കര്‍ഷകര്‍ ജയിക്കണം, രാജ്യവും

കര്‍ഷകര്‍ ജയിക്കണം, രാജ്യവും

രാജ്യം യുദ്ധമുഖത്താണ്. കര്‍ഷകരാണ് ഇക്കുറി എതിര്‍പക്ഷത്ത്. വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യതലസ്ഥാനത്തേക്ക് പ്രകടനമായി നീങ്ങിയ ആയിരക്കണക്കിന് കര്‍ഷകരെ ഹരിയാന അതിര്‍ത്തിയില്‍ ശത്രുരാജ്യ പ്രതിരോധ സമാനം തടഞ്ഞ് തല്ലിയൊതുക്കുമ്പോള്‍, അന്നമൂട്ടുന്നവര്‍ ക്രിമിനലുകളല്ലെന്ന വസ്തുതയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മിക്കണം. കണ്ണീര്‍ വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുകളും ചിതറി നിറഞ്ഞ് യുദ്ധ സമാന സാഹചര്യമാണ് സംസ്ഥാന അതിര്‍ത്തിയിലേത്.

സര്‍ക്കാരിനെ ഈ സത്യം സവിശേഷമായി ഓര്‍മ്മിപ്പിച്ചത് ഈയിടെ ഭാരതരത്‌നം നല്കി ആദരിച്ച ലോക വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞന്‍ സ്വാമിനാഥന്റെ മകളും, പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധയുമായ മധുര സ്വാമിനാഥനാണ്. ഭാരതരത്‌ന ബഹുമതിലബ്ധിയാഘോഷിക്കാന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് കര്‍ഷക സമരത്തെ പിന്തുണച്ച് മധുര സംസാരിച്ചത്. ''അന്നദാതാക്കളോട് ക്രിമിനലുകളോടെന്ന പോലെ പെരുമാറരുത്. സംസാരിച്ച് പരിഹാരം കണ്ടെത്തണം.''

വിവാദ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2020 നവംബര്‍ മുതല്‍ ഏകദേശം ഒരു വര്‍ഷം നീണ്ട സമര പരമ്പരകളുടെ തുടര്‍ച്ചയായാണ്, ആവശ്യങ്ങളെ അതിക്രൂരമായി അവഗണിച്ച സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് 'ചലോ ദില്ലി' മാര്‍ച്ച്, ഫെബ്രുവരി 13-ന് ചൊവ്വാഴ്ച പഞ്ചാബില്‍ നിന്ന് നൂറു കണക്കിന് ട്രാക്ടറുകളിലും ട്രക്കുകളിലുമായി പുറപ്പെട്ടത്.

പ്രതിപക്ഷ പ്രതിഷേധമവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു പ്രധാന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമുയര്‍ന്നപ്പോള്‍, അത് കുത്തകകള്‍ക്ക് മണ്ണും വിത്തും കൈമാറാനുള്ള സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയുള്ള അസാധാരണമായ പ്രതിരോധമായി മാറി. കാര്‍ഷികോത്പന്ന വ്യാപാര-വിപണന (പ്രോത്സാഹനവും സുഗമമാക്കലും) നിയമം. വില ഉറപ്പാക്കലും കാര്‍ഷിക സേവനവും സംബന്ധിച്ച നിയമം, അവശ്യവസ്തു (ഭേദഗതി) നിയമം എന്നിവയിലൂടെ സാധാരണ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷികോത്പ്പന്നങ്ങളിന്മേലുള്ള ഉടമസ്ഥതയും വിലസ്ഥിരതയും നഷ്ടപ്പെടുത്തുന്ന നിയന്ത്രണ നീക്കങ്ങളെ കൊടുംതണുപ്പിനെയും കോവിഡിനെയും അതിജീവിച്ച് അതിശക്തമായി അന്ന് പ്രതിരോധിച്ചപ്പോള്‍ നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ പിന്‍വാങ്ങിയെങ്കിലും അന്നു നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. ഉദാര കമ്പോള ത്തിന്റെ കഠിനമത്സരങ്ങള്‍ക്ക് തങ്ങളെ അതിക്രൂരമായി എറിഞ്ഞു കൊടുക്കാനുദ്യമിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പോരാട്ടത്തില്‍ 500 ലേറെ പേര്‍ക്ക് ജീവന്‍ വിലയായി നല്‌കേണ്ടിയും വന്നു.

സമരക്കാര്‍ക്കെതിരെ ഹരിയാന പൊലീസിനെ കൂടാതെ ഡല്‍ഹി പൊലീസിനെയും കേന്ദ്രസേനകളെയും അണിനിരത്തി നടുറോഡില്‍ സിമന്റിട്ടുറപ്പിച്ച വന്‍മതിലുകള്‍ക്കിപ്പുറം വലിയ കിടങ്ങുകളും മുള്ളുവേലികളും, ആണി തറച്ചുറപ്പിച്ച വഴിയും മണല്‍ച്ചാക്കുകളുള്‍പ്പെടെ വന്‍ പ്രതിരോധ സന്നാഹങ്ങളോടെയാണ് സര്‍ക്കാര്‍ ഇക്കുറി എതിര്‍ നീക്കമൊരുക്കിയത്. ഡ്രോണ്‍ വഴിയുള്ള കണ്ണീര്‍ വാതക ഷെല്‍ വര്‍ഷം സമാനതകളില്ലാത്തതും മനുഷ്യാവകാശങ്ങളുടെ അതിക്രൂരമായ ലംഘനവുമായി.

2021 ഡിസംബറില്‍ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടെങ്കിലും, താങ്ങുവില, സമ്പൂര്‍ണ്ണ കാര്‍ഷിക കടം എഴുതിത്തള്ളല്‍, 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രാബല്യം, വൈദ്യുതി സ്വകാര്യവല്‍ക്കരണ ബില്‍ പിന്‍വലിക്കല്‍ തുടങ്ങിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. എം എസ് സ്വാമിനാഥനോടുള്ള ആദരവ് വെറും രാഷ്ട്രീയ നാടകമല്ലെന്ന് തെളിയിക്കാന്‍ കര്‍ഷകരെ പ്രതിരോധിച്ചല്ല, ഒപ്പം നിര്‍ത്തിവേണം സര്‍ക്കാര്‍ പ്രതികരിക്കാന്‍. എങ്ങും എത്താതെയവസാനിച്ച വിവിധതല ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടാകണം; എതിരാളികളായല്ല സഹജീവികളായി കണ്ട് സര്‍ക്കാര്‍ ഇനി യും സംസാരിക്കണം. കര്‍ഷകര്‍ക്കുവേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സ്വാമിനാഥന്‍ പറഞ്ഞതൊക്കെയും ഹരിയാന അതിര്‍ത്തിയില്‍ മുദ്രാവാക്യങ്ങളായി അവര്‍ ആവര്‍ത്തിക്കുമ്പോള്‍, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ 'രാഷ്ട്രീയം' രാഷ്ട്ര നന്മയ്ക്കുവേണ്ടിയെന്നു തിരിച്ചറിയണം.

പ്രൊപ്പഗാണ്ട രാഷ്ട്രീയത്തിന്റെ പൊള്ളത്തരത്തെ മോദി ഗ്യാരന്റിയിലൂടെ പൊലിപ്പിച്ചെടുത്ത് അടുത്ത പൊതുതിരഞ്ഞെടുപ്പൊരുക്കത്തിലേക്ക് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുമ്പോള്‍, രാഷ്ട്രം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ പരകാല പ്രഭാകറെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

ദേശീയ കടബാധ്യത 1947 മുതല്‍ 2014 വരെ 50 ലക്ഷം കോടി മാത്രമായിരുന്നുവെങ്കില്‍, 2014 നുശേഷം അത് നൂറ്റമ്പതു ലക്ഷം കോടിയിലധികമായി വര്‍ധിച്ചിരിക്കുന്നു. രാജ്യത്തെ 53% ലധികം വരുന്ന യുവാക്കളില്‍ 24% തൊഴില്‍ രഹിതരാണ്. അന്തര്‍ദേശീയ തലത്തില്‍ രാജ്യക്ഷേമ സൂചികാ പട്ടികകളിലെല്ലാം ഇന്ത്യയുടെ നില താഴെയാണ്, താഴോട്ടാണ്. 82 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനനുവദിക്കുമെന്ന മോദിഗാരന്റി, അത്രയും പേര്‍ പട്ടിണിയിലാണെന്ന സത്യത്തെ പറയാതെ പറയുക തന്നെയാണ്. 29 രൂപയുടെ 'ഭാരത് അരി' രാഷ്ട്രീയത്തിന് കേരളത്തില്‍ ഇപ്പോള്‍ മോദിക്ക് അവസരമൊരുക്കിയത് കണ്ണീര്‍പാടത്ത് കര്‍ഷകര്‍ കൊണ്ട അവഗണനയുടെ വെയിലും നീതിനിഷേധത്തിന്റെ മഴയുമാണെന്നതെങ്കിലും ഓര്‍ക്കണ്ടേ. (29 രൂപയുടെ അരി വേവിക്കാന്‍ 910 രൂപയുടെ ഗ്യാസ് വേണമല്ലോ എന്ന ചോദ്യം പക്ഷേ, രാജ്യദ്രോഹമാണ്.) അങ്ങകലെ ഡല്‍ഹിയില്‍ മാത്രമല്ല, ഇവിടെ കേരളത്തില്‍ വയനാട്ടിലെ കര്‍ഷകരും പോരാട്ടമുഖത്താണ്. വീട്ടുമുറ്റത്ത് കടുവ തിന്നുപേക്ഷിച്ച പശുവിന്റെ പാതി ഉടല്‍പോലെ ജീവനും ജീവിതവും പകുതി അടര്‍ന്ന് തന്നെയാണ് കര്‍ഷക ദുരിതങ്ങള്‍. ഏറ്റവുമൊടുവില്‍ മുഖാമുഖപ്രഹസന്നങ്ങളിലൂടെ നവകേരള മുഖ്യമന്ത്രി മുന്നേറുമ്പോള്‍ കര്‍ഷക ദുരന്തങ്ങള്‍ക്ക് അഭിമുഖം നില്‍ക്കാ ത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാവപ്പെട്ടവരെ നോക്കി പരിഹസിക്കുകയാണ്.

ജനകീയ പ്രക്ഷോഭങ്ങളുടെ പ്രതിരോധം തീര്‍ത്തു മാത്രമെ കുത്തകവല്‍ക്കരണതിന്റെ കുടില രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രത്തെ മോചിപ്പിച്ചെടുക്കാനാകൂ. സ്വന്തം പാര്‍ട്ടി മാത്രമെന്ന താത്ക്കാലിക താത്പര്യങ്ങളില്‍ തട്ടി പലതായിച്ചിതറി, തുടക്കത്തിലേ പതറിപ്പോയ INDIA മുന്നണി കക്ഷികളെക്കാളും, ബി ജെ പി തെളിക്കുന്ന വഴിയിലൂടെ മാത്രം അവര്‍ പറയുന്നതിന്റെ ബാക്കി മാത്രം പറഞ്ഞും പലതും പറയാതെയും പതുങ്ങിയൊതുങ്ങുന്ന കോണ്‍ഗ്രസ്സിനെക്കാളും കര്‍ഷക ലക്ഷങ്ങള്‍ നയിക്കുന്ന പോരാട്ടവഴികളിലൂടെ തന്നെയാവണം പുതിയ ഇന്ത്യയുടെ പുതിയ യാത്രകള്‍. നൂറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങളെ പ്രധാന പരിപാടിയാക്കി തന്നെ പുതുക്കിപ്പണിത ഭാരതത്തിന്റെ നേരവകാശികളാകാന്‍ സമരം തന്നെയാണ് മാര്‍ഗം സമരസമല്ല. അപ്പോഴും, എന്തെങ്കിലും കിട്ടിയവസാനിപ്പിക്കാതെ, എല്ലാവര്‍ക്കും ഇടമുള്ള യഥാര്‍ത്ഥ വികസിത സങ്കല്പത്തെ സത്യമാക്കാനുള്ള അവസാന അവസരമായി ഈ കര്‍ഷക സമരം മാറട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org