വിശ്വസിക്കാം നമുക്ക് തൂലികയിൽ

വിശ്വസിക്കാം നമുക്ക് തൂലികയിൽ

ഭരണനേതൃത്വത്തിന്‍റെ ഭാവനാശൂന്യമായ നിലപാടുകള്‍ക്കും സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കും തൂലികാവിമര്‍ശനത്തിലൂടെ അഗ്നിവിശുദ്ധി വരുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പോരാളിയുമായിരുന്ന ഗൗരി ലങ്കേഷ് ഓര്‍മ്മയായി. നേരിന്‍റെ നാടിനെ പ്രതിനിധീകരിച്ച് ഒരു വ്യക്തിത്വം. നിര്‍ഭയത്വത്തിന്‍റെ ആള്‍ രൂപം. സംഘ്പരിവാറിന്‍റെയും സമാനസ്വഭാവമുള്ള തീവ്രവാദ സംഘങ്ങളുടെയും നിലപാടുകള്‍ക്കെതിരെ സ്വന്തം തൂലികയെ പടവാളാക്കിയ ഒരു ജന്മം. ഭാരതത്തിലെ അക്രമ രാഷ്ട്രീയത്തിനും അനീതി നിറഞ്ഞ സാമൂഹ്യവ്യവസ്ഥിതികള്‍ക്കുമെതിരെ ഇന്ത്യന്‍ ഭരണഘടനയുടെ സനാതനമൂല്യങ്ങളെ ആയുധമാക്കാന്‍ ശ്രമിച്ച ധീരവനിത. ഭൂമിയുടെ പര്യായപദങ്ങളിലൊന്നാണു ഹിന്ദിഭാഷയില്‍ ഗൗരി എന്ന പദം.

അഭിപ്രായഭിന്നത പ്രകടിപ്പിക്കാനും തുടച്ചുനീക്കാനുമുള്ള മാര്‍ഗമായി തോക്കുകള്‍ മാറുകയാണോ? വ്യത്യസ്തമായ രാഷ്ട്രീയനിലപാടുകളുള്ളവരെ 'കൈകാര്യം ചെയ്തു' തീര്‍ക്കാനുള്ള ഒരു പുതിയ സമവായത്തിന്‍റെ പേരാണോ വെടിയുണ്ട? തൂലിക പടവാളിനേക്കാള്‍ ശക്തിയുള്ളതാണ് എന്ന മഹദ്വചനത്തിനു മങ്ങലേല്ക്കുകയാണോ? ഗൗരി ലങ്കേഷിന്‍റെ അതേ പാതയില്‍ അര്‍പ്പണബോധത്തോടെ പത്രധര്‍മം നിര്‍വഹിക്കുന്ന ഭാരതത്തിലെ അനേകം എഴുത്തുകാരെ കുഴപ്പിക്കുന്ന സമസ്യയാണിത്.

ഗൗരി ലങ്കേഷിനെതിരെയുണ്ടായ ആക്രമണം ഒരു നിമിഷത്തിന്‍റെ വികാരാവേശത്തില്‍ പൊട്ടിമുളച്ചതല്ല; ഒരു കയ്യബദ്ധവുമല്ല. ചിന്തിച്ചുറപ്പിച്ചു പദ്ധതിയൊരുക്കി ചെയ്ത ഒരു നിഷ്ഠൂരകൃത്യമാണത്. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കു സംരക്ഷണം നല്കുകയും ചെയ്യുന്ന ഒരു അധികാരവൃന്ദം അവര്‍ക്കു തണലായുണ്ട് എന്നതാണ് പേടിക്കേണ്ടത്.

ഗൗരി ലങ്കേഷ് വികാരാവേശത്തിനടിപ്പെട്ട് ആരുടെയും മുഖത്തു കരിഓയില്‍ ഒഴിച്ചില്ല; ഒരു ഔപചാരികസമ്മേളനത്തെയും അലങ്കോലമാക്കാന്‍ അണികളെ ഇറക്കിയില്ല. മറിച്ച് ശരികളെ പേനത്തുമ്പില്‍ നിറച്ചു ലോകത്തിന്‍റെ മുമ്പില്‍ വച്ചു. എന്നാല്‍ അതിനു പ്രതിഫലമായി അവര്‍ക്കു കിട്ടിയതോ? വെടിയുണ്ടയും. ഘാതകര്‍ തയ്യാറായിത്തന്നെ വന്ന്, ഒറ്റയ്ക്കു ജീവിക്കുന്ന ആ സ്ത്രീയുടെ വാതിലിനു മുന്നില്‍ കാത്തുനിന്നു. ആപത്ശങ്കകളൊന്നുമില്ലാതെ കാറില്‍ വന്നിറങ്ങിയ അവരുടെ ശരീരത്തില്‍ ആപത്തായവര്‍ പെയ്തിറങ്ങി.

ഈ നരഹത്യ സത്യം തുറന്നു പറയുന്ന, വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്ന അനേകം പത്രപ്രവര്‍ത്തകരെ നിസ്സഹായാവസ്ഥയിലാക്കുന്നുണ്ട്, പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തൂലികയേക്കാള്‍ തോക്ക് ശക്തമാവുകയാണോ? പേന വിറ്റു നാം തോക്ക് വാങ്ങണമോ? സത്യത്തെ വെടിവച്ചിടുന്ന കാടത്തം നിറഞ്ഞ കലികാലത്തിലാണോ നാം?

ഗൗരി ലങ്കേഷ് തന്‍റെ അവസാന പ്രസംഗങ്ങളിലൊന്നില്‍ ഭാരതത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹ്യവിമര്‍ശനത്തിനുള്ള പൊതുഇടങ്ങളെക്കുറിച്ചു സങ്കടപ്പെട്ടിരുന്നു. പണ്ടൊക്കെ അതു ധാരാളം ഉണ്ടായിരുന്നു. ഗൗരി ലങ്കേഷിന്‍റെ പിതാവു പി. ലങ്കേഷ് അടക്കം അനേകം പത്ര-സാമൂഹ്യ പ്രവര്‍ത്തകര്‍ അക്കാലത്തു നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ്ഗാന്ധിയെയുമൊക്കെ വിമര്‍ശിച്ച് എഴുതിയവരാണ്. അവര്‍ക്കാര്‍ക്കും അതിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല; ദേഹോപദ്രവം ഏല്ക്കേണ്ടി വന്നിട്ടില്ല.

പാടില്ല. പേനയുടെ യഥാര്‍ത്ഥ ശക്തിയിലേക്കു നമുക്കു തിരിച്ചുവരാം. തോക്കിന്‍റെ കാടത്തത്തിലേക്കു കാടുകയറാതെ ജനാധിപത്യത്തിന്‍റെ, സംഭാഷണത്തിന്‍റെ, സംസ്കാരത്തിലേക്കു നമുക്കിറങ്ങാം. ഹിംസ മാംസം ധരിച്ച ഒരു അധികാരവര്‍ഗത്തെ അഹിംസയെന്ന കടിഞ്ഞാണ്‍ ഉപയോഗിച്ചു വരുതിയിലാക്കിയ ഒരു മഹാത്മാവിന്‍റെ ദേശമാണിത്. സംവാദത്തിനും സംഭാഷണത്തിനും ക്ഷമയോടെയുള്ള കാത്തിരിപ്പിനും തോക്കുകളെ നിര്‍വീര്യമാക്കാന്‍ കഴിയും.

ഇതിനുള്ള ഒരു ഉത്തമ നിദര്‍ശനം കൂടിയായി ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം. ഏതാണ്ട് ഒന്നര വര്‍ഷം നീണ്ട കാത്തിരിപ്പും പ്രത്യാശ കൈവെടിയാതെയുള്ള പ്രാര്‍ത്ഥനയും ഒരു രക്തരഹിതമായ പോരാട്ടം തന്നെയായിരുന്നു. ക്ഷമയുടെയും കാത്തിരിപ്പിന്‍റെയും മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല. തൂലിക വിറ്റു തോക്കുകള്‍ വാങ്ങാന്‍ വരട്ടെ. നമുക്കു വിശ്വസിക്കാം തൂലികയുടെ ശക്തിയില്‍, സംഭാഷണത്തിന്‍റെ സാദ്ധ്യതകളില്‍, ജനാധിപത്യത്തിന്‍റ അന്തിമവിജയത്തില്‍!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org