കുരുന്നു പ്രതിഭകളെ തളര്‍ത്തരുത്

കുരുന്നു പ്രതിഭകളെ തളര്‍ത്തരുത്

അറുപത്തിരണ്ടാം പിറവിദിനമാഘോഷിക്കുന്ന നമ്മുടെ കേരളനാടിന്‍റെ സ്മരണദിനത്തിലാണീ മുഖക്കുറിപ്പ്. 550 നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന സ്വതന്ത്ര ഭാരതത്തെ ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിലേക്കു വാര്‍ത്തെടുത്ത ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 143-ാം ജന്മവാര്‍ഷികവും നാം മറക്കാനാവാത്തവിധം കൊണ്ടാടി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ നിര്‍മിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ഉരുക്കുമനുഷ്യന്‍റെ സ്മരണയെ അമര്‍ത്യമാക്കിയത്. ഐക്യത്തിന്‍റെ ഈ പ്രതിമ രാജ്യത്തിനു സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു.

കേരളപ്പിറവി ദിനത്തിന്‍റെ തലേ ആഴ്ചയാണ് സംസ്ഥാന സ്കൂള്‍ കായികമേള സമാപിച്ചത്. സ്വച്ഛവും സ്വസ്ഥവുമായ നവകേരളത്തെ പടുത്തുയര്‍ത്താന്‍ നാം നടത്തുന്ന തയ്യാറെടുപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണു സ്കൂള്‍ കായിക മാമാങ്കങ്ങള്‍. പ്രളയാനന്തര ബുദ്ധിമുട്ടുകളുടെ പേരില്‍ ഉത്സവാന്തരീക്ഷമില്ലാതെ, മെഡലിന്‍റെയോ സമ്മാനത്തുകയുടെയോ തിളക്കമില്ലാതെ നിറം മങ്ങിയ മീറ്റ്. ചടങ്ങു മാത്രമായി, നിവൃത്തികേടിന്‍റെ പേരിലുള്ള കാട്ടിക്കൂട്ടലായി കുട്ടികളെ പ്രോത്സാഹി പ്പിക്കുന്ന ഇത്തരം കായികമേളകള്‍ അവസാനിക്കരുത്.

പ്രളയാനന്തര ചെലവുചുരുക്കലിന്‍റെ ഭാഗമായി കുറച്ചതു കായികമേളയുടെ ആര്‍ഭാടാഘോഷങ്ങള്‍ മാത്രമല്ല മത്സരാര്‍ത്ഥികളായ കുട്ടികള്‍ക്കുള്ള മെഡലും ട്രോഫിയും കൂടിയാണ്. ഒരൊറ്റ ദിവസത്തെ അദ്ധ്വാനവും പരിശീലനവുംകൊണ്ടു ട്രാക്കിലെത്തുന്നവരല്ല ഇവര്‍. മാസങ്ങളും വര്‍ഷങ്ങളും നീണ്ട കഠിനപരിശീലനത്തിന്‍റെ നാള്‍വഴികള്‍ പിന്നിട്ടാണ് ഓരോ മത്സരാര്‍ത്ഥിയും മാറ്റുരയ്ക്കാനെത്തുന്നത്. അവരുടെ പ്രകടനത്തിനുതക്ക പരിഗണനയും പ്രതിഫലവും നല്കിയേ മതിയാവൂ. ചെലവുചുരുക്കലിന്‍റെ പേരില്‍ അവരുടെ അംഗീകാരത്തിന്‍റെ തുട്ടുകള്‍ തട്ടിയെടുക്കരുത്. സര്‍ക്കാരിനു ബാദ്ധ്യതയാകാത്ത രീതിയില്‍ വെറും രണ്ടു കോടി രൂപയില്‍ താഴെ മാത്രം ചെലവു വരുന്ന മെഡലുകളും ട്രോഫികളും സ്പോണ്‍ സര്‍മാരുടെ പിന്തുണയോടെ നടപ്പാക്കാമെന്നിരിക്കേ, നമ്മുടെ ഈ കുരുന്നു താരങ്ങളോട് ഇത്തരം ഒരു അനീതി എന്തിനു കാണിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാദ്ധ്യത വിദ്യാഭ്യാസവകുപ്പിനുണ്ട്.

പ്രളയകാല പ്രതിസന്ധിയെ അതിജീവിച്ചു വന്നവരാണു കായികമത്സരാര്‍ത്ഥികള്‍ പലരും. അനാഥത്വത്തെയും ദാരിദ്ര്യത്തെയും തോല്പിച്ചെത്തിയവരുമുണ്ട്. മത്സരവേദിയിലെ പോരാട്ടത്തെ മാത്രമല്ല ജീവിതമെന്ന മത്സരക്കളത്തിലെ വേദനകളെയും വെല്ലുവിളികളെയും മറികടക്കാന്‍ ധൈര്യം കാണിച്ച ഈ കുരുന്നുകളെ അര്‍ഹിക്കുന്ന പരിഗണനയും പാരിതോഷികവും നല്കി ആദരിച്ചേ മതിയാകൂ. ഒരു മഹാപ്രളയം തകര്‍ത്തെറിഞ്ഞ സ്വപ്നങ്ങളില്‍നിന്ന് അതിജീവനത്തിന്‍റെ പുതിയ പടപ്പുറപ്പാടുമായി ഈ കുട്ടിപ്രതിഭകള്‍ കുതിക്കട്ടെ. അല്ലെങ്കില്‍ വളരുന്ന കായികകേരളത്തിന് അതൊരു തിരിച്ചടിയായേക്കാം.

കുട്ടികളുടെ സ്കൂള്‍ കായിക മാമാങ്കത്തില്‍ ചെലവുചുരുക്കല്‍ കത്രികയുമായി കയറാന്‍ കാണിച്ച ഈ ആര്‍ജ്ജവം സര്‍ക്കാര്‍ ഖജനാവിലേക്കു സുമനസ്സുകളില്‍ നിന്നു പ്രളയാനന്തരം ഒഴുകിയെത്തിയ കോടിക്കണക്കിനു സഹായധനം അര്‍ഹിക്കുന്നവരിലേക്കു നീതിയോടെ, സുതാര്യതയോടെ എത്തിക്കാനും കാണിക്കണം. പ്രളയം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞിട്ടും സഹായം ലഭിക്കാത്ത നിരവധി പേര്‍ പ്രളയബാധിതരിലുണ്ട്. ലഭിച്ച സഹായധനത്തിന്‍റെ യഥാര്‍ത്ഥ വിവരങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുമില്ല. നവകേരളത്തിന്‍റെ നിര്‍മിതിക്കായി വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ച ഒട്ടനവധി പദ്ധതികള്‍ ഇപ്പോഴും കടലാസില്‍ത്തന്നെ മരവിച്ചിരിക്കുന്നു. പ്രളയത്തിന്‍റെ പേരിലുള്ള വെട്ടിച്ചുരുക്കലുകള്‍ പല രൂപത്തിലും ഭാവത്തിലും അരങ്ങു തകര്‍ക്കുമ്പോള്‍ സഹായധനത്തിന്‍റെ നീതിപൂര്‍വകമായ വിതരണത്തിലും വിനിയോഗത്തിലും ഭരണനേതൃത്വം കുറച്ചുകൂടി വേഗതയും ശ്രദ്ധയും കാണിക്കണം.

ചെലവുചുരുക്കല്‍ ഒരു ചെവിട്ടോര്‍മ്മയെന്ന പോലെ മുഴങ്ങുന്ന ദിനങ്ങളില്‍തന്നെയാണു ലോകത്തിന്‍റെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചതിന്‍റെ ഖ്യാതി നാം നേടിയത്. 2400 പണിക്കാര്‍ അഞ്ചു വര്‍ഷമെടുത്ത് 2989 കോടി രൂപ മുടക്കി 182 മീറ്റര്‍ ഉയരത്തില്‍ വാര്‍ത്തെടുത്ത സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഉരുക്കുപ്രതിമ നമ്മുടെ മനസ്സില്‍ ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്.

പ്രതിഭയുള്ള മഹാത്മാക്കളെ പ്രതിമകളാക്കി ചുരുക്കരുത്; അവരെ നമുക്കു മനസ്സില്‍ പ്രതിഷ്ഠിക്കാം, അവരുടെ നല്ല മാതൃകകള്‍ക്കു സ്വജീവിതത്തിലൂടെ ജീവന്‍ നല്കാം. സ്വതന്ത്ര ഇന്ത്യയെ നിര്‍മിച്ച അനേകം ശില്പികളുടെ ഒരു പ്രതിനിധിയാണു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. സ്വതന്ത്ര ഭാരതത്തിന്‍റെ രൂപീകരണത്തിനായി സ്വന്തം ജീവിതത്തിന്‍റെ സ്വപ്നങ്ങളെ തമസ്കരിച്ച ആ ഉരുക്കുമനുഷ്യന്‍റെ ജീവിതമാതൃക പ്രതിമനിര്‍മിച്ചു രാഷ്ട്രീയ പ്രീണനത്തിനുള്ള ആയുധമാക്കാനോ, പ്രശസ്തിക്കുള്ള കുറുക്കുവഴി പണിയാനോ ഉള്ളതല്ല; നമ്മുടെ വ്യക്തിജീവിതങ്ങള്‍ക്കു ദിശാബോധവും അര്‍പ്പണമനോഭാവവും നല്‍കാനുള്ളതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org