ദൈവജനത്തിനുള്ള കത്ത്

ദൈവജനത്തിനുള്ള കത്ത്

യോഹന്നാന്‍റെ സുവിശേഷം 19-ാം അദ്ധ്യായം 5-ാം വാക്യത്തില്‍ പീലാത്തോസ് യേശുവിന്‍റെ ജീവിതത്തിനു കൊടുക്കുന്ന ഒരു നിര്‍വചനമുണ്ട് – "ഇതാ മനുഷ്യന്‍." പഴയ നിയമ പ്രവാചകരായ ഏശയ്യായും ജെറെമിയായും ഇസ്രായേലിന്‍റെ രക്ഷകന്‍റെ ആഗമനത്തെക്കുറിച്ചു പറയുവാനും ഇതേ പ്രയോഗം തന്നെ ഉപയോഗിക്കുന്നു. വിജയത്തിന്‍റെ കിരീടമോ പടയോട്ടത്തിന്‍റെ കുതിരയോ അല്ല ചിത്രത്തില്‍ രക്ഷകനെ അടയാളപ്പെടുത്തിയത്; മുള്‍മുടിയേറ്റ ശിരസ്സും നിന്ദനത്തിന്‍റെ അടികളേറ്റ് വീണ്ടുകീറിയ ദേഹവുമാണ്. കഴിഞ്ഞ ആഗസ്റ്റ് 20-ാം തീയതി ഫ്രാന്‍സിസ് പാപ്പ ദൈവജനത്തിന് എഴുതിയ മൂന്നു പേജ് ദൈര്‍ഘ്യമുള്ള ക്ഷമാപണക്കത്ത് വായിക്കുമ്പോഴും 'ഇതാ മനുഷ്യന്‍' എന്ന പ്രയോഗം ആവര്‍ത്തിക്കപ്പെടുകയാണ്.

അമേരിക്കയിലെ പെന്‍സില്‍വാനിയ ഗ്രാന്‍റ് ജ്യൂറി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 70 വര്‍ഷക്കാലം സഭയിലെ പുരോഹിതഗണം നടത്തിയ ആയിരത്തിലധികം അധികാര ദുര്‍വിനിയോഗത്തിന്‍റെയും ലൈംഗികചൂഷണത്തിന്‍റെയും ആരോപണങ്ങളാകട്ടെ പശ്ചാത്തലത്തില്‍ വ്രണിതഭാവത്തോടെയാണു പാപ്പ ഈ തുറന്ന കത്ത് ദൈവജനത്തിനു നല്കുന്നത്. കൊറീന്തോസിലെ സഭയ്ക്കെഴുതുന്ന ഒന്നാം ലേഖനം 12-ാം അദ്ധ്യായത്തിലെ 'ഒരു ശരീരം പല അവയവങ്ങള്‍' എന്ന ബിംബത്തെ ഉപയോഗിച്ചാണു ഫ്രാന്‍സിസ് പാപ്പ തന്‍റെ കത്ത് ആരംഭിക്കുന്നത്. "ഒരവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവവും വേദനയനുഭവിക്കുന്നു."

അധികാര ദുരുപയോഗത്തിനും ലൈംഗികചൂഷണത്തിനും ഇരയായവര്‍ മാത്രമല്ല, സഭാഗാത്രം മുഴുവന്‍ ഈ അതിക്രമത്തിന്‍റെ പേരില്‍ വേദനിക്കുന്നുവെന്നാണു പാപ്പ പറയാന്‍ ആഗ്രഹിച്ചത്. "സാഹചര്യത്തിന്‍റെ തീവ്രതയും ഗൗരവവും തിരിച്ചറിയാതെയാണു നാം ഇത്തരം സംഭവങ്ങളോടു പ്രതികരിച്ചത്. നാം നില്ക്കേണ്ട സ്ഥലത്തു നാം എത്തിച്ചേരാത്തതില്‍ നമുക്കു ലജ്ജിച്ചു തലകുനിക്കാം, അനുതപിക്കാം." പാപ്പ കുറിക്കുന്നു, കരുതലോടെ കരുതേണ്ടവരെ നാം കുരുതികൊടുത്തു.

ഫ്രാന്‍സിസ് പാപ്പയുടെ ഈ ക്ഷമാപണം അഭിഷിക്തസമൂഹം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ക്കു മാത്രമായിരുന്നില്ല എന്നത് ഇതിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ശുശ്രൂഷാഭാവം പേറേണ്ട സഭയുടെ അധികാരശ്രേണിയിലിരുന്നുകൊണ്ടു സഭാനേതൃത്വം നടത്തിയ എല്ലാത്തരം അധികാര ദുര്‍വിനിയോഗങ്ങളെയും മൂടിവയ്ക്കലു കളെയും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണു മാര്‍പാപ്പ ഈ വാക്കുകള്‍ കുറിക്കുന്നത്.

ദൈവജനത്തിനുള്ളതാണീ കത്ത്. ഒരു ശരീരത്തിലെ അവയവങ്ങളെന്ന രീതിയില്‍ ഗാഢമായ ദൈവികസ്നേഹത്തില്‍ ഒന്നായിരുന്നാണു നാം ഈ കത്ത് ഉള്‍ക്കൊള്ളേണ്ടതെന്നു ചുരുക്കം. ഈ കത്തില്‍ പാപ്പ നടത്തുന്ന ഒരു നിലപാടുമാറ്റമുണ്ട്. സഭയില്‍ വര്‍ദ്ധിച്ചുവരുന്ന പൗരോഹിത്യമേധാവിത്വ(clericalism)മാണ് എല്ലാ വിധത്തിലുള്ള ദുരുപയോഗങ്ങളുടെയും (abuse) മൂലകാരണമെന്നു പാപ്പ വിലയിരുത്തുന്നു. കഠിനവും ദീര്‍ഘവുമായ ആത്മവിമര്‍ശനത്തിനുള്ള ഒരു വിഷയംതന്നെയാണത്. ലൈംഗികചൂഷണ വിവാദങ്ങളിലേക്കു നയിച്ചത് അധികാര ദുര്‍വിനിയോഗവും സഭാപ്രവര്‍ത്തനവേദികളില്‍ അന്യം നിന്നുപോയ സഭാസംസ്കാരവുമാണ്. ഇതു വ്യക്തികളുടെ പരാജയം മാത്രമല്ല സഭാഗാത്രത്തിന്‍റെ, സഭാവ്യവസ്ഥിതിയുടെ അപചയം തന്നെയാണ്. ഈ മൂല്യശോഷണത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു വിശ്വാസിക്കുമാവില്ല.

ഫ്രാന്‍സിസ് പാപ്പയുടെ ഈ ക്ഷമാപണക്കത്തിനെ വിമര്‍ശനാത്മകമായി നേരിട്ടവരുമുണ്ട്. ചിലി, അയര്‍ലണ്ട്, അമേരിക്കന്‍ ദേശങ്ങളിലെ പരാതിക്കാര്‍ ക്ഷമാപണത്തിന്‍റെ അടുത്ത പടികളിലേക്കു കയറാനാണു പാപ്പയെ നിര്‍ബന്ധിക്കുന്നത്. ക്ഷമാപണങ്ങള്‍ക്കപ്പുറമുള്ള വ്യക്തവും സമയബന്ധിതവുമായ പരിഹാരപ്രവര്‍ത്തനപദ്ധതികള്‍ ഈ തുറന്ന കത്തില്‍ ഇല്ലെന്നാണവരുടെ പരാതി. പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷയ്ക്കുള്ള വത്തിക്കാന്‍ കമ്മീഷന്‍ മുന്‍അംഗം മാരി കൊള്ളിന്‍സിന്‍റെ ഭാഷയില്‍ ക്ഷമാപണങ്ങളല്ല, നീതിയുക്തമായ നടപടികളും സുരക്ഷാക്രമീകരണങ്ങളുമാണു കരണീയം എന്നാണ്.

വത്തിക്കാനിലിരുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സഭാനേതൃത്വത്തിന്‍റെ പോരായ്മകളെ അറിയാന്‍, അതിനുള്ള പ്രത്യക്ഷമായ പ്രതിവിധികള്‍ കണ്ടെത്താന്‍ ഏതു മാര്‍പാപ്പയ്ക്കാണാവുക? വരൂ, നമുക്കു പാപ്പയുടെ വാക്കുകള്‍ക്ക്, ദര്‍ശനങ്ങള്‍ക്ക് ജീവന്‍ നല്കാം. കാരണം നാം ഒരു ശരീരത്തിലെ അവയവങ്ങളാണല്ലോ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org