എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന ഇരുണ്ട ഇടനാഴിയിലെ ലോകം

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന ഇരുണ്ട ഇടനാഴിയിലെ ലോകം
Published on

ഈ ദിവസങ്ങളിലാണ് ടെലിഗ്രാം ചാനല്‍ മേധാവി പാവ്‌ലോ ദുറോവിനെ ഫ്രഞ്ച് ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തത്. നൂറു കോടിയോളം ആളുകള്‍ സ്വന്തമായുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിന്റെ ഉടമയാണയാള്‍. 'നൂറു കോടി രാഷ്ട്രത്തിന്റെ അധിപതി.' ഉപയോക്തക്കള്‍ ചാനല്‍ ദുരുപയോഗം ചെയ്തതാണ് അറസ്റ്റിന് കാരണം! സമൂഹമാധ്യമ ലോകത്ത് മുന്‍കൂട്ടി പ്രവചിക്കാനാവാത്ത ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കീഴ്‌വഴക്കത്തിന്റെ തുടക്കമായിരിക്കാം ഈ അറസ്റ്റ്.

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ പ്രഥമ പരിഗണനയാണ് സ്വകാര്യത സംരക്ഷണം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് ഈ മേഖലയിലെ ഇപ്പോഴത്തെ അവസാന വാക്ക്. വെര്‍ച്വല്‍ ലോകത്തെ ഈ ഇരുണ്ട ഇടനാഴിയില്‍ രണ്ടുപേര്‍ക്കിടയില്‍ സംഭവിക്കുന്നതെന്ത് എന്ന് അതിന്റെ രൂപകര്‍ത്താക്കള്‍ക്കു പോലും അറിയില്ല എന്നാണ് വയ്പ്!

ഈ ഇടനാഴിയുടെ ഇരുട്ടില്‍ രണ്ട് വീട്ടമ്മമാര്‍ തമ്മിലുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ മുതല്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വരെ നടക്കാം. ചിലരുടെ സ്വകാര്യതയുടെ ബാക്കിപത്രങ്ങള്‍ മറ്റുള്ളവരുടെ പൊതുവിടങ്ങളെവരെ തച്ചുതകര്‍ക്കുമെങ്കില്‍ എന്തു ചെയ്യണം?

സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന ഇരുണ്ട ഇടനാഴികളുടെ സ്വാതന്ത്ര്യങ്ങള്‍ എത്രത്തോളമാകാം എന്ന് ആരാണ് നിശ്ചയിക്കേണ്ടത്? ഗവണ്‍മെന്റോ? മാധ്യമ രൂപകര്‍ത്താക്കളോ? അതോ വ്യക്തികള്‍ തന്നെയോ? അതും സ്വകാര്യത എന്ന ബ്രാന്‍ഡ് വാല്യു മുന്‍നിര്‍ത്തി മുന്നോട്ടുവയ്ക്കപ്പെടുന്ന പ്ലാറ്റ്‌ഫോമുകള്‍ ആകുമ്പോള്‍! സ്വകാര്യത തീര്‍ത്തും സ്വകാര്യമാണ് എന്ന് പറയാനാവില്ല. ഈ സ്വകാര്യതയില്‍ ചവിട്ടിനിന്നാണ് യുക്രെയ്‌നിലെ യുദ്ധരംഗക്കെടുതികളെക്കുറിച്ചും റഷ്യയിലെ യുദ്ധവിരുദ്ധ വികാരങ്ങളെക്കുറിച്ചും പലസ്തീന്റെ സങ്കടങ്ങളെക്കുറിച്ചും വെനീസ്വലയിലെ ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചും ലോകം അറിഞ്ഞത്. അതിന് ടെലഗ്രാമിന്റെ പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഈ സ്വകാര്യതയ്ക്ക് രാഷ്ട്രീയ മാനങ്ങളും ദര്‍ശനങ്ങളും ഉണ്ട്.

സ്വകാര്യതയുടെ പ്രവാചകനും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രണേതാവുമാണ് പാവ്‌ലോ. വാട്‌സാപ്പില്‍ ഒരു ഗ്രൂപ്പില്‍ 1024 അംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്താനാവൂ എങ്കില്‍ ടെലഗ്രാമില്‍ അത് രണ്ട് ലക്ഷമാണ്. സന്ദേശങ്ങള്‍ നല്ലതായാലും ചീത്തയായാലും ഒരു സെന്‍സര്‍ഷിപ്പും ഇല്ലാതെ അത് 2 ലക്ഷം പേരിലേക്ക് എത്തിക്കാന്‍ ടെലഗ്രാമിന് കഴിയും. ഏതൊരു പരമ്പരാഗത വാര്‍ത്ത മാധ്യമങ്ങളെക്കാളും ശക്തമാണിത്.

സമൂഹമാധ്യമങ്ങളിലെ ചിലരുടെ സ്വകാര്യതയുടെ ബാക്കിപത്രങ്ങള്‍ മറ്റുള്ളവരുടെ പൊതു ഇടങ്ങളെവരെ തച്ചുതകര്‍ക്കും എങ്കില്‍ എന്തു ചെയ്യണം?

ഇക്കഴിഞ്ഞ കാലത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ക്കു പിന്നില്‍ 'ടെലിഗ്രാമു'മായി ബന്ധപ്പെട്ട് ഫേക്ക് ന്യൂസുകള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ടെലഗ്രാം പങ്കാളിയായിരുന്നു എന്ന വാര്‍ത്തയുണ്ടായിരന്നല്ലോ. ഭാവാത്മക പ്രവര്‍ത്തനങ്ങളെ പോലെ തന്നെ ഋണാത്മകമായ പ്രവര്‍ത്തനങ്ങളും ഇത്തരം ഇരുണ്ട ഇടനാഴികളില്‍ സജീവമാണ്. കള്ളപ്പണം വെളുപ്പിക്കല്‍, കുട്ടികളുള്‍പ്പെട്ട ലൈംഗിക ഉള്ളടക്കങ്ങള്‍ സൂക്ഷിക്കല്‍, മയക്കുമരുന്ന് കള്ളപ്പണ ആസൂത്രിത കുറ്റകൃത്യങ്ങളുടെ കേന്ദ്രം, ഇത്തരം ക്രിമിനലുകളുടെ വിവരങ്ങള്‍ നിയമ കേന്ദ്രങ്ങള്‍ക്ക് കൈമാറാത്തതിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി ടെലിഗ്രാം പേറുന്ന ആരോപണങ്ങള്‍ നിരവധിയാണ്. ഇവയുടെ പേരില്‍ തന്നെയാണ് പാവ്‌ലോവിന്റെ അറസ്റ്റും. ഒരേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലും സാമൂഹിക വിരുദ്ധതയുടെ പേരിലും വിവാദങ്ങള്‍കൊഴുക്കുന്നുണ്ട് ടെലഗ്രാമിന്റെ പേരില്‍. സമാനസ്വഭാവമുള്ള മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്കും ഈ ഇരട്ടമുഖം നിലവിലുണ്ട്. ഏറിയും കുറഞ്ഞും ഇരിക്കുന്നേയുള്ളൂ.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ക്ക് അതിന്റെ രൂപകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്വം ഇല്ല എന്ന നിലപാടിലാണ് പാവ്‌ലോവും ടെലഗ്രാമും. കാരണം സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഈ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയിരിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമത്രെ. അതിനു വിരുദ്ധമായി പെരുമാറിയാല്‍ ഉപയോക്താക്കള്‍ അതുള്‍ക്കൊള്ളില്ല എന്ന നയമാണ് അദ്ദേഹത്തിന്. വാട്‌സ്ആപ്പും ഫേസ്ബുക്കും ഒക്കെ ടെലിഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിന്‍പറ്റുന്ന നയങ്ങള്‍ക്ക് വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെയും സ്വകാര്യതയുടെയും സ്വാതന്ത്ര്യമാണ് ടെലിഗ്രാമിനെ പോപ്പുലറാക്കുന്നത് എന്നു വരുന്നിടത്താണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം.

മറ്റ് സമാന സ്വഭാവങ്ങളുള്ള ആപ്പുകളെക്കാള്‍ ഉപരി ഉപയോക്താക്കളുടെ ഇടപെടലുകളെ പരിധിയില്‍ കൂടുതല്‍ പിന്തുണച്ചതാണ് ടെലിഗ്രാമിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട്. കോപ്പിറൈറ്റ് ഇല്ലാത്തതും ഇതര മാധ്യമങ്ങളില്‍ ലഭ്യമല്ലാത്തതുമായ ഉള്ളടക്കങ്ങള്‍ ടെലിഗ്രാമില്‍ ചോര്‍ന്നു കിട്ടുന്നു എന്നത് ഇന്ന് രഹസ്യമല്ല. ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും ടെലഗ്രാം എന്നും പിന്നില്‍ തന്നെയായിരുന്നു.

ഈ അറസ്റ്റിനെ പിന്‍പറ്റി വികസിക്കുന്ന രാഷ്ട്രീയ മാനങ്ങളും രസകരമാണ്. വളരെ അതോറിറ്റേറിയനായി ചിന്തിക്കുന്ന റഷ്യയും യു എ ഇ യും ഈ അറസ്റ്റിനെ എതിര്‍ത്തിട്ടുണ്ട്. പക്ഷേ ചരിത്രത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും കളിത്തൊട്ടിലായ ഫ്രാന്‍സ് തന്നെ പാവ്‌ലോവിനെ അറസ്റ്റ് ചെയ്തതും വൈരുദ്ധ്യമാണ്. മാറിക്കൊണ്ടിരിക്കുന്ന യൂറോപ്പിന്റെ പുതുമുഖം ആകുകയാണോ ഫ്രാന്‍സ്?

ഒരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമാണോ അതിന്റെ ഉപയോക്താക്കളുടെ ദുരുപയോഗങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്? പ്ലാറ്റ്‌ഫോം ദുരുപയോഗങ്ങളുടെ പേരില്‍ അതിന്റെ സി ഇ ഒ അറസ്റ്റ് ചെയ്യപ്പെടണമോ? സ്വകാര്യത സംരക്ഷണം ഉറപ്പു നല്‍കുന്ന ആപ്പുകളെ നിയന്ത്രിക്കുവാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ടോ? കോടികളോളം വരുന്ന ഉപഭോക്താക്കളുടെ കുറ്റകൃത്യങ്ങള്‍ക്കൊക്കെ പ്ലാറ്റ്‌ഫോമുകളുടെ രൂപകര്‍ത്താക്കള്‍ പിടിക്കപ്പെട്ടാല്‍ മറ്റ് സമൂഹമാധ്യമങ്ങളെ സംബന്ധിച്ചും അത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഗവണ്‍മെന്റും സമൂഹമാധ്യമങ്ങളും ചേര്‍ന്ന് പ്ലാറ്റ്‌ഫോമിനെ സംബന്ധിച്ച് നിയതമായ നയരൂപീകരണങ്ങള്‍ നടത്തേണ്ടത് പൊതുസമൂഹ സുരക്ഷയെ മുന്‍നിര്‍ത്തി ആവശ്യമാണ്. ഒപ്പം അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടുകയും വേണം. ഗവണ്‍മെന്റും സമൂഹമാധ്യമങ്ങളും ഒരുപോലെ സുതാര്യമാവുകയും തങ്ങളുടെ പ്രവര്‍ത്തികളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും വേണം. ഉത്തരവാദിത്വപൂര്‍ണ്ണമായ പെരുമാറ്റം ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുമുണ്ട്. അല്ലെങ്കില്‍ സാധാരണക്കാരന്റെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും ഈ കോര്‍പ്പറേറ്റു കാലത്ത് കിട്ടാക്കനി ആവും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org