ഒഴുകുകയാണ്, ഒഴിഞ്ഞുമാറരുത്

ഒഴുകുകയാണ്, ഒഴിഞ്ഞുമാറരുത്

മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ പഠനാഭിമുഖ്യം മുന്‍പെങ്ങുമില്ലാത്തവിധം വര്‍ധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. പഠനത്തിനും ജോലിക്കും, സ്ഥിരവാസത്തിനുമായി നാടുവിട്ടുപോകുന്നവരുടെ സ്ഥലംമാറ്റമുളവാക്കുന്ന സാമൂഹിക-സാമ്പത്തികാഘാതങ്ങള്‍ നാമിനിയും ഗൗരവപൂര്‍വം പഠനവിധേയമാക്കിയിട്ടില്ല എന്നതാണ് വാസ്തവം.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കുടിയേറ്റം ഓരോ വര്‍ഷവും 40% വീതം വര്‍ധിക്കുന്നുണ്ട്. 2016-ല്‍ കേരളത്തില്‍ നിന്ന് വിദേശത്ത് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം 18,428 ആയിരുന്നുവെങ്കില്‍ 2019-ല്‍ അത് 30,948 ആയി വര്‍ധിച്ചു. കോവിഡ് കാലത്ത് വിദേശത്തേക്കുള്ള ഒഴുക്കില്‍ അല്പം കുറവുവന്നെങ്കിലും ഇപ്പോള്‍ വീണ്ടും എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഏഴരലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി വിദേശരാജ്യങ്ങളിലെത്തിയത് എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

പുറപ്പെട്ടുപോക്കിനുള്ള പ്രധാന കാരണങ്ങള്‍ നാട്ടില്‍ നല്ല ജോലിക്കുള്ള സാധ്യതക്കുറവും, വിദേശത്തെ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യവും തന്നെയാണ്. സിവില്‍ എന്‍ജിനീയറിംഗോ, മെക്കാനിക്കല്‍ എഞ്ചിനീയറിംഗോ എം ബി എയോ പഠിച്ചിറങ്ങുന്നവര്‍ക്ക് ഇവിടെ ശരാശരി 10,000-14,000 രൂപയാണ് അടിസ്ഥാന ശമ്പളം. പഠനത്തോടൊപ്പം ജോലിയെന്നതും, ചിലയിടങ്ങളില്‍ പഠനം പൂര്‍ണ്ണമായും സൗജന്യമാകുന്നതുമാണ് വിദേശവാസം ആകര്‍ഷകമാക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പി എസ് സി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തുവെന്നാണ് സര്‍ക്കാര്‍ അവകാശവാദം. 2021 ല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ മാത്രം പ്രവേശനം നേടിയവര്‍ 27,916 പേരാണ്. പ്രതിവര്‍ഷം ശരാശരി 20,000 പേര്‍ക്ക് തൊഴില്‍ നല്കിയത് വലിയ നേട്ടമായി ആഘോഷിക്കുന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികളെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം.

വായ്പ എടുത്താണ് പലരും വിദേശ പഠനത്തിനൊരുങ്ങുന്നത്. പ്രതിവര്‍ഷം 6000 കോടി രൂപയാണ് വായ്പയിനത്തില്‍ ബാങ്കുകളില്‍ നിന്നും നല്കപ്പെടുന്നത്. ഭൂമിയുടെ ഈടിലാണ് 10 ലക്ഷത്തിലേറെ വായ്പ നല്കുന്നത്. ഡോളറിന്റെ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ താഴേക്കു പോകുമ്പോള്‍ പഠനച്ചെലവ് ഇരട്ടിയാകുന്ന സാഹചര്യമുണ്ട്. തിരിച്ചടവ് മുടങ്ങുമ്പോള്‍ ജപ്തി നടപടികളെ അനിവാര്യമാക്കുന്നത് നാട്ടിലും മറുനാട്ടിലും കടുത്ത മാനസ്സിക സമ്മര്‍ദമുണ്ടാക്കുന്നു. യുക്രൈന്‍ യുദ്ധ പശ്ചാത്തലവും, അപ്രഖ്യാപിത ആഗോളമാന്ദ്യവും വിദേശത്തെ ജീവിതച്ചെലവുകളെ ഇരട്ടിയാക്കുന്ന സാഹചര്യവും വിദേശപഠനം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും സാമ്പത്തികമായി ബാധിക്കുന്നു എന്ന പുതിയ പ്രശ്‌നവുമുണ്ട്.

വിദ്യാര്‍ത്ഥി കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹികാഘാതവും ഗൗരവമുള്ളതാണ്. കഴിവുള്ളവര്‍ കളംവിടുമ്പോള്‍ നൈപുണ്യശോഷണം എന്ന സാങ്കേതിക പ്രതിസന്ധി കേരളം വലിയ തോതില്‍ അഭിമുഖീകരിക്കുകയാണ്. ഒരുകാലത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് പെരുമയുയര്‍ത്തിയ നമ്മുടെ കലാലയലോകത്തെ കഴിവുള്ളവര്‍ കൈവിടുന്നു എന്നത് നിസ്സാരമായി കാണരുത്. നമ്മുടെ സര്‍വകലാശാലകളെ വിദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതികളോ പാഠ്യേതര പ്രവര്‍ത്തനങ്ങളോ പുതുതായി ക്രമീകരിച്ചുകൊണ്ട് വിദ്യഭ്യാസ പ്രക്രിയയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തി, വിദ്യാര്‍ത്ഥികളെ ഇവിടെത്തുടരാന്‍ പ്രേരിപ്പിക്കുന്ന സത്വര നടപടിയുണ്ടാകണം. 'ഏണ്‍ വൈല്‍ യു ലേണ്‍' പോലുള്ള പരിപാടികള്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഒന്നുമായില്ലെന്ന് മറക്കരുത്. സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോരിന് താത്ക്കാലിക ശമനമുണ്ടായെങ്കിലും അതുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പലകുറി പുറകോട്ടടിച്ചുവെന്നതാണ് വാസ്തവം. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ നാലായിരത്തോളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് വിവരം. ജോലി സാധ്യതയിലെ സംശയം, പരീക്ഷാ നടത്തിപ്പ് പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയവ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു. കൂടാതെ കലാലയ രാഷ്ട്രീയം കലാപരാഷ്ട്രീയത്തിന് വഴിമാറിയതും, അക്കാദമിക് ചുമതല, അധ്യാപക/അനധ്യാപക യൂണിയനുകള്‍ 'ഏറ്റെടുക്കുകയും' ചെയ്ത സവിശേഷ സാഹചര്യവും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദുരന്തചിത്രത്തെ പൂര്‍ണ്ണമാക്കി എന്നു വേണം കരുതാന്‍. രാഷ്ട്രീയക്കാരുടെ ഇഷ്ടനിയമനവും മാനേജ്‌മെന്റിന്റെ കോഴ നിയമനവും അക്കാദമിക് നിലവാരത്തകര്‍ച്ച പൂര്‍ണ്ണമാക്കി. കൂട്ടത്തോടെ കുട്ടികള്‍ വിദേശ പഠന ക്യൂവില്‍ തിക്കിത്തിരക്കുന്നതിന്റെ പുറകിലെ കാരണങ്ങളില്‍ ഇതുംകൂടി എഴുതിച്ചേര്‍ക്കണം.

ചെറുപ്പക്കാര്‍ കൂട്ടത്തോടെ നാടുവിടുമ്പോള്‍ പ്രായമായവുടെ പെരുപ്പവും അതുളവാക്കുന്ന പ്രശ്‌നങ്ങളും നമ്മുടെ സാമൂഹികഘടനയെ സമാനതകളില്ലാത്തവിധം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടലുകള്‍ വീട്ടകങ്ങളെ തടവറതുല്യമാക്കുകയാണ്. മക്കള്‍ വിദേശത്താണെന്ന് മേനി പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ അതേ പ്രിയപ്പെട്ടവരാല്‍ ഒഴിവാക്കപ്പെട്ടതിന്റെ തീരാവേദനയിലാണ്. പ്രായമായവര്‍ക്കുവേണ്ടിയുള്ള സാങ്കേതിക സഹായവും, കൗണ്‍സിലിംഗ് സൗകര്യവും, താമസകേന്ദ്രങ്ങളും പുതിയ തൊഴിലിടമായി വികസിക്കുന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തെ തടയാനാകുമെന്നു തോന്നുന്നില്ല. പരിഹസിച്ച് ഇത് പരിഹരിക്കാമെന്ന രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാട് യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണ്. സ്വാഭാവികമായ സാമൂഹിക പരിണാമമായി സ്വീകരിച്ച് അംഗീകരിക്കുകയാണ് കരണീയം. പക്ഷേ, ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉറപ്പുതരുന്ന സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം വരുംവര്‍ഷങ്ങളിലും ഇതേ അളവില്‍ ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനമേഖലകള്‍ വര്‍ധിക്കുന്നതും, യുദ്ധഭീഷണികളും സാമ്പത്തിക അനിശ്ചിതത്വവുമെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളെ നാളെ അരക്ഷിതമാക്കിയേക്കാം.

വിദ്യാര്‍ത്ഥികള്‍ പഠനലക്ഷ്യത്തോടെ വിദേശത്തേക്ക് കുടിയേറുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന പ്രസ്താവനകള്‍ സഭാ നേതൃത്വത്തിന്റേതായി ഈയിടെ പുറത്തുവന്നു. പോകരത് എന്നു പറയുന്നവര്‍, അവര്‍ എന്തുകൊണ്ട് ഇവിടെ തുടരണം എന്ന് പറയാന്‍ കൂടി ബാധ്യസ്ഥരാണ്. ഇവിടെ സംരംഭകരായിത്തുടരാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തി നവസംരംഭകത്വശൃംഖലകള്‍ ഔദ്യോഗികമായി സജ്ജമാക്കാനും അവയുടെ വിപണിയുറപ്പാക്കാനും നേതൃത്വം തയ്യാറാകുമോ? സര്‍ക്കാര്‍ ജോലിക്ക് യുവാക്കളെ പ്രാപ്തരാക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കാനും ഉള്ളവ കൂടുതല്‍ ശക്തീകരിക്കാനും സംഘാതമായി ശ്രമിക്കുമോ? ഈ വിഷയത്തെ ഇതുവരെയും സഭ ഗൗരവമായി സമീപിച്ചിട്ടില്ലെന്നതാണ് വാസ്തവം.

ഗള്‍ഫ് പണം നാട്ടിലെത്തിയതിനാല്‍ ആഘോഷിക്കപ്പെട്ട കേരളാ മോഡല്‍ പഴങ്കഥയാണിന്ന്. പണമില്ലാത്ത സര്‍ക്കാര്‍ പണികൊടുക്കുന്നതെങ്ങനെയെന്ന ചോദ്യം പൊള്ളിക്കുന്നിടത്താണ് കേരളം അപ'കട'കരമായ ഒരിടമായി മാറിപ്പോകുന്നത്. സമസ്ത മേഖലകളുടെയും അമിത രാഷ്ട്രീയ വല്‍ക്കരണത്തിലൂടെ 'അരാഷ്ട്രീയ'മായി മാറിയ കേരളത്തെയും അതിന്റെ വിദ്യാഭ്യാസ പ്രക്രിയയെയും യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കുകയാണ് അടിയന്തരാവശ്യം. ഈ ഒഴുക്കിനെ പരിഹസിക്കുകയല്ല, പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്; മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org