പരാജയപ്പെട്ട പ്രസ്താവന

പരാജയപ്പെട്ട പ്രസ്താവന

''റബ്ബറിന്റെ വില കിലോഗ്രാമിന് 300 രൂപയാക്കിയാല്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍നിന്ന് എം പി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും. കുടിയേറ്റ ജനതയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയമായി പ്രതികരിക്കണം. വോട്ടായി മാറാത്ത പ്രതി ഷേധത്തിന് ജനാധിപത്യത്തില്‍ വിലയില്ല!''

കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സംഘടിപ്പിക്കപ്പെട്ട 'കര്‍ഷകജ്വാല'യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ ഈ രാഷ്ട്രീയപ്രസ്താവന, കര്‍ഷകര്‍ക്കുവേണ്ടി എന്നതിനേക്കാള്‍ അവര്‍ക്ക് പ്രതികൂലമായി പരിണമിച്ചുവെന്നതാണ് വാസ്തവം.

കാര്‍ഷിക അവഗണനയെന്ന ഗുരുതരപ്രശ്‌നത്തെ വല്ലാതെ ലളിതവത് ക്കരിച്ച പ്രസ്താവനയായി അത് ചെറുതായിപ്പോയി. അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയമായി പ്രതികരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. വോട്ടായി മാറുന്ന പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ മൂല്യമുണ്ട്. കര്‍ഷകര്‍ എന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ മാത്രമാണെന്ന രീതിയിലും, വില മുന്നൂറിലെത്തിയാല്‍ അവരുടെ സകല പ്രശ്‌നങ്ങളും തീരും എന്ന മട്ടിലും വ്യാഖ്യാനിക്കാനിടനല്കുന്ന വിധത്തില്‍ പല മുനകളുള്ള കാര്‍ഷികപ്രശ്‌നങ്ങളെ അപകടകരമായി ലഘൂകരിച്ച ഈ പ്രസ്താവന കേരളത്തിലെ കര്‍ഷകരെ ശരിയായ വിധത്തില്‍ പ്രതിനിധീകരിക്കുന്നതില്‍ അതിദയനീയമായി പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. കര്‍ഷകരുടെ വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ക്ക് പ്രാദേശികഭേദമുണ്ടെന്ന അടിസ്ഥാനവസ്തുതയെ ഈ പ്രസ്താവന നിര്‍ദയം നിരാകരിക്കുകയാണ്. മലബാറിലെ കാര്‍ഷിക വെല്ലുവിളികളല്ല, ഇടുക്കി മലയോര നിവാസികളുടേത്. കുട്ടനാട്ടില്‍ കാര്യങ്ങള്‍ പിന്നെയും വ്യത്യസ്തമാണ്.

ആസിയാന്‍ കരാര്‍ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങള്‍ കര്‍ഷകര്‍ക്ക് പൊതുവിലും റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകള്‍ സമ്മാനിക്കുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന ബി ജെ പിക്ക് മലയോരജനത എം പിയെ നല്കിയാല്‍ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണ്! കൃഷിയുടെ കുത്തകവത്ക്കരണം കാര്‍ഷികനയമായി സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട കര്‍ഷകസമരത്തെക്കുറിച്ച് ആ വേദിയില്‍ പിതാവിനെ ആരും ഓര്‍മ്മപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി. ബഫര്‍സോണ്‍, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങി സര്‍ക്കാര്‍ അവഗണനയുടെ അനവധി അനുഭവങ്ങള്‍ കര്‍ഷകലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോള്‍ റബ്ബര്‍ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണ്?

റബ്ബര്‍ വില മുന്നൂറായാല്‍പോലും അടിക്കടി ഉയരുന്ന ഇന്ധനവര്‍ധനവ് മൂലം ജീവിതച്ചെലവുകള്‍ അനുദിനം പെരുകുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ജീവിതം മെച്ചമാകുമോ? റബ്ബറിന്റെ വിലയിടിവല്ല, റബ്ബര്‍ പോലെ വലിയുന്ന ഉത്തരവാദിത്വപ്പെട്ടവരുടെ ഇത്തരം നിലപാടുകളാണ് കര്‍ഷക ദുരിതങ്ങളുടെ അടിയന്തരപ്രശ്‌നമെന്ന് സമ്മതിക്കാമോ?

പ്രസ്താവനയുടെ രാഷ്ട്രീയം മാത്രം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു വെങ്കില്‍ അതിനവസരമൊരുക്കിയ രാഷ്ട്രീയപ്രസ്താവന ഇനിയും പിന്‍വലിക്കാത്തതെന്ത്? നാളിതുവരെയും കെ സി ബി സിയും മെത്രാന്‍ സിനഡും കര്‍ഷകരക്ഷയ്ക്കുവേണ്ടി നടത്തിയ പോരാട്ടശ്രമങ്ങെളയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ഈ പ്രസ്താവനാദുരന്തം ഇനിയെങ്കിലും തിരുത്തുമോ?

വോട്ടായി മാറാത്ത പ്രതിഷേധത്തിന് ജനാധിപത്യത്തില്‍ വിലയില്ലെന്നത് ശരിതന്നെ. പക്ഷേ, ആ വോട്ടവകാശം വ്യക്തിപരമാണെന്നും, അതിന്മേലുള്ള ഏതൊരു ബാഹ്യഇടപെടലും, അവകാശപ്രഖ്യാപനവും ജനാധിപത്യ വിരുദ്ധമാണെന്നതും മറക്കാമോ? രണ്ടു വര്‍ഷം മുമ്പ് നടന്ന ദുരന്തമാകയാല്‍ വെള്ളം കിട്ടാതെ തലോജ സെന്‍ട്രല്‍ ജയിലില്‍ തൊണ്ടപ്പൊട്ടിത്തീര്‍ന്ന സ്റ്റാന്‍സ്വാമിയെ മറക്കാം! പക്ഷേ, ആയിരത്തോളം ക്രൈസ്തവര്‍ ആര്‍ എസ് എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടിവന്ന നാരായണ്‍പൂര്‍ സംഭവത്തെ ഇത്രവേഗം മറന്നുപോകുന്നതെങ്ങനെയാണ്? രാജ്യമാകെ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം 550 കടന്നതും മറക്കാവുന്നതാണോ? കര്‍ഷകസമരത്തീര്‍പ്പുവേളയില്‍ നല്കപ്പെട്ട സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ല എന്ന സങ്കടത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ പഞ്ചായത്തുകൂടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഇടതുവലതു സര്‍ക്കാരുകളുടെ അതിക്രൂരമായ അവഗണനകളുടെ ചരിത്രം കൂടിയാണ് കേരളത്തിന്റെ സമീപകാല കാര്‍ഷികദുരന്തം എന്ന കാര്യത്തില്‍ സംശയമില്ല. ബഫര്‍സോണ്‍ നിര്‍ണ്ണയരീതികളില്‍ കാര്‍ഷിക കേരളം അതു കണ്ടതാണ്. അതിന് കര്‍ഷകവിരുദ്ധത അടിസ്ഥാന നയമായി സ്വീകരിച്ച ബി ജെ പി രക്ഷകരാകുന്നതെങ്ങനെ? ഉത്തരവാദിത്വപ്പെട്ട ഏത് രാഷ്ട്രീയപാര്‍ട്ടിയുമായും സഭാനേതൃത്വത്തിന് ചര്‍ച്ചയാകാം. പക്ഷേ, അതിനുള്ള കാരണവും, അതിലെ കാര്യവും വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണം. കര്‍ഷകര്‍ക്കൊപ്പം സഭാനേതൃത്വം നിലകൊള്ളണം, മറിച്ചാകരുത്. അവരുടെ ആത്മാഭിമാനത്തെ വെറും 300 രൂപയ്ക്ക് പണയം വയ്ക്കുന്ന നിലപാട് നിരുത്തരവാദിത്വപരമാണ്. വിലപറഞ്ഞ് വോട്ടുറപ്പിക്കുന്നതിനെ ദയവായി ന്യായീകരിക്കരുത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് കത്തോലിക്കാ സഭയുടെ ചെലവില്‍ കേരളത്തില്‍നിന്ന് പിന്തുണയുറപ്പാക്കുന്ന ഈ പ്രസ്താവന ഇനിയും പിന്‍വലിക്കപ്പെട്ടിട്ടില്ലായെന്നത് ഭരണഘടനാസ്‌നേഹികളെ ആശങ്കയിലാഴ്ത്തുകയാണ്.

കുറച്ചുകാലമായി സഭാവേദികളില്‍ തുടരുന്ന ബി ജെ പി അനുകൂല മൃദുസമീപനങ്ങളുടെ പരസ്യമായ വെളിപ്പെടലും, വിളിച്ചുപറയലുമായി ഈ പ്രസ്താവനയെ വിലയിരുത്തുന്നവരുണ്ട്. കേരളത്തില്‍ മാത്രം മാറ്റിവായിക്കുന്ന 'വിചാരധാര'യുണ്ടാകാനിടയില്ലാത്തതിനാല്‍ ഇത്തരം (അ)വിശുദ്ധ ബന്ധങ്ങള്‍ ക്രൈസ്തവരെ, അതില്‍ സാധാരണക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. അവകാശ സംരക്ഷണമാകാം. അത് ഏത് വിധേനയും എന്നത് പ്രശ്‌നമാണ്; പ്രശ്‌നമാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org