തിരഞ്ഞെടുപ്പിൽ തെളിയുന്നത്...

തിരഞ്ഞെടുപ്പിൽ തെളിയുന്നത്...
Published on

“ഞാൻ താങ്കളോട് എങ്ങനെ പെരുമാറണമെന്നാണ് ആഗ്രഹിക്കുന്നത്?”

“ഒരു രാജാവ് മറ്റൊരു രാജാവിനോട് എന്നതു പോലെ.”

ക്രിസ്തുവിനും 326 വർഷങ്ങൾക്കു മുമ്പ് അലക്സാണ്ടർ ചക്രവർത്തി താൻ യുദ്ധത്തിൽ തോൽപിച്ച പോറസ് രാജാവി നോടുന്നയിച്ച ചോദ്യവും മറുപടിയും.

നിഷ്കൃഷ്ടമായ അർഥത്തിൽ ഈ സന്ദർഭത്തോടു സാമ്യമേതു മില്ലെങ്കിലും രണ്ടു മുഖ്യമന്ത്രിമാരുടെ പരസ്പരസംഭാഷണം ഈ ചോദ്യോത്തരത്തെ ഓർമ്മപ്പെടുത്തുന്നു. തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും തിരഞ്ഞെടുപ്പു പ്രചാരണമൂർദ്ധന്യത്തിൽ വാക്കുകൾ കൊണ്ടു കൊമ്പുകോർത്തത് ഉത്തമമായ രാജനൈതികതയുടെ അതിരുകൾ ലംഘിച്ചു.

കേരളമുഖ്യമന്ത്രിക്കയച്ച കത്തിൽ തട്ടുപൊളിപ്പൻ വാണിജ്യ സിനിമയിൽ നിന്നുള്ള പുച്ഛം തുളുമ്പുന്ന സംഭാഷണശകലം എടുത്തു ചേർത്തത് തെലങ്കാനാ മുഖ്യമന്ത്രിയിൽ നിന്ന് ആരും പ്രതീക്ഷിച്ചതല്ല. അതൊരു മുഖ്യമന്ത്രിക്കു ചേർന്ന രീതിയല്ല എന്ന വിമർശനത്തിലൊതുക്കി സ്വന്തം നില മാന്യതയുടെ മാതൃകയാക്കാൻ കേരള മുഖ്യമന്ത്രിക്കും സാധിച്ചില്ല. ഇതെല്ലാം കണ്ടും വായിച്ചും അറിയുന്ന പുതിയ തലമുറ രാഷ്ട്രീയത്തെയും രാഷ്ട്രീയനേതാക്കളെയുംക്കുറിച്ചു മനസ്സിൽ വരയ്ക്കുന്ന ചിത്രം ഭാവിയുടെ രാഷ്ട്രീയത്തിനു ഗുണകരമാകില്ല.

നന്ദിഗ്രാമിലെ ഏഴു പട്ടികകളിൽ നിന്ന് പരിഷ്കരണത്തോടെ ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 95 ശതമാനവും മുസ്ലീങ്ങളാണെന്ന് കൊൽക്കത്ത ആസ്ഥാനമായ സബർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഇതിലെ അസന്തുലിതാവസ്ഥ ആശങ്കാജനകമാണ്.

ആഴ്ചകൾ നീണ്ട അതിശക്തമായ പ്രചാരണപ്രവർത്തന ങ്ങൾക്കുശേഷം കേരളം ബൂത്തുകളിലെത്തുകയും വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. കേരളം എന്നും അഭിമാനത്തോടെ ആവർത്തിക്കുന്ന നൂറു ശതമാനം സാക്ഷരത യുടെയും പ്രബുദ്ധതയുടെയും മേന്മ ഈ തിരഞ്ഞെടുപ്പിലും പ്രചാരണത്തിലും നമുക്കു പുലർത്താനായോ എന്നത് സംശയാസ്പദമാണ്. അർഥവത്തായ സംവാദങ്ങളുടെ പ്രകാശത്തേക്കാൾ ബഹളമയമായ വിവാദങ്ങളുടെ ചൂടാണ് പ്രചാരണത്തിന്റെ മുഖമുദ്രയായിരുന്നത്.

പ്രചാരണത്തിന്റെ പേരിലുള്ള ധൂർത്തിനും കേരളം സാക്ഷ്യം വഹിച്ചു. വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു ജനതയ്ക്ക്, നേതൃബിംബങ്ങളുടെ പൂജ പ്രോത്സാഹിപ്പിക്കുന്ന വൻപരസ്യ പ്പലകകളും പണക്കൊഴുപ്പിന്റെ പ്രകടനമായ കൊട്ടിക്കലാശ ങ്ങളും അനാവശ്യമാണ്, ഒരളവിൽ അരോചകമാകേണ്ടതു മാണ്. എന്നാൽ, ഇതെല്ലാം കേരളത്തിൽ അരങ്ങേറി. വോട്ടെണ്ണി, അധികാരമേറുന്നത് ആരായാലും കേരളത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളിൽ നിന്ന് കേരളത്തിനു ചേരാത്ത ഘടകങ്ങളെ അരിച്ചുമാറ്റാൻ എല്ലാവർക്കും ബാധ്യതയുണ്ട്.

കേരളീയമാധ്യമങ്ങൾ ഉൾപ്പെടെ സകലരും കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ അമിതമായി കേന്ദ്രീകരിച്ച പ്പോൾ ഇതരസംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളും രാഷ്ട്രീയഗതികളും നാം തെല്ലവഗണിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ഗവർണറെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കേന്ദ്ര ഗവൺമെന്റ് നീക്കം ചെയ്തിരുന്നല്ലോ. അവിടത്തെ വോട്ടർ പട്ടിക പരിഷ്കരണം ഗുരുതരമായ പരാതികൾ ഉയർത്തിയിട്ടുണ്ട്. ഉണ്ടായിരുന്ന വോട്ടർമാരുടെ പന്ത്രണ്ടു ശതമാനത്തോളമാണ് പരിഷ്കരണത്തിനുശേഷം പട്ടികയിൽ ഇല്ലാതായത്.

നന്ദിഗ്രാമിലെ ഏഴു പട്ടികകളിൽ നിന്ന് പരിഷ്കരണത്തോടെ ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 95 ശതമാനവും മുസ്ലീങ്ങളാ ണെന്ന് കൊൽക്കത്ത ആസ്ഥാനമായ സബർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഇതിലെ അസന്തുലിതാവസ്ഥ ആശങ്കാജനകമാണ്. ഇവർക്കെല്ലാം ട്രിബ്യൂണലുകളിൽ പരാതി കൊടുക്കുന്നതിനു നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിനു മുമ്പ് ഇതിനൊരു പരിഹാരം അസാധ്യമാണ്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ഇവരെല്ലാം വോട്ടവകാശം നിഷേധിക്കപ്പെട്ട വരുമായി.

പശ്ചിമബംഗാളിനെ ഹിന്ദുത്വ വർഗീയവാദികൾ അവരുടെ അടുത്ത പരീക്ഷണശാലയാക്കുകയാണെന്ന് ഇതിൽ നിന്ന് അനുമാനിക്കാവുന്നതാണ്. അവിടത്തെ ഇലക്ഷൻ കമ്മീഷനും ഉദ്യോഗസ്ഥരും ബിജെപിക്ക് വിടുപണി ചെയ്യുകയാണെന്ന് ഉത്തരവാദപ്പെട്ട നേതാക്കൾ ആരോപിക്കുന്നുണ്ട്. ഈ സ്ഥിതിവിശേഷത്തെ അതിന്റെ ആഴത്തിലും പരപ്പിലും ജനത്തെ അറിയിക്കാതെ മാധ്യമങ്ങളും യഥാസമയം ഇടപെടാതെ കോടതികളും ഫാസിസത്തിന് ഒത്താശ ചെയ്യുന്നു.

ഇന്ത്യൻ ജനതയും മതേതരത്വം മുഖമുദ്രയായ അതിന്റെ സ്വത്വവും ഇപ്പോൾ നേരിടുന്ന അതീവഗുരുതരമായ ഭീഷണി യാണ് ഹിന്ദുത്വവർഗീയതയെന്ന് അനുനിമിഷം, അധികമധികം, വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. എഫ് സി ആർ എ വീണ്ടും ഭേദഗതി ചെയ്യാനുള്ള നീക്കം അതിന്റെ മറ്റൊരു വെളിപ്പെടലായി രുന്നു. കേരളത്തിലെ ഏതാണ്ടെല്ലാ ക്രൈസ്തവനേതാക്കളും ഈ നീക്കത്തിനെതിരെ വളരെ പരസ്യമായും പ്രകടമായും ശബ്ദിച്ചു. ആസന്നമായ ഒരപകടത്തെ അഭിമുഖീകരിക്കുന്നവരുടെ പരിഭ്രാന്തി പല മേലധ്യക്ഷന്മാരുടെയും ശബ്ദം പ്രതിധ്വനിപ്പിക്കുന്നുണ്ടായിരുന്നു. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മതേതരമൂല്യങ്ങളെ ധ്വംസിക്കുന്നതും ന്യൂനപക്ഷ ങ്ങളെ ദ്രോഹിക്കുന്നതുമായ ഒട്ടേറെ നടപടികൾ സ്വീകരിച്ചു.

ബി ജെ പി ഭരണം തുടരുകയും പുതുതായി ഭരണത്തിലേറു കയും ചെയ്ത സംസ്ഥാനങ്ങളിലെല്ലാം ക്രൈസ്തവരുൾപ്പെടെ യുള്ള ന്യൂനപക്ഷങ്ങൾ സംഘടനകളുടെയും സർക്കാരുകളു ടെയും ഉപദ്രവങ്ങൾ നേരിട്ടു. അവയോടു വേണ്ടവിധം പ്രതികരി ക്കാനും ദേശീയശ്രദ്ധയാകർഷിക്കുന്ന പ്രതിഷേധങ്ങളുയർത്തിക്കൊണ്ടുവരാനും ക്രൈസ്തവസഭകൾക്കു കഴിഞ്ഞോയെന്ന് ആത്മപരിശോധന ചെയ്യേണ്ടതാവശ്യമാണ്.

ഇപ്പോൾ, തിരഞ്ഞെടുപ്പുകളുടെ കാലമായതുകൊണ്ടാവാം, എഫ് സി ആർ എ ഭേദഗതി കേന്ദ്ര ഗവൺമെന്റ് തൽക്കാലം മാറ്റി വച്ചിട്ടുണ്ട്. പക്ഷേ ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന തെല്ലും ആശാവഹമല്ല. വർഗീയവാദ ഭരണകൂടത്തി നെതിരെ മതേതരവാദികളുടെയും ന്യൂനപക്ഷങ്ങളുടെയും ഐക്യനിര കെട്ടിപ്പടുത്തുകൊണ്ട് ജനാധിപത്യപരമായ രീതികളിലൂടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ക്രൈസ്തവസഭകൾ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org