ശാന്തിയിലേക്ക് എത്ര ദൂരം?

ശാന്തിയിലേക്ക് എത്ര ദൂരം?

സമുദായത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ കൊലയും കൊള്ളിവയ്പും നിറഞ്ഞാടിയ ഗുജറാത്ത് കലാപത്തിന് 16 വയസ്സ്. സ്വാതന്ത്ര്യത്തെയും മനുഷ്യമഹത്ത്വയെും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ലോകം ആഘോഷിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ അതേ മാസത്തില്‍ത്തന്നെയാണു മനുഷ്യത്വരഹിതമായ ഈ കൂട്ടക്കുരുതിയും കൊള്ളയും ശാന്തിയുടെയും മതമൈത്രിയുടെയും ഈറ്റില്ലം എന്നു ലോകം പ്രഘോഷിക്കുന്ന ഭാരതത്തില്‍ നടന്നത്.

2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഗുജറാത്ത് കലാപത്തിന്‍റെ നടുക്കത്തില്‍നിന്നു നാമിനിയും മുക്തമായിട്ടില്ല. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നു അത്. ആയുധവും നിയമവും കയ്യിലെടുത്ത ആള്‍ക്കൂട്ടം ഒരു വിഭാഗത്തെയും വെറുതെ വിട്ടില്ല. ഉദരസ്ഥ ശിശു മുതല്‍ വൃദ്ധര്‍വരെ 2000 പേര്‍ നിഷ്കരുണ ജനക്കൂട്ടത്തിന്‍റെ വാളിനിരയായി. പതിനായിരക്കണക്കിന് പേര്‍ ഭവനരഹിതരായി, പലായനം ചെയ്തു, മുറിവേല്‍ക്കപ്പെട്ടു. ഗുജറാത്തിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ നിന്നു നേതൃത്വവും സകല ഒത്തശകളും ചെയ്തുകൊടുത്തവര്‍ ഇന്നു ഭാരതത്തിന്‍റെ ഭരണചക്രം തിരിക്കുന്നവരാണ് എന്നുള്ളതു വിധിവൈപരീത്യംതന്നെ.

ധനസമ്പാദനത്തിനും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്കുമായി നാം വിദേശത്തേയ്ക്കു കടക്കുമ്പോള്‍ നമ്മുടെ അഹിംസാസിദ്ധാന്തത്തെയും സമുദായ സഹവര്‍ത്തിത്വത്തെയും പ്രണയിച്ചു ഭാരതത്തെ സ്വഗൃഹമാക്കാന്‍ വെമ്പിയ വിദേശികളുണ്ട്. യുഎന്നിലേക്കുള്ള വത്തിക്കാന്‍ നിരീക്ഷകന്‍ ആര്‍ച്ച്ബിഷപ് ഐവന്‍ ജോക്കോവിച്ച് കഴിഞ്ഞ ഫെബ്രുവരി 28-ന് ജനീവയിലെ സമ്മേളനത്തല്‍ ഓര്‍മ്മിപ്പിച്ചതുപോലെ 'അന്തര്‍ദ്ദേശീയ മനുഷ്യാവാശ പ്രഖ്യാപനം ഉണ്ടാക്കപ്പെട്ടത് കുറച്ച് ആലങ്കാരികപ്രയോഗങ്ങളുടെയോ നിയമസംഹിതകളുടെയോ കൂട്ടുപിടിച്ചല്ല; പൗരസ്ത്യ മതവിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും സത്ത പിഴിഞ്ഞെടുത്താണ്.' ആര്‍ഷഭാരത സംസ്കാരത്തിന്‍റെ കാതലും ഈ ശാന്തിയും സഹവര്‍ത്തിത്വവുമാണല്ലോ.

ഭാരതത്തിന്‍റെ ഈ സംസ്കാരചൈതന്യം വരുംതലമുറയ്ക്കു പറഞ്ഞുകൊടുക്കാവുന്ന ഒരു പഴങ്കഥയായി മാത്രം പരിണമിക്കുകയാണ്. ജീവനെ സംരക്ഷിക്കേണ്ട ഭഗവാന്‍ ശ്രീരാമന്‍ തന്നെ ശ്രദ്ധ നശിച്ചു പൊത്തിലിരിക്കുന്ന ഒരു നിസ്സാരന്‍ തവളയുടെ വായില്‍ സ്വന്തം വില്ല് കുത്തിയിറക്കുന്ന കാലം. ഗ്ലോബല്‍ ഡമോക്രസി ഇന്‍ഡക്സ് (GDI) അനുസരിച്ചു പത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഏറ്റവും ഭയപ്പെടുന്ന രാജ്യമായി ഭാരതം വളരുകയാണ്. മതാധിഷ്ഠിത അരാജകത്വവും ന്യൂനപക്ഷപീഡനവും ബിജെപി ഭരിക്കുന്ന ഭാരതത്തില്‍ തുടര്‍ക്കഥകളാവുകയാണ്. മതാധിഷ്ഠിത വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും കാര്യത്തില്‍ 2017-ലെ കണക്കു ഭാരതത്തെ സിറിയയ്ക്കും നൈജീരിയയ്ക്കും ഇറാക്കിനുംശേഷം നാലാം സ്ഥാനത്തേയ്ക്കുയര്‍ത്തിയിരിക്കുന്നു.

ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനത്തെയും ഭൂരിപക്ഷ വര്‍ഗീയതയെയുംകുറിച്ചുള്ള വാര്‍ത്തകളും സ്ഥിതിവിവരക്കണക്കുകളും പലവുരു നിരത്തിയ ഈ എഡിറ്റോറിയല്‍ പേജുകള്‍ പോലും ബോറടിക്കുന്നുണ്ടാകും. കണക്കുകള്‍ ഇത്രയും സംസാരിച്ചിട്ടും മാനസാന്തരപ്പെടാത്ത നമ്മുടെ സാമൂഹ്യബോധത്തെയും ഹൃദയകാഠിന്യത്തെയും ഈ പത്രത്താളുകള്‍ പഴിക്കുന്നുണ്ടാകും. ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ തങ്ങളുടെ രഹസ്യകാര്യപരിപാടികള്‍ക്കായി സമര്‍ത്ഥമായി ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും മതനേതാക്കളും പെരുകുന്ന ഈ ഭാരതത്തില്‍ ശാന്തിയും സാമൂഹ്യമൈത്രിയും നമുക്കു മരീചികതന്നെ.

വഴിവിട്ട ആള്‍ക്കൂട്ട മനഃശാസ്ത്രത്തിന്‍റെ വക്താക്കളായിരുന്നു കണ്ണൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊലപ്പെടുത്തിയവരും അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന നാട്ടുകാരും. മലയാറ്റൂര്‍ കുരിശുമുടി റെക്ടറെ കൊലപ്പെടുത്തിയ അള്‍ത്താരശുശ്രൂഷിയും ഈ സമൂഹത്തിന്‍റെ വക്താവ് തന്നെ. ഇവര്‍ ഭാരതത്തിന്‍റെ സംസ്കാരത്തിന്‍റെ ഏകകങ്ങളിലൊന്നായ ശാന്തിക്കു തുരങ്കം വയ്ക്കുന്നവരാണ്. ഇവര്‍ പൊടുന്നനെ പൊട്ടിമുളച്ചു ക്രൗര്യത്തിന്‍റെ വേഷമിട്ടവരല്ല; ഇവരെ നാം തന്നെ വളര്‍ത്തി വലുതാക്കിയതാണ്; ഇവര്‍ ചെയ്ത പല ക്രൂരകൃത്യങ്ങളും ആയുധമില്ലാതെ നാമും അനുദിനം ചെയ്തുകൊണ്ടുമിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org