന്ന കര്‍ഷകര്‍ കണ്ണീര്‍പ്പാടത്ത് ദുരിതം മാത്രം കൊയ്യുമ്പോള്‍, കൈയ്യും കെട്ടി നില്‍ക്കുന്ന സര്‍ക്കാരിന്റെ അനാസ്ഥയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി, നെല്‍ക്കര്‍ഷകരെ കടക്കാരാക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

''വിറ്റ നെല്ലിന്റെ പണമായി കര്‍ഷകര്‍ക്ക് വായ്പ നല്കുന്ന നിലവിലെ സ്ഥിതി കര്‍ഷകരെ കൂടുതല്‍ കഷ്ടത്തിലാക്കുകയാണ്. നെല്ല് സംഭരിച്ച വകയില്‍ ബാങ്കുകള്‍ മുഖേന കര്‍ഷകര്‍ക്ക് സപ്ലൈക്കോ പണം നല്കുമ്പോള്‍ കര്‍ഷകര്‍ കടക്കാരായി മാറുന്നില്ലെന്ന് ഉറപ്പാക്കണം. പണം വാങ്ങുന്നതിലൂടെ കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ കുറയരുത്.''

'പരാജയപ്പെട്ട്' അകാലത്തില്‍ അകന്നുപോയ പ്രസാദിനെ പരാജയപ്പെടുത്തിയവരില്‍, പ്രതിസ്ഥാനത്ത് ആദ്യം സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനത്ത് നെല്ലുവില കിട്ടാതെ 3600 കര്‍ഷകര്‍ കഷ്ടത്തിലാണ്. 30 കോടിയോളം രൂപ ഇവര്‍ക്ക് കിട്ടാനുണ്ടെന്നാണ് ഏകദേശ കണക്ക്. നെല്ല് സംഭരിച്ചിട്ട് പണം നല്കാതെ കര്‍ഷകരെ പറ്റിച്ച സര്‍ക്കാര്‍ 27 കോടി മുടക്കി 'കേരളീയം' സംഘടിപ്പിച്ചതിനെ ജനവിരുദ്ധമായ ദുര്‍നടപടിയെന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? 24,300 കര്‍ഷകര്‍ക്ക് 246 കോടി രൂപയാണ് അവസാനഘട്ടത്തില്‍ നല്കാനുണ്ടായിരുന്നത്. സപ്ലൈക്കോയുമായി കരാര്‍ ഒപ്പിട്ട് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട എസ് ബി ഐ യും കാനറാബാങ്കും തുക നേരിട്ട് നല്കാതെ അത് വായ്പയായി നല്കാനൊരുങ്ങിയതോടെയാണ് കര്‍ഷകദുരിതം കഠിനമായത്. പ്രസാദിന്റെ കാര്യത്തില്‍ സിബില്‍ സ്‌കോര്‍ കുറഞ്ഞിരുന്നില്ലെന്ന പുതിയ ന്യായീകരണവാദവുമായി സര്‍ക്കാര്‍ എത്തുമ്പോള്‍ കൃഷിയുടെയും കര്‍ഷകരുടെയും സ്‌കോര്‍ നിരന്തരം കുറയുന്നതില്‍ ആകുലപ്പെടാത്തത് നിരാശപ്പെടുത്തുന്നു.

ഇതിനിടയില്‍ 'തമിഴ്‌നാട്ടില്‍ അരിയുള്ള കാലത്തോളം ഇവിടെ കൃഷിയും കര്‍ഷകരും അനാവശ്യമാണെന്ന' സാംസ്‌കാരിക മന്ത്രിയുടെ വാക്കുകളില്‍ കര്‍ഷകരോടുള്ള സര്‍ക്കാര്‍ സമീപനം എത്രയോ പ്രതിലോമകരമെന്ന് വ്യക്തമാണ്. കൃഷി വേണ്ടെങ്കില്‍ പിന്നെ കൃഷിക്ക് വകുപ്പും അതിനൊരു മന്ത്രിയും എന്തിനാണെന്ന് ചോദിക്കാന്‍ ഇവിടെ കൊള്ളാവുന്ന പ്രതിപക്ഷം പോലുമില്ലാത്തത് സമാനതകളില്ലാത്ത ഗതികേടായി തുടരുന്നു.

നെല്‍കൃഷിയുമായി ബന്ധപ്പെട്ട് കൂലിയിലും, വിത്ത്, വളം എന്നിവയുടെ വിലയിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടും താങ്ങു വിലയിലെ സര്‍ ക്കാര്‍ വിഹിതം കുറച്ചുകൊണ്ട് കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുകയണ്. നെല്‍ക്കര്‍ഷകരുടെ ദുരിതപര്‍വം തുടര്‍ക്കഥയാകുന്നതിനിടയില്‍ പലിശക്കെണിയില്‍പ്പെട്ട് വലയുന്ന ഏലം കര്‍ഷകരുടെ ദുരന്തകഥകളും പുറത്തുവരുന്നുണ്ട്. വില്ക്കുന്ന ഏലത്തിന് പണം കിട്ടാന്‍ കമ്പനികള്‍ക്ക് പലിശ നല്‌കേണ്ട വിചിത്രമായ സമ്പ്രദായത്തിന്റെ ഇരകളാണ് കേരളത്തിലെ ഏലം കര്‍ഷകര്‍. 7.5 മുതല്‍ 12 ശതമാനം വരെ പലിശ ഇടാക്കിയതിനുശേഷമുള്ള പണമാണ് കര്‍ഷകര്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നത്. സ്്‌പൈസസ് ബോര്‍ഡിന് പരാതി നല്കിയിട്ടും ഫലമില്ല. വിപണിയില്‍ വില സ്ഥിരതയില്ലാതെ വലയുന്ന റബര്‍, ജാതി, കാപ്പി കര്‍ഷകരും വലിയ സമ്മര്‍ ദത്തിലാണ്. പലരും ലോണെടുത്താണ് കൃഷി നടത്തുന്നത്. കര്‍ഷക ലക്ഷങ്ങളുടെ തീരാദുരിതങ്ങള്‍ക്ക് പിറകില്‍ മാറിമാറി ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമാണ്. ഇനിയും നടപ്പാക്കാത്ത കുട്ടനാട്-വയനാട് പാക്കേജുകള്‍ മുതല്‍ വന്യജീവിശല്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അവഗണിച്ചൊതുക്കുന്നതില്‍ അവര്‍ പരസ്പരം മത്സരിക്കുകയാണ്.

'നവകേരള സദസ്സെന്ന' ജനകീയ സംവാദവേദിയുമായി സര്‍ക്കാരെത്തിയപ്പോള്‍, സാധാരണക്കാരുടെ പരാതികള്‍ക്ക് അനുകൂല പരിസരമായി അത് മാറുമെന്ന പ്രതീക്ഷ പക്ഷേ, അസ്ഥാനത്തായി. മന്ത്രി സംഘത്തിന്റെ സംവാദം സാധാരണക്കാരോടല്ല; നാട്ടിലെ പൗരപ്രമുഖരോടാണ്. പരാതികള്‍ സ്വീകരിക്കുന്നത് ഉദ്യോഗസ്ഥരാണ് (പരിഹാരവും ചട്ടപ്പടിയാകുമെന്ന് വ്യക്തം) അതും നിശ്ചിത സമയത്ത് മാത്രം. ശേഷം രാഷ്ട്രീയ പ്രസംഗമാണ്. അവിടെ കര്‍ഷക ദുരിതമുള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളല്ല പ്രധാനം; കേന്ദ്ര സര്‍ക്കാര്‍ അവഗണനയും, ലീഗിനെ ഇടതുപരിപാടിക്ക് വിടാത്ത കോണ്‍ഗ്രസ്സിനോടുള്ള വിരോധ വിതരണവും മാത്രം! രണ്ട് ജില്ലകളിലെ പര്യടനം കഴിഞ്ഞപ്പോഴേയ്ക്കും പരാതിക്കെട്ടുകള്‍ പതിനായിരം കവിയുമ്പോള്‍ അത് ഭരണപരാജയമെന്നറിയാതെയാണോ ഇല്ലാത്ത തലപ്പൊക്കത്തിന്റെ തലപ്പാവ് മുഖ്യമന്ത്രിയും മന്ത്രിമാരും അണിഞ്ഞത്.

2014-നു ശേഷമുണ്ടായ ഇന്ത്യയെക്കുറിച്ച് മോദിയും, 2016 നുശേഷമുണ്ടായ കേരളത്തെക്കുറിച്ച് പിണറായിയും വാചാലമാകുമ്പോള്‍, അത് കേവലം അവകാശവാദങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും, പ്രത്യേകിച്ചൊന്നും അവശേഷിപ്പിക്കാനാവാത്തവരുടെ പാഴ്‌വാക്കുകള്‍ മാത്രമെന്നും മനസ്സിലാകുന്നവരില്‍, പരാജയപ്പെട്ട് പിന്‍വാങ്ങിയ പ്രസാദുമാര്‍ മാത്രമല്ല, പരാതിപ്പെടാന്‍ ഒരിടം പോലുമില്ലാത്ത സാധാരണക്കാരുമുണ്ട്; വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ പ്രചരണ ജാഥ മാത്രമായി നവകരേള സദസ്സ് ചെറുതാകുമ്പോള്‍ മതരാഷ്ട്രീയ ഭേദമെന്യേ, വിലപേശല്‍ ശേഷിയുള്ള സംഘടിത ശക്തിയായി കര്‍ഷകര്‍ ഉണരുക മാത്രമാണ് കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം. കണ്ണീര്‍പാടത്ത് കഷ്ടതമാത്രം വിളയിക്കുന്ന അവര്‍ മനുഷ്യരാണ്, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org