'അതിരുവിട്ട അവഹേളനം'

'അതിരുവിട്ട അവഹേളനം'

''വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്തു നില്ക്കുന്നത് നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ - യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്ക് പലായനം ചെയ്യട്ടെ'' (മര്‍ക്കോ 13:14).

2022 ഡിസംബര്‍ 23, 24 തീയതികളില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാ ദേവാലയത്തില്‍ അരങ്ങേറിയ അതിക്രമങ്ങളും വി. കുര്‍ബാനയുടെ അവഹേളന പരമ്പരകളും അങ്ങേയറ്റം അപലപനീയമായത്, അതിന്റെ സമാനതകളില്ലാത്ത പൈശാചിക സ്വഭാവം കൊണ്ടു മാത്രമല്ല, സഭയിലെ വിഭാഗീയതയുടെ വലിയ വ്രണം പൊട്ടിയൊലിച്ച് പുറത്തേക്കൊഴുകി ദുര്‍ഗന്ധം പരത്തിയെന്ന വെളിപാടിന്റെ വേദനകൊണ്ടുകൂടിയാണ്. സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്തയെ അനുസ്മരിക്കാനാകാതെ, ചരിത്രത്തിലാദ്യമായി ക്രിസ്മസ് നാളില്‍ ബസിലിക്കാപള്ളി അടഞ്ഞുകിടന്നു.

ഡിസംബര്‍ 25-ന് ബസിലിക്കയില്‍ ഏകപക്ഷീയമായി സിനഡു കുര്‍ബാനയര്‍പ്പിക്കുന്നതിനെതിരെ പ്രതിരോധമുയര്‍ത്തിയെന്ന് ഒരുപക്ഷവും, വി. കുര്‍ബാനയെ സമരമുറയാക്കിയതിനെതിരെ പ്രതിഷേധിച്ചതാണെന്ന് മറുപക്ഷവും ന്യായവാദമുയര്‍ത്തുമ്പോള്‍, മദ്ബഹ തല്ലിത്തകര്‍ത്തും, ബലിമേശയെ ചവിട്ടിമെതിച്ചും വി. കുര്‍ബാനയെ അവഹേളിച്ചതിലൂടെ യഥാര്‍ത്ഥത്തില്‍ മുറിവേറ്റത് ക്രിസ്തുവിനും അവന്റെ മൗതിക ശരീരമായ സഭയ്ക്കുമാണെന്ന് മറന്നുപോയി. തുടര്‍ച്ചയായി അര്‍പ്പിക്കപ്പെട്ട ബലിയര്‍പ്പണം സാധുവായിരുന്നുവെന്ന് വൈദികര്‍ പിന്നീട് വ്യക്തമാക്കി. 16 മണിക്കൂറി ലധികം നീണ്ട അതിക്രമങ്ങള്‍ അതിനേക്കാള്‍ ക്രൂരമായ മനസ്സോടെ ആസ്വദിച്ച പൊലീസിന്റെ നിര്‍ഭയമായ നിലപാടിന് നീതീകരണമുണ്ടാകുമെന്ന് തോന്നുന്നില്ല.

കഴിഞ്ഞ നാല്പതു വര്‍ഷത്തിലധികമായി പുകയുന്ന പ്രശ്‌നമാണ് എറണാകുളം-അങ്കമാലി അതിരൂപതയിലേതെന്നാണ് ക്രിസ്മസ് തലേന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടത്. നാലു ദശാബ്ദങ്ങളായിത്തുടരുന്ന തര്‍ക്കത്തെ നാലു മാസം കൊണ്ട് പരിഹരി ക്കാം എന്ന ചിന്തയിലാണോ മുന്‍കൂട്ടി തീയതി നിശ്ചയിച്ച് 2021 നവംബര്‍ 28 മുതല്‍ സിനഡു കുര്‍ബാന നടപ്പാക്കി എല്ലാം വെടിപ്പാക്കാം എന്ന് കരുതിയതെന്ന ചോദ്യമുണ്ട്. മെത്രാന്‍ തിരഞ്ഞെടുപ്പ്, ആരാധനാക്രമം എന്നിവയില്‍ പരിപൂര്‍ണ്ണാധികാരം സിനഡിന് വത്തിക്കാന്‍ കൈമാറിയിട്ടും മാര്‍പാപ്പയുടെ കത്ത് ആദ്യം കല്പനയായും പിന്നെ ആഹ്വാനമായും അവതരിപ്പിച്ച് പരി. സിംഹാസനത്തെ സമൂഹമധ്യത്തില്‍ അപഹാസ്യമാക്കിയതെന്തിന് എന്ന ചോദ്യമുണ്ട്. വി. കുര്‍ബാന ടെക്സ്റ്റിന്റെ പരിഷ്‌കരണ പരിപാടിയിലൊരിടത്തും ചര്‍ച്ചയാകാതിരുന്ന അര്‍പ്പണരീതിയിലെ ഏകീകരണം ഓണ്‍ലൈന്‍ സിനഡിലൂടെ അപ്രതീക്ഷിതമായി അവതരിപ്പിച്ച് ചര്‍ച്ചയില്ലാതെ നടപ്പാക്കിയതിന്റെ നൈതികതയെ ചോദ്യം ചെയ്യുമ്പോള്‍, അനുസരണത്തിന്റെ വാളുയര്‍ത്തി, എതിര്‍പ്പുയര്‍ത്തുന്ന വിശ്വാസികളെ 'ശരിയാക്കാം' എന്ന കുബുദ്ധി ആരുടേതാണ്?

ക്രിസ്മസ് സന്ദേശമധ്യേ തൊണ്ടയിടറികൊണ്ട് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, ബസിലിക്കയില്‍ സംഭവിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് വിശ്വാസികളോട് മാപ്പു പറഞ്ഞു. ''നേതൃത്വത്തിന്റെ പരാജയമാണിത്. വിശ്വാസികള്‍ക്ക് ഇതില്‍ പങ്കില്ല.'' തിരുപ്പട്ടദാന ശുശ്രൂഷാമധ്യേ ഛാന്ദാ രൂപതാധ്യക്ഷന്‍ മാര്‍ എഫ്രേം നരികുളവും വി. ജോണ്‍ പോള്‍ മാര്‍പാപ്പ ബലിയര്‍പ്പിച്ച ബലിപീഠം അവഹേളിതമായതിനെയോര്‍ത്ത് വിലപിച്ചു: ''അന്ന് നടന്നത് ഏറ്റവും ഹീനമായിരുന്നു. അതിനെ അപലപിക്കുന്നതില്‍ രണ്ടഭിപ്രായം ആര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.''

ബസിലിക്കയിലെ സമാനതകളില്ലാത്ത സംഭവവികാസങ്ങളെ അപലപിച്ചുകൊണ്ട് അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും, സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നല്കിയ പ്രസ്താവനകളില്‍ പക്ഷേ, അച്ചടക്കനടപടിയുടെ ഭീഷണിസ്വരത്തിനായിരുന്നു മേല്‍ക്കൈ. കള പറിക്കാനുള്ള തിടുക്കമാണ് എവിടെയും. ഏറ്റവും ഒടുവില്‍ ബസിലിക്കാ സംഭവത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്വേഷണ കമ്മീഷന്‍ നേരത്തെതന്നെ നിശ്ചയിച്ചുറപ്പിച്ച നിഗമനങ്ങളില്‍ നിശ്ചലമാകാതെ വസ്തുതകളെയും സംഭവങ്ങളെയും നിഷ്പക്ഷമായും നീതിപൂര്‍വമായും സമീപിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സത്യം വെളിപ്പെടും; സഭയില്‍ സമാധാനം തിരിച്ചെത്തും. വിഭാഗീയതയുടെ തൈവളര്‍ന്ന് വന്‍വൃക്ഷമായി വിഷഫലങ്ങള്‍ സമൃദ്ധമായത് സഭാനേതൃത്വം ഇതുവരെയും അറിയാതിരുന്നതാണോ അതോ അറിയാഭാവം നടിച്ചതോ? സ്ഥിരം സിനഡ് നിയമിച്ച മെത്രാന്‍ സമിതി തുടങ്ങിവച്ച ചര്‍ച്ചകളെ അടിമുടി അട്ടിമറിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് സഭാനേതൃത്വം സമ്മതിക്കുമോ? ബസിലിക്കാ വികാരിക്ക് മുകളില്‍ മറ്റൊരു വൈദികനെ അഡ്മിനിസ്‌ട്രേറ്ററായി വച്ചതിലൂടെ, സംഭാഷണമല്ല, സംഹാരംതന്നെയാണ് തങ്ങളുടെ പ്രശ്‌നപരിഹാര രീതിയെന്നു പറയാതെ പറയുകയായിരുന്നില്ലേ?

ഇടയന്റെ വടി കുത്തിനടക്കാന്‍ മാത്രമല്ല, ആടുകളെ കുത്തി നോവിക്കാനുമുപയോഗിക്കണമെന്ന് സഭാ സംരക്ഷണ സൈബര്‍ പോരാളികള്‍ അലറിയാര്‍ക്കുമ്പോള്‍, ആവശ്യമെങ്കില്‍ വെറുപ്പിനെയും പ്രതികാരത്തെയും പവിത്രമായ പുണ്യമാക്കി മെരുക്കിയെടുക്കാമെന്ന് നിര്‍ലജ്ജം വിളിച്ചുപറയുകയല്ലേ? ഇഷ്ടഗ്രൂപ്പിലെ വാട്‌സാപ്പ് ചാറ്റുകളെ അതേപടി സഭയുടെ ഔദ്യോഗികക്കുറിപ്പുകളായി പകര്‍ത്തിയെഴുതി പ്രസിദ്ധീകരിക്കുമ്പോള്‍, സഭാ സംരക്ഷണമെന്നാല്‍ ചിലരെ പുറത്തും മറ്റു ചിലരെ അകത്തും നിറുത്തുന്ന അങ്കക്കലിയായി അധഃപതിക്കും.

2023 ജനുവരി 6-ന് മറ്റൊരു സിനഡു സമ്മേളനത്തിലേക്ക് സീറോ മലബാര്‍ സഭയിലെ പിതാക്കന്മാര്‍ തിരിച്ചെത്തുമ്പോള്‍, അടഞ്ഞുകിടക്കുന്ന സഭയുടെ ആസ്ഥാന ദേവാലയത്തിലെ തകര്‍ന്ന മദ്ബഹായും, തള്ളിമാറ്റപ്പെട്ട ബലിമേശയും മനസ്സിലുണ്ടാകണം. അത് ചിലരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാനല്ല, തിരിച്ചറിഞ്ഞ് തിരഞ്ഞുപോകാനും ചേര്‍ത്തുനിര്‍ത്തി കൂടെ നടത്താനുമാകണം. അതിക്രമത്തെ പരസ്യമായി അപലപിച്ച മെത്രാന്മാരെങ്കിലും സിനഡില്‍ ആ നിലപാട് നടുനിവര്‍ത്തി ആവര്‍ത്തി ക്കണം. സിനഡില്‍ അവര്‍ തിരുത്തല്‍ശക്തിയായി മാറണം. ജനാഭിമുഖ ബലിയര്‍പ്പണത്തിലെ ന്യായം കൂടി നീതീകരിക്കപ്പെടുന്ന, സംഭാഷണത്തിന്റെ സൗഹാര്‍ദ സ്വഭാവം വീണ്ടെടുക്കത്തക്കവിധം സിനഡില്‍ പരി. ആത്മാവിന്റെ അഭിഷേകം നിറയണം. മുപ്പത്തഞ്ചിലൊന്നിന്റെ പ്രശ്‌നം മാത്രമായി ഇതിനെ ലളിതവത്കരിക്കാതിരിക്കാനുള്ള വകതിരിവുണ്ടാകണം.

തര്‍ക്കമുണ്ടാക്കി തരിപ്പണമാക്കുന്ന വിഭാഗീയതയുടെ വിനാശം നമ്മുടെ വിശുദ്ധയിടങ്ങളെ ഇനിയെങ്കിലും അശുദ്ധമാക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org