(വി)സ്മരിക്കപ്പെടുന്ന ഗാന്ധിമാര്‍ഗം

(വി)സ്മരിക്കപ്പെടുന്ന ഗാന്ധിമാര്‍ഗം

'ഇങ്ങനെയൊരാള്‍ ലോകത്തു ജീവിച്ചിരുന്നുവെന്നു വരും തലമുറ വിശ്വസിക്കില്ലെന്ന്' അത്ഭുതപ്പെട്ട ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ 'വിശ്വമഹാത്മാവ്', ജീവിച്ചിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് 150 വയസ്സുണ്ടാകുമായിരുന്നു. ജീവിതത്തിലെ സന്ദേശങ്ങളേക്കാള്‍ ജീവിതത്തെ സന്ദേശമാക്കിയ 'ആ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ഇപ്പോഴും അസാധാരണവും ഒരു വലിയ അളവുവരെ അസാദ്ധ്യവുമായി തുടരുന്നതുകൊണ്ടാണീ അതിശയപ്പെടല്‍.

"ഗാന്ധിജിയെ വരയ്ക്കുക എളുപ്പമാണ്, കുറഞ്ഞ രേഖകള്‍ മതി. ഗാന്ധിയായി വേഷം കെട്ടുക എളുപ്പമാണ്, കെട്ടിയ വേഷങ്ങള്‍ അഴിച്ചുകളഞ്ഞാല്‍ മതി. എന്നാല്‍ എത്ര രചിച്ചാലും രൂപം കൊള്ളാത്ത, എത്ര ത്യജിച്ചാലും തീരാത്ത ചിലത് അദ്ദേഹത്തെ അനുഗമിക്കാന്‍ നിങ്ങളെ അയോഗ്യനാക്കും" എന്നു ചഞ്ചലപ്പെട്ടതു മലയാളത്തിന്‍റെ പ്രിയ കവിയും വിമര്‍ശകനുമായ കല്പറ്റ നാരായണനാണ്. ലോകമനഃസാക്ഷിയുടെ ഉമ്മറപ്പടിയില്‍ കൊളുത്തിവച്ച ദീപമായി ഗാന്ധിസ്മൃതി തുടരുമ്പോഴും മഹാത്മാവിനെ ഇനിയും പൂര്‍ണമായി അറിയാത്തതും, അറിഞ്ഞതുപോലും ജീവിതത്തില്‍ അവതരിപ്പിക്കാത്തതും ഭാരതവും ഭാരതീയരുമാണെന്ന സങ്കടത്തോടെ തന്നെ വേണം ആ പിറന്നാളൂട്ടിനു കൈ നനയ്ക്കാന്‍.

നാഥൂറാം ഗോഡ്സെയെന്ന ആയുധത്തിന് ആശയം നല്കിയ ആര്‍എസ്എസ് നേതൃത്വം ഇക്കുറി ഗാന്ധിസ്മൃതിയെ കൈവശപ്പെടുത്താന്‍ ആദ്യന്തം പരിശ്രമിച്ചുവെന്നതു ചരിത്രത്തിന്‍റെ കാവ്യനീതിയാകാം. തലപ്പൊക്കമുള്ള ഒരു ദേശീയ നേതാവിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാകാത്തതുകൊണ്ടാണീ 'ഗാന്ധികവര്‍ച്ച'യെന്നൊരു വാദമുണ്ട്. കോണ്‍ഗ്രസ്സിനൊപ്പം ബിജെപിയും വിപുലമായാണു ഗാന്ധിജയന്തി ആഘോഷിച്ചത്. സംഘടനാശേഷിയും അധികാരവും ഉപയോഗിച്ചായിരുന്നു സംഘപരിവാര്‍ നീക്കമെങ്കില്‍, ഗാന്ധിപാരമ്പര്യമെങ്കിലും കൈവിട്ടുപോകാതിരിക്കാനുള്ള വെപ്രാളത്തിലായിരുന്നു കോണ്‍ഗ്രസ്സ്. പ്രധാനമന്ത്രി മോഡി 'ന്യൂയോര്‍ക്ക് ടൈംസി'ലും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് 'ഹിന്ദുസ്ഥാന്‍ ടൈംസി'ലും ഗാന്ധിയെ അനുസ്മരിച്ചു ലേഖനങ്ങളെഴുതി. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന മോദിസ്തുതിയാഘോഷാരവത്തില്‍ ഗാന്ധിസൂക്തിങ്ങളുദ്ധരിച്ചു പ്രധാനമന്ത്രി കയ്യടി നേടി. പക്ഷേ, 'ഹൗഡി മോഡി' യെന്ന ആര്‍പ്പില്‍ 'ഹൗഡി ഇന്ത്യ'യുടെ ഞരക്കം മുങ്ങിപ്പോയതു മാത്രം ആരും 'കേട്ടില്ല.'

സൗത്ത് ആഫ്രിക്കയിലെ വര്‍ണവിവേചനങ്ങള്‍ക്കെതിരായുള്ള സമരപരിപാടികളവസാനിപ്പിച്ച്, ഇന്ത്യയിലേക്കു പൂര്‍ണമായി മടങ്ങാനും ഇവിടത്തെ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ പുതിയ മുഖവും മുനയുമാകാനും ഗോപാലകൃഷ്ണ ഗോഖലയാണു ഗാന്ധിജിയെ ക്ഷണിച്ചത്. നാടിന്‍റെ വാക്കും നാക്കുമാകാന്‍ 'The Indian opinion' എന്നൊരു പത്രം ഗാന്ധിജി ഇതിനോടകം തുടങ്ങിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അമര്‍ഷവും ആശങ്കയും അധികാരസ്ഥാനങ്ങളിലെത്തിക്കാനായിരുന്നു, ആ 'ജനാഭിപ്രായ പത്രം.' ഒപ്പം വിവേചനം തീര്‍ക്കുന്ന വിഭാഗീയതയ്ക്കെതിരെ എഴുത്തുകൊണ്ടൊരു എതിര്‍ത്തുനില്പും. എന്നാല്‍ ചങ്ങാത്ത മുതലാളിത്തവും ഭരണവര്‍ഗപ്രീണനവുംചേര്‍ന്നു മെരുക്കിയിണക്കിയ മുഖ്യധാരാമാധ്യമങ്ങളില്‍ ഇപ്പോള്‍ വാര്‍ത്തകളില്ല, വാവിട്ട വര്‍ത്തമാനങ്ങളേയുള്ളൂ.

ഐന്‍സ്റ്റീന്‍റെ 'അതിശയ വ്യക്തിത്വം' പിറന്ന നാട്ടില്‍ കാര്യങ്ങള്‍ അസാധാരണമാംവിധം അവിശ്വസനീയമാണിപ്പോള്‍. ഒരു ബിജെപി ജനപ്രതിനിധിയാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുപി 'ഉന്നാവ'യിലെ പെണ്‍കുട്ടിയെ വണ്ടികയറ്റി കൊല്ലാന്‍ ശ്രമമുണ്ടായെന്ന വാര്‍ത്തയില്‍ രാജ്യം നടുങ്ങിയപ്പോള്‍, 'എന്താണ് ഈ നാട്ടില്‍ നടക്കുന്നതെന്ന്' പൊട്ടിത്തെറിച്ചതു രാജ്യത്തെ ഉന്നത നീതിപീഠമാണ്.

ഏറ്റവും ഒടുവില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തു നടന്ന വിജയദശമി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിച്ച മോഹന്‍ ഭഗവത് ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണു ലക്ഷ്യമെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. 'രാഷ്ട്രത്തിന്‍റെ വ്യക്തിത്വം സംബന്ധിച്ച് ആര്‍എസ്എസ്സിന്‍റെ വീക്ഷണവും വിളംബരവും വ്യക്തമാണ്. ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്നതാണത്!' ഗാന്ധിജിയുടെ 'രാമരാജ്യ' സങ്കല്പത്തിലെ സഹിഷ്ണുതയും സഹവര്‍ത്തിത്വവും തങ്ങളുടെ ഏകഭാരതസങ്കല്പത്തിനെതിരാണെന്ന ആര്‍എസ്എസ് കാഴ്ചപ്പാട് ആവര്‍ത്തിക്കുകയാണിവിടെ.

ഗാന്ധിസ്മരണയെന്നാല്‍ നമുക്കിപ്പോഴും വേഷംകെട്ടലും പുല്ലുപറിയും മാത്രമാണ്. സത്യത്തിന്‍റെ മുഖം മറയുന്നതും മനസ്സില്‍ വിഭാഗീയതയുടെ കള വളരുന്നതും ഗാന്ധിനിന്ദയായി തോന്നാത്തിടത്ത്, ഘാതകന്‍ ഗോഡ്സെ മാത്രമായിരുന്നില്ലെന്നെങ്കിലും സമ്മതിക്കണം. മതത്തെ അഭിപ്രായമായി കണ്ടും മതേതരത്വത്തെ അഭിപ്രായ സ്വാതന്ത്ര്യമായറിഞ്ഞും അവസാനത്തെയാളുടെ മുഖം തെളിയുന്നതിനെ വികസനമായെണ്ണിയും, പുലരട്ടെയിവിടെ നവഗാന്ധിസ്മൃതികള്‍… വന്ദേ മാതരം!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org