നിലതെറ്റുന്ന നിയന്ത്രണങ്ങള്‍
കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി മുന്നറിയിപ്പായി മുന്നില്‍ നില്‍ക്കു മ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളിലെ ആശാസ്ത്രീയത തികച്ചും ജനവിരുദ്ധമാണെന്ന ആക്ഷേപം ശക്തമാവുകയാണ്.
ഞായര്‍ ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും തുറക്കാമെന്ന പുതിയ അനുവാദം പക്ഷേ ജനസംഖ്യയില്‍ പകുതിയിലധികം പേരെ അകത്തിരുത്തുന്ന രീതിയിലാണ്. കടകളില്‍ പോകാന്‍ കോവിഡ് ഒരു ഡോസെങ്കിലും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ നാല്പതു വയസ്സില്‍ താഴെയു ള്ള ചെറുപ്പക്കാര്‍ വീട്ടിലും പ്രായമായവര്‍ പുറത്തും എന്ന നിലയിലായി. വാക്‌സിന്‍ ഒരു ഡോസെങ്കിലും ലഭിച്ചവര്‍ 43.73% പേരാണ്. 18.02% പേര്‍ക്കാണ് രണ്ടു ഡോസും ലഭിച്ചത്.
18 വയസ്സിനു മുകളിലുള്ളവര്‍ക്ക് പൂര്‍ണ്ണതോതില്‍ വാക്‌സിന്‍ ലഭ്യത ഉറപ്പാകാതിരിക്കുന്ന ഗുരുതര സാഹചര്യം പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണ 'ഇളവുകള്‍'…! കേന്ദ്രത്തില്‍നിന്നും ആവശ്യത്തിനു വാക്‌സിന്‍ ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവലാതിപ്പെടു മ്പോള്‍ ലഭ്യമാകുന്നവ സ്വകാര്യ ആശുപത്രികളില്‍നിന്ന് വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ജനം. ഇരു സര്‍ക്കാരുകളും വാക്‌സിന്‍ 'സൗജന്യ'മാക്കിയപ്പോള്‍ കരിഞ്ചന്തയില്‍പ്പോലും സ്ലോട്ട് കിട്ടാതെ ജനം കഷ്ടപ്പെടുകയാണ്. ഇതിനിടയില്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം രണ്ടു ഡോസ് സ്വീകരിച്ച 5,042 പേര്‍ക്കും, ഒരു ഡോസ് സ്വീകരിച്ച 14,974 പേര്‍ക്കും കോവിഡ് ബാധിച്ചുവെന്നത് ആശങ്കയേറ്റുന്നു.
താരതമ്യേന വ്യാപന-പ്രഹരശേഷികള്‍ കുറവായിരുന്ന ഒന്നാം തരംഗവേഗം നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ജാഗ്രതാ സംവിധാനം വിജയം നല്കി യ അമിത ആത്മവിശ്വാസവും, വാക്‌സിന്റെ വരവോടെ എല്ലാം സാധാരണമട്ടിലാകുമെന്ന നിസ്സംഗതയും കോവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അലസതയോടെ അവഗണിക്കാന്‍ ഇടയാക്കി. രോഗം രൂക്ഷമായ ഇടങ്ങളിലെ പ്രാദേശിക നിയന്ത്രണങ്ങള്‍ക്കു പകരം സംസ്ഥാനമൊന്നാകെ രണ്ട് മാസത്തിലേറെ അടച്ചിട്ടത് മഹാമാരിയുടെ രണ്ടാം വരവിനെ വിലയിരുത്തുന്നതില്‍ വന്ന ഗുരുതര പിഴവായി. ടിപിആര്‍നെ അടിസ്ഥാനമാക്കി മാത്രം നിയന്ത്രണം കടുപ്പിച്ചതാണ് അടച്ചിടല്‍ നീണ്ടു പോകാനിടയാക്കിയത്.
ഒന്നിടവിട്ടുള്ള കടതുറക്കലും വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ആള്‍ ത്തിരക്ക് കുറച്ചില്ലെന്നു മാത്രമല്ല, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലിടങ്ങളില്‍ കുറയാതെ നില്‍ക്കാനതിടയാക്കി എന്നതാണ് വാസ്തവം. എല്ലാം ഉദ്യോഗസ്ഥ നിര്‍േദശപ്രകാരമെന്ന മട്ടില്‍ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോള്‍ ഭരിക്കുന്നത് ഉദ്യോഗസ്ഥരോ, ജനപ്രതിനിധികളോ എന്ന ചോദ്യമുയര്‍ന്നത് നിയമസഭയ്ക്കകത്താണ്.
കടയിലേയ്ക്ക് പോകാന്‍ 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ടും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കേണ്ടതില്ല, അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ മതിയെന്ന് പോലീസ് ഉദ്യോഗസ്ഥ തലത്തില്‍ അതത് കളക്ടറേറ്റുകള്‍ വഴി നിര്‍േദ്ദശം നല്കിയിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ വിവരം. അപ്പോഴും അത് പോലീസിന്റെ വിവേചനാധികാരത്തിനു വിട്ടുകൊടുക്കുന്നതിനാല്‍ 'ലാത്തിയും ഫൈനും' കോവിഡ് പ്രതിരോധത്തിനുള്ള മികച്ച പ്രയോഗങ്ങളായി പിണറായി സര്‍ക്കാര്‍ മാറ്റിയെടുക്കുന്നുവെന്ന ആക്ഷേപം തുടരുമെന്നുറപ്പായി. മാസ്‌ക്ക് ധരിക്കാത്തവരില്‍ നിന്ന് 5 ദിവസം കൊണ്ട് 4 കോടി പിഴയായി പിടിച്ചെടുത്ത സര്‍ക്കാരിനെ കിറ്റ് വിതരണത്തിനായി ജനം യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നതാണെന്നു ട്രോളുമ്പോഴും അനിശ്ചിതത്വത്തിന്റെ അലച്ചിലുകള്‍ എന്നുവരെ എന്നാണറിയാത്തത്!?
ഈ കോവിഡ് കാലത്ത് നിന്നുപോയ ചെറുകിട വ്യവസായ യൂണിറ്റുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍, കടംവാങ്ങിത്തുടങ്ങിയ പദ്ധതികള്‍… അങ്ങനെ നിലച്ചുപോയ ജീവിതങ്ങള്‍ നിരവധിയാണ്. അകത്തിരുത്തി കിറ്റ് കൊടുത്താല്‍ മാത്രം അവസാനിക്കാത്ത ദുരിതങ്ങളെ ആക്രോശിച്ചം അപമാനിച്ചും ഇല്ലാതാക്കരുത്. അനാഥശാലകള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സുരക്ഷാപെന്‍ഷന് അര്‍ഹതയില്ലെന്ന ധനവകുപ്പിന്റെ പുതിയ തിരുത്ത് യഥാര്‍ത്ഥത്തില്‍ തിരുത്തുന്നത് അനാഥജന്മങ്ങളുടെ അതിജീവന ജാതകമാണെന്നു മറക്കരുത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്കുപ്രകാരം കോവിഡ് കാലയളവില്‍ 11 വ്യാപാരികള്‍ ആത്മഹത്യ ചെയ്തു. 20,000 കടകള്‍ പൂര്‍ണ്ണമായും അടച്ചു. 45,000 പേര്‍ ജപ്തി നടപടി നേരിടുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കില്‍ ആത്മഹത്യകള്‍ ഉള്‍പ്പെടില്ലെന്നുറപ്പാണ്. പക്ഷേ, അതിലേയ്ക്കു നയിച്ച കാരണങ്ങള്‍ കണക്കിെലടുക്കണം. അടഞ്ഞുകിടക്കുന്ന അതിര്‍ത്തികളും ഇനിയും തുറക്കാത്ത ആകാശപാതകളും പ്രവാസികളുടെ വഴി തടയുമ്പോള്‍ സമയോചിതമായ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ സംവിധാനം സജീവമാകണം.
ഇന്ത്യയില്‍ മൂന്നാം തരംഗം സെപ്തംബറില്‍ പ്രതീക്ഷിക്കുമ്പോള്‍, ഒരാള്‍ പഴയതെല്ലാം മായിക്കുന്ന തിരക്കിലും, മറ്റൊരാള്‍ പഴയ കാര്യങ്ങള്‍ പിന്നെയും പറയുന്ന തിരക്കിലുമാണ്. ഖേല്‍രത്‌ന കായിക അവാര്‍ഡ് സ്മരണയില്‍ നിന്നും രാജീവ് ഗാന്ധിയെ നീക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി. മുഖ്യമന്ത്രിയാകട്ടെ, ഒന്നാം തരംഗ പ്രതിരോധവിജയത്തിന്റെ 'വിസ്മയ തിളക്ക'ത്തിലും. ഇതിനിടയില്‍ ഉറ്റവര്‍ നഷ്ടെപ്പട്ടത് കോവിഡ് മൂലമാണോ എന്നുറപ്പിക്കാനാകാതെ കൂട്ടിയും കിഴിച്ചും കഷ്ടപ്പെടുകയാണ് ജനം.
ഇനിയൊരു തരംഗംകൂടി നമുക്ക് താങ്ങാനാവില്ല. വാക്‌സിന്‍ എല്ലാവര്‍ക്കും പരമാവധി വേഗത്തില്‍ സൗജന്യമായിത്തന്നെ എത്തിക്കണം. അതിനുവേണ്ടി വകയിരുത്തിയ ഫണ്ടുകള്‍ എവിടെ എന്ന ചോദ്യം ഇനിയും ആവര്‍ത്തിപ്പിക്കരുത്. നിയന്ത്രണ നിര്‍ദ്ദേശങ്ങളില്‍ രാഷ്ട്രീയം വേണ്ട. അതിനര്‍ത്ഥം അത് ജനവിരുദ്ധ മാകാം എന്നല്ല. പേടിക്കേണ്ടത് പോലിസിനെയല്ല, കോവിഡിനെതന്നെയാണെന്ന വിചാരം പൊതുസമൂഹത്തിനും വേണം.
സ്വാതന്ത്ര്യപ്പിറവിയുടെ 75-ാം വാര്‍ഷികവേളയില്‍ കര്‍ഷക 'ശത്രുക്കളില്‍' നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഡെല്‍ഹിയില്‍ ചെങ്കോട്ടയ്ക്കു ചുറ്റും കണ്ടെയ്‌നര്‍ മതിലുയര്‍ത്തുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിനകത്ത് 'ശത്രുക്കെള' ത്തിരയുന്ന തിരക്കിനിടയില്‍ കൊറോണയെന്ന പ്രധാന ശത്രുവിനെ കാണാതെ പോകരുത്. അതിനിടയില്‍ നട്ടം തിരിയുന്ന ഒരു ജനതയെയും.